ADVERTISEMENT

ഉണ്ണീ, ഇരുട്ടെല്ലാം എറിഞ്ഞുപൊട്ടിക്ക്!

- സി. അയ്യപ്പൻ / ആന

 

ആന്ദ്രി സെയ്ജിന്റ്സെവിന്റെ സിനിമയായ ‘ലവ്‌ലെസി’ൽ, കാണാതായ കുട്ടിയെ അന്വേഷിച്ച് തിരച്ചിൽ സംഘം ഒരു വനാതിർത്തിയിലെത്തുന്നു. നാലു ദിക്കിലേക്കു തിരിയുന്ന ഓരോ ചെറുസംഘത്തിലെയും ഒരാൾ  ‘അ ല ക് സീ..’ എന്ന് ഉച്ചത്തിൽ വിളിക്കുന്നു. മൂന്നു വട്ടം വീതം. വായ്ക്കുചുറ്റും കൈത്തലം അടച്ചുവച്ച് ഏറ്റവുമകലേക്ക് ഒച്ചയെ എയ്തുവിട്ട്. ഓരോ നിലവിളിയും മറുപടിയില്ലാത്ത അലകളായി അവസാനിക്കുന്നു.

 

T. S. Eliot
ടി.എസ്. എലിയറ്റ്

 

കാറ്റിൽ ഇലയെന്ന പോലെ ഉളളം വിറകൊള്ളുന്ന ആ രംഗം ആ സിനിമയ്ക്കുശേഷം പല ദിവസങ്ങളിലും ഉറക്കം ഞെട്ടിക്കിടക്കുമ്പോൾ ഉള്ളിൽ ഉയർന്നുവന്നു. അതിന്റെ അലകളിൽ ഭയന്നു ഞാൻ മകനെയും മകളെയും ഓർത്തു. മക്കളിൽനിന്ന് അകലെ കഴിയുന്ന മാതാപിതാക്കൾ ഇത്തരം അയുക്തമായ ഞെട്ടലുകൾ അനുഭവിക്കാറുണ്ടാകുമോ? ആ സിനിമ കണ്ടു തൊട്ടടുത്ത ദിവസം ടി.എസ്. എലിയറ്റിന്റെ പുസ്തകം പകുത്തുനോക്കിയപ്പോൾ,  there is no end of it, the voiceless wailing, no end to the withering of withered flowers എന്ന വരികൾ കണ്ടു. ശബ്ദമില്ലാത്ത വിലാപങ്ങൾക്ക് അവസാനമില്ല. സ്നേഹമായാലും സൗഹൃദമായാലും അതിന്റെ വിരാമനിമിഷം നമ്മെ ദുർബലരാക്കുന്നു. 

 

 

ജീവിതത്തിൽ അപ്രധാനമായതാകാം, എങ്കിലും ഓരോ വിരാമവും ഓരോ ചെറുമരണമാണെന്ന് സാമുവൽ ജോൺസൻ. ഒരു യാത്ര കഴിയുമ്പോൾ, വീടു മാറുമ്പോൾ, ഘോഷം അടങ്ങുമ്പോൾ, ബന്ധം പിരിയുമ്പോൾ- അപ്പോഴെല്ലാം നാം അൽപമെങ്കിലും വിഷാദം കൊള്ളുന്നു. ‘ഇത് ഇവിടെ അവസാനിക്കുന്നു’ എന്ന് വികാരരഹിതമായി പറയുക എളുപ്പമല്ല. ഒരിഷ്ടവും ഇല്ലാതെ പതിവായി പോയിരുന്ന സ്ഥലമായാലും അതുവിട്ടു പോരാൻ നേരമുള്ള അവസാനത്തെ നോട്ടം ഹൃദയഭാരം ഉണ്ടാക്കുമെന്നാണു സാമുവൽ ജോൺസന്റെ നിരീക്ഷണം. രണ്ടാം ലോകയുദ്ധത്തിനുശേഷം, നാത്‌സി ക്യാംപുകൾക്കുശേഷം, സ്വന്തം ഭാഷയുടെ തന്നെ അന്ത്യത്തെ എഴുതാൻ ശ്രമിച്ച കവി പോൾ സെലാന്റെ കാര്യമോ? സെലാനിലെ ദുഃഖം,  നാം ശീലിച്ച ദുഃഖം അല്ലാത്തതിനാൽ, അത് ഭാഷയുടെ അന്ത്യത്തിനുശേഷം ഉണ്ടാകുന്ന മറ്റൊരു ഭാഷയാകുന്നു.

