ADVERTISEMENT

പ്രണയവും ചതിയും ന്യായാന്യായങ്ങളും കൂടിക്കുഴഞ്ഞ ആയിരം ദിനങ്ങൾ മാത്രം ഇംഗ്ലണ്ടിന്റെ മഹാറാണി ആയിരുന്നവളെക്കുറിച്ചു പറയാം. ഇംഗ്ലണ്ടിന്റെ ചരിത്രം തന്നെ വഴി മാറാൻ ഇടയായതിനെക്കുറിച്ചു കൂടിയാണ് ആ കഥ.

 

 

ഉന്നത കുലജാത, ഫ്രാൻസിൽ പോയി മിനുക്കിയെടുത്ത ജീവിതശൈലി, സുന്ദരി; ആൻ ബൊല്‌യിനെ കുറിച്ച് ഇതിലും ചുരുക്കി പറയാനാവില്ല. ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെൻറി ആറാമന്റെ ഭാര്യ കാതറിൻ റാണിയുടെ സഹായികളിൽ ഒരാൾ കൂടിയായിരുന്നു ആൻ.  

 

ഹെൻറിയുടെ ശ്രദ്ധ ആൻ ബൊല്‌യിനിലേക്കു തിരിയാൻ ഇതുതന്നെ കാരണങ്ങൾ ധാരാളം. പിന്നീട് ആൻ റാണിയാവുന്നതിലേക്കുവരെ എത്തി കാര്യങ്ങൾ. പക്ഷേ മൂർച്ചയേറിയ ഒരു ഫ്രഞ്ച് വാളിൽ ഒടുങ്ങി ആനിന്റെ ജീവിതം. ആ ശിക്ഷ വിധിച്ചതാകട്ടെ ഹെൻറി തന്നെയും.

 

പതിനേഴാം വയസ്സിലാണ് ഹെന്റി എട്ടാമന്റെ ആദ്യവിവാഹം. തന്നെക്കാൾ ആറു വയസ്സിനു മുതിർന്ന കാതറിൻ ആയിരുന്നു വധു. ഇഷ്ടമില്ലാതെയാണ് ഹെന്റി തന്റെ ജ്യേഷ്ഠൻ ആർതറിന്റെ വിധവയായ കാതറിനെ വിവാഹം കഴിച്ചത്. പിതാവിന്റെ അന്ത്യാഭിലാഷത്തെ തള്ളിക്കളയാതിരിക്കാൻ വേണ്ടിയായിരുന്നു അത്. ഇംഗ്ലണ്ടിലെ റ്റുഡോർ രാജ പരമ്പരയിലെ കണ്ണികളായ ഇവർക്ക് മകളായി മേരിയും മകനായി ഹെൻറി ഒൻപതാമനും പിറന്നു എങ്കിലും കുഞ്ഞു ഹെൻറി അൻപത്തിരണ്ടു ദിവസം മാത്രമേ ജീവിച്ചുള്ളൂ. ആൺമക്കൾ ഇല്ലാതെ പരമ്പര അറ്റുപോകുക എന്നത് സങ്കൽപിക്കാൻ ആവുന്നതായിരുന്നുമില്ല. 

 

പഴയ നിയമത്തിലെ ലെവിറ്റികസിന്റെ പുസ്തകം പതിനെട്ടാം അധ്യായം വാക്യം പതിനാറു പ്രകാരം ‘നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ നഗ്നത നീ കാണരുത്. എന്തെന്നാൽ അത് ജ്യേഷ്ഠന്റെ നഗ്നത തന്നെയാവുന്നു.’ അധ്യായം ഇരുപത്, വാക്യം ഇരുപത്തിയൊന്ന് പ്രകാരം ‘അപ്രകാരം ചെയ്യുന്നത് നിന്നെ സന്താന ഹീനനാക്കും.’ ഹെൻറി എട്ടാമന്റെ മനസ്സിനെ ഏറെ മഥിച്ച വരികൾ ആയി ഇവ മാറി. പുത്രനില്ലാത്തതു തന്റെ അരുതാത്ത വിവാഹം കാരണമാണെന്ന് അദ്ദേഹം വിശ്വസിച്ചു.

