ADVERTISEMENT

തയാറാക്കിവച്ചിരുന്ന പദ്ധതികളൊക്കെ മാറ്റിവയ്ക്കുന്ന കാലമാണിത്. അടിയന്തര മീറ്റിങ്ങുകള്‍ മാറ്റിവയ്ക്കുന്നു. പ്രധാനപ്പെട്ട ചടങ്ങള്‍ പിന്നീട് എന്നെങ്കിലും നടത്താമെന്ന പ്രതീക്ഷയില്‍ ഒഴിവാക്കുന്നു. പ്രിയപ്പെട്ട പലരെയും ഇനി എന്നു കാണാനാവുമെെന്നു പോലും അറിയാത്ത അവസ്ഥ. അക്ഷരാര്‍ഥത്തില്‍ ലോകം ഒറ്റപ്പെട്ടിരിക്കുന്നു. രാജ്യങ്ങള്‍ അതിര്‍ത്തികള്‍ക്കുള്ളിലേക്ക്. 

സംസ്ഥാനങ്ങളും ജില്ലകളും ഒറ്റപ്പെട്ടിരിക്കുന്നു. ഓഫിസുകളും ആളുകൂടുന്ന തിയറ്റര്‍ ഉള്‍പ്പടെയുള്ള ഇടങ്ങളും ആളൊഴിഞ്ഞിരിക്കുന്നു. അടുത്തടുത്ത വീടുകള്‍ തമ്മില്‍പോലും ബന്ധമില്ല. പരിചിതരായവര്‍ പോലും കണ്ടാലും കണ്ടില്ലെന്ന അവസ്ഥയില്‍ മുഖം മാറ്റുന്നു. വാതിലുകള്‍ അടയുകയാണ്. ജനാലകള്‍ കൊട്ടിയടയ്ക്കപ്പെടുകയാണ്. ഓരോ വ്യക്തിയും മുറികള്‍ക്കുള്ളിലേക്ക്, അവനവിലേക്ക് ഒതുങ്ങിക്കൂടുന്ന ലോക്ഡൗണ്‍ കാലം. ഇവിടെയാണ് ബുക് ക്ലബിന്റെ സാധ്യത. പുസ്തകം കാണുമ്പോള്‍ തന്നെ ഉറക്കം വരുന്നവര്‍ പോലും വായിക്കാന്‍ തീരുമാനിക്കുന്ന കാലമാണ്. ഈ കൊറോണക്കാലം. ഈ ലോക്ക്ഡൗണ്‍ കാലം. 

ഒരു പ്രശസ്ത താരം അടുത്തിടെ പോസ്റ്റ് ചെയ്ത ചിത്രം പുസ്തകങ്ങളെക്കുറിച്ചായിരുന്നു. യാത്രകളില്‍ വാങ്ങിവച്ചതും വായിക്കാതിരുന്നതുമായ പുസ്തകങ്ങള്‍ പൊടിതട്ടിയെടുക്കുന്ന ചിത്രം. മറ്റൊരു താരം കുറച്ചു പുസ്തകങ്ങളുമായി സങ്കടപ്പെടുകയായിരുന്നു. ഈ ലോക്ഡൗണ്‍ കാലത്തേക്ക് തനിക്ക് ഇത്രയും പുസ്തക ങ്ങള്‍ മതിയാകുമോ എന്നായിരുന്നു ആശങ്ക. 

അതേ, എഴുതിത്തള്ളിയ പുസ്തകങ്ങള്‍ തിരിച്ചുവന്നിരിക്കുന്നു. മരിച്ചു മണ്ണടിഞ്ഞു എന്നു പരിഹസിച്ച്  അന്ത്യകൂദാശ നടത്തിയ വായന പൂര്‍ണതോതില്‍ തിരിച്ചുവന്നിരിക്കുന്നു. ഈ കൊറോണക്കാലം വായനക്കാലം കൂടിയാണ്. ലോകമെങ്ങുമുള്ള അനേകം വ്യക്തികളും സ്ഥാനപനങ്ങളും ഓരോ ദിവസവും ബുക് ക്ലബുകള്‍ രൂപീകരിക്കുകയാണ്. അവയിലൊക്കെ ഫീസ് കൊടുത്ത് ചേരാന്‍ ജനങ്ങളും ക്യു നില്‍ക്കുന്ന അവസ്ഥ. 

അമേരിക്കയില്‍ അടുത്തിടെ തുടങ്ങിയ ഒരു ബുക് ക്ലബിന്റെ പേര് തന്നെ രസാവഹമാണ്: ക്വാറന്റീന്‍ ബുക് ക്ലബ്. ഈ കൂട്ടായ്മയുടെ പ്രത്യേകത,  ഇഷ്ടപ്പെട്ട എഴുത്തുകാരോട് സംസാരിക്കാനും അവസരമുണ്ട് എന്നതാണ്. ഓണ്‍ലൈനില്‍ അഞ്ച് ഡോളര്‍ ഫീസ് കൊടുത്ത് അംഗമാകുകയേ വേണ്ടൂ. ഇഷ്ടം പോലെ പുസ്തകങ്ങള്‍ വായിക്കാനുമാകും. 

ബ്രിട്ടനില്‍ സലോണ്‍ ലണ്ടനും ബുക് ക്ലബ് തുടങ്ങിക്കഴിഞ്ഞു. വലിയ പ്രതീക്ഷയില്ലാതെയാണ് തുടങ്ങിയ തെങ്കിലും വായനക്കാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന വന്നതോടെ അവര്‍ ആഹ്ലാദത്തിലാണ്. യൂ ട്യൂബ് വഴിയും അവര്‍ വായന പ്രോത്സാഹിപ്പിക്കുന്നു. ജര്‍മന്‍ ടെന്നീസ് താരം ആന്‍ഡ്രിയ പെറ്റ്കോവിക് തുടങ്ങിയത് റാക്കറ്റ് ബുക്ക് ക്ലബ്. അവര്‍ ആദ്യ പുസ്തകമായി തിരഞ്ഞെടുത്തിരിക്കുന്നത് ഡേവിഡ് ഫോസ്റ്റര്‍ വാലസ് എഴുതിയ സ്ട്രിങ് തീയറി. 

ട്വിറ്ററിലും ഇതു ബുക് ക്ലബുകളുടെ കാലമാണ്. ക്വാറന്റീനില്‍ കഴിയുകയും എന്നാല്‍ പുസ്തകം വാങ്ങാന്‍ ശേഷിയില്ലാത്തവര്‍ക്കുംവേണ്ടി മറ്റു ചിലര്‍ ഓണ്‍ലൈനായി പുസ്തകം വാങ്ങിനല്‍കുന്ന പതിവും തുടങ്ങിയിട്ടുണ്ട്. 

ലോകത്താകമാനം ഓണ്‍ലൈന്‍ ലോകത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്നതും പുസ്തകങ്ങളെക്കുറിച്ചുതന്നെ. വായനയെക്കുറിച്ച്. വായിച്ച പുസ്തകങ്ങളെക്കുറിച്ച്. വായിക്കാന്‍ ആഗ്രഹിക്കുന്നവയെക്കുറിച്ച്. വായിക്കാന്‍ കഴിയാതെ പോയ നാളുകളെക്കുറിച്ച്. അങ്ങനെ നഷ്ടപ്പെടുത്തിയ സന്തോഷത്തെക്കുറിച്ചും അപൂര്‍വമായ അനുഭൂതികളെക്കുറിച്ചും. 

English Summary: Start Reading With Quarantine Book Club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com