ADVERTISEMENT

ബെന്യാമിന്റെ ഏറ്റവും ചെറിയ കഥയായ കൊലപാതകം വായിച്ച ആരും പറയും അദ്ദേഹം ഒട്ടും മനഃസാക്ഷിയില്ലാതെ എഴുതിയ നോവലാണ് ആടുജീവിതം എന്ന്. ഞാൻ എന്റെ മനഃസാക്ഷിയെ വെടിവച്ചു കൊന്നിട്ട് ഗൾഫിൽപോയി ഒരു കമ്പനിയുടെ മാനേജരായി എന്നതാണ് ആ ഒറ്റവരിക്കഥ. അതിനു ശേഷം എഴുതിയ ആടുജീവിതത്തിലും അപ്പോൾ മനഃസാക്ഷി ഉണ്ടാവാനിടയില്ല. ഏതായാലും മനഃസാക്ഷിയില്ലാതെ എഴുതിയ നോവൽ സമൂഹമനഃസാക്ഷിയെ ഉണർത്തി. 

 

 

മരുഭൂമിയിൽ പൂക്കളും ഇലകളും വേണമെന്നില്ല. പകരം എത്രയോ പേരുടെ സ്വപ്‌നങ്ങൾ അവിടെ പൂവിടുന്നുണ്ട്. എത്രയോ ജീവിതങ്ങൾ തളിരിടുന്നുണ്ട്.  ഒട്ടകത്തിന്റെ മുഖത്തെ നിത്യദുഃഖം പോലെയൊന്ന് ഗൾഫിലെ മലയാളിയുടെ മുഖത്താവും ഒരുപക്ഷേ കാണാനാവുക. മലയാളത്തിന്റെ ദുഃഖപുത്രിയാണ് ശാരദ എങ്കിൽ മരുഭൂമിയിലെ ശാരദയാണ് ഒട്ടകം. മനഃസാക്ഷിയില്ലാത്തവരെ കണ്ടുകണ്ടാവാം ഒട്ടകം ഇങ്ങനെയായത്. 

 

എത്ര ദിവസത്തെ അവധിയുണ്ട് എന്ന ഒറ്റച്ചോദ്യമേ നമുക്ക് ഗൾഫിൽനിന്ന് അവധിക്കെത്തിയ മലയാളിയോട് ചോദിക്കാനുള്ളൂ. ശസ്‌ത്രക്രിയയുടെ തീയതി നിശ്‌ചയിച്ചോ എന്ന ചോദ്യം പോലെ അവനിത് കേൾക്കാൻ തുടങ്ങിയിട്ടു കാലം കുറെയായി. ഇനി എന്നാണ് മടക്കം എന്നത് വരുന്നതിനു മുൻപേ അവൻ കേട്ടു തുടങ്ങുന്നു. അവന് മനഃസാക്ഷിയില്ലെന്ന് നമ്മളങ്ങു തീരുമാനിക്കുകയാണ്. 

 

പൂക്കൾ കഴിഞ്ഞാൽ നമ്മൾ ഏറ്റവുമധികം മണം ചോദിച്ചിട്ടുള്ളത് അവനോടായിരിക്കും. വരുമ്പോൾ അവനിത്തിരി സ്‌പ്രേ കൊണ്ടു വരുന്നത് അയൽക്കാരും സുഹൃത്തുക്കളുമൊക്കെ കാത്തിരുന്നു. നമുക്കു സുഗന്ധം തരാൻ അവൻ വർഷം മുഴുവൻ വിയർത്തു നാറി. 

 

ആടുജീവിതത്തിൽ മണ്ണിനടിയിൽ എന്തോ പുതഞ്ഞു കിടക്കുന്നതായി ബെന്യാമിൻ എഴുതുന്നു. നോക്കിയപ്പോൾ ഒരു കൈപ്പത്തി. അകലെയല്ലാതെ ഒരു തോൽബെൽറ്റും. ഏതോ അറബിയുടെ പ്രതികാരം. നമുക്ക് ഗൾഫ് എന്നു പറഞ്ഞാൽ  എൻആർഐ ഫെസ്‌റ്റ്, എൻആർഐ അക്കൗണ്ട്, എൻആർഐ ക്വാട്ട ഇതൊക്കെയാണ്. എൻആർഐ രോഗങ്ങൾ, എൻആർഐ യാതന ഇതൊക്കെ ആരറിയുന്നു. ഹിറ്റ്‌ലർ എപ്പോഴും നിന്നുകൊണ്ടേ ഭക്ഷണം കഴിക്കുമായിരുന്നുള്ളൂ എന്ന് ബെന്യാമിന്റെ ഒരു കഥയിലുണ്ട്. ഹിറ്റ്‌ലർ ഭക്ഷണത്തോടും യുദ്ധത്തിലാവാം. ഗൾഫിലുമുണ്ട് കൊച്ചു ഹിറ്റ്‌ലർമാർ. ആടുജീവിതത്തിലെ നജീബിന്റെ യജമാനനെപ്പോലെ മനഃസാക്ഷിയില്ലാത്ത ഹിറ്റ്‌ലർമാർ. അഥവാ ഹിറ്റ് ആകാതെ പോയ ഹിറ്റ്‌ലർമാർ. 