 

ആ ചിന്തയിൽ മുഴുകി കാതറിനുമൊത്തുള്ള ജീവിതം മടുത്തു കഴിഞ്ഞിരുന്നു ഹെൻറിക്ക്. അക്കാലത്തെ രാജാക്കന്മാർക്ക് വിവാഹേതര ബന്ധങ്ങൾ പതിവായിരുന്നു. അത്തരത്തിൽ ഒരു ബന്ധമായിരുന്നു രാജാവിന് മേരി ബൊല്‌യിനോട് ഉണ്ടായിരുന്നത്. ക്രമേണ ആ താല്പര്യം കുറയുകയും മേരിയുടെ സഹോദരി ആനിലേക്കു ശ്രദ്ധ തിരിയുകയും ചെയ്തു. പിന്നീടുള്ള നാളുകൾ അവരുടെ പ്രണയത്തിന്റേതായിരുന്നു. ഏഴുവർഷം നീണ്ട പ്രണയം. 

 

ഇതിനിടെ, കാതറിനെ എങ്ങനെ ഒഴിവാക്കാം എന്നതായി ഹെൻറിയുടെ ചിന്ത. വിവാഹമോചനം കത്തോലിക്ക വിശ്വാസത്തിന് എതിരും ആയിരുന്നു. അതുകൊണ്ടുതന്നെ പോപ്പിൽനിന്ന് അനുമതിയും കിട്ടിയില്ല. ലെവിറ്റികസിന്റെ പുസ്തകം ഉദ്ധരിച്ചതോ പുത്രൻ ഇല്ല എന്നതോ ഒട്ടും സ്വീകാര്യമായ ന്യായങ്ങൾ അല്ലായിരുന്നു താനും. 

 

പോപ്പിന്റെ അംഗീകാരത്തിനായി സമർപ്പിച്ച രേഖ നാഷനൽ ആർക്കൈവ്സ്, ലണ്ടനിൽ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ ആർച്ച്ബിഷപ് ഓഫ് കാന്റർബറി ഉൾപ്പടെ പലരും ഒപ്പിട്ട് ഔദ്യോഗിക മുദ്ര പതിപ്പിച്ചിട്ടുമുണ്ട്. ഇതിൽ തന്റെ ഒപ്പു വ്യാജമാണെന്ന് റോചെസ്റ്റർ ബിഷപ്പ് ആയ ഫ്ലെച്ചർ പിന്നീട് തുറന്നടിച്ചു. 

 

അതോടെ ഇംഗ്ലണ്ടിന്റെ ചരിത്രം തന്നെ മാറ്റി മറിച്ച ഒരു സംഭവം ഉണ്ടായി. പോപ്പിന്റെ നേതൃത്വം ഇനി തങ്ങൾക്കു വേണ്ട എന്നു പ്രഖ്യാപിച്ചുകൊണ്ട് ഹെൻറി പുതിയതായി ചർച്ച് ഓഫ് ഇംഗ്ലണ്ട് രൂപീകരിക്കുകയും അതിന്റെ തലവനായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ആർച്ച്  ബിഷപ്പ് ഫ്ലെച്ചറിനെ ദേശദ്രോഹക്കുറ്റം ചുമത്തി വധശിക്ഷയ്ക്കും വിധിച്ചു. തനിക്കെതിരെ നിൽക്കുന്നവർക്കായി ഹെൻറി കരുതിവച്ചിരുന്ന പതിവു പരിപാടി ആയിരുന്നു ദേശദ്രോഹക്കുറ്റവും തലവെട്ടിക്കളയലും. എതിരു നിന്ന മൊണാസ്ട്രികൾ പലതും തകർക്കുകയും അവയുടെ അധ്യക്ഷന്മാർക്ക് ഇതേ ശിക്ഷ നൽകുകയും ചെയ്തു.

