ADVERTISEMENT

വികെഎന്നിന്റെ കഥകൾ ആലോചനാമൃതമാണെങ്കിൽ വികെഎന്നിന്റെ കഥകളിലെ പയ്യന്റെ കാര്യം വിവാഹാ ലോചനാമൃതമാണ്. പയ്യന് ഇപ്പോഴും കല്യാണാലോചനകൾ വരാം. കാരണം പയ്യൻ നിത്യഹരിതനായകനാണ്. നിത്യഫലിത നായകനുമാണ്. മറ്റുള്ളവർ പയ്യിനെ മേയ്‌ച്ചു നടന്നെങ്കിൽ വികെഎൻ ജീവിതകാലമത്രയും പയ്യനെ മേയ്‌ച്ചു നടന്നു. നിങ്ങൾക്ക് രാത്രി പയ്യിനെ മോഷ്‌ടിക്കാം. പക്ഷേ പയ്യനെ മോഷ്‌ടിക്കാനാവില്ല. കാരണം അത് വികെഎന്നിനു മാത്രം അവകാശപ്പെട്ടതാണ്. അദ്ദേഹമാണ് അവനെ വളർത്തി വലുതാക്കിയത്. 

വലിയവരെ മാത്രമല്ല ചെറുതിനെയും ഓർക്കണം. അപ്പോഴാണ് വികെഎൻ എഴുതിയതിൽ ഏറ്റവും ചെറിയ കഥയായ രുചിഭേദം ശ്രദ്ധിക്കേണ്ടത്. കാഞ്ഞിരത്തിൽ പടർന്നു കിടക്കുന്ന മുന്തിരിക്കുല കുറുക്കൻ കുഞ്ഞിരാമൻ  ചാടിപ്പിടിക്കാൻ നോക്കുന്നത് അമ്പലത്തിൽ നിന്ന് ഉച്ചപ്പൂജ കഴിഞ്ഞ് പോവും വഴി ഒരു ശാന്തിക്കാരൻ കാണുന്നു.

പക്ഷേ  ചാടിയിട്ടും കുറുക്കന് എത്തുന്നില്ല. ഇതു കണ്ട്  ശാന്തിക്കാരൻ കുറുക്കനോട് പറയുകയാണ്, വിടണ്ട ചാടിക്കോ. പുളിക്കാത്ത മുന്തിരിയാണ്, സാക്ഷാൽ ദ്രാക്ഷ എന്ന്. അപ്പോൾ കുറുക്കന്റെ മറുപടി: വേല വയ്‌ക്കാതെ നമ്പൂരിശ്ശൻ, നോന്റെ രുചി മാറിയിരിക്കുന്നു. ഈയിടെയായി പുളിച്ചതേ പറയൂ, ഭക്ഷിക്കൂ എന്നത്രേ. ശാന്തിക്കാരനെ  വെല്ലുന്ന ഫലിതം കുറുക്കൻ കുഞ്ഞിരാമൻ പ്രയോഗിച്ചു എന്നു ചുരുക്കം. കളിയാക്കലിൽ ശാന്തിക്കാരന്റെ കഥ കഴിഞ്ഞു എന്നു പറയാം. വികെഎൻ എഴുതിയ ഈ കഥയും കഴിഞ്ഞു. 

ഫലിതത്തിന് തിരി കൊളുത്തുന്നവരായിരുന്നു നമ്പൂതിരിമാർ. ഫലിതത്തിന്റെ കുത്തക നമ്പൂരിശ്ശന്മാർക്ക് നഷ്‌ടപ്പെടുകയാണെന്നു പറഞ്ഞാണ് കഥ അവസാനിക്കുന്നത്. ഫലിതത്തിന്റെ കുത്തക വികെഎന്നിന് നഷ്‌ടപ്പെടുന്നില്ല. ചിരിയുടെ കുത്തക നമ്പൂരിശ്ശന്മാർക്ക് നഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും വരയുടെ കുത്തക ഈ നമ്പൂരിശ്ശന് നഷ്‌ടപ്പെട്ടിട്ടില്ല. ഏതു നമ്പൂരിശ്ശനെന്നല്ലേ? ഈ കഥ വാരികയിൽ പ്രസിദ്ധീകരിച്ചപ്പോൾ ആർട്ടിസ്‌റ്റ് നമ്പൂതിരിയായിരുന്നു ഇലസ്‌ട്രേഷൻ. വരയുടെ കുത്തക ഇന്നും ആർട്ടിസ്‌റ്റ് നമ്പൂതിരിക്ക് നഷ്‌ടമായിട്ടില്ല. 

