ADVERTISEMENT

പണ്ടൊരു  രാജാവ് ശുദ്ധസ്‌ഫടികം കൊണ്ട്  നിർമിച്ച കൊട്ടാരത്തിന്റെ കഥ കേട്ടിട്ടില്ലേ? ജനലും വാതിലുമെന്നു വേണ്ട എല്ലാം ശുദ്ധസ്‌ഫടികത്തിലായിരുന്നു. അതുകൊണ്ടുതന്നെ ആരും കൊട്ടാരം കണ്ടില്ല. അങ്ങനെയൊരു കൊട്ടാരം ഉള്ളതായി  ആരും അറിഞ്ഞതേയില്ല. പറന്നുപോയ ഒരു കാക്ക  അതിൽ കാഷ്‌ഠിച്ചു. 

 

 

സ്‌ഫടികവിശുദ്ധിയിൽപ്പോലും കരിനിഴൽ വീഴ്‌ത്താൻ ഒരു കാക്ക വിചാരിച്ചാൽ മതിയെങ്കിൽ ഏതു നിഷ്‌കളങ്ക ജീവിതത്തിലും കറപുരട്ടാൻ വിപണിക്കു കഴിയുമെന്ന് ഒരു കണ്ണാടിയുടെ സഹായത്തോടെ കാണിച്ചു തരികയാണ് ശിഹാബുദീൻ പൊയ്‌ത്തുംകടവ് ആൾക്കണ്ണാടി എന്ന കഥയിൽ. നിങ്ങൾ എത്ര പരിശുദ്ധമാക്കി കൊണ്ടുനടക്കുന്ന സ്വത്വത്തിലും വിപണി കാഷ്‌ഠിച്ചെന്നിരിക്കാം. അപ്പോൾ നിങ്ങൾക്കു നിങ്ങളെത്തന്നെ തിരിച്ചറിയാൻ കഴിയാതാവും. 

 

 

ശിഹാബുദീന്റെ കഥയിൽ കണ്ണാടിക്കടയിൽ കയറി ഒരാൾ കണ്ണാടി ചോദിക്കുന്നു. കച്ചവടക്കാർ ഏതു സൈസിലുള്ളതു വേണമെന്നു ചോദിക്കുമ്പോൾ അയാൾ പറയുന്നത്: സൈസ് എനിക്ക് പ്രശ്‌നമല്ല, പക്ഷേ മുഖം കാണണം. എന്നെ ഒരു കണ്ണാടിയിലും കാണുന്നില്ല സുഹൃത്തേ, അന്വേഷണവുമായി ഇത് പതിനാലാമത്തെ കടയാണ് എന്നാണ്. ഏതു കണ്ണാടിയിൽ നോക്കിയാലും ശൂന്യത മാത്രം. അനന്തരം അയാൾ ഒരു കണ്ണാടിയായി രൂപം മാറുന്നു. കടക്കാരൻ ആഹ്ലാദത്തോടെ അയാളെക്കൂടി വ്യാപാരപ്പലകയിൽ കയറ്റി വച്ചു. കണ്ണാടിയായി മാറിയ ആളും വിചാരിച്ചു, ഒരു കണക്കിന് ഇതുതന്നെ സുഖം. വിപണി  നമ്മുടെ സ്വത്വത്തെ മാറ്റിയെടുക്കുന്നതാണ് കഥയിൽ. 

 

 

മൈക്കിൾ ജാക്‌സന്റെ സംഗീതപരിപാടികൾ തുടങ്ങുന്നത് കണ്ണാടിമാളികകൾ വീണുടയുന്ന ശബ്‌ദത്തോ ടെയായിരുന്നു. നമ്മുടെ ഒരു ദിവസം തുടങ്ങുന്നതാവട്ടെ കണ്ണാടികൾ എങ്ങും ഉയർത്തുന്ന തോടെയും. എല്ലാ മുറികളിലും സ്‌നേഹം ഇല്ലെങ്കിലും സാരമില്ല കണ്ണാടികൾ  നാം ഉറപ്പാക്കും. നിങ്ങളെ ഭർത്താവ് മനസ്സിലാ ക്കാത്തപ്പോൾ കണ്ണാടിക്കു മനസ്സിലാക്കാൻ കഴിയുമെന്നു കരുതുന്നു. ആത്മവിശ്വാസം കൂട്ടാൻ കണ്ണാടിയെ ആശ്രയിക്കുന്നു. 

