ADVERTISEMENT

എൻ.എസ്.മാധവന്റെ ആദ്യകഥ ശിശു ആണെങ്കിലും മാധവന്റെ കഥകളിൽ ശിശു ‘ശിശു’ അല്ല. അത് ആന്റിഗണി ആണ് . ഒരു ആന്റിന്റെ ഗണത്തിലാണ് ആന്റിഗണി എന്നു പറഞ്ഞാൽ തെറ്റില്ല. കഥകൾ നാടകീയമാവാറുണ്ട്. പക്ഷേ ഈ കഥയ്‌ക്ക് പിന്നിൽ ഒരു നാടകമുണ്ട്: സോഫോക്ലീസിന്റെ ഈഡിപ്പസ് . ഈഡിപ്പസ് രാജാവിന്റെ മകളായ ആന്റിഗണിക്ക് രണ്ട് സഹോദരങ്ങൾ ഉണ്ടായിരുന്നു. അധികാരത്തിനു വേണ്ടി  പരസ്‌പരം കലഹിച്ച ഈ സഹോദരന്മാർ തമ്മിൽ വെട്ടിമരിച്ചപ്പോൾ അവരിൽ ഒരാളുടെ ജഡം പറമ്പിലെറിഞ്ഞു കളയാൻ രാജാവ് കൽപ്പിക്കുന്നു. 

 

 

സഹോദരന്റെ ശവസംസ്‌കാരം യഥാവിധി നടത്താത്തതിനെ ചോദ്യം ചെയ്‌തതിന് ആന്റിഗണിയെ രാജാവ് ജീവനോടെ കുഴിച്ചുമൂടി. ഈ ചരിത്രത്തിൽ ഖനനം ചെയ്‌തുകൊണ്ടുള്ളതാണ് മാധവന്റെ കഥ. ചരിത്രത്തിൽ താൽപര്യമില്ലാത്ത എഴുത്തുകാരന് കഥാചരിത്രത്തിന്റെ ഭാഗമാവാനും കഴിയില്ല. ചരിത്രത്തിന്റെ പുതിയ നിർമിതികളാണ് മാധവന് കഥകൾ. അതുകൊണ്ടാണ് വായിൽ വെടിയുണ്ട വച്ചു മരിച്ച ഹെമിങ്‌വേ യുടെ വായിൽ വരെ  മാധവൻ കഥയുണ്ട വച്ചുകൊടുത്തിട്ടുള്ളത്, കുന്തിയും ഹെമിങ്‌വേയും എന്ന കഥയിൽ. 

 

 

കുട്ടിക്കാലത്തേ മരിച്ചു പോയ സഹോദരങ്ങളുടെ ജഡങ്ങളുടെ നഗ്നത മറയ്‌ക്കാൻ മൂന്നു പിടി മണ്ണ് ചോദിക്കുന്ന സഹോദരി മാധവന്റെ ആന്റിഗണിയിലുമുണ്ട്. പക്ഷേ അപ്പോൾ രാജാവ് എതിർക്കുന്നു; മണ്ണും മലകളും അരുവികളും തന്റേതാണെന്നു പറഞ്ഞുകൊണ്ട്. ഗാട്ടുകരാറിന്റെയും മറ്റും പശ്‌ചാത്തലത്തിൽ ഭൂമിക്കു മേൽ കോർപറേറ്റുകൾ പിടിമുറുക്കിയതിന്റെയും രക്‌തബന്ധങ്ങൾക്കു പോലും വിലയില്ലാതായതിന്റെയും സൂചനകൾ മാധവൻ നമുക്കു നൽകുന്നു. 

 

നാണം മറയ്‌ക്കാൻ തുണി പോലുമില്ലാതെ, മരിച്ചു കിടക്കുന്ന കുട്ടികളുടെ അടുത്തിരിക്കുന്ന കുഞ്ഞിപ്പെങ്ങൾ. അവളുടെ ആവശ്യം  മൂന്നു പിടി മണ്ണാണ്. ശൈശവം എന്ന വാക്കിന് ശവമുമായി ബന്ധമുണ്ടോ എന്നോർത്ത്  കഥയും നമ്മളും തേങ്ങുന്നു. ആ ആഘാതത്തിൽ നാം വേഗം വൃദ്ധരാവുന്നതു പോലെ.  ഗാട്ടും കാണാച്ചരടുകളും അല്ല, ഗാട്ടും കരകാണാച്ചരടുകളും ചരിത്രത്തിനു മേൽ വർത്തമാനത്തിന്റെ പുതിയ കുരുക്കിടുന്നു.

 

മാധവന്റെ സ്‌ത്രീ കഥാപാത്രങ്ങൾ വെറും സ്‌ത്രീകളല്ല. കഥയിൽ സ്‌ത്രീയും പുരുഷനും ഉണ്ടാവണം എന്ന ചേരുവയ്‌ക്കായി വെറുതെ തിരുകിച്ചേർക്കുന്നതുമല്ല. എന്റെ മകൾ ഒരു സ്‌ത്രീ, കാർമെൻ, പഞ്ചകന്യകകൾ തുടങ്ങിയവയിലൊക്കെ സ്‌ത്രീക്കു കഴിയുന്നതിനെക്കാളേറെ അവളെ മനസ്സിലാക്കാനുള്ള പുരുഷന്റെ ശ്രമങ്ങളുണ്ട്. 