 

തന്റെ പ്രവൃത്തികളെ ന്യായീകരിക്കാൻ ആൻ ചൂണ്ടിക്കാട്ടിക്കൊടുത്ത വഴി ഹെൻറി സ്വീകരിച്ചു. വില്യം ടിൻഡൽ എഴുതിയ ‘ദി ഒബീഡിയൻസ് ഓഫ് ദ് ക്രിസ്ത്യൻ മാൻ’ എന്ന പുസ്തകത്തെയാണ് ഇതിനായി കൂട്ടുപിടിച്ചത്‌. ഇതു പ്രകാരം പോപ്പല്ല, രാജാവാണ് പരമാധികാരി. എല്ലാ ഇംഗ്ലിഷുകാരും രാജാവിനെ പരമാധികാരിയായി കാണുന്നു എന്നും അതുവഴി ആനിനെ റാണിയും അവർക്കുണ്ടാകുന്ന സന്താനങ്ങളെ അനന്തരാവകാശികളും ആയി അംഗീകരിക്കുമെന്നും ശപഥം ചെയ്യണം എന്നായിരുന്നു ഉത്തരവ്.

 

രാജാവിന് ഒരു പുത്രനെ കൊടുക്കാൻ തനിക്കാവുമെന്നും അതുവഴി തന്റെ സ്ഥാനം അനിഷേധ്യമാകുമെന്നും ആൻ കരുതി. 1533 ൽ അവർ ഔദ്യോഗികമായി  വിവാഹിതരായി. ആൻ പ്രഖ്യാപിത റാണിയുമായി. അതോടെ കാതറിനും മകൾ മേരിയും കൊട്ടാരത്തിൽ നിന്നുതന്നെ പുറത്താക്കപ്പെട്ടു. ആനിനെ റാണിയായി അംഗീകരിക്കാൻ അവർ ഇരുവരും തയാറല്ലാത്തതിനാൽ അമ്മയെയും മകളെയും പരസ്പരം കാണുന്നതിൽ നിന്നുപോലും ഹെൻറി വിലക്കി.

 

കഥാസ്തു

വിജയം അവരുടേതു മാത്രം എന്ന് രാജാവും റാണിയും തെറ്റിദ്ധരിച്ചു ജീവിച്ച കാലമാണ് പിന്നീടുള്ള കുറച്ചുനാൾ. വിവാഹ സമയത്തു ഗർഭിണിയായിരുന്ന ആൻ 1533 സെപ്റ്റംബർ ഏഴിന് ഒരു പെൺകുഞ്ഞിനു ജന്മം നൽകി. അവളുടെ പേര് എലിസബത്ത്. കുട്ടി പെണ്ണാണ് എന്നത് നിരാശപ്പെടുത്തിയെങ്കിലും ഇനിയും ഒരു ആൺകുട്ടി പിറക്കും എന്ന ശുഭാപ്തി വിശ്വാസം കൂട്ടിനുണ്ടായി.

 

1535 ന്റെ അവസാനം വരെ കാര്യങ്ങൾ ആനിന്‌ അനുകൂലമായിത്തന്നെ നീങ്ങി. ആൻ രണ്ടാമതും ഗർഭിണിയായി. 1536 ജനുവരി ഏഴാം തീയതി ആദ്യ ഭാര്യ കാതറിൻ അന്തരിച്ചു. ഈ വാർത്തയറിഞ്ഞ രാജാവും റാണിയും ആഘോഷിക്കുകയാണ് ഉണ്ടായത്. എന്നേക്കുമായി, നിയമപരമായും റാണിയായി ജനങ്ങൾ ഇതോടെ തന്നെ അംഗീകരിക്കുമെന്ന് ആൻ കണക്കുകൂട്ടി.  

