sections
MORE

‘എലമെന്ററി മൈ ഡിയർ വാട്സൺ!’ – ഹോംസ് ഇനിയുമുറങ്ങിയിട്ടില്ല...

Arthur Conan Doyle
SHARE

തന്റെ തന്നെ കഥാപാത്രത്താൽ ഇത്രയേറെ ‘കഷ്ടപ്പെട്ട’ മറ്റൊരു സാഹിത്യകാരനും കാണില്ല. എങ്ങനെ ഇത്തരത്തിൽ ചിന്തിക്കാതിരിക്കും? സ്വന്തം പേരിനും പ്രസിദ്ധിക്കും മുകളിൽ കഥാപാത്രം വളർന്നു പന്തലിച്ചതു പോകട്ടെ, സ്വന്തം ജന്മദിനം പോലും കഥാപാത്രത്തിന്റെ പേരിലറിയപ്പെടുക എന്നുവന്നാൽ ! സ്രഷ്ടാവിനെ വിസ്മൃതിയിലാക്കി ലോകമൊട്ടാകെ ആരാധകരെ നേടിയ അനശ്വരനായ അപസർപ്പകൻ ഷെർലക് ഹോംസിന്റെ സ്രഷ്ടാവ് സർ ആർതർ കോനൻ ഡോയലിന്റെ ജന്മദിനമാണ് കഥാപാത്രത്തി ന്റേതായി ആചരിക്കപ്പെടുന്നത്! 

1859 മേയ് 22ന് സ്കോട്ട്ലൻഡിലെ എഡിൻബറയിലാണ് കോനൻ ഡോയലിന്റെ ജനനം. മെഡിക്കൽ ബിരുദം നേടിയ ശേഷം സ്വകാര്യ പ്രാക്ടീസ് ആരംഭിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. ജീവിത മാർഗത്തിനാ യാണ് ഡോയൽ എഴുത്തിന്റെ വഴി തിരഞ്ഞെടുത്തത്. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഒന്നുരണ്ടു കൃതികളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചെങ്കിലും വലിയ പ്രതികരണമൊന്നും ലഭിച്ചില്ല.

അങ്ങനെയാണ് ഒരു ഡിറ്റക്ടീവ് കഥാപാത്രത്തെ സൃഷ്ടിക്കുന്നതിലേക്ക് ഡോയൽ ശ്രദ്ധ തിരിക്കുന്നത്. അതുവരെ ജനപ്രീതി നേടിയിരുന്ന മറ്റു ഡിറ്റക്ടീവ് കഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തനായ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നതിന് തലപുകയ്ക്കുമ്പോഴാണ് മെഡിക്കൽ കോളജിലെ പഠനകാലത്ത് തന്റെ ഗുരുവായിരുന്ന ഡോ. ജോസഫ് ബെൽ ഡോയലിന്റെ ഓർമയിലെത്തിയത്. അസാമാന്യ നിരീക്ഷണ പാടവമായിരുന്നു ബെല്ലിന്റെ പ്രത്യേകത. തന്റെ മുന്നിൽ എത്തുന്നവരെ അവരുടെ വേഷവിധാനത്തിൽ നിന്നും സ്വഭാവരീതികളിൽ നിന്നും മനസ്സിലാക്കിയെടുക്കാൻ ബെല്ലിന് കഴിയുമായിരുന്നു. തന്റെ കഥാപാത്രത്തിലേക്ക് ഡോയൽ സന്നിവേശിപ്പിച്ചതും ഇതേ നിരീക്ഷണപാടവമായിരുന്നു. 

ആദ്യ നോവലായ സ്റ്റഡി ഇൻ സ്കാർലറ്റ് പൂർത്തിയാക്കിയപ്പോൾ നായക കഥാപാത്രത്തിന് അദ്ദേഹം നൽകിയിരുന്ന പേര് ഷ്റിൻ ഫോഡ് ഹോംസ് എന്നും സുഹൃത്തിനു നൽകിയ പേര് പേർ ഓർ മോൺഡ് സാക്കർ എന്നുമായിരുന്നു. പിന്നീടാണ് അത് ഷെർലക് ഹോംസും  ഡോ. വാട്സണുമായത്. 

