ADVERTISEMENT

പത്തോ ഇരുപതോ വർഷത്തിനുശേഷം കാണുന്ന ഒരു സുഹൃത്ത് എന്നെ വല്ലാതെ ബോറടിപ്പിച്ചേക്കും എന്ന പേടിയുള്ളതിനാൽ ഞാൻ പഴയ സുഹൃത്തുക്കളെ അധികം തിരയാറില്ല. ചെറുപ്പത്തിലെ ഇഷ്ടങ്ങളും ശീലങ്ങളും ചിന്തകളും അതേപോലെ മടങ്ങിയെത്തുമെങ്കിൽ അത് രസകരമാകുമോ? എനിക്ക് സംശയമുണ്ട്. എങ്കിലും ആദ്യകാല സ്നേഹങ്ങളോളം മനോഹരമായ മറ്റൊരു അനുഭവവും ഇല്ലെന്നതാണു വാസ്തവം. അത്തരം സന്ദർഭങ്ങളിലെ നമ്മിലെ ബാലിശത തന്നെയാണു രസകരമാകുക.

 

2016 ലിറങ്ങിയ നെറ്റ്ഫ്ലിക്സ് സിനിമയായ ‘ബ്ലൂജേ’ യിൽനിന്ന് 2018 ൽ തമിഴിലിറങ്ങിയ ‘96’ലേക്കുള്ള ദൂരം ആലോചിക്കുകയായിരുന്നു. തൊണ്ണൂറുകളിൽ സ്കൂൾ ജീവിതം പൂർത്തിയാക്കിയ രണ്ടു കമിതാക്കൾ 20 വർഷത്തിനുശേഷം കണ്ടുമുട്ടുന്നതാണ് രണ്ടു സിനിമയിലും പ്രമേയം. ഒരു പകലും രാത്രിയും അവർ ഒരുമിച്ചു ചെലവഴിച്ചശേഷം പിരിയുന്നു. ഒരേ പ്രമേയത്തിനുമേൽ രണ്ടു ഭിന്ന സംസ്കൃതിയിൽനിന്നുള്ള ചലച്ചിത്രകാരന്മാരുടെ സാമ്യങ്ങളില്ലാത്ത ട്രീറ്റ്മെന്റാണു നാം കാണുന്നത്; ഭാവുകത്വത്തിലെ വലിയ അന്തരവും. 90 കളിൽ അമേരിക്കൻ ടീനേജിനെ സ്വാധീനിച്ച ഗാനങ്ങളും ടിവിഷോകളുമാണു ‘ബ്ലൂജേ’യിൽ ഇരുവരുടെയും കൗമാരപ്രേമത്തിന്റെ വൈകാരികപ്രദേശങ്ങളെങ്കിൽ ‘96’ൽ അത് ഇളയരാജയും എസ്. ജാനകിയുമാണ്.

 

 

Ezhuthumehsa

ഒരു മനുഷ്യനു സന്തോഷിക്കാനുള്ള എല്ലാം ഉണ്ടായിരിക്കുമ്പോഴും ചിലനേരങ്ങളിൽ എവിടെനിന്നോ ഒരു ദുഃഖം ഉളളിൽ ഉയർന്നു വരും. അതെവിടെനിന്നാണ് എന്ന് ‘ബ്ലൂജേ’ യിലെ അമാൻഡ ജിമ്മിനോടു ചോദിക്കുന്നു. ദുഃഖിക്കാനർഹതയില്ലെങ്കിലും വരുന്ന ദുഃഖമെവിടെനിന്നാണ് എന്ന ചോദ്യമാണ് രണ്ടു സിനിമയുടെയും ആത്മാവ് എന്നു വേണമെങ്കിൽ പറയാം. നിങ്ങൾ നേടുന്ന ജീവിതവിജയങ്ങൾ ആ ദുഃഖത്തെ ഇല്ലാതാക്കാൻ കഴിവുള്ളതല്ല. 

 

 

96 ലെ നായകൻ അറിയപ്പെടുന്ന വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറാണ്, അയാൾ പരാജയപ്പെട്ടവനല്ല. അയാളുടെ വിദ്യാർഥികൾ അയാളെ ആരാധനയോടെയാണു നോക്കുന്നത്. ബ്ലൂജേയിലെ നായകൻ പക്ഷേ ജോലി നഷ്ടമായവനാണ്. കാമുകിക്കു മുന്നിൽ റാമിനെപ്പോലെ കുഴഞ്ഞുവീഴുന്നതിനു പകരം ഇടയ്ക്കിടെ കണ്ണീരൊഴുക്കും.