 

മേരിയെ അവളുടെ അമ്മയുടെ ശരീരം അവസാനമായി ഒന്നു കാണുവാൻ പോലും അനുവദിച്ചില്ല. കാതറിൻ തന്നെയാണ് ഈ കഥയിലെ ഏറ്റവും നിസ്സഹായയായ കഥാപാത്രവും. കാത്തലിക് വിഭാഗം അവരെ രക്തസാക്ഷിയായാണു കണ്ടത്. 

 

കുറച്ചു ദിവസങ്ങൾക്കുള്ളിൽ ആനിന്റെ നല്ലകാലം അവസാനിക്കുകയായിരുന്നു. കുതിരപ്പുറത്തുനിന്നു വീണ് തലയ്ക്കു പരുക്കേറ്റ ഹെൻറി പുതിയ ഒരാളായി മാറിയത് ഒരൊറ്റ ദിവസം കൊണ്ടായിരുന്നു. എതിർക്കുന്ന വരോടു നീചമായി പെരുമാറിയിരുന്നപ്പോഴും ഒപ്പം നിൽക്കുന്നവരോട് ഏറെ നന്നായി ഇടപെട്ടിരുന്ന ഹെൻറി പെട്ടെന്നു മാറി. ക്ഷിപ്രകോപിയായ ഹെൻറിയെ ആണ് പിന്നീട് കാണാൻ കഴിഞ്ഞത്. തലച്ചോറിന്റെ മുൻഭാഗത്തിനേറ്റ ക്ഷതം ആയിരുന്നിരിക്കും ഇതിനു കാരണമെന്ന് പിൽക്കാലത്ത് ഗവേഷകർ പറഞ്ഞിട്ടുണ്ട്. പ്രശ്നങ്ങൾ ഒന്നിനു പുറകെ ഒന്നായി വരവായി. ആനിന്റെ കുഞ്ഞ് ഗർഭത്തിൽ തന്നെ മരിച്ചു. അതൊരു ആൺകുഞ്ഞായിരുന്നു. രാജാവിൽ നിരാശയും കോപവും ഒന്നുപോലെ നിറഞ്ഞു. തന്റെ പുരുഷത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായിട്ടാണ്   അനന്തരാവകാശിയായി പുത്രൻ ഇല്ല എന്നതിനെ ഹെൻറി കണ്ടത്. ആനിനെ എങ്ങനെ ഒഴിവാക്കാം എന്നതിലേക്ക് നീണ്ടു ആ ചിന്ത.

 

ആനിനെ അംഗീകരിക്കാൻ തയാറല്ലാത്ത ഏറെപ്പേർ രാജസദസ്സിൽ ഉണ്ടായിരുന്നു. രാജാവിന് റാണിയിൽ താൽപര്യം കുറയുന്നു എന്നത് അവർക്ക് ആഹ്ലാദമേകുന്ന വാർത്തയായിരുന്നു. അതിനൊപ്പം പുതിയ ഒരു വർത്തമാനം വേരുപിടിച്ചും തുടങ്ങിയിരുന്നു. ആനിന്റെ സഹായികളിൽ ഒരുവളായ ജെയിൻ സെയ്‌മോറുമായി ഹെൻറി അടുപ്പത്തിലാണെന്നായിരുന്നു അത്. പിന്നീടിങ്ങോട്ടുള്ള സംഭവങ്ങൾ ഇത് സത്യമാണെന്നതിനു സാക്ഷ്യം പറയുന്നുമുണ്ട്.   

