21 ദിവസങ്ങൾ കഴിഞ്ഞപ്പഴേക്കും ഞാൻ മരിച്ചിരുന്നു: അടുത്ത 14 ദിവസങ്ങൾ എനിക്കു ജീവിക്കണം !!

Lijeesh Kumar
ലിജീഷ് കുമാർ
SHARE

രാവിലെ ഒരു എട്ടെട്ടരയായിട്ടുണ്ടാവും. ഞാനെഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. ലോക്ക് ഡൗണിന്റെ ഒന്നാം ദിവസമാണ്. എഴുന്നേറ്റിട്ടിപ്പോൾ എവിടെപ്പോവാനാണ്. ഫോണിൽ ജോബിഷേട്ടന്റെ കോൾ വന്നു. ചെവിക്കും തലയിണയ്ക്കും ഇടയിൽ ഫോണിറുക്കി വെച്ച് ഞാൻ കിടന്നു.

‘‘നീ മാസ്ക് വാങ്ങിയോ ?’’

‘‘ ഇല്ല, എനിക്കൊരാൾ എത്തിച്ചു തരാനുണ്ട്’’

‘‘എത്തിച്ചു തരാനൊന്നും ഇനിയാരുമുണ്ടാവില്ല’’ ഒരു പ്രവചനം പോലെ ജോബിഷേട്ടന്റെ മറുപടി വന്നു. ആ മറുപടിയുടെ താളം എനിക്ക് രസമായി തോന്നി. എനിക്കെപ്പോഴും പ്രവാചകന്മാരെ ഇഷ്ടമായിരുന്നു. ജീവിതത്തെ വഴിതിരിച്ചുവിടാനുള്ള അപാരമായ ശേഷി  അവർക്കുണ്ട്. ആരെങ്കിലും നിങ്ങളെ കൊല്ലുമെന്ന് അവർ പറയുന്ന നിമിഷം മുതൽ, ആരെങ്കിലുമൊക്കെ ചുറ്റുമില്ലാതിരിക്കാനും - ആരെങ്കിലുമൊക്കെ ചുറ്റുമുണ്ടാവാനും നാം ജാഗ്രത കാണിച്ചു തുടങ്ങും. പ്രവചനങ്ങൾ അങ്ങനെയാണ്, അവ നമ്മെ മറ്റൊരാളാക്കുകയാണ് ചെയ്യുന്നത്. 

‘‘നീ ഇന്ന് ടൗണിൽ പോയോ ?’’

‘‘ഇല്ല’’

‘‘ഞാമ്പോയി’’ അയാൾ പറഞ്ഞു.

‘‘എല്ലാ മനുഷ്യരുടെ മുഖത്തും മാസ്കുണ്ടായിരുന്നു. അവരാരെയും എനിക്ക് പരിചയമില്ലാത്തതു പോലെ തോന്നി’’

മരണം അങ്ങനെയാണ്, അത് നമ്മെ മറ്റൊരാളാക്കിക്കളയും. ലോകവും നമ്മളും തമ്മിലുള്ള ബന്ധത്തെ അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ ആദ്യപടിയാണത്, ഞാനോർത്തു.

‘‘ ടോള്‍സ്റ്റോയിയുടെ ‘ദി ഡത്ത് ഓഫ് ഇവാൻ ഇല്ലിച്ച്’ എന്നൊരു പുസ്തകമുണ്ട്’’

ഞാമ്പറഞ്ഞു ‘‘ഇവിടുണ്ട്’’

‘‘ മരണത്തിന്റെ മുന്‍പില്‍ മുഖാവരണം ധരിച്ചു നിൽക്കുന്ന കുറേ മനുഷ്യരാണ് അതിൽ നിറയെ’’

ജോബിഷേട്ടൻ പറഞ്ഞു കൊണ്ടിരിക്കെ ഞാൻ അലമാരയിൽ നിന്ന് ആ പുസ്തകം തപ്പി മേശപ്പുറത്ത് വെച്ചു. പിന്നെ എന്റെ രാപ്പകലുകൾ നിറയെ ടോൾസ്റ്റോയിയായിരുന്നു. കുട്ടിക്കാലത്ത് വായിച്ചതാണ് ടോൾസ്റ്റോ യിയെ. അക്കാലമിതാ വീണ്ടും തിരിച്ചു കിട്ടിയിരിക്കുന്നു.