 

 

Ezhuthumehsa

പൂർണമായും ബ്ലാക് ആൻഡ് വൈറ്റിലുള്ള ബ്ലൂജേ, വാഷിങ്ടനു സമീപമുള്ള ചെറുതടാകതീര പട്ടണത്തിലാണു ചിത്രീകരിച്ചത്. വിജനത നിറഞ്ഞ ഒരൊറ്റ രാത്രിയുടെ ഇരുളും വെളിച്ചവും മാത്രമുള്ള കഥയാണത്. ജിമ്മിനെ അവതരിപ്പിച്ച മാർക് ഡൂപ്ലാസു തന്നെയാണു തിരക്കഥയും. അമാൻഡയെ മാസ്മരികമാക്കിയ സാറാ പോൾസനെ കാണാൻ വേണ്ടി മാത്രമായും ഈ സിനിമ കാണാവുന്നതാണ്.

 

 

ഈ സിനിമയിലെ ഒരു രംഗത്തിൽ, എന്താണ് അഭിരുചി, എന്താണ് അതിലെ വ്യത്യാസങ്ങൾ എന്ന് കൗശലപൂർവം വിശദീകരിക്കുന്ന ഒരു രംഗമുണ്ട്. എല്ലാ നോവലുകളും ഒരേതരമല്ല അതിനാൽ എല്ലാ വായനയും ഒരേപോലെയല്ല. സ്കൂൾകാലത്ത് താൻ പതിവായി പോയിരുന്ന ജിമ്മിന്റെ വീട്ടിൽ അമാൻഡ 20 വർഷത്തിനുശേഷം എത്തുമ്പോൾ, അയാളുടെ അമ്മ മരിച്ചുപോയിരുന്നു. അവരുടെ പുസ്തക അലമാര കാണുന്നു. തല്ലിപ്പൊളി റൊമാൻസ് നോവലുകളുടെ ഒരു വലിയ ശേഖരം അവിടെയുണ്ട്. 800 ലേറെ പുസ്തകങ്ങൾ. അതുകണ്ട് അന്തംവിട്ട അമാൻഡ, അത് തങ്ങൾ പഠിക്കുന്ന കാലത്ത് അവിടെ ഉണ്ടായിരുന്നില്ലല്ലോ എന്നു ജിമ്മിനോടു പറയുന്നു. 

 

 

ശരിയാണ്. അത് ജിം വീടുവിട്ടുനിന്ന കാലത്ത് അമ്മ വാങ്ങിസൂക്ഷിച്ചതാണ്. അമാൻഡ സ്കൂളിൽ പഠിക്കു മ്പോൾ നല്ല വായനക്കാരിയായിരുന്നുവല്ലോ, അവൾ വുതറിങ് ഹൈറ്റ്സ് തന്നെക്കൊണ്ടു നിർബന്ധിച്ചു വായിപ്പിച്ചതല്ലേ എന്ന് പറയുന്ന ജിം, ഈ നോവൽശേഖരം അന്നുണ്ടായിരുന്നുവെങ്കിൽ അവൾക്കു വായിക്കാ മായിരുന്നുവെന്നു ചിരിയോടെ പറയുന്നു. അമാൻഡ അതിനോടു യോജിക്കുന്നില്ല. താൻ ഇതൊരിക്കലും വായിക്കാൻ പോകുന്നില്ല. കാരണം വുതറിങ് ഹൈറ്റ്സ് പോലെയല്ല ഇവയൊന്നും. തമ്മിൽ താരതമ്യം ചെയ്യുന്നതുപോലും മഹാപാപമാകുമെന്നും അവൾ ഓർമിപ്പിക്കുന്നു. 

 

 

ആ വ്യത്യാസം ചൂണ്ടിക്കാട്ടാൻ അവൾ ആ കൂട്ടത്തിൽനിന്ന് ഒരെണ്ണമെടുത്തു പകുത്തു നാലുവാക്യം ഉറക്കെ വായിക്കുന്നുണ്ട്. എല്ലാ കഥയിലും പ്രേമമുണ്ടെങ്കിലും എല്ലാ കഥയും ഒരേപോലെയല്ല. അത്തരമൊരു പുസ്തകശേഖരം വായിച്ചു ജീവിതം കഴിച്ചുകൂട്ടുന്നതിൽ രോഗാതുരതയുണ്ടെന്നും അവൾ സൂചിപ്പിക്കു ന്നുണ്ട്. അഭിരുചികളിലെ ഭിന്നതകൾ സംബന്ധിച്ച് ഇതിലും എളുപ്പം വിവരിക്കാനാവില്ല.