 

ഇതിനിടെ പുതിയ ഒരു കിംവദന്തിയും ആനിന്റെ എതിർ ചേരിയിൽപ്പെട്ടവർ പ്രചരിപ്പിച്ചു തുടങ്ങിയിരുന്നു. ആനിൽ ആരോപിക്കപ്പെട്ട പുതിയ കുറ്റം സദാചാരരഹിതമായ ജീവിതം ആയിരുന്നു. പലരുമായും അവർക്കു ശാരീരിക ബന്ധമുണ്ടായിരുന്നു എന്ന് രഹസ്യമായും പരസ്യമായും ചിലർ പറഞ്ഞു. ഇവരിൽ മുഖ്യൻ ആനിന്റെ മുഖ്യ ശത്രുവായ രാജസഭാംഗം തോമസ് ക്രോംവെൽ ആയിരുന്നു. ഇതറിഞ്ഞു കോപാകുലനായ ഹെൻറി അന്വേഷണച്ചുമതല ഏൽപ്പിച്ചതും ക്രോംവെല്ലിനെത്തന്നെ. പിന്നീട് ആനിന്റെ മരണത്തിനു മുൻപ് ഹെൻറി ആനിനെ കാണുകയേ ഉണ്ടായില്ല. 

 

അഞ്ചുപേരുമായാണ് ആനിനു ബന്ധം ആരോപിക്കപ്പെട്ടിരുന്നത്. അതിൽ രാജസഭാംഗമായ ഹെൻറി നോറിസ്, ആനിന്റെ സംഗീത അധ്യാപകൻ, എന്തിന്, ആനിന്റെ സഹോദരൻ ജോർജ് വരെ ഉൾപ്പെട്ടിരുന്നു.

നോറിസും ആനും തമ്മിലുള്ള ഒരു സംസാരം, കേട്ടുനിന്ന ആരോ വഴി പുറത്താവുകയായിരുന്നു. എന്തുകൊണ്ട് ഇതുവരെ വിവാഹിതനായില്ല എന്ന ആനിന്റെ ചോദ്യത്തിനു മറുപടിയായി, അത് അതിന്റെ സമയത്തു നടക്കും എന്നു മോറിസ് പറഞ്ഞു. 

 

 

ഒരു മരണം ഉണ്ടാക്കുന്ന ഒഴിവിനായി കാത്തിരിക്കുകയാണോ എന്നായിരുന്നു ആനിന്റെ അടുത്ത ചോദ്യം. രാജാവിന്റെ മരണത്തെയാണ് ആൻ സൂചിപ്പിച്ചത് എന്ന് അത് വ്യാഖ്യാനിക്കപ്പെട്ടു. രാജാവിന്റെ മരണം ആഗ്രഹിക്കുക എന്നതു നിയമപ്രകാരമുള്ള രാജ്യദ്രോഹക്കുറ്റ മായിരുന്നു. സ്വന്തം സഹോദരൻ ജോർജുമായും ആനിന്‌ വഴിവിട്ട ബന്ധം ആരോപിക്കപ്പെട്ടു. അവർ ഇരുവരും രാജാവിന്റെ മരണവും ആഗ്രഹിച്ചിരുന്നുവത്രേ.

 

ഗ്രീൻവിച്ച് കൊട്ടാരത്തിൽ 1936 മേയ് ഒന്നാംതീയതി മേയ്‌ പോൾ ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ടിരുന്ന രാജാവിന്റെ അടുത്തേക്ക് ക്രോംവെൽ എത്തിയത് റാണിയുടെ കുറ്റങ്ങൾ തെളിയിക്കപ്പെട്ടു എന്ന വാർത്തയുമായാണ്. സംഗീതാധ്യാപകൻ കുറ്റം ഏറ്റു പറഞ്ഞിരിക്കുന്നു. ഗ്രീൻവിച്ചിൽ ഒപ്പമുണ്ടായിരുന്ന നോറിസിനൊപ്പം ഹെൻറി ലണ്ടനിലേക്ക് മടങ്ങി. യാത്രാമധ്യേ നോറിസും കുറ്റം ഏറ്റുപറഞ്ഞതായി പറയപ്പെടുന്നു. 