 

കേരളത്തിൽ ജീവിക്കുമ്പോൾ മണൽ ഒരു സ്വപ്‌നമായിത്തീരുന്നു. മണലാരണ്യത്തിൽ ചെല്ലുമ്പോൾ തണൽ സ്വപ്‌നമാവുന്നു. തല ചായ്‌ക്കാൻ  ഇത്തിരി മണ്ണ് എന്നത് ഇതിനിടയിലെ മറ്റൊരു സ്വപ്‌നമാണ്. ഇതിനിടയിൽവച്ചാണ് നിങ്ങളുടെ മനഃസാക്ഷി ചവിട്ടി മെതിക്കപ്പെടുന്നത്. എന്നാൽ ഗൾഫ് മലയാളി മാത്രമേയുള്ളോ മനഃസാക്ഷി ഇല്ലാത്തവരായി? ആംബുലൻസിനു ലിഫ്‌റ്റ് ചോദിക്കുന്നവരുടെ നാട് കൂടിയാണ് കേരളം. 

 

പണ്ടൊക്കെ റോഡിലൂടെ പായുന്ന പഴയ അംബാസഡർ കാറുകളുടെ ഡിക്കിയിലും മുകളിലും നിറയെ സാധനങ്ങൾ കണ്ട് നാം പറഞ്ഞു, ഗൾഫ് പാർട്ടിയാണെന്നു തോന്നുന്നു. ആ പെട്ടികളിൽ എന്തൊക്കെയാവും? പെട്ടി പൊട്ടിക്കുന്ന ദിവസം, അതൊരു  ചരിത്ര മുഹൂർത്തമായിരുന്നു. പെട്ടിയുമായി വന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുമ്പോൾ ഓരോ സംസ്‌ഥാനവും തങ്ങൾക്കുള്ള വിഹിതം അറിയാൻ കണ്ണു നട്ടിരിക്കുന്നതു പോലെ ഭാര്യ മുതൽ അയൽക്കാർ വരെ കണ്ണു നട്ടിരിക്കുന്ന മുഹൂർത്തം.

 

എന്നാൽ  ബെന്യാമിനെപ്പോലെയല്ലാതെ മനഃസാക്ഷിയുമായി ചിലർ ഗൾഫിലേക്ക് പോവുന്നുണ്ട്. നടനും എഴുത്തുകാരനുമാവുന്നതിനു മുൻപ് വി.കെ.ശ്രീരാമൻ ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത് നമുക്കറിയാം. ഞാറ്റുവേലക്കാലത്ത് നാട്ടിലെ മഴയും കാറ്റും കാണണമെന്നു പറഞ്ഞ് അറബിക്ക് അറിയാവുന്ന ഇംഗ്ലിഷിൽ ശ്രീരാമൻ രാജിക്കത്ത് എഴുതിക്കൊടുത്തു. ഐയാം സഫറിങ് ഫ്രം റെയിൻ ആൻഡ് വിൻഡ് ഐ വാൺട് ടു റീച്ച് മൈ വില്ലേജ് സോ ഐ റിസൈൻ മൈ ജോബ് എന്നൊക്കെ. മഴ കാണണമെന്ന കൊതിയോടു രാജിയാവാൻ ശ്രീരാമനെ മനഃസാക്ഷി അനുവദിച്ചില്ല. വെറുതെയല്ല മനഃസാക്ഷിയുമായി ഗൾഫിൽ പോയാൽ ശരിയാവില്ലെന്ന് ബെന്യാമിനു തോന്നിയത്.

 

English Summary : Kadhanurukku, Column, Short Stories By Benyamin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com