‘‘എന്ത് കുട്ടിക്കാലം, നീ ഹൊഫ്മാന്‍ സ്റ്റാലിന്റെ ‘ഡത്ത് ആൻഡ് ദ ഫൂൾ’ എന്ന നാടകം വായിക്കണം’’ 

ടോൾസ്റ്റോയിയിൽ നിന്നും മരണത്തിൽ നിന്നും ഞാൻ പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആ കോൾ വന്നത്. അത് ഷിജുവേട്ടനായിരുന്നു.

ജോബിഷേട്ടനെപ്പോലെ ആയിരുന്നില്ല ഷിജു.ആർ. കഷണ്ടി കയറിയ തല, ആഴമുള്ള കണ്ണുകൾ, മെലിഞ്ഞ് നീണ്ട ശരീരം, ജോബിഷേട്ടൻ കാണാൻ ഗാന്ധിയെ പോലെ ആയിരുന്നു. ആകെയുള്ള വ്യത്യാസം ഗാന്ധി വേഗത്തിൽ നടന്നിരുന്നു എന്നതും ഗാന്ധി നടക്കുമ്പോൾ ചുറ്റും ആയിരങ്ങൾ ഉണ്ടായിരുന്നു എന്നതും മാത്രമാണ്. ചുറ്റുമുള്ള മനുഷ്യരെ തന്നിലേക്ക് വലിച്ചടുപ്പിക്കാൻ പാകത്തിലുള്ള ഒരു ഓറ ഗാന്ധിയെ പൊതിഞ്ഞിരുന്നു. 

ചുറ്റുമുള്ള മനുഷ്യരെ തന്നിലേക്കടുക്കാൻ പേടിപ്പിക്കുന്ന ഒന്ന് ജോബിഷേട്ടനെയും ! എനിക്ക് ജീവിതാ നുഭവങ്ങൾ കുറവായിരുന്നു. അതുകൊണ്ടാവണം ആ ഓറ എന്നിൽ കൗതുകമുണ്ടാക്കി. പി.കെ..യിലെ അമീർഖാൻ ഡാൻസിംഗ് കാറിൽ നിന്ന് ഡ്രസ്സ് എടുക്കാൻ നിൽക്കുന്നതു പോലെ ആ ഓറയിലേക്ക് നോക്കി ഞാൻ നിന്നു, എനിക്ക് കുറേ അനുഭവങ്ങൾ വേണമായിരുന്നു.

Lijeesh Kumar
ലിജീഷ് കുമാർ

വായനാനുഭവങ്ങൾ ഉള്ള മനുഷ്യരും ജീവിതാനുഭവങ്ങൾ ഉള്ള മനുഷ്യരും രണ്ടാണ്. അല്ലെന്നാണ് പക്ഷേ ജോബിഷേട്ടൻ പറഞ്ഞത്. ഓരോ പുസ്തകങ്ങളും ഓരോ മനുഷ്യരാണ്. ഓരോ പുസ്തകങ്ങളിൽ നിന്നും നാം ആർജ്ജിക്കുന്നത് ഓരോ മനുഷ്യരുടെ ജീവിത പരിസരമാണ്. ഒരു വായനക്കാരനോളം ജീവിതാനുഭവമുള്ള ആരാണുള്ളത് !! ഭയങ്കരം തന്നെ, വി.കെ.ജോബിഷ് എന്ന അനുഭവജ്ഞാനിയായ പ്രവാചകനിൽ ഞാൻ പെട്ടുപോയി.

