ADVERTISEMENT

ഒ.വി.വിജയന്റെ ഏറ്റവും ചെറിയ ഇതിഹാസം ഏതാണ്? മുൻവിധിയും  അനുഭവവും എന്ന പേരിൽ രണ്ടേ രണ്ടു വരിയിലുള്ള ഒരു കഥയാണത്. ‘മുന്തിരിങ്ങ പുളിയ്‌ക്കും’. കുറുക്കൻ പറഞ്ഞു. അഗസ്‌ത്യൻ ചിരിച്ചു: ‘കടലും പുളിയ്‌ക്കും’ എന്നതോടെ കഥയുടെ കഥ കഴിഞ്ഞു. കുറുക്കന്റെ അഭിപ്രായം മുൻവിധിയോടെയുള്ളതാണെങ്കിൽ അഗസ്‌ത്യന്റേതാവട്ടെ അനുഭവത്തിന്റെ അടിസ്‌ഥാനത്തിലാണ്. ദേവാസുര യുദ്ധത്തിൽ അസുരന്മാർ സമുദ്രത്തിൽ ഒളിച്ചപ്പോൾ അതിനെ കുടിച്ചു വറ്റിച്ചതാണല്ലോ അഗസ്‌ത്യൻ. 

 

കിട്ടാത്ത മുന്തിരി പുളിക്കുമെന്നായിരുന്നു കുറുക്കനെപ്പോലെ നമ്മളും കരുതിയത്. എന്നാൽ കിട്ടിയതും പുളിക്കുമെന്നാണ് അഗസ്‌ത്യന് പറയാനുള്ളത്. ഉപ്പ് വളരെയധികമായാൽ പുളിക്കും. അപ്പോൾ കടലും പുളിക്കും. ഇതാണ് അഗസ്‌ത്യന്റെ ചിരി. കുട്ടിക്കൃഷ്‌ണ മാരാർ വ്യാസന്റെ ചിരി എന്ന് ഒരു പ്രബന്ധത്തിന് പേരിട്ടെങ്കിൽ ഇത് വിജയന്റെ അഗസ്‌ത്യന്റെ ചിരിയാവുന്നു. എല്ലാമറിഞ്ഞവന്റെ ചിരി. 

 

നൂറുകണക്കിന് അധ്യാപകരുള്ള പള്ളിക്കൂടങ്ങൾക്കിടയിലും നാം ഖസാക്കിലെ രവിയുടെ ഏകാധ്യാപക വിദ്യാലയം ഓർത്തുവയ്‌ക്കുന്നതു പോലെ ഒരു ചെറിയ കഥയാണ് മുൻവിധിയും അനുഭവവും. അങ്ങനെയേ ഇതിനെ കാണാൻ കഴിയൂ. വിജയൻ പണ്ട് ദില്ലിയിലെ തിരക്കിൽപ്പെട്ട് റോഡ് മുറിച്ചു കടക്കാനാവാതെ നിൽക്കുകയായിരുന്നു. കുറെ സമയം കഴിഞ്ഞിട്ടും അപ്പുറത്തെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ഒരു ഓട്ടോ പിടിച്ച് റോഡ് മുറിച്ചുകടന്നു. അതുപോലെ വിജയന്റെ കഥയെ എളുപ്പത്തിൽ ക്രോസ് ചെയ്യാനുള്ള ഒരു വഴിയാണ് ഈ കഥ. 

 

ഗുരുസാഗരത്തിന്റെ രചയിതാവിന്റെ കഥസാഗരത്തിൽനിന്നു നാം കണ്ടെടുത്ത തീരെച്ചെറിയ ഒരു തുള്ളി; അതത്രേ ഇക്കഥ. വിജയന്റെ ഒരു പുസ്‌തകത്തിന്റെ പേരിന് പാഠഭേദം കൊടുത്താൽ സമുദ്രത്തിലേക്ക് വഴി തെറ്റാതെ വന്ന ഒരു പരൽമീൻ ആണ് ഇക്കഥ. ഇത് ഭാവത്തിലും രൂപത്തിലും ഒരു മഹാമുനിയെ ഓർമിപ്പിക്കുന്ന വിജയന്റെ ഒരു മിനിക്കഥയല്ല, മുനിക്കഥയാണ്. 

