ADVERTISEMENT

നിരന്തരം മാറി മറിയുന്ന, നന്മയിൽ നിന്ന് ഓടിയകലുന്ന നാട്ടു വ്യവസ്ഥിതിയിൽ ദുർബല വിഭാഗങ്ങൾക്കു വേണ്ടി ചിന്തിക്കുകയെന്നാൽ ദുഃഖത്തിനു കീഴ്പ്പെടുക എന്നുകൂടി അർഥമുണ്ട്. കേട്ടു പഴകിയ ദുരന്തങ്ങൾ പുതിയ ക്രൂരതകൾക്ക് വാതിൽ തുറന്നു കൊടുക്കുന്നു. സന്തോഷം അത്രമേൽ പൊലിഞ്ഞുപോയ ദിനരാത്രങ്ങളിൽ സഹജീവികളും നാമും അനുഭവിക്കേണ്ടി വരുന്ന ദുഖത്തിന്റെ തീവ്രത ഒന്നു കുറഞ്ഞെങ്കിൽ എന്ന് മാത്രം ആശിച്ചു പോകുന്നു.

 

snakebite-murder-uthra-parents

കേരളം മുഴുവനും ഒരു സർപ്പത്തിന്റെ വിഷം തീണ്ടിയ നാളുകളാണ് കഴിഞ്ഞു പോയത്. ഉത്ര എന്ന, അപ്പർ മിഡിൽ ക്ലാസ് കുടുംബത്തിലെ ഇരുപത്തിയഞ്ചു വയസ്സായ പെൺകുട്ടി. ചെറിയ അളവിൽ ഭിന്നശേഷിക്കാരിയായ കുട്ടി. അവിശ്വസനീയമായ വിധം അവൾ സ്വന്തം വീട്ടിൽ വച്ച് പാമ്പു കടിയേറ്റു മരിക്കുന്നു. സകല തെളിവുകളും ചൂണ്ടിക്കാണിക്കുന്നത്, ഭർത്താവ് സൂരജാണ് പാമ്പിനെക്കൊണ്ട് കൊത്തിച്ച് ഉത്രയെ കൊന്നത് എന്നാണ്.  ഇത് രണ്ടാമത്തെ തവണയാണ് അയാൾ വിഷമുള്ള പാമ്പിനെക്കൊണ്ട്  ആ പെൺകുട്ടിയെ കടിപ്പിക്കുന്നത്. അതിനു മുൻപ് ആ പെൺകുട്ടി ഗാർഹിക പീഡനത്തിന് നിരവധി തവണ ഇരയായിട്ടുണ്ട്. ഇതിനെല്ലാം സാക്ഷികളുമുണ്ട്.

 

uthra-room

ഉത്ര എന്ന പെൺകുട്ടി സ്‌കൂളുകളിലോ കോളജിലോ പഠിച്ചിരുന്നതായി ഒരിടത്തും വായിച്ചു കണ്ടില്ല. ചെറിയ ഭിന്നശേഷിയുണ്ടായിരുന്നു, അതെത്ര ശതമാനമാണ് എന്ന് ആരും പറഞ്ഞും എഴുതിയും കണ്ടില്ല. മകളായിരുന്നു, മനുഷ്യ സ്ത്രീയായിരുന്നു, ഒരു കുഞ്ഞിനെ പ്രസവിച്ച് ഒന്നര വയസ്സുവരെ വളർത്തിയിരുന്നു. അതെ, അവൾ അമ്മയുമായിരുന്നു. അവൾക്കു വേണ്ടി തീരുമാനങ്ങളെടുത്തിരുന്നത്, അച്ഛനും അമ്മയുമായിരുന്നു.  

ഭിന്നശേഷിക്കാരിയായതുകൊണ്ട്  ദേഹം നിറയെ സ്വർണവും പുതിയ കാറും കൈ നിറയെ പണവും കൊടുത്താണ് അവളെ വിവാഹം കഴിച്ചയച്ചത്. കല്യാണത്തിനുശേഷം അവൾ മാസത്തിൽ രണ്ടു തവണ സ്വന്തം വീട്ടിൽ വരുമായിരുന്നു. തനിക്കു പാമ്പു കടിയേറ്റിട്ടും എവിടെ വച്ച് , എങ്ങനെ എന്ന് കൃത്യമായി പറയാൻ സാധിക്കാത്ത ഒരു പെൺകുട്ടി കൂടിയായിരുന്നു അവൾ എന്നു കൂടി ഞാൻ മനസ്സിലാക്കുന്നു. 