ജോബിഷേട്ടനെപ്പോലെയേ ആയിരുന്നില്ല ഷിജു.ആർ. ചുരുണ്ട് നിറഞ്ഞ താടിമുടികളായിരുന്നു അയാളുടെ മുഖം നിറയെ. താടിമുടികൾക്കിടയിൽ അവശേഷിച്ച കവിളിലും കണ്ണിലും ഒരു കാമുകഭാവം അയാൾക്കുണ്ട്, ഓഷോയിൽ കണ്ടിരുന്ന പോലെ ഒന്ന്. കളക്ടീവ് മെമ്മറികളുടെ കാടായിരുന്നു അയാളുടെ തല. എനിക്ക് ചരിത്ര ബോധം കുറവായിരുന്നു. അതുകൊണ്ട് എന്നെ പഴക്കിപ്പണിയേണ്ട നേരങ്ങളിലെല്ലാം ഞാനയാളെ കേട്ടു. അയാളെന്നെ ആദിമ മനുഷ്യനാക്കി കൈയ്യിൽത്തന്നു.

അയാൾ ഹൊഫ്മാന്‍ സ്റ്റാലിനെക്കുറിച്ച് പറഞ്ഞ് തുടങ്ങി. 

‘‘പതിനെട്ടാമത്തെ വയസ്സിലാണ് ഹൊഫ്മാന്‍ ‘സ്റ്റാലിൻ ഡത്ത് ആൻഡ് ദ ഫൂൾ’ എഴുതുന്നത്. മരണത്തെക്കുറിച്ചെഴുതപ്പെട്ട  മാസ്റ്റര്‍പീസാണത്.’’

ടോൾസ്റ്റോയിയെ അലമാരയിലേക്ക് തിരുകി ഞാൻ ഹൊഫ്മാന്‍ സ്റ്റാലിനെ തുറന്നു. ജീവിതത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ച് ചിന്തിച്ച് ചുമ്മാ വീട്ടിലിരിക്കുന്ന ഒരു പകൽ ക്ലോഡിയോ മധുരമുള്ള ഒരു വയലിൻ ശബ്ദം കേട്ടു. അയാളെ അമ്പരപ്പിച്ചു കൊണ്ട് ഒരു ഗായകന്‍ പ്രവേശിച്ചു. ആ ഗായകൻ മരണമായിരുന്നു. 

രാത്രി ഞാൻ ജോബിഷേട്ടനെ അങ്ങോട്ട് വിളിച്ചു. വീട്ടിൽ അടച്ചിരിക്കുന്ന ദിവസങ്ങളെക്കുറിച്ച് സംസാരിച്ചു. വയലിൻ വായിച്ച് കൊണ്ട് അവിടേക്കേത് നിമിഷവും എത്താവുന്ന മരണത്തെക്കുറിച്ച് സംസാരിച്ചു. അന്ന് ഞങ്ങൾ സംസാരിച്ചത് മുഴുവൻ മരണ നാടകങ്ങളെക്കുറിച്ചായിരുന്നു. ബല്‍ജിയന്‍ നാടകകൃത്തായ മോറീസ് മതേര്‍ലിങ്കിലാണ് ആ സംസാരമവസാനിച്ചത്. ‘ദി ഇൻട്രഡർ, ദി ബ്ലൈൻഡ്, ഇൻ്റീരിയർ’ - മൂന്നും മതേര്‍ലിങ്കിന്റെ പുസ്തകങ്ങളാണ്, മൂന്ന് മരണ നാടകങ്ങള്‍.

പിന്നെയുള്ള ദിവസങ്ങളിലെല്ലാം എന്റെ ചുറ്റം മരണമുണ്ടായിരുന്നു. മരണത്തിന്റെ പുസ്തകങ്ങളിൽ ജീവിച്ച് മതിയാവുമ്പോഴൊക്കെ ഞാൻ പത്രവും ടി.വിയും തുറന്നു. ആകെയുള്ള വ്യത്യാസം അതിലുണ്ടായിരുന്നത് പുതിയ മരണങ്ങളും ഞാൻ വായിച്ചിരുന്നത് പഴയ മരണങ്ങളുമായിരുന്നു എന്നത് മാത്രമാണ്.