 

he who never weeps,

may grind aright

all around you the

Paul Celan
പോൾ സെലാൻ

angular,

ununderstood, seeing

tear.

 

 

ഒരു സമൂഹം അതിനെത്തന്നെ കൊന്നുതിന്നുന്നത് അതിനുള്ളിലെ വിവേചനങ്ങൾ പെരുകുമ്പോഴാണ്. എതിർസ്വരങ്ങളെ തീവയ്ക്കൂ എന്നു ജനക്കൂട്ടം ആർത്തിരമ്പുന്ന കഷ്ടകാലങ്ങളിലാണു നീതിരാഹിത്യം ഏറ്റവും കഠിനമാകുക. അപ്പോൾ ഉള്ളിൽ ജീർണിക്കാനുള്ള മനുഷ്യരുടെ വാസനയുടെ ശ്വാസകോശങ്ങളിൽ പ്രാണസഞ്ചാരം തടയുന്ന പൊറ്റകൾ രൂപമെടുക്കുന്നു. മഹാമാരികൾ കടന്നുപോകുമ്പോൾ അനീതിയുടെ സിംഹാസനമാവും കൂടുതൽ ഭദ്രമാകുക.

 

Vaikom Muhammad Basheer
വൈക്കം മുഹമ്മദ് ബഷീർ

 

ആഗ്രഹിച്ചു ലഭിക്കാതെ പോയതോ നഷ്ടപ്പെട്ടതോ ആയ സൗഹൃദങ്ങളെയും സ്നേഹങ്ങളെയും കുറിച്ചുള്ള വിചാരങ്ങൾ, ഇനി തനിക്ക് സ്നേഹങ്ങളിൽ ജീവിക്കാനുള്ള സമയം കുറവാണെന്ന ആധി കൂടി ഉയർത്തുന്നു. ഒരാളുടെ ഭൂതകാലം അയാൾ ജീവിച്ച സമുദായത്തിന്റെ ഭൂതകാലം കൂടിയാകുന്നു. അയാൾ സ്വന്തം വേദനകൾ പറയുമ്പോൾ, ഊമകളാക്കപ്പെട്ട പരശതം വേദനകളാണ് നാം കേൾക്കുന്നത്. സി. അയ്യപ്പൻ എഴുതുന്നു- ‘എന്റെ ഓർമകൾ എന്റെ പേക്കിനാവുകളാണ്. തീക്കണ്ണുകളും തേങ്ങാപ്പൂളു പോലുള്ള കോന്ത്രമ്പല്ലുകളും നെഞ്ചോളം നീണ്ട നാവും അതുകൾക്കുണ്ട്. ഇരുട്ടിന്റെ വനത്തിലെ നിനച്ചിരിക്കാത്ത നേരത്തു തോളിലേക്കു വീണു നിലംപൊത്തിക്കുന്ന മലമ്പാമ്പുകളാണ് ഓർമകൾ- അമ്പരപ്പിക്കുന്നു. അറപ്പിക്കുന്നു, അമ്പേ കീഴടക്കുന്നു.’

 

Raymond Carver
റെയ്മണ്ട് കാർവർ

 