 

 

പുസ്തകങ്ങളിൽ ഏതിനമാണു നിങ്ങൾക്കു വേണ്ടതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഓരോരുത്തരും അവരുടെ ആവശ്യത്തിനു ചേരുന്നത് തിരഞ്ഞുപോകുന്നു. ഒരു ഉദാഹരണം പറ‍ഞ്ഞാൽ, ഗാന്ധിജി ടോൾ സ്റ്റോയിയുടെ ആരാധകനായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ജൊഹാനസ്ബർഗിനു സമീപം അദ്ദേഹം സ്ഥാപിച്ച ആശ്രമത്തിന്റെ പേർ ടോൾസ്റ്റോയി ഫാം എന്നായിരുന്നു. 

 

 

ടോൾസ്റ്റോയി മുന്നോട്ടുവച്ച കമ്യൂൺ ജീവിതമായിരുന്നു ഗാന്ധിജിയെ ആകർഷിച്ചത്, ടോൾസ്റ്റോയിയുടെ നോവൽ സാഹിത്യമായിരുന്നില്ല. ടോൾസ്റ്റോയി തന്നെയും തന്റെ നോവലുകളെ ഉപേക്ഷിച്ചുകഴിഞ്ഞ കാലത്ത് അദ്ദേഹമെഴുതിയ ‘ദ് കിങ്ഡം ഓഫ് ഗോഡ് വിതിൻ യൂ’ എന്ന പുസ്തകമാണു ഗാന്ധിജിയുടെ ജീവിതം മാറ്റിമറിച്ച പുസ്തകങ്ങളിലൊന്ന്. ഇതാവാം ഗാന്ധിജി വായിച്ച ഏക ടോൾസ്റ്റോയി പുസ്തകം.

 

 

ഗാന്ധിജിയുടെ കത്തിനു മറുപടിയെഴുതിയ ടോൾസ്റ്റോയിക്കും തന്റെ ആരാധകൻ തന്റെ നോവലുകൾ വായിച്ചിട്ടുണ്ടോ എന്നറിയാൻ ആഗ്രഹമുണ്ടായില്ല. ദൃശ്യ വിനോദപരിപാടികളിൽ അധിഷ്ഠിതമായ ഡിജിറ്റൽ ലോകം നമ്മുടെ വായനയുടെ സ്വഭാവത്തെ മാറ്റിമറിച്ച കാലത്തു. പക്ഷേ പുസ്തകങ്ങളു‍ടെ ഭാവി തന്നെ മറ്റൊരു ദിശയിലാകുന്നുണ്ട്. അച്ചടിച്ച വാക്കുകളിൽ മിഴിയുറപ്പിച്ചും അതിലേക്ക് ഊറിയിറങ്ങിയും നടത്തുന്ന വായന ലോകമെങ്ങും വലിയതോതിൽ ഇല്ലാതായിട്ടുണ്ട്. ‘ഡീപ് റീഡിങ് ’എന്ന ഗുണവിശേഷം ദുർബലമാകുന്നതിനെ മുൻനിർത്തി മേരിആൻ വുൾഫ് എഴുതിയ ‘റീഡർ, കം ഹോം’ (2018) എന്ന കൃതി, പാഠവുമായുള്ള വൈരുദ്ധ്യാധിഷ്ഠിത പ്രക്രിയയിലേക്കു റീഡറെ ക്ഷണിക്കുന്ന ഇടപെടൽ ഇപ്പോഴുണ്ടാ കുന്നില്ലെന്ന് വാദിക്കുന്നു. 

