ADVERTISEMENT

ഒരു ചെറിയ വെള്ളിസഞ്ചി. അതിനകത്തൊരു ഹൃദയം. മരണം കൂടെക്കൂട്ടാതെ മറന്നുവച്ച ഹൃദയമാണത്. ചലനമറ്റിട്ടും കവിത തുടിച്ചിരുന്ന കവി ഹൃദയം. മരണമില്ലാത്ത ഓര്‍മകള്‍ക്കൊപ്പം ഹൃദയത്തെ പൊതിഞ്ഞുകെട്ടി സൂക്ഷിച്ചത് മേരി ഷെല്ലി. ഹൃദയത്തിന്റെ ഉടമ കാല്പനിക സാഹിത്യത്തിന്റെ അമരക്കാരില്‍ ഒരാളായിരുന്ന പേഴ്‌സി ബിഷ് ഷെല്ലി.

 

മേരി മരിച്ച് ഒരു വര്‍ഷം കഴിഞ്ഞു മാത്രമാണ് ഹൃദയം പൊതിഞ്ഞു സൂക്ഷിച്ച വെള്ളിസഞ്ചി വെളിപ്പെട്ടത്. മേരിയുടെ എഴുത്തുമേശയുടെ വലിപ്പ് തുറന്ന മകന്‍ ആ രഹസ്യം കണ്ടെത്തുകയായിരുന്നു. മേശവലിപ്പില്‍ ഹൃദയത്തിനൊപ്പം കണ്ടെത്തിയത് മരിച്ചു പോയ സഹോദരങ്ങളുടെ മുടിയിഴകൾ, കുറിപ്പുകളേറെയുള്ള നോട്ട്ബുക്കുകൾ, കവിതകളുടെ കയ്യെഴുത്തു പ്രതികൾ...മരണത്തിനു വിട്ടുകൊടുക്കാതെ കാത്തുസൂക്ഷിച്ച ജീവന്റെ അടയാളങ്ങള്‍. 

 

29-ാം വയസ്സിലാണ് ഷെല്ലിയുടെ ജീവന്‍ കടലെടുക്കുന്നത്. ഇറ്റലിയിൽ സുഹൃത്തുക്കളെ കാണാൻ പോയതായിരുന്നു കവി. മടക്കയാത്ര സ്വന്തം ബോട്ടിൽ. പ്രിയതമയുടെ അടുത്തേക്കുള്ള തിരിച്ചു പോക്കിന്റെ 

ധൃതി കൂടിയിരുന്നിരിക്കണം. കൊടുങ്കാറ്റടിച്ചു. തോണി മറിഞ്ഞു. കാറും കോളും വകവെയ്ക്കാതെ തുടങ്ങിയ യാത്ര അവസാനിച്ചത് നടുക്കടലില്‍. പാതിവഴിയില്‍ കടലില്‍ പൂര്‍ണമാകാതെ ഒരു കവിത. 

 

ശരീരം കരയ്ക്കടിഞ്ഞത് 10 ദിവസത്തിനുശേഷം. മുഖവും കൈകളും മീനുകളെടുത്തിരിക്കണം. വസ്ത്രമില്ലാത്ത ഭാഗങ്ങളിലൊന്നും മാംസവുമുണ്ടായിരുന്നില്ല. തിരിച്ചറിയാൻ ആകെയുണ്ടായിരുന്നത്‌ പോക്കറ്റിൽ തിരുകിയിരുന്ന ചെറിയൊരു പുസ്തകം മാത്രം - കാല്‍പനികതയുടെ വസന്തം വിരിയിച്ച ജോൺ കീറ്റ്സിന്റെ കവിതകൾ. 

 

മൃതശരീരം വന്നടിഞ്ഞ കടൽത്തീരത്തെ കുമ്മായമണ്ണിൽ തന്നെ ഷെല്ലിക്ക് അന്ത്യവിശ്രമം. അതിവേഗം ചടങ്ങ് തീരാന്‍ കാരണം ഇറ്റാലിയൻ സംസ്കാര ചടങ്ങുകളുടെ കര്‍ശന നിയന്ത്രണം. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി യത് മൂവർ സംഘം -  കവികളായ ലോർഡ് ബൈറൺ, ലെയ്‌ ഹണ്ട്, നോവലിസ്റ്റായ ട്രെലോണി. 

പ്രിയ സുഹൃത്ത് മികച്ച യാത്രയയപ്പ് അർഹിക്കുന്നുവെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. മറവു ചെയ്തിടത്തു നിന്ന് അവര്‍  ഷെല്ലിയുടെ ശരീരം പിന്നീട് പുറത്തെടുത്തു. അതു നീലിച്ചിരുന്നു. ഏറെ പണിപ്പെട്ട്  ദഹിപ്പിക്കാനായി ചിതയൊരുക്കി. ഷെല്ലിക്ക് ഏറെ താല്‍പര്യം ഉണ്ടായിരുന്ന ഗ്രീക്ക് വിശ്വാസം അനുസരിച്ചു തന്നെ മടക്കയാത്രയ്ക്ക് തീരുമാനിച്ചു. എണ്ണയും വീഞ്ഞും പുരട്ടി മൃതദേഹം ചിതയിൽ കിടത്തി. തീ കൊളുത്തി. കടൽ യാത്രയ്ക്കിറങ്ങിയ കൂട്ടുകാരന്റെ ഉപ്പുടൽ കത്തിയമരുന്നതും കണ്ട് അവര്‍ നിന്നു; സുഹൃത്തിന്റെ ചാരെ... തീരത്തോടു ചേര്‍ന്ന്. 