നമ്മുടെ അനുഭൂതികളുടെയും വികാരവിക്ഷോഭങ്ങളുടെയും സ്വഭാവനിർണയം നടത്തുന്നതു ജാതിബന്ധങ്ങ ളാണെന്ന സത്യബോധമാണ് അയ്യപ്പന്റെ കഥാപാത്രങ്ങളെ നയിച്ചത്. ജാതിവൈരുധ്യങ്ങൾക്കു മുൻപിൽ വർഗവൈരുധ്യങ്ങൾ സ്ഥൂലമായിത്തീരുന്നു. അതേസമയം, അവ വ്യവഹാരമണ്ഡലത്തിൽ സ്ഥാനം ലഭിക്കാത്ത പുലമ്പലുകളാണ്. അതിനാലാണ്, തന്റെ മനസ്സാണു തന്റെ എഴുത്ത്. അതു നിങ്ങൾക്കു മനസ്സിലാക്കാനാവില്ലെന്നും വാക്കുകളിലേക്കു വിവർത്തനം ചെയ്യപ്പെടുമ്പോൾ നഷ്ടമാവുന്നതു സത്യത്തിന്റെ ചോരയാണെന്നും അയ്യപ്പന്റെ കഥാപാത്രം പറയുന്നത്. ഇപ്രകാരം ചോര വാർന്നുപോയ ഒരു ഭാഷയാണു തിരസ്കൃതരായ എല്ലാ മനുഷ്യരുടെയും മുന്നിലുള്ളത്. 

 

 

Haruki Murakami
ഹറുകി മുറാകാമി

തന്നെ വെല്ലുവിളിക്കുന്ന ഈ നിസ്സഹായതയെ എറിഞ്ഞുടയ്ക്കാനുള്ള ശ്രമമായിരുന്നു കഥകളിൽ അയ്യപ്പൻ നടത്തിയത്. ‘എനിക്കെന്റെ അരുവി തിരിച്ചുതരിക, എനിക്കെന്നെ തിരിച്ചുതരിക, അതായത് എനിക്കു നിന്നെത്തന്നെ നീ തിരിച്ചുതരിക’ എന്ന് അയ്യപ്പന്റെ കഥാപാത്രം പറയുമ്പോൾ, നാത്‌സിക്യാംപുകളിൽ ബാക്കിയായ ചാരം മാത്രമാണു താൻ എന്ന് സെലാൻ അറിയുന്നു.  

 

 

O none, O none, O nobody, you:

Where to go, with nowhere to go?

O you dig and I dig, and I dig unto you,

and a-finger awakens us the ring

 

 

2018 ലെ പ്രളയകാലത്ത് ഞാൻ എന്റെ നാട്ടിലെ സ്ഥലങ്ങളിലൂടെ യാത്ര ചെയ്തിരുന്നു. വർഷങ്ങൾക്കു മുൻപ് ഞാൻ വച്ച അടയാളങ്ങൾ ഇപ്പോഴും അവിടെയുണ്ടെന്ന് ഓർമകളിൽ പറയുന്ന സ്ഥലങ്ങൾ.  അവിടെ ഒലിച്ചുപോയ കുന്നുകളും പറമ്പുകളും വീടുകളും വഴികളും കണ്ടു. അപ്പോഴാണ് അവിടെ ഞാൻ ഓർമിച്ചവരിലേറെയും മരിച്ചുപോയിരിക്കുന്നു എന്നു ഞാൻ മനസ്സിലാക്കിയത്. നാം സ്നേഹിച്ചവർ, വെറും പേരുകളായി ഭൂതകാലത്തെ പല ഇടങ്ങളിലായി വീണുപോയിരിക്കുന്നു. 

 

 

കഴിഞ്ഞദിവസം വാട്സാപ്പിൽ എനിക്കൊരു പഴയ ഫൊട്ടോഗ്രാഫ് കിട്ടി. അത് ഞങ്ങളുടെ നാട്ടിലെ വിജയാ ടാക്കിസിന്റെ പടമായിരുന്നു. സിനിമയ്ക്കു തൊട്ടുമുൻപോ ഇടവേളയുടെ സമയത്തോ എടുത്ത ഒരു ചിത്രം. സ്ക്രീനിൽ ഈ തണലിൽ ഇത്തിരിനേരം എന്ന സിനിമയുടെ പോസ്റ്റർ സ്ലൈഡ്. ആ തിയറ്റർ ഇരുന്നിടത്ത് അതിന്റെ അടയാളങ്ങൾ പോലും ബാക്കിയില്ല. മാറിമറിയുന്ന ഭൂപ്രദേശം എല്ലാത്തരം അടയാളങ്ങളെയും എത്ര സമർഥമായി കുഴിച്ചുകൂടുന്നു.

