ആവശ്യമില്ലാതെ തർക്കിക്കുന്നവരോട്; തർക്കങ്ങൾ ദുരുദ്ദേശ്യപരമാകുന്നതെപ്പോൾ?...

Subhadinam
പ്രതീകാത്മക ചിത്രം
SHARE

കാറ്റിലാടുന്ന കൊടിയെക്കുറിച്ചു രണ്ടുപേർ തർക്കിക്കുകയാണ്. ഒരാൾ പറഞ്ഞു, കൊടിയാണു ചലിക്കുന്നത്. മറ്റേയാൾ പറഞ്ഞു, അല്ല. കാറ്റാണു ചലിക്കുന്നത്. രണ്ടുപേരും വിട്ടുകൊടുക്കാൻ തയാറല്ല. ഇതെല്ലാം കേട്ടുകൊണ്ട് ഒരു വഴിപോക്കൻ അതിലെ വന്നു. അയാൾ പറഞ്ഞു: കൊടിയും കാറ്റുമല്ല, നിങ്ങളുടെ മനസ്സാണ് ഇപ്പോൾ ചലിച്ചുകൊണ്ടിരിക്കുന്നത്!

ഒരാൾ എന്തൊക്കെ തർക്കങ്ങളിൽ ഏർപ്പെടുന്നു എന്നറിഞ്ഞാൽ അയാളുടെ നിലവാരമറിയാം. ഇഷ്‌ടവിഷയങ്ങളിലോ അറിവില്ലാത്ത വിഷയങ്ങളിലോ ആയിരിക്കും വാദപ്രതിവാദങ്ങൾ നടക്കുക. സ്വന്തം ശരികളിലേക്കുള്ള യാത്രയും ആ ശരികളിലുള്ള സ്ഥിരതാമസവുമായിരിക്കും ഓരോ വാദഗതിയും. അല്ലെങ്കിൽ, സ്വന്തം അറിവില്ലായ്‌മയുടെ പൊട്ടക്കിണറ്റിലേക്കു മറ്റുള്ളവരെക്കൂടി വലിച്ചിടാനുള്ള ശ്രമം.

താൻ ശരിയാണെന്നു വ്യാഖ്യാനിക്കുന്നതിനെക്കാൾ, അപരൻ തെറ്റാണെന്നു വരുത്തിത്തീർക്കാനുള്ള വ്യഗ്രതയാണ് ഓരോ വാഗ്വാദവും. വാദിച്ചു തുടങ്ങുമ്പോൾ വാദിക്കുന്ന വിഷയമാണു പ്രസക്തം. വാദം തുടരുമ്പോൾ വികാരവും ഉപയോഗിക്കുന്ന വാക്കുകളും പ്രസക്തമാകും. വാദിക്കുന്ന വിഷയത്തിന്റെ പ്രാധാന്യത്തെക്കാൾ വാദിക്കുന്ന രീതിയുടെ അപക്വതയും അതിവൈകാരികതയുമാണ് വാദത്തെ കലാപത്തിലേക്കു നയിക്കുന്നത്.

വാദത്തിനുശേഷം എന്തു സംഭവിക്കുന്നു എന്നതാണ് വാദത്തിനിടയ്‌ക്ക് എന്തു സംഭവിക്കുന്നു എന്നതിനെക്കാൾ പ്രധാനം. ഓരോ തർക്കവും അവസാനിക്കുന്നത് തർക്കത്തിൽ ഏർപ്പെടുന്നവരുമായുള്ള ബന്ധം തകർത്തുകൊണ്ടാണെങ്കിൽ തർക്കത്തിൽ ജയിച്ചുവെന്ന് അഭിമാനിക്കുന്നതിൽ എന്തർഥം? എന്താണു ശരി എന്നതിനെക്കാൾ ആരാണു ശരി എന്നു സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴാണ് തർക്കങ്ങൾ ദുരുദ്ദേശ്യപരമാകുന്നത്. സ്വന്തം ചിന്തകളുടെ ചുമരുകൾക്കുള്ളിൽനിന്ന് അപരന്റെ കാഴ്ചകളുടെ ചക്രവാളത്തിലേക്കു സഞ്ചരിക്കാനായാൽ എല്ലാ വാഗ്വാദങ്ങൾക്കും സ്വാഭാവിക പരിഹാരം കണ്ടെത്താനാകും.

English Summary : Subhadinam, Food For Thought

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA
;