 

മണിക്കൂറുകൾ പലതു പിന്നിട്ടു. വേവുന്ന തീയിൽ അടർന്നു മാറിക്കൊണ്ടിരുന്ന കവിശരീരം ദുഃഖ ചിത്രമായി. താങ്ങാനാകാതെ ബൈറണും ഹണ്ടും മാറിക്കളഞ്ഞു. ട്രെലോണി തനിച്ച്. നോക്കി നില്‍ക്കെ അയാള്‍ അത്ഭുതപ്പെട്ടു. എല്ലും ചാരവും മാത്രം ബാക്കിയാകേണ്ടിയിരുന്ന ചിതയില്‍ തീയെടുക്കാതെ ഒരു വസ്തു. ഷെല്ലിയുടെ ഹൃദയം! ആലോചിച്ചു നിൽക്കാൻ നേരമുണ്ടായിരുന്നില്ല. ചൂടു കനലിൽ നിന്ന് അയാളത് കൈക്കലാക്കി. അതിനിടെ കൈകൾക്ക് പൊള്ളലുമേറ്റു.

 

പിന്നെ നടന്നതൊരു ശീത യുദ്ധം. ഹൃദയത്തിന്റെ അവകാശം പറഞ്ഞുള്ള യുദ്ധം. ജീവിച്ചിരുന്നപ്പോഴും ആ ഹൃദയത്തിന് പല അവകാശികളായിരുന്നല്ലോ; ആദ്യ ഭാര്യ ഹാരിയറ്റ്, രണ്ടാം ഭാര്യ മേരി,  സുഹൃത്ത് ജെയ്ൻ...ഇത്തവണ പക്ഷേ  തർക്കം നടന്നത് ലെയ് ഹണ്ടും മേരിയും തമ്മിൽ. ഒടുവിൽ ഹണ്ട് വഴങ്ങി. ഷെല്ലിയുടെ ഹൃദയം അങ്ങനെ മേരിയുടെ കയ്യിലെത്തി.  അഗ്നിയുപേക്ഷിച്ച പ്രിയപ്പെട്ടവന്റെ ഓർമ്മ മേശവലിപ്പില്‍ അവര്‍ സൂക്ഷിച്ചു. നീണ്ട മൂന്നു പതിറ്റാണ്ട്. 

 

1889 ൽ ഷെല്ലി- മേരി ഷെല്ലി ദമ്പതികളുടെ മകൻ പേഴ്സി ഫ്ലോറെൻസ് ഷെല്ലി മരിച്ചു. അടക്കം ബോസ്കോമ്പിലെ കുടുംബക്കല്ലറയിൽ. മേരിയും മകനുമില്ലാത്ത ലോകത്ത് ഷെല്ലിയുടെ ഹൃദയമെന്തിന്. അവർക്കൊപ്പം അതും മണ്ണിലലിഞ്ഞു.

 

ട്രെലോണിക്ക് അന്ന് ചിതയിൽ നിന്ന്  കിട്ടിയത് ഷെല്ലിയുടെ ഹൃദയമല്ല, കരളായിരുന്നിരിക്കണം എന്നൊരു വാദം പിന്നീടുണ്ടായി. ഉപ്പുവെള്ളത്തിൽ കുതിർന്ന് ചുരുങ്ങിയ കരൾ ചൂടിനെ പ്രതിരോധിച്ചിരിക്കാം എന്നാണ് നിഗമനം. കരളോ ഹൃദയമോ ആകട്ടെ...ഷെല്ലി കീറ്റ്സിനെഴുതിയ വിലാപകാവ്യത്തിന്റെ താളുകൾക്കുള്ളിലാണ് മേരി അതു സൂക്ഷിച്ചിരുന്നത്. 

 

 

മരണം മറന്നു പോയ കവിതയും മരണമില്ലാത്ത മറ്റൊരു കവിതയും. അടഞ്ഞ മേശ വലിപ്പിനുള്ളിൽ ഒട്ടിക്കൂടിയിരുന്ന് അവരെന്തെല്ലാം മന്ത്രിച്ചിട്ടുണ്ടാകണം. എത്രമാത്രം കവിതകള്‍ ചൊല്ലിയിരിക്കും. എന്തെല്ലാം കാല്‍പനിക സ്വപ്നങ്ങള്‍ കണ്ടിരിക്കും... മേശയോട് ചേർന്നിരുന്ന് എഴുത്തു തുടർന്നിരുന്ന മേരിക്ക് മാത്രമറിയാം ! 

 

English Summary :  Mary Shelly Carried Around Her Dead Husband's (Percy Bysshe Shelley's) Heart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com