ADVERTISEMENT

കുഞ്ഞമ്മ എന്നൊരു കഥ അശോകൻ ചരുവിൽ എഴുതിയിട്ടുണ്ട്. കുഞ്ഞമ്മപ്പാലം എന്ന കഥയെഴുതിയത് പക്ഷേ കാക്കനാടനാണ്. അശോകന്റെ കുഞ്ഞമ്മ എന്ന കഥയും ഒരു പാലമാണ്. കേരളത്തിലെ കുടിയേറ്റ കർഷകരുടെ ചരിത്രവുമായി സ്‌ത്രീകളെ ബന്ധിപ്പിക്കുന്ന പാലം. ലോകചരിത്രത്തിലെ യഥാർഥ നായകന്മാർ ആരെന്നറിയാൻ അമ്മമാരുടെ നേർക്ക് ഒന്നു നോക്കുക എന്നെഴുതിയ മഹാന് സ്‌തുതി. കുടിയേറ്റത്തിലെ യഥാർഥ നായകന്മാർ സ്‌ത്രീകളായിരുന്നു. അവരുടെ ധൈര്യം ഈ കഥയെ ഒരു പാലം പോലെ താങ്ങിനിർത്തുന്നു.

 

കുഞ്ഞമ്മ എന്ന കഥാപാത്രത്തെ മുൻനിർത്തി, കേരളത്തിലെ കുടിയേറ്റ കർഷകരുടെ ഇന്നലെകളെക്കു റിച്ചുള്ള ഒരു ചരിത്രസൂചന കഥ തരുന്നു. ആദ്യമായി മലയോരത്തേക്ക് പോയപ്പോൾ ആർക്കും ഉണ്ടാവുന്ന അസ്വസ്‌ഥത, ഛർദി. അത് കുഞ്ഞമ്മയ്‌ക്കും ഉണ്ടായിരുന്നു. മുള ചതച്ച് വീടുണ്ടാക്കി ക്രൂശിനെ ചുമരിൽ തൂക്കി അവർ മണ്ണിനോട് പട വെട്ടി. പന്നി മെതിച്ചു കളഞ്ഞു. പന്നിപ്പടക്കം പൊട്ടി തുട പൊള്ളി. വീട്ടിലിരുന്ന് തിന്നു കുടിക്കുന്ന പന്നിയെ ഭർത്താവെന്നു വിളിച്ചു. 

 

 

കൃഷി ചെയ്‌തു. പെൺമക്കൾ പിഴച്ചു. മകനെ പൊലീസ് തല്ലിക്കൊന്നു. മൃതദേഹത്തിൽ വെടിവച്ചു. കുഞ്ഞമ്മ തന്റെ ജീവിതയാത്രയിൽ ആരെയും ഗൗനിച്ചില്ല. അവർ അവരുടെ കാര്യവും നോക്കി അവരുടെ വഴിയേ പോയി. അവരുടെ സഹനം, സ്‌ഥൈര്യം ഒക്കെ നമ്മെ അമ്പരപ്പിക്കുന്നു. മലങ്കാറ്റേറ്റ് കുഞ്ഞമ്മ കിടന്നു എന്നെഴുതുമ്പോൾ അശോകൻ ചരിവിൽ അല്ല അശോകൻ മലഞ്ചരിവിൽ ആണ് ഇതെഴുതിയതെന്ന് തോന്നും. കൊടിയേറ്റം എന്നു കേട്ടാൽ നാം ഗോപിയെ ഓർക്കും. കൊടിയേറ്റം ഗോപിയെ. ഇത് പക്ഷേ കുടിയേറ്റം കുഞ്ഞമ്മയാണ്.   

 

 

മണ്ണിന്റെയും പെണ്ണിന്റെയും ചരിത്രം ഇവിടെ കൈകോർക്കുന്നു. മക്കളെക്കൊണ്ടോ ഭർത്താവിനെക്കൊണ്ടോ അല്ല അവർ നേടിയത്. മണ്ണിനെക്കൊണ്ടാണ്. ഇന്ന് ഒട്ടും ഛർദി വരുന്നില്ല, പരിചയം എന്ന് കഥയിലുണ്ട്. കുടിയേറ്റക്കാരുടെ ജീവിതത്തെ പരിചയപ്പെടുത്താവുന്ന വാക്കാണത്– പരിചയം. എന്തിനോടും അവർ പരിചയത്തിലാവും, പൊരുത്തപ്പെടും. പന്നി കൃഷിയും ഭർത്താവ് ജീവിതവും ചവിട്ടിക്കുഴച്ചു. പെൺമക്കൾ പിഴച്ചപ്പോൾ ആൺമക്കളെ പൊലീസുകാർ കൊന്നു. മൃതദേഹത്തിൽ എന്തിനാണ് വെടി വയ്‌ക്കുന്നത്? ചത്താലും ചത്തോ എന്നു സംശയം. കുടിയേറ്റക്കാരന്റെ രക്‌തത്തിന് ഉശിരു കൂടും. 

