ADVERTISEMENT

സമ്മാനങ്ങളുമായി എത്തുന്നവരോട് കളിപ്പാട്ടങ്ങൾക്കു പകരം പുസ്തകങ്ങൾ ചോദിക്കുമായിരുന്ന കുട്ടി. ബുക് ഷെൽഫിലെ എണ്ണമില്ലാത്ത പുസ്തകങ്ങൾ കുറഞ്ഞകാലം കൊണ്ടു വായിച്ചു തീർത്ത കൗമാരക്കാരന്‍. കോളേജ് പഠന കാലത്ത്  പട്ടിണി കിടന്നു പുസ്തകങ്ങൾക്കുള്ള പണം സ്വരുക്കൂട്ടിയ വിദ്യാര്‍ഥി. ഭോപ്പാലു കാരനായ ചന്ദ്രമോഹൻ ജെയ്‌നിനെക്കുറിച്ചാണു പറയുന്നത്. അക്ഷരങ്ങളെ പ്രാണനേക്കാൾ സ്നേഹിച്ച പുസ്തകപ്രേമിയായ ആചാര്യ രജനീഷിനെപ്പറ്റി. ലോകമറിയുന്ന ഓഷോയെക്കുറിച്ച്. 

 

 

15 വയസ്സ് ആയപ്പോഴേക്കും ഖലീല്‍ ജിബ്രാനെയും ടോൾസ്റ്റോയിയെയും ഓഷോ വായിച്ചിരുന്നു. ദസ്തെയോവ്സ്കിയുടയെയും ഗോർക്കിയുടെയും പുസ്തകങ്ങള്‍ പരിചിതമായിരുന്നു. പിന്നീടുള്ള രണ്ടു വര്‍ഷങ്ങളില്‍ വായന തത്ത്വചിന്തയിലേക്കു കടന്നു. സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍, ബര്‍ട്രന്റ് റസ്സല്‍. 

 

കോളേജ് വിദ്യാര്‍ഥിയായിരിക്കെ, ലൈബ്രറിയിലെ റജിസ്റ്ററിൽ ഒട്ടേറെ പുസ്തകങ്ങൾക്ക് നേരെ ഒപ്പ് വീണത് ഓഷോയുടെ പേരിൽ മാത്രമായിരുന്നുവെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഗദർവാര പബ്ലിക് ലൈബ്രറിയിലെ മൂവായിരം പുസ്തകങ്ങള്‍ അക്കാലത്തു വായിച്ചു തീർത്ത അപൂര്‍വം പേരില്‍ ഒരാളും ഓഷോ ആയിരുന്നത്രേ. 

 

 

പെൻസില്‍ കൊണ്ടുപോലും പുസ്തകങ്ങളില്‍  വരയ്ക്കുന്നത് യുവാവായിരുന്ന ഓഷോയ്ക്ക് സഹിക്കു മായിരുന്നില്ല. വായിച്ചുനിര്‍ത്തിയിടത്ത് പേജ് മടക്കി സൂക്ഷിക്കുന്നവരോടും ദേഷ്യമായിരുന്നു അദ്ദേഹത്തിന്. തന്റെ പുസ്തകങ്ങളിലൊന്ന് അനുവാദമില്ലാതെ കൊണ്ടുപോയ അമ്മാവനോട്‌ ഓഷോ നീരസം വച്ചുപുല ര്‍ത്തിയിരുന്നു വര്‍ഷങ്ങളോളം. 

 

 

വീട്ടിൽ കൊച്ചുമകനൊരു ചെറിയ ലൈബ്രറിയുണ്ടെന്ന് ഓഷോയുടെ മുത്തച്ഛൻ പറഞ്ഞിട്ടുണ്ട്. വലിയൊരു ലൈബ്രറിയ്ക്കുള്ളിലെ ചെറിയൊരു മുറിയിലാണ് അവൻ താമസിക്കുന്നതെന്ന് പിന്നീടദ്ദേഹത്തിന് മാറ്റിപ്പറയേണ്ടി വന്നതു ചരിത്രം !

 

 

പൂണെയിലെ ഓഷോയുടെ വീട് ഇന്ന് ലൈബ്രറിയാണ്. പേര്  ‘Lao Tzu’.   ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുളള ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറികളിലൊന്ന്. പുസ്തകങ്ങളുടെ ഒരു വലിയ വീടെന്നും പറയാം. രണ്ടു നില കെട്ടിടത്തിൽ കിടപ്പുമുറിയും ഡ്രസിങ് റൂമും ഒഴിച്ചാൽ ബാക്കിയെല്ലായിടത്തും പുസ്തകങ്ങൾ !

 

 

ലൈബ്രറിയുടെ രൂപകല്പനയ്ക്കുമുണ്ട് സവിശേഷത. ഷെൽഫുകളിൽ ഒരേ നിറത്തിലും വലിപ്പത്തിലുമുള്ള പുസ്തകങ്ങള്‍ അദ്ദേഹം ഒരുമിച്ചു  സൂക്ഷിച്ചിട്ടില്ല. കാഴ്ചയിൽ പൊങ്ങിയും താഴ്ന്നുമൊഴുകുന്ന തിരമാലകളുടെ പ്രഭാവം പുസ്തകക്കൂട്ടത്തിനുമുണ്ടാകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. 

 

ഒരു ലക്ഷത്തിഅറുപത്തയ്യായിരം പുസ്തകങ്ങള്‍ ഓഷോ വായിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. വായന കഴിഞ്ഞ പുസ്തകങ്ങളില്‍ കയ്യൊപ്പ് പതിപ്പിക്കാന്‍ മറന്നിരുന്നില്ല. എന്നാല്‍, ഒരിക്കല്‍ വായന അദ്ദേഹം ഉപേക്ഷിച്ചു. കണ്ണട വയ്ക്കാതെ വായന തുടരാനാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴായിരുന്നു ആ കടുത്ത തീരുമാനം. പുസ്തകത്തിനും തനിക്കുമിടയില്‍ കണ്ണട പോലും അദ്ദേഹം സഹിച്ചില്ല. ‘നോട്ട്സ് ഓഫ് എ മാഡ്മാൻ’ ൽ അദ്ദേഹം പറയുന്നു:

 

‘To hell with all books, because I hate spectacles.’ I hate all kinds of specs because they obstruct, they come in between. I want things face to face, directly, immediate. 

 

പുസ്തകങ്ങളും ഓഷോയും തമ്മിലുണ്ടായിരുന്നത് വെറുമൊരു ബന്ധമായിരുന്നില്ല. അതു ദിവ്യമായ പ്രണയ ബന്ധമായിരുന്നു. മനസ്സു കീഴടക്കിയ, അത്യപൂര്‍വമായ ആത്മബന്ധം. ഏതു മികച്ച പ്രണയവും ഒരിക്കല്‍ അവസാനിക്കുമെന്നു പറഞ്ഞത് ആരാണ് ? ഓഷോയല്ല; അതു തീര്‍ച്ച ! 

 

English Summary : Oshos early love of books

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com