 

 

എഴുത്തിന്റെ ഒരു തുടർച്ചയാണു വായന എന്ന കാഴ്ചപ്പാടാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. ഇലക്ട്രോണി ക് സ്ക്രീനുകൾക്കുമേലുളള മനുഷ്യരുടെ അമിത ആശ്രിതത്വം വാക്കുകളിൽമേലുള്ള അവരുടെ ശ്രദ്ധാപരിധി യെ (അറ്റൻഷൻ സ്പാൻ) പരിമിതിമാക്കിയെന്നതു യാഥാർഥ്യമാണ്. ഡിജിറ്റൽ ലോകവുമായുള്ള നിരന്തരമായ സമ്പ‍ർക്കം ലോകത്തെ വ്യാഖ്യാനിക്കാനും അറിയാനുമുള്ള നമ്മുടെ ശേഷികളെ മാറ്റിമറിച്ചിട്ടുണ്ട്. acquired social autism എന്നാണ് ഈ അവസ്ഥയെ മരിയൻ വുൾഫ് വിശേഷിപ്പിക്കുന്നത്. 

 

 

ട്രംപ് അടക്കമുള്ള നേതാക്കൾ പ്രതിനിധാനം ചെയ്യുന്ന സങ്കുചിത ദേശീയതയിലോ വംശീയതയിലോ അധിഷ്ഠിതമായ ജനപ്രിയരാഷ്ട്രീയത്തിലേക്ക് ജനങ്ങളെ ആട്ടിത്തെളിച്ചുകൊണ്ടുപോകാൻ ഉതകുന്ന സ്ഥിരമായ കൗമാരധൈഷണികാവസ്ഥയാണത്രേ അത്. ജീവിതകാലമത്രയും പൈങ്കിളിനോവലുകൾ വായിക്കുമെന്ന് ബ്ലൂജേയിലെ നായകൻ പറയുന്നിടത്ത്, എന്നേ അവനെ വിട്ടുപോയ നായിക ഒരു വിഷാദരോഗമാണു കാണുന്നത്.

 

 

ഡബ്ല്യു. ജി. സെയ്ബാൾഡിനെയോ ആനന്ദിനെയോ പട്ടത്തുവിളയെയോ വായിക്കുന്ന ഒരാളിൽ സ്വാഭാവികമായും രൂപമെടുക്കുന്ന ഭാവുകത്വ നിലവാരം ഉണ്ട്. സംസാരത്തിലോ എഴുത്തിലോ അയാൾക്കത് ഒളിപ്പിക്കാനാവില്ലെന്ന് എനിക്കു തോന്നുന്നു. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഒരിക്കൽ ജില്ലാതലത്തിൽ പ്രസംഗമത്സരത്തിനു പോയി. സമ്മാനം പ്രഖ്യാപിച്ചപ്പോൾ എനിക്കൊന്നും കിട്ടിയില്ല. അവിടെ വച്ചു പരിചയപ്പെട്ട ഒരു പെൺകുട്ടി എന്റെ പ്രസംഗം കേൾക്കാൻ വന്നിരുന്നു. അവൾ എന്നോടു പറഞ്ഞു: നിന്റെ പ്രസംഗം നന്ന്. പക്ഷേ നിനക്കു വലിയ ഒരു പിഴവു പറ്റി. അതാണു സമ്മാനം കിട്ടാതെ പോയത്.

 

 

ഞാൻ ചോദിച്ചു: എന്താണത്? അവൾ മറുപടി പറഞ്ഞു: ഒരു വാക്ക് നീ പ്രസംഗത്തിൽ തെറ്റിച്ചാണ് ഉച്ചരിച്ചത്. ഒരു പ്രാവശ്യമല്ല, പല തവണ. എത്ര ശ്രമിച്ചാലും ആ വാക്ക് എനിക്കു തെറ്റിപ്പോകാറുണ്ടെന്ന് ഞാൻ അവളോട് പറഞ്ഞു. അവൾ പരിഹാരം പറഞ്ഞു: ആ വാക്ക് ഉപയോഗിക്കാതിരിക്കുക. അന്ന് കയ്യിലുണ്ടാ യിരുന്ന ഒരു തെസോറസ് അവൾ എനിക്കു സമ്മാനമായി തരികയും ചെയ്തു. പിന്നീട് ഒരിക്കലും ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. 

