ADVERTISEMENT

റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ആ യാത്രക്കാരൻ പത്രം വിൽക്കുന്ന കുട്ടിയെ കണ്ടത്. പത്രം വാങ്ങാൻ തീരുമാനിച്ചെങ്കിലും ചില്ലറയില്ലാത്തതു കൊണ്ടു വേണ്ടെന്നുവച്ചു. എങ്കിലും കുട്ടി അയാൾക്കു പത്രം കൊടുത്തു. ചില്ലറയില്ലെന്നു പറഞ്ഞെങ്കിലും അതു കാര്യമാക്കാതെ അവൻ നടന്നുനീങ്ങി. 

 

 

വർഷങ്ങൾക്കു ശേഷം യാത്രക്കാരൻ കോടീശ്വരനായി. പണ്ടു സൗജന്യമായി പത്രം നൽകിയ കുട്ടിയെ കാണാൻ അയാൾക്ക് ആഗ്രഹം തോന്നി. അന്വേഷണത്തിനൊടുവിൽ കുട്ടിയെ കണ്ടെത്തി. അയാൾ അവനോടു പറഞ്ഞു: അന്ന് സൗജന്യമായി പത്രം നൽകിയതിനു പകരം നീ എന്തു വേണമെങ്കിലും ചോദിച്ചോളൂ. അവൻ പറഞ്ഞു: അതിനു പകരം തരാൻ താങ്കൾക്കാവില്ല. ദരിദ്രനായിരിക്കെ ഞാൻ തന്നതും കോടീശ്വരനായപ്പോൾ താങ്കൾ തരുന്നതും പകരത്തിനു പകരമാവില്ല സാർ. 

 

 

സഹായം ചെയ്യുന്നത് സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തിലല്ല, മനഃസ്ഥിതിയുടെ അടിസ്ഥാന ത്തിലാണ്. ഒരു നിശ്ചിത നിലവാരത്തിൽ എത്തിയ ശേഷം ആരെയെങ്കിലും സഹായിക്കാമെന്നു കരുതുന്ന ആരും ആർക്കും ഉപകരിക്കില്ല. കാരണം, സഹായം നൽകാൻ പറ്റിയ ധനശേഷിയിൽ തങ്ങൾ എത്തിയെന്ന് ആരും ഒരിക്കലും വിശ്വസിക്കില്ല. സ്വന്തം അവസ്ഥയ്ക്കുമപ്പുറം, സഹായം അർഹിക്കുന്നവന്റെ അവസ്ഥ തിരിച്ചറിയാൻ കഴിയുന്നവരാണ് യഥാർഥ സഹായികൾ.

 

 

ഒരു സഹായവും പകരം വീട്ടാവുന്നതല്ല. നിസ്സഹായാവസ്ഥയിലാണ് ഓരോ സഹായവും സ്വീകരിക്കപ്പെടു ന്നത്. മറ്റു മാർഗങ്ങളൊന്നുമില്ലാതെ ഉഴലുമ്പോൾ സഹായിച്ചവർക്ക് എന്തു പകരം കൊടുത്താലാണ് ആ കടം വീടുക? എല്ലാം തികഞ്ഞവർക്ക് പരസഹായം പലപ്പോഴും വിനോദമാണ്; പേരും പ്രശസ്തിയും സമ്പാദിക്കാൻ. കീർത്തി നേടാൻ വേണ്ടി മാത്രം ചെയ്തുതീർക്കുന്ന കാരുണ്യപ്രവൃത്തികൾ കൊണ്ടാണ് പലരുടെയും ആത്മാഭിമാനവും അന്തസ്സും നഷ്ടമായിട്ടുള്ളത്.

 

 

ഉള്ളതുകൊണ്ട് കഴിഞ്ഞിരുന്നവരുടെയിടയിൽ കാരുണ്യത്തിന്റെ കൈവിളക്കിനൊപ്പം പ്രശസ്തിയുടെ ക്യാമറക്കണ്ണുകളുമായി ചിലരെത്തും. അന്നുമുതൽ അവരുടെ വേദനയും നിസ്സഹായതയും ഒരു വിപണി യാകും. ആരുമറിയാതെ സഹായഹസ്തം നീട്ടുന്നവരാണ് മഹാനുഭാവർ. ഉള്ളതിന്റെ പകുതി വീതിച്ചു നൽകുന്നവരാണ് സത്യസന്ധരായ മനുഷ്യസ്നേഹികൾ.

 

English Summary : Subhadinam, Food For Thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com