വെട്ടിപ്പിടിക്കാൻ നെട്ടോട്ടമോടുന്നവരോട്; മറ്റുള്ളവരെ ദ്രോഹിച്ച് നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ സംഭവിക്കുന്നത്...

Subhadinam
SHARE

കുട്ടികൾക്കു ബലൂൺ കൊടുത്തിട്ട് അധ്യാപിക പറഞ്ഞു – ‘എല്ലാവരും അതു വീർപ്പിച്ചു കെട്ടി സ്വന്തം പേരെഴുതുക.’ എല്ലാവരും എഴുതിക്കഴിഞ്ഞപ്പോൾ അധ്യാപിക ബലൂണുകൾ മുഴുവൻ കൂട്ടിക്കലർത്തി ക്ലാസ് മുറിക്കുള്ളിൽ നിരത്തി. പിന്നെയൊരു മത്സരമായിരുന്നു – 5 മിനിറ്റിനുള്ളിൽ എല്ലാവരും സ്വന്തം ബലൂൺ കണ്ടെത്തണം. ആദ്യം കണ്ടെത്തുന്നവർക്കു സമ്മാനം. 

എല്ലാവരും ഓടി നടന്നെങ്കിലും ആർക്കും സ്വന്തം ബലൂൺ കണ്ടെത്താനായില്ല. ടീച്ചർ അവരെ അടുത്തു വിളിച്ചു പറഞ്ഞു: ‘എല്ലാവരും ഓരോ ബലൂൺ എടുക്കുക. അതിൽ എഴുതിയിരിക്കുന്ന പേര് ആരുടേതെന്നു നോക്കുക. അവർക്ക് ആ ബലൂൺ കൊടുക്കുക.’ ചുരുങ്ങിയ സമയം കൊണ്ട് എല്ലാവർക്കും സ്വന്തം ബലൂൺ കിട്ടി.

അപരന്റെ ശേഖരങ്ങളെല്ലാം ചവിട്ടിമെതിച്ച് അവനവന്റേതു മാത്രം ഒരു പോറൽപോലും ഏൽക്കാതെ കണ്ടെത്താനുള്ള ശ്രമത്തിനിടയ്ക്കാണ് എല്ലാവർക്കും എല്ലാം നഷ്ടപ്പെടുന്നത്. നെട്ടോട്ടങ്ങളല്ല, നേട്ടങ്ങളാ ണു പ്രധാനം. സ്വന്തമായവ നഷ്ടപ്പെടാതിരിക്കാനും സ്വന്തമല്ലാത്തവ സ്വന്തമാക്കാനുമുള്ള പരക്കം പാച്ചിലി നിടെ ആർക്കും ഒന്നും ലഭിക്കുന്നില്ലെങ്കിൽ, ആ ഓട്ടത്തിന് എന്തോ അപാകതയുണ്ട്.

ഓരോ ദിനവും അവസാനിക്കുമ്പോൾ ഒരു ചോദ്യം സ്വയം ചോദിക്കണം – ഇന്നത്തെ ഓട്ടം കൊണ്ട് ആർക്ക് എന്ത് ഉപകാരം കിട്ടി?  ഫിനിഷിങ് പോയിന്റിൽ എത്തുന്നതിനു മുൻപു കിട്ടുന്ന ഓരോ തിരിച്ചറിവും വിലപ്പെട്ടതാണ്. ജീവിതത്തിന്റെ ട്രാക്കിൽ എത്രനേരം ഓടിയെന്നതും എത്ര വേഗം ഓടിയെന്നതുമല്ലല്ലോ, മെഡലിനാധാരം. എന്തിനുവേണ്ടി ഓടി എന്നതും ഓട്ടം പൂർത്തിയാകുമ്പോൾ എന്തു നേടി എന്നതുമായിരിക്കും മുഖ്യം.

എല്ലാവരും എല്ലാവർക്കും വേണ്ടി നിലകൊള്ളുമ്പോൾ ആർക്കും ഒന്നും നഷ്ടമാകില്ല. രണ്ടുതരം ആളുകളുണ്ട് –  കണ്ടുമുട്ടുന്ന എല്ലാവരിലും സ്വന്തം ലാഭം തേടുന്നവരും കണ്ടുമുട്ടുന്ന എല്ലാവർക്കും സ്വയം നൽകുന്നവരും. സ്വയം അവകാശമാക്കാൻ മാത്രമുള്ളതല്ല, മറ്റുള്ളവർക്ക് അനുഗ്രഹമാകാൻ കൂടിയുള്ളതാണ് ജീവിതം.

English Summary : Subhadinam, Food For Thought

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;