 

 

‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്’ എന്ന ഫിക്‌ഷൻ അതിലെ മുഴുവൻ ദുഃഖവും ഊറ്റിക്കളഞ്ഞശേഷമാണ് എഴുതിയതെന്ന് ബഷീർ പറഞ്ഞിട്ടുണ്ട്. ഇരുണ്ട ദുഃഖങ്ങളെ വറ്റിച്ചുകളയുന്ന മഹാസിദ്ധനായ എഴുത്തുകാരൻ നമ്മുടെ ഭാഷയിൽ അസാധാരണമായ സാഹചര്യങ്ങളിലെ അസാധാരണമായ ബന്ധങ്ങളെപ്പറ്റി ഏറ്റവും മനോഹരമായെഴുതി. ‘ഒരു മനുഷ്യൻ’ എന്ന കഥയിൽ, ഒരു ചെറുപ്പക്കാരൻ, അതു ബഷീർ തന്നെയാകാം, തൊഴിൽരഹിതനായി ഏതോ വിദൂരപട്ടണത്തിൽ കഴിയുകയാണ്. കയ്യിൽ കുറച്ചു പണം മാത്രമാണ്. അതു തീർന്നുപോകാതിരിക്കാൻ ഭക്ഷണം ഒരുനേരം മാത്രം. വിശപ്പ് അറിയാതിരിക്കാൻ പകൽ മുഴുവനും കിടന്നുറങ്ങും. ഒരു ദിവസം വൈകിട്ടു ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു പഴ്സ് നോക്കുമ്പോൾ അതു കാണാനില്ല.

 

 

പോക്കറ്റടിച്ചുപോയിരിക്കുന്നുവെന്നു ഹോട്ടലുടമയോടു പറഞ്ഞപ്പോൾ അവർ ഉടുത്തിരുന്ന വസ്ത്രങ്ങളും ഷൂസുമെല്ലാം അഴിച്ചുവാങ്ങുന്നു. ആ യുവാവ് നാണം കെട്ട് ജനമധ്യേ നിൽക്കുമ്പോഴാണ് അജ്ഞാതനായ ഒരു അതികായകൻ വന്നു പണം കൊടുത്ത് യുവാവിനെ രക്ഷിക്കുന്നത്. യുവാവിനെയും കൂട്ടി അയാൾ പുറത്തേക്കു പോകുന്നു. തന്റെ രക്ഷിതാവായി വന്ന ആളോടു ബഷീർ പേർ ചോദിക്കുന്നു. തനിക്കു പേരില്ലെന്ന് അയാൾ പറയുന്നു. എന്നിട്ടു കുറേ പഴ്സുകൾ കാണിക്കുന്നു. ഇതിലേതാണ് അയാളുടേതെന്നു ചോദിക്കുന്നു. യുവാവ് തന്റെ പഴ്സ് ചൂണ്ടിക്കാട്ടുന്നു. അതിലെ മുഴുവൻ പണവും അടക്കം തിരികെ കൊടുക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പോക്കറ്റടിക്കാരൻ പറയുന്നു.

 

 

ഇരുൾ മെല്ലെ നീങ്ങുന്നതായി തോന്നുന്നു. ചില ബന്ധങ്ങൾ പരത്തുന്ന പ്രകാശം കൊണ്ടായിരിക്കാം. അമേരിക്കൻ കഥാകൃത്ത് റെയ്മണ്ട് കാർവറും ജാപ്പനീസ് നോവലിസ്റ്റ് ഹറുകി മുറാകാമിയും തമ്മിൽ  ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളു. മുറാകാമിക്ക് അപ്പോൾ 35 വയസ്സാണ്. ആദ്യ നോവലായ ‘എ വൈൽഡ് ഷീപ് ചെയ്സ്’ ഇറങ്ങിയിരുന്നു. എന്നാൽ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിവന്നിരുന്നില്ല. തന്റെ കഥകളുടെ ജാപ്പനീസ് പരിഭാഷകൻ എന്ന നിലയിൽ മാത്രമേ കാർവർക്കു മുറാകാമിയെ അറിയൂ. 