കടുത്ത ക്രിക്കറ്റ് ആരാധകനായിരുന്ന ഡോയൽ അക്കാലത്തെ പ്രമുഖതാരമായിരുന്ന ഷെർലകിന്റെയും ശാസ്ത്രജ്ഞനായിരുന്ന ഹോംസിന്റെയും പേരുകൾ കൂട്ടിച്ചേർത്താണ് ഷെർലക് ഹോംസ് എന്ന പേരുണ്ടാക്കിയത്. അതുവരെയുണ്ടായിരുന്നു കുറ്റാന്വേഷക കഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തമായി ശാസ്ത്രീയ മാർഗങ്ങളും അതിശയകരമായ ബുദ്ധിശക്തിയുടെയും നിരീക്ഷണത്തിന്റെയും മികവും കൊണ്ട് കേസ് തെളിയിക്കുന്ന പുതിയ കഥാപാത്രം വളരെ പെട്ടെന്ന് ജനപ്രീതിയാർജ്ജിച്ചു. തുടർച്ചായി ഇറങ്ങിയ നോവലുകളും കഥകളും ഷെർലക് ഹോംസിനെ ലോകപ്രശസ്തനാക്കി. 

Sherlock Holmes

ഹോംസിന്റെ ജനപ്രീതി സാമ്പത്തികമായി ഡോയലിന് നേട്ടം സമ്മാനിച്ചെങ്കിലും മാനസികമായി അദ്ദേഹത്തിന് മടുപ്പുളവാക്കുകയാണുണ്ടായത്. ഇതേസമയത്തു തന്നെ ചില ശാസ്ത്രഗ്രന്ഥങ്ങളും മറ്റും രചിച്ചെങ്കിലും അവയൊന്നും അദ്ദേഹം പ്രതീക്ഷിച്ചത്ര വിജയം കണ്ടില്ല. ദ് വൈറ്റ് കമ്പനി തുടങ്ങി പ്രശസ്തമായ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചെങ്കിലും അവയെല്ലാം ഹോംസ് കഥകളുടെ വെള്ളിവെളിച്ചത്തിൽ മങ്ങിപ്പോയി. സ്രഷ്ടാവിനെ വിസ്മരിപ്പിച്ച് മാനംമുട്ടെ ഷെർലക് ഹോംസ് വളർന്നു പന്തലിച്ചപ്പോൾ അതിലേറെ പ്രാധാന്യം കൊടുത്ത് താൻ എഴുതിയ മറ്റു ഗ്രന്ഥങ്ങൾക്ക് ആരും ശ്രദ്ധ കൊടുക്കുന്നില്ലെന്ന് കണ്ട ഡോയൽ ഫൈനൽ പ്രോബ്ലം എന്ന കഥയിൽ ഹോംസ് മരിക്കുന്നതായി എഴുതിയവസാനിപ്പിച്ചു. 

ലോകമെമ്പാടും നിന്ന് വലിയ പ്രതിഷേധമാണ് ഡോയലിനു നേരിടേണ്ടിവന്നത്. ഹോംസിനെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കത്തുകൾ അദ്ദേഹത്തിന് ലഭിച്ചു. ഭീഷണികളെയും പ്രതിഷേധത്തെയും തുടർന്ന് അദ്ദേഹത്തിന് താമസം മാറേണ്ട അവസ്ഥ വരെയുണ്ടായി. പ്രസാധകരും അദ്ദേഹത്തിൽ കടുത്ത സമ്മർദ്ദം ചെലുത്തി. ആദ്യമൊക്കെ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നെങ്കിലും ആരാധകരുടെ പ്രതിഷേധം കണക്കിലെടുത്ത് ‘ദ് സീക്രട്ട് ഓഫ് എംപ്റ്റി ഹൗസ്’ എന്ന കഥയിലൂടെ അദ്ദേഹം ഹോംസിനെ തിരിച്ചുകൊണ്ടുവന്നു. 

നാലു നോവലുകളും നിരവധി ചെറുകഥകളും ചേർന്നതാണ് ഷെർലക് ഹോംസ് പരമ്പര. ദ് ഹൗണ്ട് ഓഫ് ബാസ്കർവിൽ ആണ് ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷെർലക്ഹോംസ് നോവൽ.1902 ൽ ഡോയലിന് സർ ബഹുമതി ലഭിച്ചു. ഷെർലക് ഹോംസിനാകട്ടെ ഇംഗ്ലണ്ടിലെ ലോകപ്രസിദ്ധമായ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ഓണററി ഫെലോഷിപ്പ് നൽകി അംഗീകരിക്കുകയുണ്ടായി. 

