ADVERTISEMENT

ആ കല്ലുവെട്ടുകാരൻ തന്റെ ജീവിതത്തിൽ അസംതൃപ്‌തനായിരുന്നു. ധനികനായ വ്യാപാരിയെ കണ്ടപ്പോൾ അയാളെപ്പോലെയാകണമെന്നു പ്രാർഥിച്ചു. ദൈവം അതു കേട്ടു. അയാൾ വ്യാപാരിയായി. അപ്പോഴാണു നാട്ടിലെ ഉന്നതോദ്യോഗസ്ഥനെ കണ്ടത്. അന്നുമുതൽ ഉദ്യോഗസ്ഥനാകണമെന്നായി ആഗ്രഹം. അതും സാധിച്ചു. ഒരുദിവസം നട്ടുച്ചയ്‌ക്കു വിയർത്തപ്പോഴാണു സൂര്യന്റെ ശക്തി മനസ്സിലായത്; അങ്ങനെ അയാൾ സൂര്യനായി.

കാർമേഘങ്ങൾ സൂര്യനെ മറച്ചപ്പോൾ മുതൽ മേഘമാകാനുള്ള ശ്രമമായി. മേഘമായിക്കഴിഞ്ഞപ്പോഴാണ് കാറ്റു മേഘത്തെ നിഷ്‌പ്രഭമാക്കുമെന്നു മനസ്സിലായത്. അങ്ങനെ മേഘം കാറ്റായി. എത്ര ശക്തമായി വീശിയിട്ടും ഇളക്കം തട്ടാതെ നിൽക്കുന്ന പാറക്കെട്ട് കാറ്റിന്റെ ഉറക്കം കെടുത്തി. കാറ്റു പിന്നെ വലിയൊരു പാറയായി. കാറ്റിലും മഴയിലും ഒരനക്കവും തട്ടാതെ നിൽക്കുമ്പോഴാണ് ആരോ വന്ന് അടിക്കുന്നതു പോലെ പാറയ്ക്കു തോന്നിയത്; അതൊരു കല്ലുവെട്ടുകാരനായിരുന്നു!

ഉള്ളതിന്റെ ബലമറിയാത്തവരാണ് ഇല്ലാത്തതിന്റെ മഹിമ തേടുന്നത്. എല്ലാവർക്കും ഓരോ നിയോഗമുണ്ടാകും. അതു പൂർത്തിയാക്കാനുള്ള ശേഷിയും അവരിലുണ്ടാകും. മറ്റുള്ളവരുടെ ദൗത്യങ്ങൾ ചെയ്‌തുതീർക്കാനുള്ള പാടവമോ ഇച്ഛാശക്തിയോ ആർക്കുമുണ്ടാകില്ല. തനതുശേഷികളെ പരിപോഷിപ്പിക്കുന്നതിനു പകരം, അപരമികവുകളെ സ്വന്തമാക്കാൻ ശ്രമിക്കുന്നവരെല്ലാം ആരുമാകാതെ അവസാനിക്കും. എന്താണോ, അതിന്റെതന്നെ തുടർച്ചയും പൂർത്തീകരണവും ആകാൻ കഴിയുന്നവർക്കാണ് ആത്മസംതൃപ്‌തിയും അഭിമാനവും ഉണ്ട‌ാകുക.

സ്ഥിരതയോ ക്ഷമയോ ഇല്ലാതെ പറന്നുനടക്കുന്നവർക്ക് ഒരു മരക്കൊമ്പിലും കൂടുകൂട്ടാനാകില്ല. കണ്ണഞ്ചിപ്പിക്കുന്ന കാഴ്‌ചകളിൽ പലതും കൃത്രിമമായിരിക്കും. അലഞ്ഞുതിരിഞ്ഞ് അർഥമില്ലാതെ ചെലവഴിക്കുന്ന സമയം മാത്രം മതി, അവനവന്റെ പാതകളെയും പാദങ്ങളെയും തിരിച്ചറിയാൻ.

English Summary : Subhadinam, Food For Thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com