ചില ബന്ധങ്ങൾ നിലനിർത്തണം; കാറ്റടിച്ചാലും പേമാരി പെയ്‌താലും അണഞ്ഞുപോകാതെ സൂക്ഷിക്കുന്ന വിളക്കുപോലെ...

Subhadinam
SHARE

അധികം ആൾത്താമസമില്ലാത്ത മലമുകളിലാണ് എഴുത്തുകാരന്റെ വീട്. അവധിക്കാലം ചെലവഴിക്കാൻ മാത്രമേ, അയാൾ അവിടെ വരാറുള്ളൂ. ഒരിക്കൽ, അവധി കഴിഞ്ഞു തിരിച്ചുപോകാൻ ഒരുങ്ങുകയായിരുന്നു അയാൾ. താഴ്‌വാരത്ത് പരിചയമുള്ള ഒരു വയോധികയുണ്ട്.

യാത്രപറയാൻ അവരുടെ കുടിലിൽ എത്തിയപ്പോൾ ആ അമ്മൂമ്മയുടെ മുഖംവാടി. അവർ പറഞ്ഞു: ഓരോ രാത്രിയിലും നിങ്ങൾ ഉമ്മറത്തു തൂക്കിയിരുന്ന വിളക്ക് എനിക്ക് ആശ്വാസമായിരുന്നു. അത്, ഞാൻ ഒറ്റയ്‌ക്കല്ല എന്നൊരു തോന്നലുണ്ടാക്കും. എഴുത്തുകാരന്റെ കണ്ണുനിറഞ്ഞു. ആ അമ്മയ്‌ക്കുവേണ്ടി, തന്റെ ഉമ്മറത്ത് എന്നും വിളക്കുതൂക്കാൻ ആളെ ഏൽപിച്ച് അയാൾ യാത്ര പറഞ്ഞു.

തനിക്കുവേണ്ടി കത്തുന്ന ഒരു വിളക്കിൽ ആശ്രയിച്ചാണ് ഓരോ മനുഷ്യന്റെയും നിലനിൽപ്. ആ വിളക്ക്, അച്ഛനാകാം, അമ്മയാകാം, മക്കളാകാം, സുഹൃത്താകാം. ആയുസ്സിന്റെ ഓരോ പടവിലും പല ആളുകളാ യിരിക്കും വെളിച്ചമാകുന്നത്. പരാതിയും പ്രതീക്ഷയും ഇല്ലാതെ അവർ പ്രകാശം ചൊരിയും. നന്ദിവാക്കു പോലും ലഭിച്ചില്ലെങ്കിലും പരിഭവമില്ല. 

ഏതു കൂരിരുട്ടിലും ഒരു റാന്തൽനാളത്തിനു നൽകാൻ കഴിയുന്ന ഇത്തിരിവെട്ടമാണ് ഒരാളുടെ സാന്ത്വനവും സമാധാനവും. ചില ബന്ധങ്ങൾ നിലനിർത്തണം; കാറ്റടിച്ചാലും പേമാരി പെയ്‌താലും അണഞ്ഞുപോകാതെ സൂക്ഷിക്കുന്ന വിളക്കുപോലെ. എണ്ണയൊഴിച്ചു കൊടുക്കണം, കരിന്തിരി കത്താൻ അനുവദിക്കാതെ. വിളക്ക് കരുതിയിരുന്നെങ്കിൽ എന്ന് അസ്തമനസൂര്യന്റെ മുന്നിലിരുന്നു വിലപിച്ചിട്ടു കാര്യമില്ല. പകൽ കത്തുന്ന വിളക്കുകളല്ല, ഇരുളിൽ തെളിയാൻ കെൽപുള്ള നാളമാണു വേണ്ടത്. സൂര്യപ്രകാശത്തിൽ എന്തിനാണു മെഴുകുതിരി?

വെളിച്ചമുള്ളിടത്തു നിൽക്കാൻ എല്ലാവർക്കും കഴിയും. നിൽക്കുന്നിടത്തു വെളിച്ചം പകരാൻ ഉള്ളിൽ ജ്വാലയുള്ളവനു മാത്രമേ സാധിക്കൂ.

English Summary : Subhadinam, Food For Thought

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;