യുക്തിചിന്തയ്ക്കും ശാസ്ത്രീയതയ്ക്കും ചരിത്രാവബോധത്തിനും അപസർപ്പക സാഹിത്യത്തിൽ പ്രവേശനം നൽകിയെന്നതാണ് ഡോയലിന്റെ ഏറ്റവും വലിയ സംഭാവന. ഷെർലക് ഹോംസ് പരമ്പരയിലൂടെ അദ്ദേഹം കൊണ്ടുവന്ന അപഗ്രഥനമാർഗങ്ങൾ പിന്നീട് യഥാർഥ കുറ്റാന്വേഷകർ സ്വീകരിച്ചു. ഒരു കഥാപാത്രം യഥാർഥത്തിൽ ജീവിച്ചിരുന്നെന്ന് വിശ്വസിക്കപ്പെടുന്നത് ചരിത്രത്തിൽ തന്നെ അത്യപൂർവമാണ്. ഷെർലക് ഹോംസ് സൊസൈറ്റിയും അതിന് സ്വന്തമായി മാസികയും 221 ബി, ബേക്കർ സ്ട്രീറ്റ്, ലണ്ടൻ എന്ന വിലാസത്തിലെ ഹോംസ് മ്യൂസിയവും ആരാധകരുടെ ഇൗ വിശ്വാസത്തെ ബലപ്പെടുത്തുന്നതാണ്. ഇന്നും നിരവധി പേരാണ് തങ്ങളുടെ ആരാധനാപാത്രമായ ഡിറ്റക്ടീവിനെ കാണാൻ മ്യൂസിയത്തിലെത്തുന്നത്. ‌

ഹോംസാകുന്ന ഡോയൽ

ഡിറ്റക്ടീവ് കഥാപാത്രത്തെ സൃഷ്ടിച്ച കഥാകാരനും വ്യക്തിജീവിതത്തിൽ ഡിറ്റക്ടീവായിട്ടുണ്ട്. ലണ്ടനിൽ ഒരു കേസിൽ കുടുങ്ങിയ നിരപരാധിയെ രക്ഷിക്കാൻ അദ്ദേഹം അന്വേഷണത്തിനിറങ്ങി. തന്റെ കഥാപാത്രത്തിന്റെ വൈദഗ്ധ്യം കടമെടുത്ത ഡോയൽ നിരപരാധിയെ രക്ഷിക്കുകയും തെളിവു സഹിതം  യഥാർഥ കുറ്റവാളിയെ കണ്ടെത്തുകയും ചെയ്തു. കേസുകളുമായി ബന്ധപ്പെട്ട് തനിക്ക് വരുന്ന കത്തുകളിൽ ചില നിർദ്ദേശങ്ങളും അദ്ദേഹം നൽകിയിരുന്നു.

ഡോയലും ജയിംസ് ബോണ്ടും

ആർതർ കോനൻ ഡോയൽ മെഡിസിന്‍ പഠനം പൂർത്തിയായ സമയത്ത്  സ്വന്തം രൂപം കാർട്ടൂണായി വരച്ച് ഒരു അടിക്കുറിപ്പ് കൊടുത്തു ‘ലൈസൻസ്‌ഡ് ടു കിൽ’. പിന്നീട് സാക്ഷാൽ ജയിംസ് ബോണ്ടിലൂടെ ഇൗ വരി അനശ്വരമായി എന്നത് ചരിത്രം.

അടിക്കുറിപ്പ് : കഥാപാത്രം ഇത്രയേറെ ‘ബുദ്ധിമുട്ടു’കളുണ്ടാ ക്കിയെങ്കിലും ഷെർലക് ഹോംസിനെ തിരികെ കൊണ്ടുവന്ന കഥയ്ക്ക് ഡോയലിന് ഓരോ വാക്കിനും 100 പൗണ്ട് എന്ന കണക്കിലാണ് പ്രതിഫലം ലഭിച്ചത്!

English Summary : In Memories Of Sir Arthur Conan Doyle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;