sections
MORE

ആരെഴുതും കൊറോണക്കാലത്തെ പ്രണയം?: ഏറ്റവും അർഹനായ ആ ആൾ ഒപ്പമില്ല

M. Mukundan
എം മുകുന്ദൻ
SHARE

മയ്യഴിയിൽ ശ്മശാന നിശബ്ദതയാണ്. നിരത്തുകൾ ഒഴിഞ്ഞുകിടക്കുന്നു. വിരളമായി ഒരു കാറോ, ബൈക്കോ വന്നുപോകുന്നതു കാണാം. മയ്യഴിയിൽ തന്നെയാണു ഞാൻ ജീവിക്കുന്നതെന്നു വിശ്വസിക്കാൻ കഴിയുന്നില്ല.എന്തുമാത്രം ഒച്ചയും ബഹളവും നിറഞ്ഞ നാടായിരുന്നു ഇത്. 

മലയാളികൾ ഏറ്റവുമധികം സന്തോഷിക്കുകയും ജീവിതം ആഘോഷിക്കുകയും ചെയ്തിരുന്ന നാട്. മയ്യഴിയെ സജീവമാക്കി നിർത്തിയിരുന്ന മദ്യക്കടകളും ബാറുകളും അടഞ്ഞുകിടക്കുന്നു. തെറിവിളിച്ചും ഒച്ചവച്ചും അവനവനോടു കലഹിച്ചും, ആടുന്ന കാലുകളിൽ നീങ്ങുന്നവരുടെ അഭാവം ഈ നാടിന്റെ ചിത്രത്തെ സാരമായി മാറ്റിയിരിക്കുന്നു. 

ഇതുപോലൊരു സാഹചര്യത്തിൽ നാടിന്റെ നിശബ്ദതയെക്കാൾ അസഹനീയം നമ്മുടെയുള്ളിലുള്ള നിശബ്ദതയാണ്. ഈ ആന്തരിക നിശബ്ദതയിൽ ഭയവുമുണ്ട്. എപ്പോഴും തമാശകൾ പറയുന്നവർ പോലും മൗനികളായി മാറുന്നു. ഫലിതം പറയാത്ത ആളാണു ഞാൻ. പക്ഷേ ഇപ്പോൾ ഒരു തമാശ പറയാൻ തോന്നുന്നു. 

മാർക്കേസ് ‘കോളറക്കാലത്തെ പ്രണയം’ എന്നൊരു നോവലെഴുതിയിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ മികച്ച രചനകളിൽ ഒന്ന്. അതുപോലെ കൊറോണക്കാലത്തെ പ്രണയം എന്ന പേരിൽ ഒരു നോവൽ ഏതെങ്കിലും മലയാള സാഹിത്യകാരൻ എഴുതുമോ? അതിന് ഏറ്റവും അർഹൻ പുനത്തിൽ കുഞ്ഞബ്ദുല്ലയായിരുന്നു. 

പക്ഷേ, കുഞ്ഞബ്ദുല്ല ഇപ്പോൾ നമ്മുടെ ഇടയിൽ ഇല്ല. കൊറോണക്കാലത്ത് ഞാൻ വായിച്ചുകൊണ്ടിരി ക്കുന്നതു ജോണി ലൂക്കോസിന്റെ ‘എഴുത്തുകാർ എഴുതാത്തത്’ എന്ന പുസ്തകമാണ്. ആശങ്കയും ഭയവും മറക്കണമെങ്കിൽ ഈ പുസ്തകത്തിലെ കുഞ്ഞബ്ദുല്ലയുടെ അഭിമുഖം വായിക്കൂ. നിങ്ങൾ ചിരിച്ചു മണ്ണുകപ്പും. കുഞ്ഞബ്ദുല്ലയുടെ ഫലിതം കേട്ടാൽ കൊറോണ വൈറസ് പോലും കുടുകുടെ ചിരിച്ചുപോകും. 

പകൽ പോലും പാതിരാവെന്നതുപോലെ നിശബ്ദമായിരുന്ന അനുഭവം എനിക്കുണ്ട്. 1965ൽ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള യുദ്ധം നടക്കുമ്പോൾ ഞാൻ ഡൽഹിയിലാണ്. മൗനത്തിനു പുറമേ ഇരുട്ടുമുണ്ടായിരുന്നു. ബോംബർ വിമാനത്തെ ഭയന്നു രാത്രിയിൽ വീട്ടിൽ വെളിച്ചമിടാൻ അനുമതി യില്ലായിരുന്നു. ഇരുട്ടത്തിരുന്നാണു ഭക്ഷണം പോലും കഴിച്ചത്. 

യുദ്ധകാലത്താണു മനുഷ്യർ ഏറ്റവും ഏകാകികളായി മാറുന്നത്. ഇന്ന് അദൃശ്യരായ കൊറോണ വൈറസുമായുള്ള യുദ്ധമാണ്. ഇവിടെ സൈന്യങ്ങളും ബോംബർ വിമാനങ്ങളും യുദ്ധക്കപ്പലുകളുമില്ല. കാലൊച്ച പോലും കേൾപ്പിക്കാതെ, മരണം വഹിച്ചു കടന്നുവരുന്ന വൈറസുകളാണുള്ളത്. 

ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ നൊടിയിടയിൽ മാറുകയാണ്. ജാതിയും മതവും നവോത്ഥാനവും ഫാഷിസവും ഇപ്പോൾ നമ്മുടെ മനസ്സിലില്ല. എന്റെ ഓർമയിൽ ഒരിക്കലും ചിന്തയിലും പ്രവർത്തിയിലും നമ്മൾ ഇങ്ങനെ ഒന്നിച്ചിട്ടില്ല. കൊറോണ വൈറസും ഒരുനാൾ ഒഴിഞ്ഞുപോകും. മൂല്യങ്ങളിലും മാനവികത യിലുമുള്ള വിശ്വാസം നമ്മൾ വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ഈ പാഠം നമുക്കു പറഞ്ഞുതരുന്നത് എത്രയോ സൂക്ഷ്മമായ ഒരു ജീവിയാണ്...

English Summary: Writer M. Mukundhan Talks About Corona Virus And Quarantine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA
;