ഞാൻ വീണ്ടും ഷിജുവേട്ടനെ വിളിച്ചു. അയാളപ്പോൾ ‘വെര്‍ജിലിന്റെ മരണം’ എന്ന ഹെര്‍മാന്‍ ബ്രോഹിന്റെ പുസ്തകം വായിക്കുകയായിരുന്നു. വെര്‍ജില്‍ മരണത്തിലേക്കു കടക്കുന്ന മനോഹരമായ ഭാഗം രണ്ടു വട്ടം അയാളെന്നെ വായിച്ച് കേൾപ്പിച്ചു. ഞാനുറങ്ങി. 

പിറ്റേന്ന് രാവിലെയും ജോബിഷേട്ടന്റെ കോൾ വന്നു. അത് ‘റില്‍കെയുടെ ദി നോട്ട് ബുക്ക് ഓഫ് മാല്‍റ്റേ ലൗറിറ്റ്സ് ബ്രിജിനെക്കുറിച്ച്’ പറയാനായിരുന്നു. മാല്‍റ്റേ ലൗറിറ്റ്സിനെ മരണം കൊണ്ടുപോകുമ്പഴേക്കും ഞാൻ മരിച്ച് കഴിഞ്ഞിരുന്നു. എന്റെ 21 ദിവസങ്ങളും മരിച്ച്‌ കഴിഞ്ഞിരുന്നു.

ലോക് ഡൗൺ നീട്ടിയ ദിവസം രാത്രി പിന്നെയും ജോബിഷേട്ടന്റെ കോൾ വന്നു, ഞാനെടുത്തില്ല. എനിക്ക് മരണത്തെ മതിയായിക്കഴിഞ്ഞിരുന്നു. ഞാനെടുത്തില്ല, അടുത്ത 14 ദിവസത്തെ ലോക്ഡൗണിനെ എങ്ങനെ ഹോം ക്വാറന്റീനാക്കാമെന്ന് അയാൾക്കറിയാം. എനിക്ക് പ്രവാചകന്മാരെ ഇഷ്ടമല്ലാതായിത്തുടങ്ങിയിരുന്നു. ജീവിതത്തെ വഴിതിരിച്ചുവിടാനുള്ള അപാരമായ ശേഷി  അവർക്കുണ്ട്. നിങ്ങൾ മരിക്കുമെന്ന് അവർ പറയുന്ന നിമിഷം മുതൽ, മരണം ചുറ്റും കിടന്ന് കളിക്കാൻ തുടങ്ങും. പ്രവചനങ്ങൾ അങ്ങനെയാണ്, അവ നമ്മെ മറ്റൊരാളാക്കുകയാണ് ചെയ്യുന്നത്. 

Lijeesh Kumar
ലിജീഷ് കുമാർ

പിറ്റേന്ന് രാവിലെ വാട്സപ്പിൽ ഷിജു.ആറിന്റെ മെസേജുണ്ടായിരുന്നു : ‘‘ജോബിഷ് വിളിച്ചിട്ട് നീ എടുത്തില്ലല്ലേ. അവന് ഉണക്കമീൻ കിട്ടി. നല്ല മുള്ളനാണത്രെ, കുത്തുന്ന മണമൊന്നുമില്ല. അവിടെ ചക്കക്കുരുവുണ്ടോ ? എനിക്ക് കുറച്ച് മുരിങ്ങയില കിട്ടുമോ ?’’

എനിക്ക് അത്ഭുതവും ചിരിയും വന്നു. ടോള്‍സ്റ്റോയി, ഹൊഫ്മാന്‍ സ്റ്റാലിൻ, മോറീസ് മതേര്‍ലിങ്ക്, ഹെര്‍മാന്‍ ബ്രോഹ് എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്ന മനുഷ്യരിതാ ഉണക്കു മുള്ളനെക്കുറിച്ചും ചക്കക്കുരുവിനെക്കുറിച്ചും പറയുന്നു. 21 ദിവസങ്ങൾ കൊണ്ട് ലോകം മാറിയത് ഞാൻ കണ്ടു. കൊറോണ ഭീകരനാണ്. അവൻ കൊല്ലുക മാത്രമല്ല ചെയ്യുന്നത്, ജീവിക്കാൻ പഠിപ്പിക്കുക കൂടിയാണ്.  

English Summary : Writer Lijeesh Kumar Talks About His Lockdown Period Experience

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;