ADVERTISEMENT

കോഴികളെ വളർത്തിയാണ് ആ പാവം കർഷകൻ ജീവിച്ചിരുന്നത്. ധനികനായ അയൽക്കാരന് എന്നും പരാതിയാണ് – കോഴികൾ അയാളുടെ മുറ്റത്തെത്തുന്നു. ഒരു ദിവസം അയാൾ പറഞ്ഞു: ഇനി നിന്റെ കോഴികൾ എന്റെ പറമ്പിൽ വന്നാൽ ഞാനവയെ കൊല്ലും. അന്നുമുതൽ കർഷകൻ അക്കാര്യം ശ്രദ്ധിച്ചു തുടങ്ങി. 

 

 

പക്ഷേ, ഒരു ദിവസം കോഴികളെ തുറന്നുവിട്ടു കർഷകൻ പുറത്തുപോയി. ‌തിരിച്ചെത്തിയപ്പോൾ 4 കോഴികളെ കൊന്നു മുറ്റത്തിട്ടിരിക്കുന്നു. ഒന്നും പറയാതെ, കർഷകൻ കോഴിക്കറിവച്ച് അയൽവീട്ടിലെത്തി. ‘ക്ഷമിക്കണം. എന്റെ തെറ്റാണ്. കോഴികൾ ഇവിടെ വരാതെ ഞാൻ നോക്കേണ്ടതായിരുന്നു. ഈ കോഴിക്കറി സ്വീകരിക്കണം. ഞങ്ങൾക്ക് അയൽക്കാരായി നിങ്ങളല്ലേയുള്ളൂ’. അന്നു ധനികന് ഉറങ്ങാനായില്ല. പിറ്റേന്ന് അയാൾ പറമ്പുകളെ വേർതിരിച്ചിരുന്ന വേലി പൊളിച്ചുകളഞ്ഞു. എന്നിട്ടു പറഞ്ഞു: ക്ഷമിക്കണം. ഇനി കോഴികളെ വളർത്താതിരിക്കരുത്. ഞങ്ങൾക്കും നിങ്ങളല്ലേയുള്ളൂ. 

 

 

കാലിൽവീണു ക്ഷമ ചോദിക്കുന്നവനു മുന്നിൽ ആയുധം വച്ചു കീഴടങ്ങുകയല്ലാതെ മറ്റെന്തു മാർഗം? ഒരാളെ തോൽപിക്കാനുള്ള എളുപ്പമാർഗം, അയാളുടെ ഹൃദയം കീഴടക്കുകയാണ്. കെട്ടിപ്പൊക്കിയ മതിലുകളുടെ അപ്പുറത്തും ഇപ്പുറത്തും നിന്ന് ഉരുവിടുന്ന ശാപവാക്കുകൾ കൊണ്ട് എന്തു നേടാനാണ്? ‘എനിക്കു ഞാൻ മാത്രം മതി’ എന്ന അപകടചിന്തയിൽ നിന്നാണ് അന്യരെല്ലാം അനാവശ്യമായി മാറുന്നത്. 

 

 

തന്നിഷ്ടങ്ങളുടെ നടത്തിപ്പുകാർക്ക് അന്യരുടെ ദുഃഖവും നിസ്സഹായതയും മനസ്സിലാകില്ല. ഒരുതവണയെ ങ്കിലും വിശപ്പറിഞ്ഞിട്ടുള്ളവനേ, പട്ടിണിയുടെ അർഥമെങ്കിലും മനസ്സിലാകൂ. നിലനിൽക്കാൻ പാടുപെടുന്ന വരുടെ ജീവിതം ഒരു കാരണവശാലും നിലച്ചുപോകുന്നില്ല എന്ന് ഉറപ്പുവരുത്തുകയാണ് മനുഷ്യധർമം. 

മനസ്സിന്റെ വേലികൾ പൊളിക്കാൻ തയാറാകുന്നവർക്കു മാത്രമേ, മനുഷ്യനായി തുടരാൻ കഴിയൂ. വീശുന്ന കാറ്റിനും ശ്വസിക്കുന്ന വായുവിനും പടരുന്ന വൈറസിനുമൊന്നും വേലികളും മതിലുകളും പ്രസക്തമല്ല എന്ന തിരിച്ചറിവിൽ നിന്നാണ് പുതിയ കവാടങ്ങൾ തുറക്കുന്നത്. 

 

English Summary : Subhadinam, Food For Thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com