 

ഒരു പെൺകുട്ടിയുടെ അച്ഛൻ എങ്ങനെയാകരുതെന്നുകൂടി ഈ സംഭവം നമ്മെ ഓർമിപ്പിക്കുന്നുണ്ട്. പല തവണ മകൾ ഗാർഹിക പീഡനത്തിന് ഇരയായിട്ടും, സംശയകരമായ സാഹചര്യത്തിൽ പാമ്പു കടിയേറ്റു ചികിത്സ നിഷേധിക്കപ്പെട്ടിട്ടും മരണതുല്യമായ സാഹചര്യത്തിൽ എത്തിയിട്ടും, മരുമകന്റെ ക്രിമിനൽ ബന്ധങ്ങളെക്കുറിച്ചു സൂചനകൾ കിട്ടിയിട്ടും, അവനു പാമ്പു പിടിത്തക്കാരുമായി ബന്ധമുണ്ടെന്നറിഞ്ഞിട്ടും സൂരജ് എന്ന മരുമകനുവേണ്ടി ആ കുടുംബത്തിലെ വാതിലുകൾ തുറന്നു തന്നെ കിടന്നു. ‘പോകുന്നതുവരെ പോകട്ടെയെന്നു കരുതി’ – ഉത്രയുടെ അച്ഛന്റെ വാക്കുകളാണ്. അവൾ നിശ്ശബ്ദം നടന്നു പോയത് മനുഷ്യന്റെ അസാധാരണ ക്രൂരതകളുടെ വൈകൃതങ്ങളിലേക്കാണ്; മരണത്തിലേക്കാണ്. അവളെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകളെല്ലാം നൂറുപവനും കാറും മൂന്നേക്കർ സ്ഥലവും മാത്രമാവുന്നു. അവൾ മരിക്കേണ്ടി വന്നു, ആ കുടുംബത്തിന് മരുമകനെ തള്ളിപ്പറയാൻ. 

 

അവൾ എന്തായിരുന്നു? ആർക്കുമറിയില്ല. സകലതിനെയും പോസ്റ്റ്മോർട്ടം ചെയ്ത നമ്മൾ, വിശകലനം ചെയ്യാത്തത് ഈ ക്രൂരതകളുടെ നടുവിൽ ഭിന്നശേഷിയുള്ള ഒരു പെൺകുട്ടിയുടെ ജീവിതം ‘പോകുന്നിടത്തോളം പോകട്ടെ’ എന്ന് കരുതിയ സാമൂഹിക വ്യവസ്ഥിതിയെയാണ്. അത്രയും ഒഴിവാക്കാൻ പറ്റാത്തതാണോ വിവാഹം? ഒരു പെൺകുട്ടിയുടെ ജീവനേക്കാൾ വിലയുണ്ടോ അവളുടെ വിവാഹത്തിന്?

 

കേരളത്തിലെ മിഡിൽ ക്ലാസ്, അപ്പർ മിഡിൽ ക്ലാസ് സദാചാര വ്യവസ്ഥിതിയുടെ ഇരയെന്നു മാത്രമേ എനിക്ക് ഈ മകളുടെ ദുരന്തത്തെ കാണാൻ സാധിക്കൂ. തിരികെ വരരുത് എന്ന നിശ്ശബ്ദ സൂചനയോടെയാണ് അത്യാർഭാട പൂർവം പലരും മകളെ വിവാഹം കഴിപ്പിച്ചു വിടുന്നത്. ഇന്നലെവരെ കുസൃതിക്കാരിയും തന്റേടിയുമായ മകളെ ഭർത്താവും കുടുംബവും അൽപം മര്യാദ പഠിപ്പിച്ചാലും തരക്കേടില്ല എന്ന രീതിയിലാകും അവൾ പരാതികളുമായി എത്തുമ്പോൾ വീട്ടുകാർ പ്രതികരിക്കുക. ഒരു ദിവസം കഴിയുമ്പോൾ അവളുടെ സ്വന്തം വീട്ടിലെ ഇടം അവൾക്ക് അന്യമാകുന്നു. വീട്ടിൽ മറ്റാരെങ്കിലും ആ മുറി കൈവശപ്പെടുത്തുന്നു. അവൾ തിരികെ വരുന്നത് രണ്ടു ദിവസം നിൽക്കാനുള്ള അതിഥിയായി മാത്രമാണ്. സ്വന്തം വിവാഹം ഏൽപ്പിച്ച സാമ്പത്തിക ബാധ്യതകൾ അവൾക്കു മുന്നിലുണ്ട്. അതവൾ വീട്ടേണ്ടതില്ല. പക്ഷേ അതവളുടെ വിവാഹത്തോടൊപ്പം ചേർത്ത് വയ്ക്കുന്നു. അച്ഛനും അമ്മയും കഷ്ടപ്പെട്ട് നേടിയതെല്ലാം തനിക്കു തന്നു എന്ന വിശ്വാസം അവളുടെ താലിയോടൊപ്പം നമ്മൾ കുരുക്കി ചേർക്കുന്നു.

