sections
MORE

ചാൾസ് സിമിക്കിന്റെ ആറ് കവിതകൾ; പരിഭാഷ ഉണ്ണി.ആർ

Unni. R
ഉണ്ണി ആർ. ചിത്രം: വിനായക് വിശ്വനാഥ്
SHARE

രക്ഷപ്പെടൽ

ഇന്ന് തെരുവിൽ വെച്ച്

ഒരിക്കൽ ഞാൻ പ്രേമിച്ച പെണ്ണിന്റെ പേര്

ഒരു ഭ്രാന്തൻ തീപ്പെട്ടിക്കൂടിൽ സൂക്ഷിച്ച 

വളർത്തു പ്രാണി കണക്കെ,

നാവിൻ തുമ്പിൽ നിന്ന് പറന്നു പോയി

പൊയ്പ്പോയ്!

അരികിലൂടെ നടക്കുന്നവർ  കാണുംമട്ടിൽ

വാ പൊളിച്ച് നിന്നു പോയീ ഞാൻ.

കറുത്ത ചിത്രശലഭം

എന്റെ  ജീവിതത്തിന്റെ പ്രേത നൗക,

ശവപ്പെട്ടികൾ ചുമന്ന് 

യാത്രക്കിറങ്ങുന്നു

ശരത്കാല സായാഹ്നം

ഏതോ ചെറുക്കൻ 

മഴവെള്ളകെട്ടിലെറിഞ്ഞ 

പാവം സ്വർണമീൻ.

അല്ല, അതിലും കഷ്ടമാണ് !

ചത്തവന്റെ അച്ചാറ് കുപ്പിയിൽ നീന്തുന്നു 

അതെ,  പാവം  മീൻ.

Poem

ഓ ,ഞാൻ പറഞ്ഞു

അദൃശ്യവും നിശ്ശബ്ദവും 

എപ്പോഴും ഒളിക്കുന്നതുമായ

ആത്മാവാണ് എന്റെ വിഷയമെന്നതിനാൽ

അതിനെക്കുറിച്ച് പറയുക പ്രയാസം. 

ഒരു കുഞ്ഞിന്റെ കണ്ണിലൂടെ ,

അല്ലെങ്കിൽ ഒരു തെരുവുനായയിലൂടെ 

അത്  വെളിപ്പെടുമ്പോഴാവട്ടെ എനിക്ക് മിണ്ടാട്ടം മുട്ടുന്നു.

എന്റെ വെല്യമ്മച്ചിയുടെ കാലത്ത്

വൃദ്ധയായ സ്ത്രീയോട്

ഒരു ബട്ടൺ തയ്ച്ചു തരുമോ എന്ന്

മരണം ചോദിച്ചു ,

സമ്മതിച്ച അവർ, കിടക്കയിൽ നിന്നെഴുന്നേറ്റ്

പാതിരി തലയ്ക്കൽ കത്തിച്ചു വെച്ച

മെഴുകുതിരിയുമായി

സൂചിയും നൂലും തിരയാൻ തുടങ്ങി

കടന്നു പോകുമ്പോൾ

അജ്ഞാതനായ,

അപ്രധാനിയായ ഒരുത്തൻ,

ചെള്ളിനേക്കാൾ ചെറിയവൻ,

കഴിഞ്ഞ രാത്രിയിൽ എൻ്റെ തലയിണയിൽ ഒളിച്ചു കടന്നു,

എന്നാൽ ശ്രദ്ധിക്കപ്പെടാതെ,തിരസ്ക്കരിക്കപ്പെട്ട്,

ഒതുങ്ങി ,തിടുക്കപ്പെടുന്നത്

ദേവാലയത്തിൽ എത്തി,

അവന്റെ വിശുദ്ധന്മാർക്ക് നന്ദി പറയാനെന്ന്

എനിക്കുറപ്പുണ്ട്.

ചാൾസ് സിമിക് – കവി, ഗദ്യകാരൻ, പരിഭാഷകൻ. 1938 ൽ യുഗോസ്ലാവിയയിൽ ജനിച്ചു.1954 ൽ അമേരിക്കയിലേക്ക് കുടിയേറി. പാരിസ് റിവ്യുവിന്റെ കവിതാ പത്രാധിപരിൽ ഒരാളായിരുന്നു.

English Summary : 6 poem By Charles Simic Translated By Unni.R

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;