ADVERTISEMENT

അപ്രതീക്ഷിതമായ ലോക്ഡൗണില്‍ പ്രതിസന്ധിയിലായ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉപാധികളില്‍ ഒന്നാണു വായന. ലോകമെങ്ങുമുള്ള മനഃശാസ്ത്രജ്‍ഞരും പ്രചോദനാത്മക പ്രഭാഷകരുമൊക്കെ ചൂണ്ടിക്കാട്ടുന്ന പ്രതീക്ഷയുടെ ഏറ്റവും പ്രകാശമുള്ള കിരണവും വായന തന്നെ. ഒരിക്കല്‍ ജനപ്രിയമായിരുന്നതും  സമൂഹ മാധ്യമങ്ങളുടെ ധാരാളിത്തത്തില്‍ അന്യം നിന്നുപോയതുമായ ഹോബി.  വായനയുടെ ഹരം തിരിച്ചുപിടിക്കാനുള്ള കാലം കൂടിയാണ് ലോക്ഡൗണ്‍. അഥവാ വായനയിലൂടെ അടച്ചുപൂട്ടലിന്റെ കാലത്തെ സജീവമാക്കാം. 

ഭാവനയുടെ, സങ്കല്‍പങ്ങളുടെ, മനോവിചാരങ്ങളൂടെ. ധ്യാനങ്ങളുടെ അതിസുന്ദരമായ കാലത്തെയും ലോകത്തെയും തിരിച്ചുപിടിക്കാനുള്ള സുവര്‍ണാവസരം. ലോക്ഡൗണ്‍ അവസാനിക്കുകയും ജീവിതം പതിവു ദിനചര്യകളിലേക്കു കടന്നുപോകുകയും ചെയ്യുമ്പോഴും കൂടെക്കൂട്ടാനുമാകും വായനയെന്ന ഊന്നുവടിയെ. 

പ്രതീക്ഷാനിര്‍ഭരമായ വായന തിരിച്ചുപിടിക്കാന്‍ കഴിഞ്ഞാല്‍ ഭാവി ജീവിതത്തിലേക്കുള്ള ഏറ്റവും വലിയ മുതല്‍ക്കൂട്ടും സ്വന്തമാക്കാനാകും. തലമുറകളിലേക്കു വെളിച്ചം പകരുന്ന സൂര്യതേജസ്സ്. സാന്ത്വനത്തിന്റെ നിലാവ്. കഴിഞ്ഞുപോയ തലമുറകള്‍ പൈതൃകമായി തന്ന സമ്പത്ത്. വായനയുടെ ഹരത്തിലേക്കും, വായനക്കാരുടെ ഭാവനാ സുന്ദരമായ ജീവിതത്തിലേക്കും മലയാളികളെ തിരിച്ചുകൊണ്ടുപോകുന്ന പംക്തിക്കു തുടക്കമാകുകയാണ്. എന്തു വായിക്കണം, ഏതു വായിക്കണം, ആരെ വായിക്കണം, എങ്ങനെ വായിക്കണം എന്നു സംശയിക്കുന്നവര്‍ക്ക് വഴികാട്ടുന്ന പംക്തി. 

സമ്പന്നമായ വായനയുടെ പൈതൃകം പേറുന്നവരാണ് ഇപ്പോഴത്തെ ചെറുപ്പക്കാരും മുതിര്‍ന്ന തലമുറയും.  ഒരിക്കല്‍ വായിച്ചവയും പിന്നീടു തിരക്കു പിടിച്ച ജീവിതത്തില്‍ മറന്നുപോയതുമായ കൃതികളുണ്ട്. കഥകളും നോവലുകളും കവിതകളും സാഹിത്യ സംഭവങ്ങളുമുണ്ട്. അവയിലേക്ക് ഒരു തിരിച്ചുപോക്ക്. 

വായനയ്ക്കുവേണ്ടി പ്രത്യേതിച്ചു സമയം കിട്ടാത്തവരുണ്ട്. എന്നാല്‍ അവരും സ്കൂള്‍ ക്ലാസ്സുകളില്‍ ഒട്ടേറെ കൃതികള്‍ പഠിച്ചിട്ടുണ്ട്. അന്ന് വായിച്ചുപൂര്‍ത്തിയാക്കാന്‍ കൊതിച്ച കൃതികളുണ്ട്. പുസ്തകങ്ങള്‍ കയ്യിലുണ്ടായിട്ടും വായിക്കാനുള്ള സമയം കിട്ടാത്തവരുണ്ട്. അവരെക്കൂടി മുന്നില്‍ക്കണ്ടാണ് പുതിയൊരു ഡിജിറ്റല്‍ വായനാമുറി ഒരുക്കുന്നത്. ഒപ്പം, വായിക്കുകയും പുതിയ തലമുറയെ വായനയിലേക്കു നയിക്കാന്‍ ആഗ്രഹിക്കുന്നവരെ മുന്നില്‍ക്കണ്ടും. 

വായനയുടെ ലോകം ആര്‍ക്കും അന്യമല്ലെന്നു തെളിയിക്കാന്‍, ഏതു കാലത്തും വായനയെ തിരിച്ചു പിടിക്കാമെന്നു തെളിയിക്കാന്‍, അക്ഷരങ്ങള്‍ എല്ലാവരുടെയും ആത്മാവില്‍ കെടാത്ത കനലായി അവശേഷിക്കുന്നുണ്ടെന്ന് ഓര്‍മിപ്പിക്കാന്‍. അവയെ ജ്വലിപ്പിക്കാന്‍ വായനാമുറി. 

English Summary : Reading During Quarantine Time 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com