ADVERTISEMENT

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) ജഗര്‍നോട്ട് ബുക്ക്‌സുമായി ചേര്‍ന്ന് ആയിരക്കണക്കിന് പുസ്തകങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്ന ഇ-ബുക്ക് പ്ലാറ്റ്‌ഫോം സേവനം അവതരിപ്പിച്ചു.

 

 

airtel-juggernaut

കോവിഡ്-19ന്റെ വ്യാപനം തടയുന്നതിനായുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കികൊണ്ടാണ് നേരത്തെ എയര്‍ടെല്‍ ബുക്ക്‌സ് ആയിരുന്ന ജഗര്‍നോട്ട് ബുക്ക്‌സിലൂടെ ആയിരക്കണക്കിന് പുസ്തകങ്ങള്‍ എയര്‍ടെല്‍ വരിക്കാര്‍ക്ക് ലഭ്യമാക്കുന്നത്. സ്മാര്‍ട്ട്‌ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ സേവനം ലഭിക്കും.

 

 

അഭൂതപൂര്‍വമായ ഈ കാലഘട്ടത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി വീട്ടിലിരിക്കുന്നവരെ സജീവമാക്കാനാണ് എയര്‍ടെലിന്റെയും ജഗര്‍നോട്ടിന്റെയും ശ്രമമെന്നും അതിന് വായനയേക്കാള്‍ നല്ലൊരു മാര്‍ഗം വേറെയില്ലെന്നും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആവേശകരമായ ഉള്ളടക്കങ്ങള്‍ കൊണ്ടുവരുന്നത് എയര്‍ടെല്‍ തുടരുമെന്നും ഭാരതി എയര്‍ടെല്‍ ചീഫ് പ്രഡക്റ്റ് ഓഫീസര്‍ ആദര്‍ശ് നായര്‍ പറഞ്ഞു.

 

 

മാറുന്ന ഇന്ത്യക്കായി പുതിയൊരു വായനാ സംസ്‌കാരം സൃഷ്ടിക്കുകയാണ് ജഗര്‍നോട്ടെന്നും അതുകൊണ്ടാണ് കൊറോണ വൈറസ് കാലത്ത് രാജ്യം ലോക്ക്ഡൗണിലൂടെ കടന്നു പോകുമ്പോള്‍, ആളുകള്‍ കൂടുതല്‍ സമയം സ്‌ക്രീനുകളില്‍ ചെലവഴിക്കുന്നതിനിടെ ശക്തമായതെന്തെങ്കിലും കൊണ്ടു വരണമെന്ന് ചിന്തിച്ചതെന്ന് ജഗര്‍നോട്ട് ബുക്ക്‌സ് സഹ-സ്ഥാപകന്‍ ചികി സര്‍ക്കാര്‍ പറഞ്ഞു.

 

വിവിധ ഗണത്തിലുള്ള ഇ-പുസ്തകങ്ങളും നോവലുകളും ജഗര്‍നോട്ട് ബുക്ക്‌സിലുണ്ട്. പ്രണയം, ബിസിനസ്, ചരിത്രം, രാഷ്ട്രീയം, ഫിറ്റ്‌നസ്, ഡയറ്റ്, ആത്മീയം, ക്ലാസിക്കുകള്‍ തുടങ്ങിയവയെല്ലാമുണ്ട്. സുധീര്‍ സീതാപതിയുടെ ‘ദ് സിഇഒ ഫാക്റ്ററി’, കാഥറിന്‍ എബാന്റെ ‘ബോട്ടില്‍ ഓഫ് ലൈസ്’, ടോണി ജോസഫിന്റെ ‘ഏര്‍ളി ഇന്ത്യന്‍സ്’, രജത് ഗുപ്തയുടെ ‘മൈന്‍ഡ് വിത്തൗട്ട് ഫിയര്‍’, ട്വിങ്കിള്‍ ഖന്നയുടെ ‘പൈജാമാസ് ആര്‍ ഫൊര്‍ഗിവിങ്’, സൗരവ് ഗാംഗുലിയുടെ ‘സെഞ്ചുറി ഈസ് നോട്ട് ഇനഫ്’, അഭിജിത് ബാനര്‍ജി-എസ്തര്‍ ഡ്യൂഫ്‌ളോയുടെ ‘ഗുഡ് എക്കണോമിക്‌സ്’ തുടങ്ങിയവ ലഭ്യമായ ടൈറ്റിലുകളില്‍ ചിലതാണ്.

 

English Summary : Airtel e-book platform Juggernaut Books offers thousands of titles for free

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com