 

ആനന്ദിന്റെ ആറാമത്തെ വിരൽ എന്ന കഥയിൽ ഹുമായൂൺ ചക്രവർത്തി തന്റെ ശത്രുവും സഹോദരനുമായ കാമ്‌റാനിന് വിധിക്കുന്ന ശിക്ഷയെക്കുറിച്ച് എഴുതുന്നുണ്ട്. അലിദോസ്‌തിനെക്കൊണ്ടാണ് ചക്രവർത്തി സഹോദരനെ അന്ധനാക്കിയത്. കൺപോളകൾ പിന്നോട്ടു നീക്കി അയാൾ കാമ്‌റാന്റെ ഓരോ കണ്ണിലും സൂചി കൊണ്ട് അൻപത് തവണ കുത്തി. അതിനു ശേഷം സഞ്ചിയിൽനിന്ന് ചെറുനാരങ്ങയെടുത്ത് ഒരു പാത്രത്തിൽ പിഴിഞ്ഞ് ഉപ്പ് കലർത്തി രണ്ടു കണ്ണിലെയും ചോരൊഴുകുന്ന കുഴികളിൽ ഒഴിച്ചു. ആ സമയത്ത് കാമ്‌റാൻ വായിലെ തുണിയുടെ പന്ത് അനുവദിക്കും വിധം ഉറക്കെ കരഞ്ഞു. 

 

 

ഇത്രയും എഴുതിയത് കുഞ്ഞമ്മയുടെ മകനെ കൊന്ന അരിശം തീരാഞ്ഞ് പൊലീസുകാർ മൃതദേഹത്തിൽ വെടിവച്ചു എന്ന്  അശോകൻ എഴുതിയതു വായിച്ചാണ്. എന്നിട്ടും കുഞ്ഞമ്മ കരഞ്ഞു എന്നൊരു വാക്യം കഥയിൽ ഇല്ല. മകന്റെ വിധിയിൽ വിലപിക്കാത്ത കുഞ്ഞമ്മ ഒരമ്മയാണോ എന്നു നിങ്ങൾക്ക് ചോദിക്കാം. പക്ഷേ അതാണ് കുഞ്ഞമ്മയുടെ ധൈര്യം. ചിലർ വിചാരിക്കുന്നത് സ്‌ത്രീകളിൽ ഇന്ദിരാഗാന്ധിക്കു മാത്രമേ ധൈര്യമുണ്ടായിരുന്നുള്ളൂ എന്നാണ്. ധൈര്യം ഇന്ദിരാഗാന്ധിക്കു മാത്രമല്ല, ഓരോ നാട്ടിലുമുണ്ട് ധൈര്യശാലികളായ കുഞ്ഞമ്മമാർ. കുടുംബത്തെ മെരുക്കാനായില്ലെങ്കിലും കുഞ്ഞമ്മ മണ്ണിനെ മെരുക്കി. സ്വന്തം മക്കൾ പിഴച്ചപ്പോൾ അവൾ മണ്ണിനെ മക്കളെപ്പോലെ നോക്കി. മക്കൾ നന്നായില്ലെങ്കിലും മണ്ണ് നന്നായി. 

 

കണ്ണിൽ സൂചി കയറുമ്പോൾ കാമ്‌റാൻ കരഞ്ഞു. അയാളുടെ  സ്‌ഥാനത്ത് കുഞ്ഞമ്മയായിരുന്നെങ്കിൽ കരയില്ലായിരുന്നു. ചക്രവർത്തിയുടെ സൽക്കാരത്തിൽ പങ്കെടുക്കാതെ അലിദോസ്‌ത്  ദൂരെപ്പോയി ഛർദിക്കുന്നു. തന്റെ പാപത്തെ കുടിയൊഴിപ്പാക്കാനുള്ള ഛർദിയാണത്. കുടിയേറ്റത്തിന്റെ തുടക്കമായിരുന്നു കുഞ്ഞമ്മയുടെ ഛർദി. ഇവിടെയൊക്കെ എഴുത്തുകാർ ചരിത്രത്തെ അതേപടി ഛർദിച്ചുവച്ചിരിക്കുകയല്ല. ചരിത്രത്തിൽ നിന്ന് ഭാവിയിലേക്കുള്ള ദൂരത്തെ കഥ കൊണ്ട് അളന്നെടുത്തിരിക്കുകയാണ്.   

 

English Summary : Kadhanurukku, Column, Short Stories By Ashokan Charuvil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com