 

എല്ലാം പൂർണമായി അറിഞ്ഞവരാരുമില്ല എന്നതിന്റെ  ധ്വനി കൂടിയുണ്ടാവാം കടലും പുളിക്കും എന്ന് അഗസ്‌ത്യൻ പറയുന്നതിൽ. വിജയൻ വരച്ച കാർട്ടൂണുകളിൽ തീർച്ചയായും ഈ കഥയിലേതിനെക്കാൾ കൂടുതൽ  വാചകങ്ങളുണ്ടാവും. 

 

കോളജിൽ തന്റെ സഹപാഠിയായിരുന്ന രാജുവിനെക്കുറിച്ച് വിജയൻ എഴുതിയിട്ടുണ്ട്. ആശയവിനിമയത്തിന് ഭാഷ അപൂർവമായി മാത്രം ഉപയോഗിച്ചിരുന്ന രാജു. സംസാരിക്കുന്നതിനു പകരം രാജു പുഞ്ചിരിക്കും, പൊട്ടിച്ചിരിക്കും. പുറത്തു തട്ടും. അങ്ങനെയുള്ള വിജയന്റെ രാജുവിനെപ്പോലെയാണെന്നു തോന്നി ഈ കഥ. ഭാഷ വളരെക്കുറച്ച്. പകരം പുഞ്ചിരി. പുഞ്ചിരിയിലാണതിന്റെ പഞ്ച്. അത്ര മാത്രം ഈ കഥയിലുണ്ട്. അത്രമാത്രമേ ഈ കഥയിലുള്ളൂ. രാജുവിന്റെ മുഖം ഓർമിപ്പിക്കുന്ന കഥ.

 

കിണറുകളിൽ മുങ്ങിത്തപ്പുന്ന ഖസാക്കിലെ മുങ്ങാങ്കോഴിയെപ്പോലെ വിജയന്റെ കഥകളിൽ ഒരു മുങ്ങാങ്കോഴിയായി മുങ്ങിത്തപ്പിയാൽ ഈ കഥ കിട്ടും. വിജയന് മൂന്നു വാചകം മലയാളത്തിൽ തുടർച്ചയായി പറയാനാവില്ലായിരുന്നു, ഇടയ്‌ക്ക് ഇംഗ്ലിഷ് കടന്നു വരും എന്ന് എം.മുകുന്ദൻ എഴുതിയിട്ടുണ്ട്. അതിനർഥം ഈ കഥ ഒന്നു കാണാതെ പറയാമോ എന്നു ചോദിച്ചാൽ വിജയന് അത്ര മാത്രമേ പരമാവധി മലയാളത്തിൽ പറയാൻ കഴിയുമായിരുന്നുള്ളൂ. അടുത്തത്  ഒരു ഇംഗ്ലിഷ് വാചകം പറഞ്ഞേനെ. 

 

വിജയന് ബിഎയ്‌ക്ക് രണ്ടാം ഭാഷയായ മലയാളത്തിന് മൂന്നാം ക്ലാസായിരുന്നു. മൂന്നാം ക്ലാസിൽ പാസായ വിജയൻ ഒന്നാം കിട മലയാളം എഴുതി. മൂന്നാം ക്ലാസായിട്ടും  അദ്ദേഹത്തിന് മലയാളം പുളിച്ചില്ല എന്നു  മാത്രമല്ല മറ്റുള്ളവർ അതു വായിച്ചപ്പോഴൊക്കെ മധുരം മലയാളം എന്നു പറയുകയും ചെയ്‌തു. 

 

English Summary : Kadhanurukku, Column, Short Stories By O.V Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com