ADVERTISEMENT

കൂട്ടിലടച്ചിട്ടും എന്തിനാണ് ആ കിളി പാടിയത്. 

സ്വപ്നങ്ങളുടെ കുഴിമാടത്തിൽ കിടന്നു കൂനിപ്പോയിട്ട്. 

ചങ്ങലയ്ക്കിട്ട ചിറകുകൾ നൊന്തു നീറിയിട്ട്.

പച്ചപ്പുല്ലിലിഴയുന്ന പുഴുക്കളെ കണ്ടിട്ട്.

കാറ്റിനൊത്തു പറക്കാൻ മോഹമായിട്ട്.

തൊണ്ടയ്ക്കു വിലങ്ങു വീഴാഞ്ഞിട്ട്.

സ്വാതന്ത്ര്യത്തിന്.

 

ഇരുട്ടിന്റെ നിറമായിരുന്നു മായാ ആഞ്ചലോയ്ക്ക്. എന്നാൽ ‘വെളുത്ത’ ഭൂഖണ്ഡത്തിൽ ഇരുണ്ട മുഖവുമുയ ർത്തി നിവർന്നു നിന്നു കവിത ചൊല്ലാൻ അവരെ പ്രേരിപ്പിച്ചത് സ്വാതന്ത്ര്യബോധം. മറഞ്ഞിരിക്കാനോ മൗനം പാലിക്കാനോ  തയാറാവാതിരുന്ന ആഞ്ചലോ നിരന്തരം സംസാരിച്ചതും സ്വാതന്ത്ര്യത്തെ കുറിച്ചു തന്നെ. 

വംശീയ അധിക്ഷേപങ്ങളോടും ശാരീരിക അതിക്രമങ്ങളോടും പൊരുതിയ പടവാളായിരുന്നു മായാ ആഞ്ചലോ എന്ന കവയിത്രി. എതിരേ വന്നതിനൊന്നും തകർത്തു കളയാൻ കഴിയാത്തത്ര മനക്കരുത്ത്. ഉടൽ കറുത്ത ജീവിതങ്ങൾക്കു വേണ്ടി മുഴങ്ങിക്കേട്ട ഉറച്ച ശബ്ദം. വർണ്ണ വർഗ വെറികൾക്കു നൽകിയ ചുട്ട മറുപടി. 

 

 

കഷ്ടതകളുടെ താഴ്‌വാരമായിരുന്നു ആഞ്ചലോയ്ക്ക് കുട്ടിക്കാലം. കറുത്ത വർഗക്കാരുടെ വായ നോക്കുന്ന തിനേക്കാൾ ഭേദം നായയുടെ വായിൽ കയ്യിടുന്നതാകും എന്നു കളിയാക്കിയ ദന്ത ഡോക്ടർ. കറുത്ത കുട്ടികളെ ഓടാനോ ചാടാനോ അടിമപ്പണിയെടുക്കാനോ അല്ലാതെ ഒന്നിനും കൊള്ളില്ലെന്നു പറഞ്ഞ പ്രാസംഗികൻ. സൗകര്യത്തിനു വേണ്ടി ‘മായ’യ്ക്കു പകരം ‘മേരി’യെന്ന് തന്നെ വിളിച്ച ‘വെളുത്ത’കൊച്ചമ്മ. എങ്ങനെ വെറുക്കാതിരിക്കും ഇവരെയൊക്കെ ആഞ്ചലോ. 

 

 

പിന്നീട് പോരാട്ടത്തിന്റെ നാളുകൾ. താൻ വിരൂപയാണെന്നു വിശ്വസിച്ച തെറ്റിനെ അവർക്കു സ്വജീവിതം കൊണ്ടു തിരുത്തേണ്ടിയിരുന്നു. അപകർഷതയിലാണ്ട ബാല്യകൗമാരങ്ങളെ ശേഷമുള്ള ആയുസ്സു കൊണ്ടു തിരിച്ചു പിടിക്കണമായിരുന്നു. നിശബ്ദതയിൽ കണ്ടെത്തിയ സുരക്ഷിതത്വത്തെ മുഴങ്ങുന്ന ശബ്ദം കൊണ്ടു ഭേദിക്കണമായിരുന്നു.

 

 

പ്രതിബന്ധങ്ങൾ ഏറെയുണ്ടായിരുന്നു മുന്നിൽ. ചിത്ര ശലഭങ്ങളുടെ ഭംഗിയെ പുകഴ്ത്തുന്ന മനുഷ്യർ അതിലേക്കവ പരുവപ്പെടാനെടുക്കുന്ന കഷ്ടതകളെ കണ്ടില്ലെന്നു നടിക്കുമെന്ന് കവയിത്രിക്ക് അറിയാമായിരുന്നു. പക്ഷേ തോറ്റു കൊടുക്കാൻ ആഞ്ചലോയ്ക്ക് മനസ്സായിരുന്നില്ല. പ്രശംസയായിരുന്നില്ല അവരുടെ ലക്ഷ്യം.

 

 

അവരെഴുതി...അതിജീവനത്തിന്റെ, പുനർജീവനത്തിന്റെ കവിതകൾ. ആരുടെയൊക്കെയോ മേഘങ്ങളിലെ മഴവില്ലായി മാറിയ ഉയിർത്തെഴുന്നേൽപ്പു ഗാനങ്ങൾ.

 

‘‘ഒരുവൾ ഓരോ തവണയും അവൾക്കു വേണ്ടി നിലകൊള്ളുമ്പോൾ അത് എല്ലാ സ്ത്രീകൾക്കും വേണ്ടിയാകുന്നു’’

 

എട്ടാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ട, പതിനാറാം വയസ്സിൽ അമ്മയായ ആഞ്ചലോ. ദൗർബല്യങ്ങളെ, ബലഹീനതകളെ, പ്രയത്നം കൊണ്ടു മറികടക്കാൻ അവർക്കു കഴിഞ്ഞു. സ്ത്രീത്വം അടിമത്തമല്ലെന്നും സ്ത്രീ തന്നിൽ തന്നെ പൂർണയാണെന്നും അവർക്കറിയാമായിരുന്നു.ജീവിതം പഠിപ്പിച്ച വലിയ പാഠം.

 

 

തിന്മയുടെ ശക്തികൾക്കു ‘മായാ ആഞ്ചലോ’ എന്ന പേര് തന്നെ ഇരുതല മൂർച്ചയുള്ളൊരു വാളാണ്.  തകർത്തെറിയാൻ ശ്രമിച്ചവരോടൊക്കെ മരണം വരെയും അവർ പാടിപ്പറഞ്ഞ വാക്കുകളിങ്ങനെ: 

‘‘ചരിത്രത്തിന്റെ വിസ്മൃതിയിലേക്കു നിങ്ങളെന്നെ എഴുതിത്തള്ളിയേക്കാം. കയ്പ്പുള്ള, വളച്ചൊടിച്ച നുണകളുടെ അഴുക്കുചാലിലേക്കെന്നെ  ചവിട്ടിത്താഴ്ത്തിയേക്കാം

എങ്കിലും, 

പൊടി പോലെ,

ഞാൻ ഉയിർത്തെഴുന്നേൽക്കും’’ 

 

English Summary :  In Memories Of Maya Angelou

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com