ADVERTISEMENT

കരിമ്പനപ്പട്ടകളിൽ  ചുറ്റിത്തിരിഞ്ഞ കാറ്റു പറഞ്ഞ കഥ കൊണ്ട് മലയാളനോവലിന്റെ  കാലത്തെ രണ്ടായിപ്പിളർത്തിയ ഖസാക്കിന്റെ ഇതിഹാസമാണ് കഥയാ‌ട്ടത്തിന്റെ എട്ടാം അങ്കം. ഒ.വി. വിജയന്റെ നോവലിലെ പ്രധാനകഥാപാത്രമായി അറിയപ്പെട്ടത് അരുതായ്മകളുടെ   പാപഭാരം ചുമക്കുന്ന രവിയാണ്.  എന്നാൽ രവിയിലൂടെയല്ല കഥയാട്ടം ഖസാക്കിനെ തേടുന്നത്. ഖസാക്കിന്റെ മിത്തുകളുടെ സൂക്ഷിപ്പുകാരനും പുരോഹിതനുമായ അള്ളാപ്പിച്ചാ മൊല്ലാക്കയിലൂടെയാണത്. 

 

ഖസാക്കിന് പുരോഹിതനും പിതാവുമാണ് അള്ളാപ്പിച്ചാ മൊല്ലാക്ക. ഓത്തുപള്ളിയിലിരുന്ന് കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കുന്ന മൊല്ലാക്ക മുതിർന്നവർക്കായി പഞ്ചായത്ത് വിളിച്ചു കൂട്ടും. രണ്ടുകെട്ടിയ മൊല്ലാക്കയുടെ മകളാണ് മൈമുന. മൈമുനക്ക് പതിനാറെത്തിയ പ്രായത്തിലാണ് അതേപ്രായക്കാരനായ നൈജാമലിയെ ചെതലിമലയുടെ അടിവാരത്തുവച്ച് മൊല്ലാക്ക കണ്ടെത്തുന്നത്. 

 

അവൻ ചിരിച്ചു. സ്ത്രൈണമായ കവിളുകളിൽ നുണക്കുഴികൾ തെളിഞ്ഞു. ഇഴ പറിഞ്ഞ തോർത്തിൻ തുമ്പിന്റെ ചുവട്ടിൽ അവന്റെ ‌വെളുത്ത തുടകളിൽ  തെളിഞ്ഞ ചെമ്പൻ രോമങ്ങൾ മൊല്ലാക്ക കണ്ടു. അയാൾ കൈനീട്ടി. അവൻ കവിളണച്ചു. അവനെ മൊല്ലാക്ക കൂടെ കൂട്ടി. അവൻ പിന്നാലെ നടന്നു, അത്താവും ഉമ്മാവും കുടുംബവുമില്ലാത്ത നൈജാമലി. ഖസാക്കിന് മൊല്ലയാകാൻ മൊല്ലാക്ക അവനെ തേടിപ്പിടിച്ചു.  മൈമുനയ്ക്ക് മാപ്പിളയാകാൻ അവനെ കണ്ടെത്തി.  മോഹിതനായ മൊല്ലാക്കയിൽ നിന്ന് വിട്ടകന്നുപോയി നൈജാമലി പിന്നീട്. അവൻ നടന്നകന്നു. മൊല്ലാക്ക ദു:ഖിതനായി. 

 

നാടുവിട്ടുപോയ നൈജാമലിയുമായി  വർഷങ്ങൾക്കിപ്പുറം മൊല്ലാക്ക കണ്ടുമുട്ടി.  ആ നിമിഷം കാറ്റൊഴിഞ്ഞ് കരിമ്പനകൾ നിശ്ചലമായി. നൈജാമലി കരുത്തന്റെ മന്ദഹാസത്തോടെ മൊല്ലാക്കയ്ക്കു നേരേ നിന്നു. കണ്ണിൽ നോക്കി അയാളെ നേരിട്ടു. മൊല്ലാക്കയ്ക്ക്  കൈ വിറച്ചു. നൈജാമലി ഉൺമയോ, അതോ  പൊയ് തന്നെയോ? കരിമ്പനക്കുന്നുകളുടെ നിശ്‌ചല മൗനങ്ങളിൽ അതിനുത്തരമുണ്ടായിരിക്കണം. മുറിവേറ്റവനും ദു:ഖിതനുമായ അള്ളാപ്പിച്ചാ മൊല്ലാക്ക നടപ്പുതുടർന്നു. 

English Summary : Mohanlal as Allapicha Mollakka, Kadhayattam By Mohanlal, 10 Novel 10 Characters One And Only Actor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com