ADVERTISEMENT

54 പെട്ടികള്‍. 2400 കത്തുകള്‍. അപ്പോഴേക്കും ടെലിഫോണ്‍ വന്നില്ലായിരുന്നെങ്കില്‍ പെട്ടികളുടെ എണ്ണം കൂടുമായിരുന്നു; കത്തുകളുടെയും. അവ പറയുമായിരുന്നു പ്രണയിച്ചു വഞ്ചിച്ച ഒരു കവിയുടെ കപടനാട്യത്തിന്റെ കഥ. കവിതയില്‍ ഏറ്റവും മനോഹരമായ വാക്കുകളില്‍ വര്‍ണിക്കുകയും ജീവിതത്തില്‍ ഏറ്റവും ക്രൂരമായി പീഡിപ്പിച്ച് ആഹ്ലാദം കണ്ടെത്തുകയും ചെയ്ത ഒരു മനുഷ്യന്റെ ചതിയുടെ ചരിത്രം. 

 

54 പെട്ടികളിലെ ഇരുട്ടില്‍നിന്ന് ആ കത്തുകള്‍ ഇപ്പോള്‍ വെളിച്ചം കാണുകയാണ്. അവ ആരെയാണോ അഭിസംബോധന ചെയ്തത് ആ കവി ഇന്നില്ല; വേദനയോടെ സ്നേഹിച്ച്, കണ്ണീര്‍ കൊണ്ടല്ലാതെ കോപത്തിന്റെ വാക്കുകളില്‍  കത്തെഴുതിയ കാമുകിയും. അവരിരുവരുമില്ലാത്ത ജീവിതത്തില്‍ അവഗണി ക്കപ്പെട്ട കാമുകിയുടെ ശിഷ്യനാണ് കത്തുകള്‍ പുറത്തുവിടുന്നത്; ചരിത്രം മറന്ന പ്രണയ വഞ്ചനയുടെ കളങ്കവുമായി. 

 

‘അയാള്‍ എന്നോടു പറഞ്ഞതെല്ലാം കള്ളം. ഒരു വൃത്തികെട്ടവനെപ്പോലെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പക്ഷേ, എനിക്കിഷ്ടമായിരുന്നു അദ്ദേഹത്തെ’. മോനിക്ക ജോണ്‍സിന്റെ വാക്കുകളില്‍നിന്ന് ഇപ്പോഴും തൊട്ടെടുക്കാം ഹൃദയത്തിന്റെ ആഴത്തില്‍ അവരനുഭവിച്ച വേദന, ധാർമികരോഷം, ഒടുക്കമില്ലാത്ത സങ്കടവും പ്രണയവും. പ്രാണവേദനയുമായി മോനിക്ക സ്നേഹിച്ചത് പ്രശസ്ത ഇംഗ്ലിഷ് കവി ഫിലിപ് ലാര്‍കിനെ. അദ്ദേഹത്തിനാണവര്‍ ടെലിഫോണ്‍ എത്തുന്നതിനു മുന്‍പുള്ള കാലത്ത് 2400 കത്തുകള്‍ എഴുതിയത്. അവ സൂക്ഷിച്ചുവച്ചത്. തന്റെ മരണശേഷം മാത്രം പ്രസിദ്ധീകരിക്കണം എന്നു നിര്‍ദേശിച്ച് ഓക്സ്ഫഡിലെ ബോഡ്‍ലിയന്‍ ഗ്രന്ഥശാലയ്ക്ക് കൈമാറിയത്. 

 

ലാര്‍കിനാണ് ആദ്യം മരിച്ചത്. 2001 ല്‍ 78-ാം വയസ്സില്‍ മോണിക്കയും. 19 വര്‍ഷത്തിനുശേഷം മോനിക്കയുടെ ശിഷ്യന്‍ പ്രഫ. ജോണ്‍ സതര്‍ലാന്‍ഡ് ആ കത്തുകള്‍ പുറത്തുവിടുകയാണ്. ഒപ്പം മോനിക്കയെക്കുറിച്ച് ഒരു പുസ്തകവും എഴുതുകയാണ്. ഇനിയെങ്കിലും ലോകം അറിയട്ടെ അവര്‍ എത്രമാത്രം വേദനിച്ചിരുന്നെന്ന്. എന്നിട്ടും എത്രയോ അഗാധമായി, സ്വയം സമര്‍പ്പിതയായി സ്നേഹിച്ചുവെന്നും. 

