sections
MORE

അക്കാദമി, പ്രളയത്തിനും കോവിഡിനുമിടയിൽ‌

Tharangangalil
SHARE

വായന മരിക്കുന്നു എന്ന് ആദ്യം പ്രഖ്യാപിച്ചയാൾ കോവിഡിനു മുൻപേ മരിച്ചുപോയിട്ടുണ്ടാവണം. ഏതായാലും കോവിഡ്മൂലം വായന മരിക്കില്ല എന്നതിനു തെളിവ് നമ്മുടെ സ്വന്തം കേരള സാഹിത്യ അക്കാദമിതന്നെയാണ്. 

രണ്ടേ രണ്ടു പുസ്തകങ്ങൾ വിറ്റപ്പോൾ കേരള സാഹിത്യ അക്കാദമിക്കു കിട്ടിയത് 50 ലക്ഷം രൂപയാണ്. പ്രളയാക്ഷരങ്ങൾ, നവകേരള ചിന്തകൾ എന്നിങ്ങനെ രണ്ടു പുസ്തകങ്ങൾ മലയാളികളെല്ലാം ഓടിനടന്നു വാങ്ങുകയും വായിക്കുകയും ചെയ്തപ്പോൾ അക്കാദമിക്കു കിട്ടിയ പണമാണിത്. 

ലക്ഷം ലക്ഷം പിന്നാലെ എന്നു കൊതിപ്പിക്കുന്ന ഈ വായനവരുമാനം സാഹിത്യ അക്കാദമി മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. മരിക്കാത്ത വായനയെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രിതന്നെ ഇക്കാര്യം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു. 

പഴയതും പുതിയതുമായ പ്രളയകഥകളും അനുഭവങ്ങളും ചേർത്ത് 2018ൽ സാഹിത്യ അക്കാദമി പ്രസിദ്ധീക രിച്ച പുസ്തകമാണ് പ്രളയാക്ഷരങ്ങൾ. 216 പേജ്. വില 200 രൂപ. 2018ലെ വെള്ളപ്പൊക്കത്തിലാണ് നവകേരള ചിന്തകൾ ഉയർന്നുവന്നതെന്നു നമുക്കറിയാം. ആ ചിന്തകൾ കേരള സാഹിത്യ അക്കാദമി പുസ്തകമാക്കി. 

ചിന്താപരമായ പാപ്പരത്തം ഒഴിവാക്കാൻവേണ്ടി മലയാളി വായനക്കാർ ആ പുസ്തകവും വാങ്ങിക്കൂട്ടി. അങ്ങനെ അക്കാദമിക്ക് 50 ലക്ഷം രൂപ കിട്ടി. ആ 50 ലക്ഷം ദാ, ഇപ്പോൾ സർക്കാരിനു നൽകിയിരിക്കുന്നു. പക്ഷേ, 2018 ഡിസംബറിൽ വന്ന വാർത്തകൾ അപ്പുക്കുട്ടൻ ഓർക്കുന്നു. പ്രളയാക്ഷരങ്ങൾ വിറ്റുകിട്ടിയത് ഒരുകോടി രൂപയാണെന്നാണ് അന്ന് അക്കാദമി ഭാരവാഹികൾ പറഞ്ഞത്. അതുതന്നെ രണ്ടേ രണ്ടു മാസംകൊണ്ടു കിട്ടിയതാണെന്നും വാർത്തകളിലുണ്ടായിരുന്നു. 

ആ പുസ്തകം വിറ്റുകിട്ടുന്ന തുക മുഴുവൻ പ്രളയദുരിതാശ്വാസത്തിനു നൽകുമെന്ന് 2018 ഒക്ടോബറിലും ഡിസംബറിലും അക്കാദമി പറഞ്ഞത് പത്രങ്ങളിൽ ഇപ്പോഴും തെളിഞ്ഞുകിടപ്പുണ്ട്. 

ശരി. ഒരു കോടി കിട്ടിയെന്നാണല്ലോ രേഖാമൂലം. ഇപ്പോൾ പക്ഷേ, കോവിഡ് ദുരിതാശ്വാസ നിധിയിലേക്കു നൽകിയത് 50 ലക്ഷം മാത്രം.  ബാക്കി 50 ലക്ഷം എവിടെപ്പോയി സർ? നവകേരള ചിന്തകളുടെ കാര്യത്തിൽ വിറ്റ വിലയൊന്നും അന്നു പത്രത്തിൽ വന്നുകണ്ടില്ല. നവകേരളത്തിൽ അണ–പൈസ കണക്കു പറയുന്നത് ന്യായമല്ലാത്തതുകൊണ്ടാവാം. 

ഒരൊറ്റ പുസ്തകത്തിന്റെ മാത്രം കണക്കെടുത്താൽ 50 ലക്ഷം രൂപ ബാക്കിയുണ്ട്. അപ്പോൾ, വിറ്റുകിട്ടിയ തുക മുഴുവൻ കോവിഡിനു കൊടുത്തു എന്ന പ്രഖ്യാപനത്തിൽ അക്ഷരപ്പിശകും വശപ്പിശകുമുണ്ട്. 2018ലെ പ്രളയം കഴിഞ്ഞു; 2019ലെ പ്രളയവും കഴിഞ്ഞു. പക്ഷേ, വാഗ്ദാനപ്രകാരം പ്രളയാക്ഷരത്തിന്റെ ഒരു പൈസപോലും പ്രളയ ദുരിതാശ്വാസത്തിനു കൊടുത്തില്ല; മുഴുവൻ കോവിഡാശ്വാസത്തിനു കൊടുത്തു. 

ആന കൊടുത്താലും ആശ കൊടുക്കരുതെന്ന് സാഹിത്യ ത്തിലുമുണ്ട്. പക്ഷേ, സാഹിത്യ അക്കാദമി ആനവലുപ്പമുള്ള ആശ കൊടുത്ത് പ്രളയബാധിതരെ പറ്റിച്ചു എന്നു പറഞ്ഞാൽ നവകേരള ചിന്തയായി.  ഒരു കോടി കിട്ടിയെന്ന കണക്കു ശരിയാണെങ്കിൽ, ഇപ്പോൾ 50 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൊടുത്തെന്ന കണക്കു ശരിയാണെങ്കിൽ, 50 ലക്ഷം പ്രളയത്തിൽ ഒഴുകിപ്പോയി എന്നർഥം. യഥാർഥത്തിൽ എത്ര കിട്ടി? എത്ര കൊടുത്തു? എത്ര ഒഴുകിപ്പോയി? ആർക്കറിയാം.

സാഹിത്യ അക്കാദമി നുണ പറയുമെന്ന് അപ്പുക്കുട്ടൻ‌ വിചാരിക്കുന്നില്ല. സാഹിത്യത്തിൽ നുണയില്ല. നുണയെന്നു തോന്നുന്ന നേരാണു സ്നേഹം എന്ന് ഏതോ കവി പാടിയതുപോലെ സാഹിത്യത്തിൽ നുണയെന്നു തോന്നുന്നത് ഭാവനയാണ്. 50 ലക്ഷത്തിന്റെ ഭാവന അത്ര ചെറുതല്ല!

English Summary : Kerala Sahithya Academy Covid Donation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;