 

 

 

ഞാനിപ്പോഴും അക്ഷരത്തെറ്റു വരാനിടയുള്ള പല വാക്കുകളും ഒഴിവാക്കും. എനിക്ക് പതിവായി ഉച്ചാരണം തെറ്റുന്ന പദങ്ങൾ സംസാരത്തിൽ വരാതെയും നോക്കും. ആവശ്യമില്ലാത്തതു കളയുക എന്നതു വായനയിലും നല്ല ശീലമാണെന്ന് എനിക്കു പിന്നീടു മനസ്സിലായി. ഭാവുകത്വബലമെന്നത് ഒരാൾ തന്റെ ജീവിതവർഷങ്ങൾ ചെലവഴിച്ചുനേടുന്നതാണ്. പെട്ടെന്ന് ഒരു ദിവസം ആരെങ്കിലും എവിടെനിന്നെങ്കിലും സംഘടിപ്പിക്കുന്നതല്ല. എന്റെ ഓർമകളിലെ വിദൂരമായ പട്ടണത്തിൽ ആ പെൺകുട്ടി ഉണ്ടെന്നത് ഏറ്റവും ഉൽസാഹകരമായ അനുഭവമാണ്. അവളെപ്പോലെ ഒരു പെൺകുട്ടിയെ ഞാൻ കണ്ടത് ഈ വർഷമിറങ്ങിയ ‘ദ് ഹാഫ് ഓഫ് ഇറ്റ് ’ എന്ന സിനിമയിലാണ്. 

 

 

ട്രംപിന്റെ കാലത്തെ അമേരിക്കയിൽ ഒരു കുടിയേറ്റക്കാരിയുടെ, അഭയാർഥിയുടെ ജീവിതമാണ് ഈ സിനിമ. സ്വവർഗാനുരാഗം അടക്കമുള്ള പ്രണയാഭിമുഖ്യങ്ങളുടെ നായികസ്ഥാനത്ത് ഒരു ചൈനീസ് വംശജയായ പെൺകുട്ടിയാണു വരുന്നത്. അവൾ നല്ല വായനക്കാരിയാണ്. നല്ലപോലെ ഭാഷയറിയുന്നവളുമാണ്. ക്ലാസിലെ മറ്റു കുട്ടികൾക്കെല്ലാം സ്കൂൾ എസേ എഴുതിക്കൊടുത്ത് കാശുവാങ്ങലാണ് അവളുടെ പ്രധാന ജോലി. കുടിയേറ്റക്കാരിയായ അവളെയാണു ട്രംപിന്റെ കുടിയേറ്റ വിരുദ്ധ രാഷ്ട്രീയത്തിനു മുന്നിൽ സംവിധായക ആലീസ് വൂ നിർത്തുന്നത്. 

 

ആലീസ് വൂ, 2004 ലാണു സേവിങ് ഫെയ്സ് എന്ന സിനിമയെടുത്തത്. അതും സ്വവർഗാനുരാഗം പ്രമേയമായ സിനിമയായിരുന്നു. മൈക്രോസോഫ്റ്റിൽ പ്രോഗ്രാം മാനേജരായിരിക്കെയാണ് ആലീസ് സിനിമയിലെ ത്തിയത്. ആദ്യസിനിമയിറങ്ങി 15 വർഷത്തിനുശേഷമാണു ആലീസ് വുവിന്റെ രണ്ടാം സിനിമ വരുന്നത്. ഇത്രയും വർഷങ്ങൾ എവിടെയായിരുന്നു അവർ? അമ്മയ്ക്ക് വയ്യാതായതോടെ ജോലിയും സിനിമയും ഉപേക്ഷിച്ച് അവർ അമ്മയെ പരിചരിക്കാൻ പോയതായിരുന്നു. 15 വർഷം കഴിഞ്ഞ് സിനിമയിലേക്കു തിരിച്ചുവരുമ്പോഴേക്കും ലോകം മാറിപ്പോയി. ‘ഹെൽ ഈസ് അതർ പീപ്പിൾ ’ എന്ന സാർത്രെ വാക്യം യാഥാർഥ്യമായിത്തീർന്ന ട്രംപിന്റെ അമേരിക്കയിൽ എന്തു സിനിമ പിടിക്കുമെന്നോർത്ത് അവർ കുറേക്കാലം എഴുത്തുമുട്ടി നടന്നു. ഒടുവിൽ കുടിയേറ്റവിരുദ്ധതയ്ക്കെതിരെ, സ്വന്തം ധൈഷണികതയുടെയും ഏകാന്തതയുടെയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന കുടിയേറ്റപ്പെൺകുട്ടിയെ നായികയാക്കി ഒരു കഥ പറയുകയും ചെയ്തു.

 

English Summary : What Blue Jay And 96 Talks About Us

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com