 

ഗ്രീൻവിച്ചിലായിരുന്ന ആനിനെ ബാർജിൽ കയറ്റി ലണ്ടനിൽ എത്തിച്ചു. കാര്യങ്ങളുടെ കിടപ്പിനെപ്പറ്റി അവർക്കു ഒരു രൂപവും കിട്ടുന്നുണ്ടായിരുന്നില്ല. രാജ്യദ്രോഹികളുടെ കവാടം (traitor’s gate) എന്നറിയപ്പെടുന്ന കവാടത്തിലൂടെ അവരെ ലണ്ടൻ ടവറിന് ഉള്ളിലേക്ക് കൊണ്ടുപോയി. പിന്നീട് അവർ പുറത്തേക്കുവന്നത് ടവർ പരിസരത്തു തന്നെയുള്ള ശിക്ഷ നടപ്പാക്കുന്ന തട്ടിലേക്കായിരുന്നു. അപഥസഞ്ചാരവും രാജ്യദ്രോഹവു മാണ് അവർക്കുമേൽ ചാർത്തപ്പെട്ട കുറ്റങ്ങൾ. വിധിക്കപ്പെട്ടത് വധശിക്ഷക്കും. ആനിനെക്കുറിച്ചുള്ള മോശമായ അഭിപ്രായം ആദ്യമായി ഹെൻറിയുടെ ചെവിയിലെത്തിയ ശേഷം ഏകദേശം ഒരു മാസം മാത്രമാണ് അവർ ജീവനോടെയിരുന്നത്.

 

ആനിന് ഒപ്പം കുറ്റാരോപിതരായ അഞ്ചുപേരെയും അന്നേക്കു വധിച്ചു കഴിഞ്ഞിരുന്നു. തലവെട്ടുക എന്നതാ യിരുന്നു വിധിച്ച ശിക്ഷാ രീതി. ഉദാരമതീ ഭാവത്തിൽ ഒരു ഇളവ് രാജാവ് ആനിനു നൽകി. സാധാരണ രീതിയിൽ ഉപയോഗിക്കുന്ന മഴുവിന് പകരം ഫ്രാൻസിൽനിന്നു പ്രത്യേകമായി വരുത്തിയ മൂർച്ചയേറിയ വാൾ ഉപയോഗിക്കും എന്നതായിരുന്നു ആ സൗജന്യം. ഒരു വെട്ടിനു തല വേർപെടുത്തുന്നതിലും ഒരു സൗജന്യം!

 

ആയിരം ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന ഒരു മഹാറാണിപ്പട്ടം. ഭരിക്കുന്നവരാൽ എഴുതിക്കപ്പെടുന്നതാ ണ് ചരിത്രം എന്നതിനാൽ ആൻ ചരിത്രത്തിൽ സ്വാർഥയും അപഥ സഞ്ചാരിണിയും ആക്കപ്പെട്ടതാണോ എന്നും സംശയിച്ചു കൂടായ്കയില്ല. ആനിന്റേതായ ഡയറിയോ മറ്റെന്തെങ്കിലും കാര്യമായ കുറിപ്പുകളോ അവശേഷിക്കുന്നില്ല താനും. ശിക്ഷ നടപ്പാക്കുന്നതിനു തലേ ദിവസം ആൻ പറഞ്ഞത് താൻ തീർത്തും നിരപരാധിയാണെന്നു തന്നെയാണ്. മരണത്തിനു തൊട്ടു മുൻപായി, അവർ ‘തന്നിൽ ആരോപിക്കപ്പെട്ട കുറ്റങ്ങളെപ്പറ്റി ഒന്നും പറയാനില്ല, നിയമം വിധിച്ച മരണമാണ് ഇനി’ എന്ന് പറയുകയും തന്നെ പ്രാർഥനയിൽ ഓർക്കണം എന്ന് അഭ്യർഥിക്കുകയും ചെയ്തു. രാജാവിനും രാജ്യത്തിനും നല്ലതു വരട്ടെയെന്നു ആശംസിച്ചുകൊണ്ട് അവർ മരണത്തിനു മുൻപിൽ തല കുനിച്ചു.

