ADVERTISEMENT

ഓരോ മരണവും ജീവിച്ചിരിക്കുന്നവര്‍ക്കു നേരേ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പശ്ചാത്താപവും കുറ്റബോധവും സൃഷ്ടിക്കുന്നുണ്ട്. പറഞ്ഞുതീരാത്ത സ്നേഹത്തെയും വീട്ടപ്പെടാത്ത കടത്തെയും ഓര്‍മിപ്പിക്കുന്നുണ്ട്. മരണം കറുത്ത തിരശ്ശീല വീഴ്ത്തുന്നതോടെ ചോദ്യങ്ങള്‍ ബാക്കിയാകുന്നു; ചോദ്യങ്ങള്‍ ആഴത്തില്‍ കുത്തിമുറിവേല്‍പിക്കുന്ന മനസ്സുകളും. മരണം ആകസ്മികവും ആകാലത്തിലുമാകുമ്പോള്‍ ചോദ്യശരങ്ങളുടെ എണ്ണം കൂടും. ദുരൂഹമാണെങ്കില്‍ ഉത്തരം പറയാനുള്ള ബാധ്യത കൂടിയുണ്ടാകും. 

 

 

ഉത്തരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാം; എത്ര നാള്‍, എങ്ങനെയൊക്കെ? കാലം കടന്നുപോകുന്തോറും ചോദ്യ ശരങ്ങളുടെ മൂര്‍ച്ച വര്‍ധിക്കും. പറഞ്ഞേ തീരൂ എന്ന അനിവാര്യത ആവിര്‍ഭവിക്കുന്നു. ഉത്തരം പറയാന്‍ മുന്നോട്ടു വരുന്നവര്‍. കൂടുതല്‍ ചോദ്യങ്ങളുമായി ഒത്തുകൂടുന്നവര്‍. എല്ലാം കേള്‍ക്കേണ്ടയാള്‍ മാത്രം ഒന്നും കേള്‍ക്കുന്നില്ലല്ലോ എന്ന തീരാവ്യാധി.

 

 

ഇതാ  മേയ് 31. മൂന്നു പതിറ്റാണ്ട് മുന്‍പ് 1987 മേയ് 30 നാണ് ജോണ്‍ ഏബ്രഹാം എന്ന ഏകാന്ത ചലച്ചിത്ര വിസ്മയം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. അഭിമാനത്തോടെ ചലച്ചിത്രകാരന്‍ എന്ന് എല്ലാവരും പറഞ്ഞിരുന്നെങ്കിലും, അറിയപ്പെടാത്ത ഏതോ ചലച്ചിത്രപ്രവര്‍ത്തകന്‍ എന്നാണദ്ദേഹത്തിന്റെ പേര് ചേര്‍ക്കപ്പെട്ടത്. അതുകൊണ്ടുകൂടിയാണ് പിറ്റേന്ന് ആകസ്മികമായി അദ്ദേഹത്തിന്റെ മരണവും രേഖപ്പെടുത്തിയത് എന്ന് പില്‍ക്കാലത്ത് വെളിപ്പെടുത്തലുണ്ടായി. എന്നാല്‍, അതവിടെ അവസാനിച്ചില്ലല്ലോ. 

 

 

33 വര്‍ഷത്തിനുശേഷം വീണ്ടും മേയ് 31 എത്തുമ്പോള്‍ ആ ചോദ്യം മുഴങ്ങുന്നുണ്ട്: എവിടെ ജോണ്‍ ?

ജോണിന്റെ മരണത്തിന് ഒരു വര്‍ഷത്തിനുശേഷം ബാലചന്ദ്രന്‍ ചുള്ളിക്കാട് കവിതയിലൂടെ ചോദിച്ച ചോദ്യം. എവിടെ ജോണ്‍ ? 

 

അവനു കാവലാള്‍ ഞങ്ങളോ എന്ന ആദിപുരാതനമായ ആ മറുപടിയല്ല ഇനി വേണ്ടത്. ആരും ഉത്തരം പറഞ്ഞില്ലെങ്കിലും ആ ചോദ്യം മാറ്റൊലിക്കൊള്ളുന്നുണ്ട് കേരള സമൂഹത്തിന്റെ മനസ്സില്‍. ജോണിന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴി‍ഞ്ഞുമാറാന്‍ സമൂഹത്തിന് ആവുമോ. അന്നത്തെയും ഇന്നത്തെയും ചലച്ചിത്ര പ്രണയികള്‍ക്ക്, സാഹിത്യസ്വാദകര്‍ക്ക്, ആ മരണം ഒരു ഇടിവാളിന്റെ മൂര്‍ച്ചയോടെ ഏറ്റുവാങ്ങിയവര്‍ക്ക്, അന്നുമിന്നും നരകതീര്‍ഥം അന്നാളത്തില്‍ ഏറ്റുവാങ്ങുന്നവര്‍ക്ക്, തൃഷ്ണയുടെ ശമനമില്ലാത്ത ശയ്യയില്‍ കാത്തുകിടന്നവര്‍ക്ക്, പ്രതിഭകളെ പടിയിറക്കിവിട്ട് മുറി വാതില്‍ കൊട്ടിയടച്ച സുഹൃത്തുക്കള്‍ക്ക്... 

