ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ അദ്ഭുതം ഏതാണ്? മഹാഭാരതം വനപർവത്തിൽ പാണ്ഡവരുടെ വനവാസ കാലത്തിന്റെ അവസാനം യമധർമൻ  യക്ഷന്റെ രൂപം ധരിച്ച് പാണ്ഡവരെ പരീക്ഷിക്കാൻ വരുമ്പോഴാണ് ഈ ചോദ്യം ഉയർന്നത്. ധർമപുത്രരോട് യക്ഷൻ മർമസ്‌പർശിയായ ചോദ്യങ്ങൾ പലതു ചോദിച്ചതിൽ അവസാന ത്തേതും പരമപ്രധാനവുമാണ് ഇത്. ഒരു നിമിഷം പോലും ആലോചിക്കാതെ ധർമപുത്രർ പറഞ്ഞത്,  ഈ ലോകത്തിലെ ആയിരമായിരം ജീവികൾ ദിവസേന മരണത്തിന്റെ കയ്യിലകപ്പെടുന്ന കാഴ്‌ച എത്ര കണ്ടിട്ടും തന്നെ ഇതൊന്നും ബാധിക്കുന്നതല്ല എന്ന മട്ടിൽ  മറ്റുള്ളവർ അഹങ്കരിക്കുന്നതാണ്  ആ  അദ്ഭുതം എന്നത്രേ. 

 

മറ്റുള്ളവരുടെ മരണം കണ്ടിട്ടും തന്നെ ഇതൊന്നും ബാധിക്കുന്നില്ല എന്നു  മനുഷ്യൻ ചിന്തിക്കുന്നതിനെക്കുറി ച്ച് ഓർത്തത്  മരിക്കാൻ തീരുമാനിച്ചിട്ടും  ആർഭാടം കൊതിക്കുന്ന കുടുംബത്തെക്കുറിച്ച്  യു.കെ. കുമാരൻ എഴുതിയ‘ റെയിൽപ്പാളത്തിലിരുന്ന് ഒരു കുടുംബം ധ്യാനിക്കുന്നു’ എന്ന കഥയിലൂടെ പോയപ്പോഴാണ്. ഏറെ നേരമായി റെയിൽവെട്രാക്കിന് അരികിൽ തന്നെയിരിക്കുന്ന കുടുംബം.  പക്ഷേ  ട്രെയിൻ  വന്നിട്ടും അവർ പാളത്തിലേക്ക് എടുത്തുചാടുന്നില്ല. പിന്നീടാണ് നാം അറിയുന്നത് അവർ രാജധാനി എക്‌സ്‌പ്രസ് വരാൻ കാത്തിരിക്കുകയായിരുന്നു എന്ന്. 

 

കുമാരന്റെ  മുഖം കണ്ടാൽ പഴയ മോഡൽ ഷർട്ടുകളുടെ കോളറിന്റെ ഒരു വശം പോലെ തോന്നും. മുഖത്തിന് അതേ ആകൃതി. നിവർത്തിയിട്ടിരിക്കുന്ന ഷർട്ട് നാം  അത് വാങ്ങിയ അതേ രൂപത്തിൽ മടക്കിവയ്‌ക്കുന്നു എന്നിരിക്കട്ടെ. ഷർട്ടിന്റെ പോക്കറ്റും കൈകളും നമുക്ക് കാണാനാവില്ല. താഴെയുള്ള വെട്ട് എങ്ങനെയാ ണെന്നും അറിയാനാവില്ല. പിൻവശവും അങ്ങനെതന്നെ. പക്ഷേ അപ്പോഴും കോളർ നമുക്കു കാണത്തക്ക വിധം നേരെ വരും. കുമാരന്റെ കാര്യവും ഇതേ പോലെയാണ്. സമകാലിക കഥാലോകത്തു നിന്ന് ആരെങ്കി ലും കുമാരനെ മാറ്റി നിർത്താൻ ശ്രമിച്ചാലും ഷർട്ടിന്റെ കോളർ പോലെ  ആ മുഖം നമ്മുടെ മനസ്സിലെത്തും. റെയിൽപ്പാളത്തിലിരുന്ന് ഒരു കുടുംബം ധ്യാനിക്കുന്നു എന്ന ഒറ്റക്കഥ മതി കുമാരൻ കഥാലോകത്ത് ഓർമിക്കപ്പെടാൻ. 