 

 

ഡൽഹിയിലെ ഒരു ശ്‌മശാന പാലകൻ സന്ധ്യയ്‌ക്ക് ശ്‌മശാനം പൂട്ടിപ്പോയിക്കഴിഞ്ഞാൽ വൈകി വരുന്നവർ ശവങ്ങളുമായി അയാളുടെ വീട്ടിൽ വരുന്നത് വായിച്ച് നാം നീറിയിട്ടുണ്ട്. അടുത്ത പ്രഭാതത്തിൽ സംസ്‌കരിച്ചാൽ മതി എന്നു പറഞ്ഞ് അവർ ശവങ്ങൾ അയാളുടെ വീടിന്റെ തിണ്ണയിൽ വച്ചിട്ടു പോവും. സമയം രാത്രിയോട് അടുക്കുമ്പോൾ ഡൽഹിയിലെ കൊടുംതണുപ്പിൽ ഉടുതുണിക്ക് മറുതുണിയില്ലാത്ത അയാളുടെ കൊച്ചു പെൺമക്കൾ ഈ ശവക്കച്ചകൾ അഴിച്ചെടുത്ത് പുതച്ചുമൂടിക്കിടന്നുറങ്ങും. 

 

 

അധികാരത്തിന്റെ അടുപ്പെരിയുന്ന ഡൽഹിയിൽ പാവങ്ങളുടെ ഇറച്ചി ഏതെല്ലാം വിധമാണ് വേവുന്നതെന്നു നോക്കൂ. സഹോദരങ്ങളെ സംസ്‌കരിക്കാൻ ഒരു പിടി മണ്ണ് വിലക്കുന്ന അധികാരത്തിന്റെ യവനമാതൃകയിൽ നിന്ന്  ഡൽഹിയിലെ ശ്‌മശാനപാലകന്റെ വീട്ടിലേക്ക് വേഗം നടന്നെത്താം.

 

പാവപ്പെട്ടവരുടെ മരണം ആത്മഹത്യകളാണ്, കീഴടങ്ങലുകൾ എന്ന് മാധവന്റെ ചൂളൈമേടിലെ ശവങ്ങൾ എന്ന കഥയിലുണ്ട്. സാധാരണക്കാരുടെ മരണങ്ങൾ സാധാരണ മരണങ്ങൾ അല്ല. ഒന്നുകിൽ അധികാരത്തിന്റെ മുനയൊടിക്കുക അല്ലെങ്കിൽ വ്യഭിചരിക്കുക എന്ന് ആന്റിഗണിയോട് പറയുന്നിടത്ത് സഹോദരബന്ധത്തിലെ ദുസ്സൂചന മാത്രമല്ല ഉള്ളത്. ബിൽ അടച്ചില്ലെങ്കിൽ ജഡം വിട്ടു നൽകാത്ത ആശുപത്രി മാഫിയയായും നിങ്ങളറിയാതെ നിങ്ങളുടെ മണ്ണിന് വിലയിടുന്ന  ഭൂമാഫിയയായും നിളയിൽ വെള്ളമില്ലെങ്കിലും നിള എന്നു പേരുള്ള കുപ്പിവെള്ളം വാങ്ങി ഗ്ലാസിലൊഴിച്ച് നിളയിലെ ഒഴുക്കു കാണാമെന്ന പ്രലോഭനമായും  എല്ലാ പാപങ്ങളും ചെയ്‌തിട്ട് പുണ്യം എന്നു പേരുള്ള സോപ്പ്  വാങ്ങി കുളിച്ചാൽ മതിയെന്ന പരസ്യക്കമ്പനിയുടെ വാചകമായും കേരളത്തിൽ വഴി തെറ്റാനും മാത്രം ഒരു കാടുമില്ലെന്ന് പരിസ്‌ഥിതി പ്രവർത്തകരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വിധം  മെലിയുന്ന അടിക്കാടുകളായും അധികാരം നമ്മെ അലോസരപ്പെടുത്തുന്നു.

 

സോഫോക്ലീസിന്റെ നാടകത്തിന് ഏതെല്ലാം വിധത്തിൽ വർത്തമാനകാലപ്രസക്‌തിയുണ്ട് എന്നതിന്റെ അന്വേഷണമാണ് മാധവന്റെ കഥ. അവൾ മൂന്നുപിടി മണ്ണ് വാരിയെടുത്തപ്പോഴാണല്ലോ രാജാവിന്റെ തീട്ടൂരം കിട്ടിയത്: ഈ മണ്ണും മലകളും അരുവികളും എല്ലാം എന്റേതാണ്. കരമടച്ച ശീട്ട് വാങ്ങാതെ അതിൽ തൊടാൻ പറ്റില്ല എന്ന് . 

 

 

ഐഎഎസുകാരൻ ആയിരുന്ന മാധവന്റെ ഈ കഥ ഇന്നു വായിക്കുമ്പോൾ നാം അദ്ഭുതപ്പെടുന്നു. ഈ മണ്ണും മലകളും തന്റേതാക്കാൻ രാജാവല്ല, മന്ത്രിയുമല്ല, മറ്റൊരു ഐഎഎസുകാരൻ നടത്തിയ യത്നം ഈയിടെ നമ്മെ ഞെട്ടിപ്പിച്ചു. അധികാരത്തിൽ മാത്രമല്ല ചരിത്രത്തെ ഇരുട്ടു മുറിയിലിട്ടു പൂട്ടി ശ്വാസം മുട്ടിച്ചു കൊല്ലുന്ന ബ്യൂറോക്രസിയിലും വിശ്വസിക്കാതിരിക്കുക എന്നത് മാറിയ കാലത്ത് ഈ കഥ നമ്മളിൽ ഏൽപ്പിക്കുന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.

 

English Summary : Kadhanurukku, Column, Short Stories By N.S Madhavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com