ADVERTISEMENT

സ്ത്രീകളുടെ വയസ്സ് ചോദിക്കാനോ പറയാനോ പാടില്ലെന്ന നിയമം ഒരു നിമിഷം മാറ്റി നിർത്തിയാൽ‌ സോഫിയാമ്മയ്ക്കു പ്രായം നാൽപത്തിയഞ്ച്. സോഫിയാമ്മ ഭാഗ്യവശാൽ ഇപ്പോൾ ബൽജിയത്തിന്റെ പ്രധാനമന്ത്രിയാണ്: സോഫി വിൽമസ്. ബൽജിയത്തിലെ കോവിഡ് ചികിത്സയുടെ സിരാകേന്ദ്രം എന്നു പറയാവുന്നത് തലസ്ഥാനമായ ബ്രസൽസിലെ സെന്റ് പീറ്റർ ആശുപത്രിയാണ്. രാജ്യത്തെ ആദ്യ കൊറോണ രോഗിയിൽ തുടങ്ങിയ ചികിത്സ അവിടെ ഇപ്പോഴും ഊർജിതമായി തുടരുന്നു. 

 

 

പ്രധാനമന്ത്രി സോഫിയാമ്മ ഈയിടെ സെന്റ് പീറ്റർ ആശുപത്രി സന്ദർശിക്കാനെത്തി. കോവിഡ് പോരാട്ടം തുടങ്ങിയതിനു ശേഷമുള്ള ആദ്യ സന്ദർശനം. പ്രധാനമന്ത്രിയുടെ കാർ ആശുപത്രി കവാടം കടക്കുമ്പോൾ ആരോഗ്യപ്രവർത്തകർ അവിടെ രണ്ടുവരിയായി അണിനിരന്നിരുന്നു. 

 

 

സോഫിയാമ്മ കാറിൽനിന്നിറങ്ങി മുന്നോട്ടു നടന്നതും, ദാ, പീഛേ മൂഠ്! രണ്ടുവരിയായി നിന്ന ആശുപത്രി പ്രവർത്തകർ‌ ഒറ്റത്തിരിയലാണ്. പുറംതിരിഞ്ഞുനിന്ന് പ്രധാനമന്ത്രിക്കൊരു റിവേഴ്സ് വരവേൽപ്. സോഫിയാമ്മ ഞെട്ടിപ്പോയി. 

 

 

ആശുപത്രി സന്ദർശിക്കാൻ വൈകിയതിലുള്ള പ്രതിഷേധം, യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥരെ ആരോഗ്യവകുപ്പിൽ നിയമിക്കുന്നതിനെതിരായ രോഷം ഇങ്ങനെ കാരണങ്ങൾ പലതുണ്ട് സ്വീകരണത്തിന്റെ ഈ പിന്നാമ്പുറത്തിന്. 

 

 

പ്രതിഷേധിക്കാൻ കരിങ്കൊടി കാണിക്കുകയും അതിന്റെ പേരിൽ തല്ലുകൊള്ളുകയും ചെയ്യുന്ന നമ്മുടെ സമരയോദ്ധാക്കൾക്ക് ബൽജിയത്തിലെ പ്രതിഷേധത്തിന്റെ പിന്നിൽനിന്നൊരു പാഠം പഠിക്കാനുണ്ട് എന്നാണ് അപ്പുക്കുട്ടന്റെ തോന്നൽ. 

 

 

കരിങ്കൊടിക്കു തുണി വാങ്ങുക, കൊടിയാക്കുക, ഉയർത്തിക്കാട്ടി തല്ലു വാങ്ങുക തുടങ്ങിയ ഘട്ടങ്ങളെല്ലാം ഒറ്റയടിക്ക് ഒഴിവാക്കുന്നതാണ് ഈ കോവിഡ്കാല സമരമുറ: പ്രതിഷേധമുണ്ടെങ്കിൽ വെറുതെയൊരു പീഛേ മൂഠ്.

 

 

ഒറ്റത്തവണ തീർപ്പാക്കൽ. കാൽ പൈസ ചെലവില്ല. പീഛേ മൂഠിന്റെ പേരിൽ പൊലീസ് വക മൂടുമർദനം ഉണ്ടായെങ്കിലോ എന്നാണ് പ്രിയ സുഹൃത്ത് കഷ്ടകാൽജിയുടെ സംശയം. തല്ലണമെന്ന് പക്ഷേ, സോഫിയാമ്മ പറഞ്ഞില്ല. അവിടത്തെ മനുഷ്യാവകാശത്തിനു ചന്തമേറും; തൊടാൻ പറ്റില്ല. 

 

 

അക്രമ സ്പർശമില്ലാത്തൊരു പീഛേ മൂഠിന്റെ പേരിൽ മൂട്ടിൽ തല്ലാൻ ഇവിടെയും വകുപ്പില്ലെന്നാണ് അപ്പുക്കുട്ടനു കിട്ടിയ നിയമോപദേശം. അഥവാ തല്ലിയാൽ, ഇന്നു തല്ലുകൊള്ളുന്ന പിൻഭാഗങ്ങ‌ളാണ് നാളെ അധികാരത്തിൽ കയറിയിരിക്കുക എന്നോർക്കാം. 

 

English Summary : Belgium's Prime minister Sophie Wilmes received a cold reception from Hospital staff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com