ADVERTISEMENT

എല്ലാവരും പശുവിനെ തൊഴുത്തിൽ കെട്ടുമ്പോൾ മുകുന്ദൻ പശുവിനെ എഴുത്തിൽക്കൊണ്ട് കെട്ടിയിരിക്കുന്നു. പശു എന്ന കഥ ആകെ ഇത്രയേയുള്ളൂ: ഒരു പശുവായി ജനിച്ചാൽ മതിയായിരുന്നു. ദാർശനിക വ്യഥയില്ലല്ലോ. അൽപം പുല്ലും വെള്ളവും കിട്ടിയാൽ മതി. സന്തോഷമായി. ഒരു പശുവായി ജനിച്ചാൽ മതിയായിരുന്നു.

 

കഷ്‌ടിച്ച് മൂന്നോ മൂന്നരയോ വരി മാത്രമുള്ള   ഈ കഥ തുടങ്ങിയ വാചകത്തിൽ തന്നെ അവസാനിക്കുന്നു; പശുവിന്റെ ജീവിതം പോലെ. പക്ഷേ ഇവിടെ ആഖ്യാനം ആവർത്തനവിരസമാവുകയല്ല ആവർത്തന സരസമാവുകയാണ്. ചിലത് ആവർത്തിക്കുമ്പോൾ ഒരു രസം തോന്നും. 

 

ആട് മാത്രമല്ല പശുവും സാഹിത്യത്തിൽ ഇടം നേടിയിട്ടുണ്ട്. ഇത് ആടുജീവിതമല്ല, പശുജീവിതം. ആടുജീവിതം എന്നു പറഞ്ഞാൽ നരകയാതന നിറഞ്ഞ ജീവിതം എന്നു ഇപ്പോൾ അർഥമാക്കിക്കോളും. പശുജീവിതം പക്ഷേ ആധികളൊഴിഞ്ഞതാണ് എന്നതിന്റെ തെളിവു കൂടിയാണ് ഈ കഥ. 

 

 

തുടങ്ങിയേടത്തു തന്നെ അവസാനിക്കുന്നതാണ് , അതുകൊണ്ടുതന്നെ അല്ലലില്ലാത്തതുമാണ് പശുവിന്റെ ജീവിതം എന്നറിയിക്കാനാണ് മുകുന്ദൻ തുടങ്ങുന്ന വരിയിൽത്തന്നെ കഥ അവസാനിപ്പിക്കുന്നത്.  കെട്ടിയിരിക്കുന്ന കുറ്റിയിൽതന്നെ കിടന്ന് കറങ്ങുന്നതാണ് പശുവിന്റെ ജീവിതം. ഈ കഥയെ മുകുന്ദൻ അഴിച്ച്  മിനിക്കഥകളുടെ കൂട്ടത്തിൽക്കൊണ്ട് കെട്ടിയിരിക്കുകയാണ്. 

 

 

ഒരു പശുവിന്റെ ജീവിതകഥ ലളിതമായി എഴുതിയിരിക്കുന്നു മുകുന്ദൻ. ഇവിടെയുണ്ടു ഞാൻ/ എന്നറിയിക്കുവാൻ/ മധുരമാമൊരു/ കൂവൽ മാത്രം മതി /ഇവിടെയുണ്ടായി/ രുന്നു ഞാനെന്നതി/ ന്നൊരു വെറും  തൂവൽ/ താഴെയിട്ടാൽ  മതി/  ഇനിയുമുണ്ടാകു/ മെന്നതിൻ സാക്ഷ്യമായ് /അടയിരുന്നതിൻ/ ചൂടു മാത്രം മതി/ ഇതിലുമേറെ/ ലളിതമായ് എങ്ങനെ/  കിളികളാവിഷ്‌കരിക്കുന്നു ജീവനെ!  എന്നു  കവി പി.പി.രാമചന്ദ്രൻ കിളിജീവിതത്തെ ചുരുക്കി സമർഥിച്ചതു പോലെ പശുജീവിതത്തിന്റെ ചുരുക്കെഴുത്താണിത്.