 

ലാര്‍കിന്റെ മരണശേഷം ഹള്‍ സിറ്റിയിലെ അദ്ദേഹത്തിന്റെ വീട് നോക്കിനടത്തിയതും മോനിക്ക തന്നെ. വെറുമൊരു വീടായല്ല; ദേവാലയമായി. അകന്നുമറഞ്ഞ കാമുകന്റെ അനശ്വര പ്രണയകുടീരമായി. 

 

‘എനിക്ക് ദയ വേണ്ട. എന്നെ ആരും സഹതാപത്തോടെ കാണുകയും വേണ്ട. നിങ്ങളുടെ ശരീരത്തിലെ ചോരയൊലിക്കുന്ന ഒരു മുറിവല്ല ഞാന്‍. നിങ്ങള്‍ക്കു ഞാന്‍ ഒരു ശരീരം മാത്രം. ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാനുള്ള സുഖകരമായ സാഹചര്യം. എന്നാല്‍ എന്റെ പേടി നിങ്ങള്‍ അറിയുന്നുണ്ടോ. എത്ര വേദനയാണെന്നോ എന്റെ തോളെല്ലിന്. വേദനിച്ചോട്ടെ. ആ തോളെല്ല് എനിക്ക് നിങ്ങളേക്കാളും പ്രിയപ്പെട്ട സുഹൃത്താണ്’- ഓരോ കത്തിലും ഒട്ടും നിയന്ത്രിക്കാതെയാണ് മോനിക്ക തനിക്കു പറയാനുള്ളതെല്ലാം ലാര്‍കിനോട് പറയുന്നത്. ക്രൂരമായ വാക്കുകളില്‍. വിവരിക്കാനാവില്ല കവി അവരോടു കാണിച്ച വിശ്വാസവഞ്ചന. പ്രിയപ്പെട്ട ഭക്ഷണം ഉണ്ടാക്കി കാത്തിരുന്നിട്ട് ലാര്‍കിന്‍ വരാതിരുന്നപ്പോള്‍ അനുഭവിച്ച വേദന വരെ അവര്‍ എഴുതിട്ടുണ്ട്. തന്റെ വിഹരത്തെക്കുറിച്ച്, നിത്യശൂന്യതയെക്കുറിച്ച്. 

 

1922 ലാണ് അവരിരുവരും ജനിക്കുന്നത്; ഒരേ വര്‍ഷം. പഠിച്ചത് ഓക്സ്ഫഡില്‍ തന്നെ. എന്നാല്‍ ആദ്യം കാണുന്നത് 1946 ല്‍ ലെസ്റ്ററിലെ യൂണിവേഴ്സിറ്റി കോളജില്‍വച്ച്. അന്ന് ലാര്‍കിന്‍ പുതുതായി നിയമിക്കപ്പെട്ട ഡപ്യൂട്ടി ലൈബ്രേറിയന്‍. മോനിക്ക അവിടെത്തന്നെ ഇംഗ്ലിഷ് ലക്ചററും. ലാര്‍കിന്‍ പിന്നീട് ബെല്‍ഫാസ്റ്റിലെ കോളജിലേക്ക് മാറി. ഒടുവില്‍ ഹള്‍ സിറ്റിയിലെ സര്‍വകലാശാലയിലേക്കും. അക്കാല മൊക്കെ, തന്റെ ഏകാന്തതയെ ശപിച്ച് മോനിക്ക കാത്തിരുന്നു; പ്രിയപ്പെട്ട ലാര്‍കിനുവേണ്ടി. ഹൃദയം പ്രണയം കൊണ്ടു നിറച്ച, വഞ്ചനയാല്‍ തകര്‍ത്ത പ്രിയപ്പെട്ടവനുവേണ്ടി. ഒരുമിച്ചുകൂടിയപ്പോള്‍ പ്രണയം അവര്‍ക്ക് ആഘോഷമായിരുന്നു. തീരാത്ത പാനസദസ്സുകള്‍. ലഹരിയില്‍ മുങ്ങിയ രാത്രികളും പകലുകളും. അത് ലാര്‍കിന്റെ മരണം വരെ നീണ്ടുനിന്നു; 1985 വരെ.  