 

വിജനമാകുന്നു പാതിരാപ്പാതകള്‍. 

ഒരു തണുത്ത കാറ്റൂതുന്നു. 

ദാരുണസ്മരണ പോല്‍ 

ദൂരദേവാലയങ്ങളില്‍ 

മണി മുഴങ്ങുന്നു. 

എന്നോടു പെട്ടെന്നൊ- 

രിടിമുഴക്കം വിളിച്ചു ചോദിക്കുന്നു: 

‘എവിടെ ജോണ്‍?’

 

മേഘങ്ങള്‍ ആകാശത്ത് ഒത്തുകൂടി സൗഹൃദം പങ്കുവയ്ക്കുന്നതിനും ഒരുമിച്ചൊരു മഴയായി പെയ്തുനിറയുന്നതിനും തൊട്ടുമുന്‍പാണ് ജോണ്‍ വിടവാങ്ങുന്നത്. ഇടവപ്പാതിയുടെ സ്നേഹക്കടല്‍ കരയെ തൊട്ടുതലോടുന്നതിന് നിമിഷങ്ങള്‍ മാത്രം മുന്നേ. അതു കൂടി മുന്നില്‍ കണ്ടാണോ തന്റെ പ്രിയപ്പെട്ട പ്രണയലിഖിതത്തില്‍ അദ്ദേഹം മഴയെക്കുറിച്ച് എഴുതിയത്. ഞാന്‍ മഴ കൊള്ളുന്നു എന്നെഴുതിയത്. ചലച്ചിത്രകാരനായ ജോണിനെ അറിയുന്നവര്‍ക്കുപോലും എഴുത്തുകാരനായ ജോണിനെ പരിചയമില്ല. എല്ലാ പ്രണയങ്ങളുടെയും തീരാനൊമ്പരം വിങ്ങലായി ഏറ്റുവാങ്ങിയ ആ അവധൂതനെ അറിയില്ല. അല്ലെങ്കിലും അവഗണിക്കപ്പെടാനാണല്ലോ യഥാര്‍ഥ പ്രണയത്തിന്റെ എന്നത്തെയും വിധി. തിരസ്കരിക്കപ്പെടുകയാണല്ലോ പ്രണയത്തിന്റെ കനലില്‍ ചുട്ടുപഴുത്ത ആത്മാവ്. അവര്‍ക്കുവേണ്ടിയാണ് ജോണ്‍ ഏബ്രഹാം ‘പ്രണയലിഖിതം’  കുറിച്ചത്. 

 

നിന്റെ കത്തും മഴയും ഒരുമിച്ചാണു കടന്നുവന്നത്. രണ്ടും എന്റെ ഉഷ്ണം ശമിപ്പിക്കാന്‍. ഞാന്‍ ഇപ്പോള്‍ ദിവസങ്ങള്‍ എണ്ണിക്കഴിയുകയാണ്. നീ വരുന്നതും കാത്ത്. നാമൊന്നിച്ചുള്ള ജീവിതത്തെ ഉള്‍ക്കൊള്ളാന്‍ എനിക്കിനിയും കഴിയുന്നില്ലല്ലോ. കാലങ്ങള്‍ വിസ്മരിച്ചുള്ള നമ്മുടെ സ്നേഹത്തിന്റെ മൗനത്തിലകപ്പെടു ന്നതിനുമുമ്പ് ഒന്നിച്ചിരുന്ന് നമുക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. 

 

 

മഴക്കാലം കരുത്ത് നേടുന്നു. മഴ പെയ്തിറങ്ങുകയാണ്. മേഘങ്ങള്‍ കനത്തു തടിച്ചൊരു അമ്മയെപ്പോലെയാണ്. ഞാന്‍ മഴ അനുഭവിക്കുന്നു. നിര്‍ന്നിമേഷനായി മഴയെ നോക്കിയിരിക്കയല്ലാതെ മറ്റൊന്നും ചെയ്യാനില്ല എനിക്ക്. 

എന്റെ മനസ്സ് മുഴുവന്‍ നീയാണ്. 

നീ എന്റെ വീടും വിധിയുമാണല്ലോ. 

 

English Summary : Remembering John Abraham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com