 

വിവാഹശേഷം വീട്ടിൽ അതിഥിയായി എത്തുന്ന മകൾ തിരികെ ഇറങ്ങുമ്പോൾ അവളുടെ കൺകോണുകളിലെ കണ്ണീര് അച്ഛനെയും അമ്മയെയും വീടിനെയും പിരിയുന്ന കുഞ്ഞു ദുഃഖമായി നമ്മൾ കരുതുന്നു. നിനക്കവിടെ സുഖമാണോ, നിനക്ക് ഭക്ഷണമെങ്കിലും ഇഷ്ടംപോലെ കിട്ടുന്നുണ്ടോ, നിന്നെ വേദനിപ്പിക്കുന്ന പെരുമാറ്റങ്ങൾ, കുത്തുവാക്കുകൾ ഉണ്ടാകാറുണ്ടോ എന്ന് ആരും അവളോട് ചോദിക്കാറില്ല. ഒരുപക്ഷേ മകളേക്കാൾ പഠിപ്പോ ഉദ്യോഗമോ ഒന്നുമില്ലാത്ത ഒരു മരുമകനെപ്പോലും ഒരു രാജാവിന് ചേർന്ന ബഹുമാനവും സൽക്കാരവും നമ്മൾ നൽകുന്നു.  ‘എന്നേക്കാൾ എന്റെ അച്ഛനും അമ്മയ്ക്കും ഇഷ്ടം ഏട്ടനെയാണ്’ എന്ന് പെൺകുട്ടികൾ വിവാഹശേഷം പ്രഖ്യാപിക്കുന്നു. അവളുടെ കഥ അവിടെ മാറ്റി എഴുതപ്പെടുന്നു. അവൾ ജഡമായി വീട്ടിൽ എത്തുന്നതുവരെ അവർ സാമൂഹികമായി വിജയിച്ച ഒരു കുടുംബമാകുന്നു. ഇനി ഒരിക്കൽ കൂടി അടിച്ചാൽ മോൾ തിരികെ പോകേണ്ട എന്ന് പറഞ്ഞു വീണ്ടും വീണ്ടും നമ്മൾ പെണ്മക്കളെ സ്നേഹമില്ലായ്മയുടെ കള്ളിമുൾക്കാട്ടിലേക്ക് ഇറക്കി വിടുന്നു; അറിഞ്ഞു കൊണ്ടുതന്നെ. പങ്കാളിയോടൊപ്പമുള്ള ജീവിതം എന്നതിനപ്പുറം, ജീവിതം കൊണ്ടുള്ള വലിയ ചൂതാട്ടമായി വിവാഹം ഇപ്പോഴും നമ്മുടെ സമൂഹത്തിൽ നിലകൊള്ളുന്നു.

 

വീട്ടിൽ മകൾക്കൊരു മുറിയുണ്ട്. ആദ്യമൊക്കെ അവിടെ പാവകൾ അടുക്കി വച്ചിരുന്നു അവൾ. പിന്നെപ്പിന്നെ പൂക്കളും പുസ്തകങ്ങളും നിറമുള്ള പെൻസിലുകളും അവിടെ ഇടംനേടി. ഇപ്പോൾ അവൾ വിളക്കുകളും മെഴുകുതിരികളും ചെറിയ ചെടികളും അവിടെ നിറച്ചു വച്ചിരിക്കുന്നു. അച്ഛനോട് പറഞ്ഞു സംഘടിപ്പിച്ച ഹൃദയാകൃതിയിലുള്ള മിന്നിത്തെളിയുന്ന കുഞ്ഞുവിളക്കുകൾ അവൾ ചുമരിൽ ഒട്ടിച്ചു വച്ചിരിക്കുന്നു. ഈ മുറി എന്നും നിന്റെയാണെന്ന് ഞാനവളെ ചേർത്തുനിർത്തി പറഞ്ഞു. എവിടേക്കു പോയാലും ഇവിടേക്ക് ഓടിക്കയറി വരണം. ആർക്കും തുറക്കാൻ അനുവാദമില്ലെന്ന് എഴുതിവച്ചിരിക്കുന്ന കുഞ്ഞുമേശക്കുള്ളിൽ കാറ്റിനുപോലും തുറക്കാവുന്ന ഒരു വർണ്ണപ്പുസ്തകമുണ്ട്. അവളുടെ സ്വപനങ്ങളാണ് അതൊക്കെ. എന്നുമെന്നും ഈ വീട്ടിലെ ഈ മുറി അവളുടേതു മാത്രമാകണമെന്നു ഞാൻ ആശിക്കുന്നു. അതെ, എന്റെ മകൾക്കായി ഈ മുറി എന്നും ഒഴിഞ്ഞുതന്നെ കിടക്കും. അതവൾക്കു നൽകിയ വാഗ്ദാനമാണ്.

English Summary : A scrutiny on Uthra's Snakebite Murder Case by Lekshmy Rajeev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com