ADVERTISEMENT

ലോക്ക് ഡൗൺ  പളനിയപ്പാ (കഥ)

നന്ദിനി. അതാണ് ആ  അവളുടെ പേര്. അവൾ സത്യം മാത്രമേ പറയൂ അതുകൊണ്ടാണ് നന്ദിനി എന്നു വിളിക്കുന്ന ആ തത്തയെ പക്ഷിനോട്ടക്കാരി സീതമ്മ കൂടെ കൂട്ടിയത്. അതുതന്നെയാണ് സീതമ്മയുടെ ജാതകംതന്നെ മാറ്റിമറിച്ചത്. 

നഗരത്തിലുള്ള പല പ്രശസ്തരായവരുടെ ഭൂതവും ഭാവിയും അച്ചട്ടായി പറഞ്ഞിട്ടുള്ള നന്ദിനിക്കും പക്ഷിശാസ്ത്രക്കാരി സീതമ്മക്കും സ്വന്തം കാര്യത്തിൽമാത്രം എല്ലാം തകിടം മറിഞ്ഞു. ഒരു കടത്തിണ്ണയിലായിരുന്നു നന്ദിനിയും സീതമ്മയും പലരുടെയും ഭാവി പ്രവചിക്കാനിരുന്നത് . ഒരുദിവസം കുറെ പോലീസുകാരുവന്നു കൊറോണ വരുന്നെന്നും പറഞ്ഞു അവിടുന്ന് തല്ലിയോടിച്ചു. വീട്ടിൽവന്നിട്ട് ആരാണീ കൊറോണ എന്ന് ആദ്യം  ചോദിച്ചത് ഭർത്താവ് പളനിയപ്പനോടാണ്.

“ അത് അങ്ങ് തൂത്തുക്കുടിയിൽ ഏതാവത് സ്ഥലപേര് എനക്ക് തെരിയാത്’’എന്നുപറഞ്ഞു ദേഷ്യപ്പെട്ടു ഗ്ലാസ്സിലുണ്ടായിരുന്ന പട്ടച്ചാരായം ഒറ്റ വലിക്കു കുടിച്ചു. 

“ നീങ്കെ ചുമ്മാ പൊയ് ശൊല്ലാത്  തൂത്തുക്കുടി എൻ ഊരുതാൻ . ഇപ്പൊ ഇന്ത കൊറോണ വന്ത് 

എന്നുടെ വേല പോച്ചു. നാൻ ഊരുക്ക്‌ പോണം. നീ സാപ്പാടില്ലാമെ കുടിച്ചു സെത്തു പോയിടുവേ’’

“അന്ത കിളിയെ നീ വെച്ചുക്കോ’’ അതുപറഞ്ഞപ്പോൾ പളനിയപ്പൻ ഒന്ന് പുഞ്ചിരിച്ചു.

“വേണ അത് നിന്നെ കാപ്പാത്തതക്ക്താനേ ഇരുക്കും” അവൾ കട്ടായം പറഞ്ഞു. 

“ അപ്പടിയാ” 

എന്നുപറഞ്ഞ് അതിഷ്ടപ്പെടാത്ത മട്ടിൽ അയാൾ സീതമ്മയെ സൂക്ഷിച്ചൊന്നു നോക്കി ഒരു ബീഡി കത്തിച്ചു ചുണ്ടത്തു നിന്ന് പുകച്ചുരുളുകൾ വിട്ടു.   

“അപ്പാവുക്കു ഉടമ്പ് സെരിയല്ല ഊരുക്ക് പോണം’’

lock-down-palaniyappa-potrait

“അപ്പൊ പോണം പോയിട്ടുവാ’’

പളനിയപ്പൻ വീണ്ടും ചിരിച്ചു.

നന്ദിനിയെക്കൊണ്ട് ഓല എടിപ്പിച്ചിട്ടും അവളും കൊറോണ കൊറോണ എന്നുമാത്രം പുലമ്പിക്കൊണ്ടിരുന്നു .

അവളുടെയും എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കാണണം. നഗരാതിർത്തിയിലുള്ള വീടായതുകൊണ്ട് പക്ഷിനോട്ടം സ്വന്തം വീട്ടുമുറ്റത്തുതന്നെ ആകാമെന്നു തീരുമാനിച്ചതും അന്നായിരുന്നു. 

ഭർത്താവ് പളനിയപ്പനാണെങ്കിൽ വഴിവിട്ട ജീവിതമാണ്. അതൊക്കെ സീതമ്മയ്ക്കു കുറച്ചൊക്കെ അറിയാമെങ്കിലും സീതമ്മ അതൊന്നും അത്ര കാര്യമാക്കിയില്ല . എന്നാലും തൊട്ടയൽപക്കത്തുള്ള തൃവേണിയോടു ശൃംഗരിക്കുന്നതും കിന്നാരം പറയുന്നതുമൊന്നും അത്രക്കങ്ങോട്ടു പിടിക്കുന്നില്ലായിരുന്നു. അവളെ തേവിടിശ്ശി എന്നാണു സീതമ്മയും നന്ദിനിയും സംബോധന ചെയ്തിരുന്നത്. അവളെങ്ങാനും വീട്ടിലോട്ടു കയറിയാൽ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് ഒരിക്കലൊരു വാണിങ്ങും കൊടുത്തതാ. അതുകേട്ടു 

“മുട്ടുകൾ തമ്മിലടിക്കിന്നു, മുട്ടുകൾ തമ്മിലടിക്കുന്നു “ എന്ന് നന്ദിനിപ്പക്ഷിയും ഇടയ്ക്കിടെ പറയുന്നത് കേൾക്കാൻ ഒരു ഹരംതന്നെയായിരുന്നു.  