 

കാതറിനെ ഒഴിവാക്കി എന്നതൊഴിച്ചുള്ള കാര്യങ്ങളിൽ ആൻ നിരപരാധി ആയിരുന്നു എന്നും ചരിത്ര ഗവേഷകർ പറയുന്നുണ്ട്. പിന്നീട് ഉണ്ടായ പല സംഭവങ്ങളും ഇതിനെ സാധൂകരിക്കുന്നതുമാണ്. ആനിന്റെ വധശിക്ഷ നടപ്പാക്കിയതിനു തൊട്ടടുത്ത ദിവസം തന്നെ ഹെന്റിയും ജെയിൻ സെയ്മറുമായുള്ള വിവാഹ നിശ്ചയം നടന്നു; പത്തു ദിവസത്തിനുള്ളിൽ വിവാഹവും. ജെയിനിൽ ഹെൻറിക്ക് ഒരു പുത്രൻ ജനിച്ചു: എഡ്വേഡ്. എഡ്വേഡിന്റെ ജനനത്തെ തുടർന്നു ജെയിൻ മരിക്കുകയും ചെയ്തു. അങ്ങനെ ഹെൻറിയുടെ മൂന്നാമത്തെ വിവാഹ ജീവിതവും കഴിഞ്ഞു.

 

ഒന്നു കഴിഞ്ഞാൽ മറ്റൊന്ന് എന്നു മാത്രമായിരുന്നു ഹെൻറിക്ക്. വീണ്ടും മറ്റൊരു ആനിനെ വിവാഹം കഴിച്ചു, ആൻ ഓഫ് ക്ലീവ്സ്. വെറും ആറു മാസം മാത്രം നീണ്ടു നിന്ന നാലാം വിവാഹ ജീവിതം. ആനിന്റെ വിവാഹ നിശ്ചയം മുൻപൊരിക്കൽ നടന്നത് അറിഞ്ഞിരുന്നില്ല എന്നും അതറിഞ്ഞ സ്ഥിതിക്ക് അവരെ ഭാര്യയായി കാണാൻ കഴിയില്ല എന്നും ശാരീരിക ബന്ധം ഉണ്ടായിട്ടില്ല എന്നുമുള്ള ന്യായങ്ങളിൽ പിടിച്ച് ആനിനെ ഒഴിവാക്കി. രാജാവിന്റെ സഹോദരി എന്നൊരു സ്ഥാനപ്പേരും നൽകി. 

 

പിന്നീട് അഞ്ചാമത്തെ ഭാര്യയായ കാതറിൻ ഹൊവാർഡിനും ആൻ ബൊല്‌യിന്റെ വിധി തന്നെയായിരുന്നു. വധശിക്ഷ തന്നെ. അപഥ സഞ്ചാരവും രാജ്യദ്രോഹവും തന്നെ കുറ്റങ്ങളും. പക്ഷേ കാതറിൻ ഹൊവാർഡിനെ ചരിത്ര ഗവേഷകരും ന്യായീകരിക്കുന്നില്ല. അവർ കുറ്റങ്ങൾ ചെയ്തിട്ടുള്ളതായി സ്വയം സമ്മതിക്കുകയും ചെയ്തു. എങ്കിലും ഇത്രയും വിവാഹങ്ങളും അതിലേറെ വിവാഹേതര ബന്ധങ്ങളും ഉണ്ടായിരുന്ന ഒരു രാജാവാണ് ശിക്ഷ വിധിച്ചത് എന്നതിൽപരം എന്തു വൈരുധ്യമാണുള്ളത്. 

 

ആറാമത് ഒരു വിവാഹംകൂടെ കഴിച്ചു ഹെൻറി; മൂന്നാമത്തെ കാതറിനെ. കാതറിൻ പാർ എന്നായിരുന്നു അവരുടെ പേര്. മൂന്നു വർഷത്തിന് ശേഷം ഹെൻറി മരിക്കുന്നതു വരെ അവർ  ഭാര്യയായി തുടർന്നു.