 

 

മുകുന്ദന്റെ പ്രഭാതം മുതൽ പ്രഭാതം വരെ എന്ന കഥയുടെ പേരു പോലെ തുടങ്ങിയേടത്തു തന്നെ തീരുന്ന കഥയാണല്ലോ പശു. മനുഷ്യന്റെ ദാർശനികവ്യഥയെ ഭംഗിയായി ആവിഷ്‌കരിച്ചിട്ടുള്ള കഥകളിൽ ഒന്നാണ്  പ്രഭാതം മുതൽ പ്രഭാതം വരെ. അതിൽ റെയിൽവെസ്‌റ്റേഷനിൽ വന്നിറങ്ങിയ കഥാനായകനെ കൂട്ടിക്കൊണ്ടുപോകാൻ വന്ന നാണുനായർ അയാൾക്ക് ചുറ്റും കാണുന്ന ഓരോന്നും പരിചയപ്പെടുത്തുന്നു. കാക്കയെ കാണുമ്പോൾ കൂടി കഥാനായകന് അതെന്താണെന്ന് മനസ്സിലാവുന്നില്ല; കുഞ്ഞുങ്ങൾക്കെന്ന പോലെ. എന്തിനേറെ, സ്വന്തം അച്‌ഛനമ്മമാരെയും ഭാര്യയെയും വരെ അയാൾക്ക് തിരിച്ചറിയാനാവുന്നില്ല. 

 

 

എല്ലാവരെയും പരിചയപ്പെടുത്തിയ ശേഷം തിരികെപ്പോവുമ്പോൾ നാണുനായരെ പിന്നിൽനിന്ന് അയാൾ വിളിക്കുന്നു. എന്റെ പേരെന്താ നാണ്വായരേ, ഞാനാരാ നാണ്വായരേ എന്നാണ് അയാൾ ഉറക്കെ  ചോദിക്കുന്നത്. ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അത് ഓരോരുത്തരുടെയും ഉള്ളിലുണ്ട്. മനുഷ്യനു മാത്രമുള്ള ഈ ദാർശനികവ്യഥയിൽ നിന്ന് മോചനം നേടാനും പശു എന്ന കഥ വായിക്കാം. 

 

 

കസാൻ ദ സാക്കിസ്, ഗ്രീസിലെ തന്റെ ജന്മദ്വീപായ ക്രീറ്റിലെ  മുത്തച്‌ഛനോടു ചോദിക്കുന്നുണ്ട്, ഇത്രയും കാലത്തെ ജീവിതത്തെക്കുറിച്ച് എന്താണ് മുത്തച്‌ഛാ അഭിപ്രായമെന്ന്. ഒരു ഗ്ലാസ് തണുത്ത വെള്ളം പോലെ എന്നായിരുന്നു മറുപടി. ആയുസ്സിന്റെ അന്ത്യത്തിൽ ജീവിതത്തെ ചുരുക്കിവച്ചിരിക്കുകയാണ് അതിൽ. കടലോളം ദുഃഖത്തെ കണ്ണുനീർ കൊണ്ട്, കാടിനെ കുയിൽനാദം കൊണ്ട് ചുരുക്കാമെന്നതു പോലെയുള്ള ചുരുക്കെഴുത്താണത്. ഒരു ഗ്ലാസ് തണുത്ത വെള്ളം പോലെ എന്നു പറയാനാണല്ലോ നാം ഈ പ്ലേറ്റുകളൊക്കെ ഇത്ര ധൃതിപ്പെട്ട് കാലിയാക്കുന്നത് എന്നും ഓർക്കണം. 

 

ഇങ്ങനെ എഴുതാനറിയുന്നതു കൊണ്ടാണ് മുകുന്ദൻ ഫ്രഞ്ച് അധീന പ്രദേശത്ത് ജനിച്ചിട്ടും നമ്മുടെ നെഞ്ച് അധീനപ്രദേശത്ത് ജീവിക്കുന്നത്. ഡൽഹിയിലല്ല, മയ്യഴിയിലല്ല, ഇവിടെ... നമ്മുടെ ഹൃദയത്തിൽ. 

 

English Summary : Kadhanurukku, Column, Short Stories By M. Mukundan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com