sections
MORE

അടിമുടി പുരോഗമനം; ‘യുവകവി’ ചങ്ങമ്പുഴയും ‘വില്ലൻ’ പി.ടി. ചാക്കോയും

kottayam-purogamana-sahithya-sammelanam-75th-anniversary
ചങ്ങമ്പുഴ കൃഷ്ണപിള്ള, ഹരീന്ദ്രനാഥ ചതോപാധ്യായ, പി.ടി. ചാക്കോ, . എം.പി. പോൾ
SHARE

കോട്ടയം∙ ചങ്ങമ്പുഴയുടെയും ഹരീന്ദ്രനാഥ ചതോപാധ്യായയുടെയും സാന്നിധ്യവും ഉശിരൻ  പ്രസംഗവും കൊണ്ടു മലയാള സാഹിത്യചരിത്രത്തിലെയും പ്രഭാഷണചരിത്രത്തിലെയും നാഴികക്കല്ലായി മാറിയ കോട്ടയം പുരോഗമന സാഹിത്യ സമ്മേളനത്തിന് 75 വയസ്സ്. പ്രഫ. എം.പി. പോളായിരുന്നു 1945 മേയ് 29, 30 തീയതികളിൽ കോട്ടയത്തു നടന്ന സമ്മേളനത്തിന്റെ അധ്യക്ഷൻ. സരോജിനി നായിഡുവിന്റെ സഹോദരനും കവിയും നടനുമായ ഹരീന്ദ്രനാഥ ചതോപാധ്യായ തന്റെ ഉജ്വല പ്രസംഗവുമായി തിരുനക്കരയിൽ ആനന്ദനടനമാടിയെന്നാണ് അന്നു സമ്മേളനത്തിൽ പങ്കെടുത്ത പ്രഫ.എസ്. ഗുപ്തൻനായർ പിന്നീട് എഴുതിയത്.സമ്മേളനത്തിന്റെ ഭാഗമായി പി. കേശവദേവിന്റെ നാടകം അരങ്ങേറി.  കേശവദേവും ഭാര്യയും  പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. എം.പി. പോളിന്റെ മകൾ റോസിയും വേഷമിട്ടു. 

നാടകത്തിലെ വില്ലൻ വേഷത്തിൽ അരങ്ങിലെത്തിയതു കേരള രാഷ്ട്രീയത്തിൽ നല്ലൊരു കാലം നായകനായിരുന്ന ആളാണ്; സാക്ഷാൽ പി.ടി. ചാക്കോ.  ചാക്കോയുടെ അഭിനയമികവിനെക്കുറിച്ച് ആ അനുഭവങ്ങൾക്ക് സാക്ഷിയായിരുന്ന കെ.സുരേന്ദ്രൻ പിന്നീട് തന്റെ ആത്മകഥയിൽ എഴുതി.‘ ആ മുഴുത്ത രൂപവും ഗൗരവവും ഉരത്ത സ്വരവും ചുണ്ടു മറയ്ക്കുന്ന മീശയും അതാരെന്ന് എടുത്തുചോദിപ്പിക്കും. അതിനു പറ്റിയ റോളും വില്ലന്റേത്’. ഒരു യുവകവി മാത്രമായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയെ യുവജനസമ്മേളനത്തിന്റെ അധ്യക്ഷനായി ക്ഷണിച്ചത് ഒട്ടേറെ എതിർപ്പുകളെ മറികടന്നാണ്. ചങ്ങമ്പുഴയെന്ന കവിയെ അംഗീകരിച്ചതിന്റെ പരസ്യമായ വിളംബരം കൂടിയായി അത്. തൃശൂരിൽനിന്നുള്ള മംഗളോദയം മാസികയുടെ പത്രാധിപസമിതിയിൽ പ്രവർത്തിച്ചിരുന്ന ചങ്ങമ്പുഴ സ്വന്തം പ്രസംഗം അച്ചടിച്ചുകൊണ്ടുവന്ന് വിതരണം ചെയ്തതും പുതുമയായി.  70 പേജായിരുന്നു അത് !

‘സമസൃഷ്ടി സ്നേഹത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്ന ഏതു മനുഷ്യനും ബഹുമാനിക്കുന്ന സ്ഥിതിസമത്വത്തിൽ പുരോഗമനസാഹിത്യകാരനും വിശ്വസിക്കുന്നുണ്ട്.

മനുഷ്യസ്നേഹിയായ ഏതു മനുഷ്യനും ഇതിൽ വിശ്വസിക്കാതിരിക്കാൻ സാധ്യവുമല്ല. മനുഷ്യസമുദായത്തിൽ പിറന്ന ഏതു വ്യക്തിക്കും ജീവിക്കാനും വളരാനുമുള്ള സാഹചര്യങ്ങൾ നൽകണമെന്നു കമ്യൂണിസ്റ്റുകാരോടൊപ്പം ഞങ്ങളും വിശ്വസിക്കുന്നുണ്ട്’– ചങ്ങമ്പുഴയുടെ സാഹിത്യസിദ്ധാന്തവും വിശ്വസാഹിത്യപരിചയവും വ്യക്തമാക്കുന്ന പ്രഭാഷണം പിന്നീട് ‘സാഹിത്യചിന്തകൾ’ എന്ന പേരിൽ പുസ്തകമായി.

English Summary : Kottayam Purogamana Sahithya Sammelanam 75th Anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;