ADVERTISEMENT

മാധവിക്കുട്ടിയുടെ ആഭരണ ശേഖരത്തിനിടയിൽ നിന്ന് ഒരു മൂക്കുത്തി കണ്ടെടുത്താലോ? അവരെഴുതിയ കഥകളുമായി തട്ടിച്ചുനോക്കുമ്പോൾ ഒരു മൂക്കുത്തിയുടെ വലുപ്പമേയുള്ളൂ വിശുദ്ധഗ്രന്ഥം എന്ന കഥയ്‌ക്ക്. പക്ഷേ തിളക്കമുണ്ട്. പുസ്‌തകപ്പീടികയിൽ ജോലി ചെയ്യുന്ന ഒരു കുട്ടിയുടെ കയ്യിൽനിന്ന് വിശുദ്ധഗ്രന്ഥം താഴെ വീഴുന്നു. അതു താഴെ വീണതിന് കടയുടമ ശകാരിച്ചപ്പോൾ കുട്ടി പറഞ്ഞത്, ഞാനിന്ന് വെള്ളം കൂടി കുടിച്ചിട്ടില്ല, വിശന്ന് എന്റെ തല തിരിയുന്നു എന്നത്രേ. ഒഴികഴിവുകളും മുടന്തൻ ന്യായങ്ങളും ദൈവത്തെ അറിയിക്കുക. എനിക്കത് കേൾക്കാൻ നേരമില്ലെന്നു പറഞ്ഞശേഷം കടയുടമ കുട്ടിയുടെ നെഞ്ചിൽ ഒരു പേനാക്കത്തി കുത്തിയിറക്കുന്നതാണ് കഥ. 

ഈ കഥയിൽ മാധവിക്കുട്ടിയുടെ പേന കത്തി വയ്‌ക്കുന്നില്ല. പകരം മാധവിക്കുട്ടിയുടെ കത്തി പേനയാവുന്നു. കത്തി പോലെ ഈ കഥ മനസ്സിൽ തറയ്‌ക്കുന്നു. നമ്മുടെ മനസ്സിലും മുറിവുണ്ടാകുന്നു. കഥ തന്നെ ഒരു പേനാക്കത്തിയാവുന്നു. പേനാക്കത്തി ചെറുതാണ്. ഈ കഥയും അതെ. ചെത്തിക്കൂർപ്പിച്ചെടുത്ത ഭാഷയാണിതിന്. ദൈവത്തെ ധിക്കരിച്ച കുട്ടിയുടെ കഥയെന്ന പേരിൽ മാധവിക്കുട്ടിയുടെ മറ്റൊരു കഥയുണ്ട്. അതു ദൈവത്തിനു വേണ്ടി അമ്മയെ ധിക്കരിക്കാൻ ഒരു സന്യാസി പറഞ്ഞപ്പോൾ വിസമ്മതിച്ച കുട്ടിയുടെ കഥയാണ്. ഞാനിന്ന് വെള്ളം കൂടി കുടിച്ചില്ല. എനിക്ക് വിശപ്പുകൊണ്ട് തല തിരിയുന്നു എന്നു പറഞ്ഞത് ഒഴികഴിവും മുടന്തൻ ന്യായവുമാണ് എന്നു പറഞ്ഞ കടയുടമയെ തല്ലി മുടന്തനാക്കാൻ തോന്നും കഥ വായിക്കുന്നവർക്ക്. വിശന്നു തളർന്ന കുട്ടിയുടെ കയ്യിൽനിന്ന് വിശുദ്ധഗ്രന്ഥം നിലത്തുവീണതിന് അവൻ ശിക്ഷ ഏറ്റുവാങ്ങുമ്പോൾ ഭക്‌തിയെക്കുറിച്ച് നാം വച്ചുപുലർത്തുന്ന മിഥ്യാധാരണകളാണ് വീണുടയുന്നത്.   

സമ്പന്ന തറവാട്ടിലാണ് ജനിച്ചതെങ്കിലും നിറഞ്ഞ വയറുകളെക്കുറിച്ചല്ല, ഒഴിഞ്ഞ വയറുകളെക്കുറിച്ചാണ് മാധവിക്കുട്ടി എഴുതിയത്. പക്ഷേ ആ കഥകളിലൂടെ അവർ സ്‌നേഹത്തിനു വേണ്ടി വിശന്നു. സ്വർണപ്പീടി കയെക്കുറിച്ചും പുസ്‌തകപ്പീടികയെക്കുറിച്ചും എഴുതി. കാണാൻ കിട്ടാത്ത സ്‌നേഹപ്പീടികകളെ ആ കഥകൾ നിരന്തരം ഓർമിപ്പിച്ചു. വാങ്ങാൻ കിട്ടാത്തത് അതു മാത്രമാണെന്ന് ഓർമിപ്പിച്ചു. 