മുന്തിരിയുടെ സ്വഭാവം പുളിയാണ്. പക്ഷേ  മുന്തിരി പുളിക്കില്ലെന്നു പറയുന്നത് കാഞ്ഞിരത്തിൽ പടർന്നതു കൊണ്ടാവാം. അതല്ലെങ്കിൽ വെറുതെ കളിയാക്കാൻ പറഞ്ഞതുമാവാം. മുന്തിരിക്ക് രുചിഭേദമുണ്ടാവുന്നു. ഫലിതബോധമില്ലാത്തവരായി നമ്പൂതിരിമാർ മാറി എന്നു വികെഎൻ എഴുതിയതിന്റെയും സാംഗത്യം ഇതു തന്നെ. നമ്പൂതിരി ഫലിതം ഫലിക്കാതെ പോവുന്നതും മുന്തിരി പുളിക്കാതെ പോവുന്നതും രുചിഭേദം തന്നെ. തണുത്ത സൂര്യൻ എന്നു പറയുന്നതു പോലെയത്രേ പുളിക്കാത്ത മുന്തിരിയും ഫലിതമില്ലാത്ത നമ്പൂതിരിയും. രുചിഭേദം എന്ന ഇക്കഥയ്‌ക്ക് രുചിനോക്കാനുള്ളത്രയേ വലുപ്പമുള്ളൂ. ഒന്നു നുണയാനേ തികയൂ. 

മുന്തിരിയിൽ പിടികിട്ടാത്തതു പോലെ ചിലർക്ക് വികെഎന്നിന്റെ ഫലിതത്തിൽ പിടി കിട്ടാറില്ല. കുഞ്ചൻ നമ്പ്യാർ ആരായിരുന്നു എന്നു ചോദിച്ചാൽ ടിന്റുമോന്റെ മുൻഗാമിയാണ് എന്നു കുട്ടികൾ പറഞ്ഞു തുടങ്ങിയാൽ അദ്ഭുതപ്പെടേണ്ട. അവർക്ക് വികെഎന്നിനെയും പിടികിട്ടണമെന്നില്ല. കുഞ്ചൻനമ്പ്യാരെ നാളെ കുഞ്ചുമോൻ ഫലിതം എന്നാക്കിയെന്നും വരാം.  അല്ലെങ്കിൽ നാളെ ടിന്റൻ നമ്പ്യാർ എന്ന തലത്തിലേക്ക് അവർ ടിന്റു മോനെ ഫലിതത്തിന്റെ കിന്റർഗാർട്ടനിൽ നിന്ന് ഉയർത്തുകയും ചെയ്യും. ഇതൊക്കെ കേട്ടിരുന്നെങ്കിൽ കുഞ്ചൻനമ്പ്യാർ വേറൊരു തുള്ളൽ പ്രസ്‌ഥാനത്തിന് ജന്മം കൊടുത്തേനെ. ഓട്ടൻ തുള്ളലും പറയൻ തുള്ളലും ശീതങ്കൻ തുള്ളലും കൂടാതെ ഒരു കലിതുള്ളൽ പ്രസ്‌ഥാനത്തിന്. 

ഫലിക്കുന്നത് ഫലിതം എന്നു നിർവചിക്കാം. എത്ര കുറഞ്ഞ വാക്കുകളിലാണ് വികെഎൻ ഫലിതം എഴുതി ഫലിപ്പിക്കുന്നതെന്നു നോക്കൂ. വികെഎൻ ചുരുങ്ങിയ വാക്കുകളിൽ എഴുതിയ ഈ കഥ ഒരു കാർട്ടൂൺ പോലെയുണ്ട്. വികെഎൻ കാർട്ടൂണുകൾ എഴുതി. അദ്ദേഹം അങ്ങനെ വരയെയും തന്റെ വരിയെയും  വരച്ച വരയിൽ നിർത്തി.

English Summary : Kdhanuruku, Column, VKN And His Short Stories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com