 

 

കണ്ണാടി നന്നായാൽ ചങ്ങാതിയെന്നല്ല ആരും വേണ്ട എന്നത് പുതുമൊഴി. ഓരോ മുറിയിലും കണ്ണാടിയുണ്ട് എന്നതു പോലെ ഓരോ കഥയിലും കണ്ണാടി തൂക്കിയിട്ടുണ്ട് ശിഹാബുദീൻ. അദ്ദേഹത്തിന്റെ അറവുമൃഗം, ഏട്ടത്തി തുടങ്ങിയ കഥകൾ സമകാലികജീവിതത്തിന്റെ കണ്ണാടിക്കാഴ്‌ചകളാണ്.

 

 

മറ്റൊരു കഥയിൽ അകത്തുനിന്ന് ആരുടെയോ അടക്കിപ്പിടിച്ച നിലവിളി പോലെ ഇറച്ചി വറുക്കുന്ന ശബ്‌ദം കേട്ടു എന്നെഴുതുമ്പോൾ അത് കെട്ട ലോകത്തിന്റെ രുചിക്കണ്ണാടിയാവുന്നു. ഏട്ടത്തിയിലും അറവുമൃഗ ത്തിലും തെളിയുന്നത് നമ്മുടെ കാലത്തിന്റെ ചതിക്കണ്ണാടിയാണ്. ജീവിക്കാൻ വേണ്ടി കിടക്ക പങ്കിടുന്ന സ്‌ത്രീയോടൊപ്പം ഒരാൾ ശയിക്കുമ്പോൾ കേട്ട കട്ടിൽ കുലുങ്ങുന്ന ശബ്‌ദം ഇറച്ചി വെട്ടുമ്പോൾ എല്ലു തെറിക്കുന്ന ശബ്‌ദം പോലെ തോന്നി എന്ന് ശിഹാബുദീൻ എഴുതുന്നു. അത് നമ്മുടെ ആസക്‌തിയുടെ കണ്ണാടിയാണ്. വിപണിയിൽ ശരീരം ഒരു പരസ്യക്കണ്ണാടിയായി മാറുന്നു. സ്‌നേഹക്കണ്ണാടി കാണിച്ചാണ് ഒരുവളെ സെക്‌സ്‌റാക്കറ്റിന്റെ വലയിലാക്കുന്നത്.

 

 

സ്‌കർട്ട് മിനി ആണെങ്കിലും കണ്ണാടി മുഴു വേണം. കണ്ണാടിയുടെ ഒരു വശത്താണ് രസമെങ്കിൽ  മനുഷ്യന്റെ അകംപുറം നിർവികാരതയുടെ വിരസം. അതുകൊണ്ടാണ്  ശിഹാബുദീന്റെ പരിണാമദിശയിലെ ഒരേട് എന്ന കഥയിൽ വികാരങ്ങൾ നഷ്‌ടമായ ഒരാൾ സർക്കസ് കൂടാരത്തിൽ ജോലി തേടി എത്തിയിട്ട് എന്നെ കൂട്ടിലിട്ട  മൃഗമാക്കാമോ എന്നു ചോദിക്കുന്നത്. കണ്ണാടിക്കൂട്ടിൽ കണ്ണാടിയാവാനും സർക്കസ് സംഘത്തിലെ മൃഗമാവാനും തയാറുള്ള കഥാപാത്രങ്ങൾ. ഒരു നല്ല മനുഷ്യനാവുന്നതിനെക്കാൾ എളുപ്പത്തിൽ മൃഗമാവാം. മെരുക്കപ്പെട്ട മൃഗമല്ല വന്യമൃഗമാവണമെന്നു പറഞ്ഞാലും വളരെ എളുപ്പം. അതാവുമ്പോൾ കടിച്ചുകീറാനും ചോരകുടിക്കാനും പരിശീലനം വേണ്ട.

 

 

ഗാന്ധിജിയായി വേഷം കെട്ടാൻ എളുപ്പമാണ്, കെട്ടിയ വേഷങ്ങൾ അഴിച്ചുവച്ചാൽ മതി. ഗാന്ധിജിയാവാനാണ് പാട് എന്നു  കവി എഴുതിയതുപോലെയാണത്. കണ്ണാടി പൊട്ടിയാലാണ് തറച്ചുകയറുന്നത്. പക്ഷേ വിപണി ഉയർത്തുന്ന വെല്ലുവിളി ഈ കഥയിലൂടെ നമ്മുടെ ഹൃദയഭിത്തിയിൽ തറച്ചുകയറുന്നു. ചില്ലക്ഷരങ്ങളല്ല. വാക്കുകൾ തന്നെ കണ്ണാടിച്ചില്ലുകളാവുന്നു. ചില്ലുവാക്കുകൾ. ഇനി ഊരിയെടുക്കാനാണ് പാട്. 

 

English Summary : Kadhanurukku, Column Short Stories By Shihabuddin Poythumkadavu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com