 

ഹള്‍ സിറ്റിയില്‍ മാത്രം ലാര്‍കിന് മറ്റു രണ്ടു കാമുകിമാര്‍ ഉണ്ടായിരുന്നു. കവി അവരെയും സന്ദര്‍ശിച്ചു. അവരുമായും സൗഹൃദം പങ്കിട്ടു; കിടക്കയും. എന്നാല്‍ മോനിക്കയുടെ സമീപം ഓടിയെത്താനും മറന്നില്ല. ലാര്‍കിന്റെ രണ്ടു പ്രണയികളെക്കുറിച്ചും മോനിക്കയ്ക്ക് അറിയാമായിരുന്നു. എന്നിട്ടും അവരെഴുതി: ‘ലാര്‍കിന്‍, നീ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. എനിക്കു ലഭിച്ച വരദാനം’. 

ആ കത്തില്‍ ഒരു അടയാളം കൂടിയുണ്ട്. മോനിക്കയുടെ ലിപ്സ്റ്റിക്കിന്റെ ചെഞ്ചുവപ്പ്. ഓരോ കത്തിലും എണ്ണിത്തീര്‍ക്കാനാവാത്ത ചുംബനങ്ങള്‍. 

 

ലാര്‍കിന് ഏറ്റവും അടുത്ത സുഹൃത്തും മോനിക്ക തന്നെയായിരുന്നു. തുല്യനിലയിലുള്ള ആളെപ്പോലെ തന്നെ അവരെ അദ്ദേഹം കരുതി. ഏറ്റവും പ്രിയപ്പെട്ട കവിതാ സമാഹാരം ദ് ലെസ്സ് ഡിസീവ്ഡ് അവര്‍ക്കു തന്നെ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ആ സമാഹാരത്തിലും തന്റെ ജീവിതത്തിലെ മറ്റു രണ്ടു സ്ത്രീകളെക്കുറിച്ചും അദ്ദേഹം കവിതയെഴുതിയിട്ടുമുണ്ട്. 

 

1970 വരെ മോനിക്ക ലാര്‍കിന് കത്തുകളെഴുതിക്കൊണ്ടിരുന്നു. ആ വര്‍ഷമാണ് അവര്‍ക്ക് ടെലിഫോണ്‍ ലഭിക്കുന്നത്. പിന്നീട് ഓരോ രാത്രിയും പരിഭവങ്ങളും പരിദേവനങ്ങളുമായി മോനിക്ക ലാര്‍കിനെ വിളിച്ചു. പറഞ്ഞതൊന്നും മറ്റാരും കേട്ടുമില്ല; അവരുടെ മുറിയിലെ വിരഹ തപ്തമായ ഇരുട്ടൊഴികെ. 

 

ഇടക്കാലത്ത് മോനിക്കയുടെ ആരോഗ്യം മോശമായി. അവര്‍ ലാര്‍കിന്റെ വീട്ടിലേക്ക് മാറി. അവിടെ മതിയാവോളം കുടിച്ചും പ്രണയത്തിന്റെ ലഹരി പങ്കിട്ടും അവര്‍ ജീവിച്ചു. ഒടുവില്‍ അദ്ദേഹം കടന്നു പോയതിനുശേഷം മോനിക്കയ്ക്ക് കൂട്ട് ലഹരി മാത്രമായിരുന്നു. മദ്യത്തിന്റെയും പ്രണയിച്ചു തീരാത്ത ആത്മാവിന്റെയും തീരാസൗഹൃദം. 

 

പ്രഫ.സതര്‍ലന്‍ഡ് തന്റെ കരിയറിന് കടപ്പെട്ടിരിക്കുന്നതു തന്നെ മോനിക്ക എന്ന അധ്യാപികയോടാണ്. അവരെക്കുറിച്ച് ആരും ഒന്നും എഴിതിയില്ല എന്ന സങ്കടം അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. അതിന്റെ ഫലമായാണ് അദ്ദേഹം മോനിക്കയുടെ കത്തുകള്‍ പുറത്തുവിടുന്നത്. അവരെക്കുറിച്ച് ഒരു ജീവചരിത്രം തയാറാക്കുന്നതും. 

 

പ്രണയം തിരിച്ചറിയപ്പെട്ടും; ഈ ജന്‍മത്തിലല്ലെങ്കില്‍ വരാനിരിക്കുന്ന ജന്‍മങ്ങളിലെങ്കിലും. പ്രണയം മാത്രമല്ല വിശ്വാസ വഞ്ചനയും. 

 

English Summary : Letter Written BY Monica Jones About Her Lover And Poet Philip Larkin 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com