 

 

1984 ലെ വേനലിൽ കാർവറുടെ വീട്ടിൽ ഭാര്യക്കൊപ്പം മുറാകാമി എത്തി. തന്നെ കാണാൻ മാത്രമാണ് മുറാകാമി ജപ്പാനിൽനിന്ന് അമേരിക്കയിൽ എത്തിയതെന്നതു കാർവറെ അമ്പരിപ്പിച്ചു. ഇരുവരുടെയും കൂടിക്കാഴ്ചയെ പറ്റി കാർവറുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ടെസ് മനോഹരമായ ഒരു ചെറുലേഖനം എഴുതിയിട്ടുണ്ട്. അസാമാന്യമായ വണ്ണമായിരുന്നു കാർവർക്ക്. കസേരയിൽ ഉറച്ചുപോയതുപോലെയുള്ള ഇരുപ്പ്. 

 

 

1982 ൽ കാർവറുടെ ‘സോ മച്ച് വാട്ടർ സോ ക്ലോസ് ടു ഹോം’ എന്ന കഥ വായിച്ചതോടെ മുറാകാമിയുടെ ഉള്ളിൽ ഒരു ഭൂകമ്പമുണ്ടായി. അങ്ങനെ കാർവറുടെ കഥകളെല്ലാം ജാപ്പനീസിലേക്കു വിവർത്തനം ചെയ്യാൻ തുടങ്ങി. ‘എ ലിറ്ററി കോംഡ്രേഡ്’ എന്ന ലേഖനത്തിൽ മുറാകാമി പറഞ്ഞത്, താൻ കാർവറുടെ ഫിക്‌ഷന്റെ ദിശയിലല്ല തന്റെ നോവലുകൾ എഴുതിയത്.  പക്ഷേ, അദ്ദേഹത്തിന്റെ രചനകൾ വായിച്ചില്ലായിരുന്നുവെങ്കിൽ താനെഴുതുന്ന ഫിക്‌ഷന്റെ രൂപം മറ്റൊന്നായേനെ എന്നാണ്. മുറാകാമിക്കു സമർപ്പിച്ച് കാർവർ ഒരു കവിതയെഴുതുകയും ചെയ്തു.

 

 

മുറാകാമിയും ഭാര്യയും കാർവറുടെ വസതിയിൽ രണ്ടുമണിക്കൂറോളം ചെലവഴിച്ചു. ജപ്പാനിലേക്ക് ഉടൻ ചെല്ലാമെന്നു മുറാകാമിക്കു വാക്കു കൊടുത്തു. കാർവർ വന്നാൽ ഉറങ്ങാനായി ഒരു എക്സ്ട്രാ ലാർജ് ബെഡ് കൂടി മുറാകാമി വീട്ടിലേക്കു വാങ്ങിയത്രേ.

 

 

അമിത മദ്യപാനം തന്റെ ആയുസ്സിനെ വേഗം  അവസാനിപ്പിക്കുമെന്നാണു കാർവർ കരുതിയിരുന്നത്. മദ്യപാനം അവസാനിപ്പിച്ചിട്ടും തുടർന്ന സിഗരറ്റ് വലി ശ്വാസകോശ അർബുദമായി അദ്ദേഹത്തിന്റെ തലച്ചോറിലേക്കു പടർന്നു. അൻപതാം വയസ്സിൽ 1988 ൽ കാർവർ മരിച്ചു.

 

ഒരാൾ തന്റെ സ്മരണകളിൽ സൂക്ഷ്മമായ പരിശോധനകൾ നടത്തുമ്പോഴാണ് അയാൾക്കു താൻ ഉപേക്ഷിച്ചുപോന്ന ഇടങ്ങളിലെ ദൃശ്യങ്ങൾ ഓരോന്നായി കാണാൻ തുടങ്ങുന്നത്. പിന്നീടൊരിക്കൽ ഓർമയായി തിരിച്ചുവരുമെന്ന് അറിയാതെ കളഞ്ഞവയിൽനിന്ന് എന്തെല്ലാമാണു പുലരിവെട്ടം വീണതുമാതിരി തെളിഞ്ഞുവരുന്നത്. 

 

English Summary : Ezhuthumesha, Column, Revisiting The Places Of Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com