ലോക്ക് ഡൗൺ  പളനിയപ്പാ (കഥ)

എന്തായാലും  അപ്പാവെ കാണാൻ ഊരുക്ക് പോകാൻ പറ്റിയ സമയം തന്നെ അവൾ തീരുമാനിച്ചു കഴിഞ്ഞു. 

സീതമ്മ അന്ന് നന്ദിനിയെ പളനിയോടൊപ്പം വീട്ടിലാക്കിയിട്ടാണ്  തൂത്തുക്കുടിക്കു പോകാനൊരുമ്പെട്ടത്. അടുത്ത ദിവസമേ വരുമെന്ന് പറഞ്ഞിരുന്നതെങ്കിലും അപ്രതീക്ഷിതമായ ലോക്ക് ഡൗൺ കാരണം യാത്ര ഉപേക്ഷിച്ചു തിരിച്ചുപോരേണ്ടി വന്നു. 

കൊറോണ കാരണമാണ്  ഈ ലോക്ക് ഡൗൺ എന്ന് എല്ലാവരും പറഞ്ഞെങ്കിലും അതിന്റെ അർത്ഥമൊന്നും സീതമ്മക്കറിയില്ലായിരുന്നു.

 “യാരോ പെരിയ ആൾ’’

  

അല്ലെങ്കിൽ പട്ടണത്തിൽ ഇത്രയും പോലീസ് ഇറങ്ങുമോ കടകൾ പൂട്ടുമോ . സീതമ്മക്ക് എന്തൊക്കെയോ സംശയങ്ങൾ ആയിരുന്നു . എന്തായാലും പ്രധാനമന്ത്രി ലോക് ഡൗൺ എന്ന് പറഞ്ഞതുകൊണ്ട് വണ്ടിയും തീവണ്ടിയും ഒന്നും ഓടുന്നില്ലന്നുമാത്രം അറിയാം. അപ്പോൾപ്പിന്നെ തിരിച്ചുപോകാതെ പറ്റില്ലല്ലോ . സന്ധ്യക്ക്‌ 

വീടിന്റെ വാതിക്കൽ വന്നപ്പോഴേ നന്ദിനി പതിവില്ലാതെ ഉച്ചത്തിൽ ചിലച്ചുകൊണ്ടിരുന്നു. ആദ്യമൊന്നും ആ 

കിളിചൊല്ലലിന്  അത്ര വ്യക്തതയൊന്നുമില്ലായിരുന്നു. കതകു തുറക്കാൻ പോയപ്പോഴാണ് നന്ദിനി കാര്യങ്ങൾ വ്യക്തമായി പറഞ്ഞത്. 

“അപകടം അപകടം തേവിടിശ്ശി ഉള്ളിലിറുക്കെ ലോക്ക് ഡൗൺ . ലോക്ക് ഡൗൺ. സീതമ്മ അപ്പോഴാണ് ടിവിയിൽ പ്രധാന മന്ത്രി വന്ന് ഇന്ത്യ ലോക്ക് ഡൗൺ  എന്നൊക്കെ പറഞ്ഞകാര്യം ഓർത്തത്. നന്ദിനി പക്ഷിയുടെ ഒരു കാര്യം ,ആരെന്തുപറഞ്ഞാലും അതുതന്നെ പുലമ്പിക്കൊണ്ടിരിക്കും. കുറച്ചൊന്നാലോ ചിച്ചപ്പോഴാണ് സീതമ്മക്ക് പെട്ടന്നു കത്തിയത് . പിന്നെ അതൊരു കാട്ടുതീ പോലെ ആളിക്കത്തുക യായിരുന്നു. 

ലോക്ക് ഡൗൺ  പളനിയപ്പാ (കഥ)

പിന്നെ എല്ലാം പെട്ടന്നായിരുന്നു. 

സീതമ്മ അലറിക്കൊണ്ട് വാതിൽ തള്ളിത്തുറന്ന് അകത്തേക്കൊരോട്ടം. പുറത്തു ശക്തമായ ഇടിയും മിന്നലും കാറ്റും ഉണ്ടായിരുന്നതുകൊണ്ട് അകത്തെ ബഹളങ്ങളൊന്നും പിന്നെ കേട്ടതേയില്ല. എന്നാലും നന്ദിനിയുടെ കിളിക്കൊഞ്ചൽ വ്യക്തമായി കേൾക്കാമായിരുന്നു.

“ തേവിടിശ്ശി , തേവിടിശ്ശി... ലോക്ക് ഡൗൺ 

 ലോക്ക് ഡൗൺ  .. പളനിയപ്പൻ’’

English Summary : Lockdown Palaniyappa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com