പക്ഷിയുടെ മണം എഴുതിയ മാധവിക്കുട്ടിയുടെ  ഈ കഥയിലെത്തുമ്പോൾ അവിടമാകെ ഒരു യക്ഷിയുടെ മണം പരക്കുന്നതായി നമുക്കു തോന്നും. വിശന്നു തല തിരിയുന്നവനോട് ഭക്‌തിമാർഗം പറഞ്ഞ് ചൂഷണക്കൊതിയോടെ പെരുമാറുന്നതു കാണുമ്പോൾ കഥാകാരിക്ക് ഒരു നിമിഷം യക്ഷിയായി മാറാനുള്ള ദേഷ്യമുണ്ടെന്ന് വായനക്കാർക്ക് മനസ്സിലാവും. കടകളിൽ ജോലി ചെയ്യുന്ന ആൺകുട്ടികളുടെ പ്രയാസം മാധവിക്കുട്ടിയെ പലപ്പോഴും അസ്വസ്‌ഥയാക്കിയിട്ടുണ്ട്. 

കൊച്ചിയിലെ ഹോട്ടലുടമകൾക്ക് അന്യസംസ്‌ഥാനക്കാരായ നല്ല ശ്രീകൃഷ്‌ണന്മാരെപ്പോലെയുള്ള ആൺകുട്ടികളെ ജോലിക്കെടുക്കാനാണ് താൽപര്യമെന്നും രാത്രിയിൽ കടയുടമകൾ അവരെ സ്വവർഗരതിക്ക് വിധേയരാക്കുകയാണെന്നും മാധവിക്കുട്ടി ഒരിക്കൽ എഴുതിയത് അതുകൊണ്ടാണ്. കടകളിലെ തൊഴിലാളി കൾ ആദ്യം അവരെത്തന്നെ കടയുടമയ്‌ക്ക് വിൽക്കുന്നു. എന്നിട്ട് അവർ കടയിലെ  സാധനങ്ങൾ വിൽക്കുന്നു. 

വെയിലത്ത് നടന്നു വലഞ്ഞ വഴിപോക്കർക്ക് ദാഹമകറ്റാൻ മോരുവെള്ളം കരുതിവച്ച തണ്ണീർപ്പന്തലു ണ്ടായിരുന്ന നാലപ്പാട്ട് തറവാട്ടിലാണ് മാധവിക്കുട്ടി ജനിച്ചത്.  ഒരിറ്റു വെള്ളം കുടിക്കാതെ വലഞ്ഞ കുട്ടിയുടെ നെഞ്ചിൽ പേനാക്കത്തിയിറക്കിയ കടയുടമയെക്കുറിച്ച് ആ മാധവിക്കുട്ടി എഴുതുക സ്വാഭാവികം. പുസ്‌തകക്കടയായാലും ഇറച്ചിക്കടയായാലും ഇതാണ് ഒരങ്ങാടിയുടെ നിലവാരം എന്നതിനാൽ ദുഷിച്ച പ്രവണതകളുടെ ഒരങ്ങാടി നിലവാരം കൂടിയാവുന്നു ഈ കഥ. 

പട്ടിണി കിടന്നും പണിയെടുക്കേണ്ടി വന്ന കുട്ടി കുട്ടിത്തം നഷ്‌ടമായവനാണ്. പക്ഷേ ഈ കഥയിൽ കുട്ടിത്തം ഇല്ലെങ്കിലെന്ത്, മാധവിക്കുട്ടിത്തം ഉണ്ട്. ചില കുട്ടികൾ പത്തുവയസ്സാവുമ്പോഴേക്കും എംബിബിഎസ് പരീക്ഷ വരെ എഴുതി പാസാവും. അതുപോലെ തീരെച്ചെറുതാണെങ്കിലും ഈ കഥ കഥയെ സംബന്ധിച്ച യോഗ്യതാ പരീക്ഷകൾ പാസായി. അതാണ് എഴുതിക്കഴിഞ്ഞ് അരനൂറ്റാണ്ടാവാറാവുമ്പോഴും നാം ഈ കഥ താൽപര്യപൂർവം വായിക്കുന്നത്. 

English Summary : Kadhanurukku, Column, Short Stories By Madhavikutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com