 

ഇതിൽ ആൻ ബൊല്‌യിനിനൊപ്പമുള്ള  ജീവിതമാണ് ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്. പല ചലച്ചിത്രങ്ങളും പുസ്തകങ്ങളും ഡോക്യുമെന്ററികളും ഈ വിഷയത്തിൽ ഉണ്ടായിട്ടുണ്ട്. ശ്രദ്ധേയമായത് എന്തെന്നുവച്ചാൽ ആൻ ന്യായീകരിക്കപ്പെടുകയാണ് ഇതിലൊക്കെയും. ജീവിച്ച കാലത്തു കിട്ടാത്ത ന്യായം അവർക്കു കാലം കൊടുക്കുന്നതും ആവാം. റിച്ചാർഡ് ബട്ടൺ ഹെൻറി ആയി അഭിനയിച്ച ‘ആൻ  ഓഫ് ദ് തൗസൻഡ് ഡേയ്സ്’ ആണ് ഇതിൽ ഏറെ വിഖ്യാതം. മേൽ പറഞ്ഞതിലൊക്കെ ഉപരിയായി പലതും ഈ സിനിമയിൽ ആനിന്റെ ഭാഗം ചേർന്ന് അവതരിപ്പിക്കുന്നുണ്ട്; പലതും സാങ്കൽപികമാണെന്ന് സിനിമ തുടങ്ങുമ്പോൾ പറയുന്നുണ്ടെങ്കിലും.

 

 

എന്തായാലും റ്റുഡോർ രാജവംശത്തിന്റെ ചരിത്രത്തിലെ നാണംകെട്ട ഒരു അദ്ധ്യായം ആണ്  ഹെൻറി എട്ടാമന്റെ ജീവിതകാലം. ഹെൻറിയുടെയും ആൻ ബൊല്‌യിന്റെയും പുത്രിയായ എലിസബത്ത് ആനിന്റെ മരണത്തോടെ കൊട്ടാരത്തിനുള്ളിൽ അനാഥയാവുകയായിരുന്നു. രാജകുമാരി എന്ന സ്ഥാനപ്പേരു പോലും അനുവദിച്ചിരുന്നില്ല എലിസബത്തിന്. ഹെൻറിയുടെ മരണശേഷം പുത്രൻ എഡ്വേഡ്  രാജാവായെങ്കിലും ആറു വർഷം ഭരിക്കുകയും മരണമടയുകയും ചെയ്തു. തുടർന്ന് ഹെൻറിയുടെ ആദ്യ ഭാര്യയായ കാതറിനിൽ ഉണ്ടായ പുത്രി മേരി റാണിയായി രാജ്യം ഭരിച്ചു. ഇവർ ബ്ലഡി മേരി എന്നറിയപ്പെട്ടു.  

 

 

അഞ്ചു വർഷങ്ങൾക്കു ശേഷം 1558 ൽ അവർ മരിക്കുകയും എലിസബത്ത് റാണിയാവുകയും ചെയ്തു. പിന്നീട് നീണ്ട നാൽപത്തിയഞ്ച് വർഷക്കാലം എലിസബത്ത് മഹാറാണി ഇംഗ്ലണ്ട് ഭരിച്ചു. അമ്മ ആഗ്രഹിച്ചു നേടാനാവാതെ പോയത് ഭരിക്കുന്ന രാജാവിന്റെ റാണിയായി ദീർഘനാൾ വാഴുക എന്നതാണ്. മകൾ ഒരു പടികൂടി കടന്ന്, ഭരിക്കുന്ന റാണിയായി ഏറെക്കാലം വാണു. അതു ചരിത്രത്തിന്റെ നീതിയല്ലെങ്കിൽ പിന്നെയെന്ത്.

 

English Summary :  Life Story Of Anne Boleyn 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com