 

കുമാരന്  ഇങ്ങനെ എഴുതാൻ കഴിയുന്നതിന്റെ രഹസ്യമെന്ത് എന്ന് ആലോചിച്ചാൽ നാം ചെന്നെത്തുക അദ്ദേഹത്തിന്റെ ‘ഒറ്റയ്‌ക്ക് ഒരു സ്‌ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്’ എന്ന കഥയിലാവും. ഒറ്റയ്‌ക്ക് ഒരു സ്‌ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത് എന്ന് എഴുതിയ കുമാരൻ  കോഴിക്കോട് പയ്യോളി സ്വദേശിയായതു കൊണ്ട് വേണമെങ്കിൽ ചിന്തിക്കാം, അത് പയ്യോളി എക്‌സ്‌പ്രസ് ആയ പി.ടി.ഉഷയെക്കുറിച്ചാവാം എന്ന്. പക്ഷേ ഉഷയെക്കുറിച്ചല്ല ഉഷയെയും പിന്നിലാക്കി ഓടുന്ന സ്‌ത്രീകളെക്കുറിച്ചാണ് ആ കഥ. ഉഷയ്‌ക്ക് നിശ്‌ചിത സമയത്ത് ഓടിയാൽ മതി. ഓടിത്തീർന്നാൽ വിശ്രമിക്കാം. വിശ്രമിക്കാൻ നേരം കിട്ടാതെ വീട്ടിലെ ഓരോ അംഗത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റാൻ ജീവിതകാലം മുഴുവൻ സ്‌ത്രീ നടത്തുന്ന ഓട്ടപ്പാച്ചിലുകളാണ് ഈ കഥയിലുള്ളത്. വെറുതെയല്ല കവി എഴുതിയത് , സ്‌ത്രീയുടെ ജോലി എന്ന കോളത്തിൽ നമ്മളിപ്പോഴും ജോലിയില്ല എന്നെഴുതും. സത്യത്തിൽ അവൾക്കുള്ളത്ര ജോലി വേറെ ആർക്കുണ്ട് എന്ന്? 

 

 

കുമാരന്റെ തൽസ്വരൂപം എന്ന കഥയിൽ ഒരാൾ നഗ്നത മറയ്‌ക്കാൻ ഒരു തുണ്ട് തുണിയും വിശപ്പടക്കാൻ ഭക്ഷണവും ചോദിക്കുന്നു. വന്നയാൾക്ക് കഥാനായകൻ അവ രണ്ടും നൽകി. വീണ്ടും അയാൾ വന്ന് തണുപ്പകറ്റാൻ മേൽക്കുപ്പായവും വായിക്കാൻ കണ്ണടയും ചോദിക്കുന്നു. അതും  കൊടുത്തു. പിന്നീടൊരിക്കൽ അയാൾ വന്നത്  പേന ചോദിക്കാനാണ്. അതും നൽകാൻ മടിച്ചില്ല. പിറ്റേന്ന് ഓഫിസിൽ ചെന്നപ്പോൾ കഥാനായകൻ കണ്ടത് കാബിനിൽ തന്റെ കസേരയിലിരിക്കുന്ന അയാളെയാണ്. തന്നെപ്പോലെ മറ്റൊരാൾ. അയാൾ കൊടുത്ത വസ്‌ത്രവും കണ്ണടയും പേനയുമായി. കഥാനായകനോട് അയാൾ ഗൗരവത്തിൽ ചോദിച്ചതാവട്ടെ എന്തു വേണം എന്ന്. ഇത്രയും കാലം നാം പഠിച്ചത് കൊടുക്കുന്തോറുമേറിടും എന്നാണ്. മാറിയ കാലത്ത് അത്  കൊടുക്കുന്തോറുമേറു കിട്ടിടും എന്നാക്കണം. ഇത് തക്ഷൻകുന്ന് സ്വരൂപം എഴുതിയ കുമാരന്റെ തൽസ്വരൂപം എന്ന കഥയാണ്. 

 

 

കുമാരന്റെ ഒരു കഥയിൽ വീട്ടുജോലിക്കാരിയായ പെൺകുട്ടി ഗൃഹനാഥനെപ്പോലും അതിശയിപ്പിക്കുന്ന വിധത്തിൽ  വീട് ഭംഗിയാക്കിവയ്‌ക്കുന്നു. എന്തിനാണ് വീട് ഇത്ര ആകർഷകമാക്കി വയ്‌ക്കുന്നതെന്നു ചോദിച്ചപ്പോൾ അവൾ പറഞ്ഞത് എനിക്കു വേറെ വീടില്ലാത്തതുകൊണ്ടാണ് എന്നാണ്. ആ ഒരു മറുപടിയിലൂടെ അവൾ ഏതു ഗൃഹനാഥനെക്കാളും മുന്നിലെത്തി നല്ല വാക്കുകളുടെ യജമാനത്തിയായി. അവൾ ആ വീട്ടിൽ എന്തെല്ലാം ചെയ്‌തതിനെക്കാളും വിലപ്പെട്ടതായി ആ വാക്കുകൾ. നേരത്തെ പറഞ്ഞ ചുരുക്കം കഥകളുടെ പേരിൽ നാം  യു.കെ.കുമാരൻ എന്ന പേര് ഓർത്തുവയ്‌ക്കുന്നതു പോലെയാണത്.

 

English Summary : Kadhanurukku, Column, Short Stories By U. K. Kumaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com