sections
MORE

എഴുത്തുകാരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചു; എഴുത്തിന്റെയും

MP Veerendrakumar
SHARE

പാരിസിലെ ലെഫ്റ്റ് ബാങ്ക്. സിയന്‍ നദിക്കര. അവിടെയാണ് വിശ്വമഹാകവിയുടെ പേരിലുള്ള, ഷേക്സ്പിയര്‍ ആന്‍ഡ് കമ്പനി എന്ന പ്രശസ്തമായ പുസ്തകശാല. പുതുതായിറങ്ങിയ ഏതു സാഹിത്യകൃതിയും ലഭിക്കുന്ന പുസ്തകശാലയാണത്. സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങളും അവിടെനിന്നു തിര‍ഞ്ഞെടുക്കാം. പുസ്തകങ്ങള്‍ക്കിടയില്‍ എത്ര സമയം വേണമെങ്കിലും ചെലവഴിക്കാം. ആരും തടയില്ല. ഫ്രീ റീഡിങ് ലൈബ്രറി കൂടിയാണത്. വായനയില്‍ തല്‍പരരായ ആര്‍ക്കും അവിടെനിന്ന് പുസ്തകമെടുത്ത് നദീതീരത്തെ കാറ്റേറ്റ് തെരുവിലെ കസേരകളിലിരുന്ന് വായിക്കാം. ആ പുസ്തകശാലയ്ക്കു മുന്നില്‍ എഴുതിവച്ചിരിക്കുന്ന ഒരു വാചകമുണ്ട്: അപരിചിതരോട് മുഷിപ്പ് കാണിക്കാതിരിക്കൂ. ഒരുപക്ഷേ, അവര്‍ വേഷം മാറിയെത്തിയ മാലാഖമാരായിരിക്കാം. 

ഈ പുസ്തകശാലയെ മലയാളിക്കു പരിചയപ്പെടുത്തിയത് എം.പി. വീരേന്ദ്രകുമാറാണ്. പുസ്തകങ്ങളോടു കാണിക്കേണ്ട സ്നേഹത്തെക്കുറിച്ചും എഴുത്തുകാരോട് ബഹുമാനം കാണിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം ഒട്ടേറെത്തവണ എഴുതിയിട്ടുമുണ്ട്. പുസ്തകം എഴുത്തുകാരന്റെ സര്‍ഗശേഷിയുടെ ഉല്‍പന്നമാണ്. അതില്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. എഴുത്തുകാര്‍ ചന്തയില്‍ വില്‍ക്കേണ്ട ചരക്കല്ല എന്നാണ് ഇതേക്കുറിച്ച് അദ്ദേഹം എഴുതിയത്. പുസ്തകങ്ങളോടുള്ള വീരേന്ദ്രകുമാറിന്റെ അഗാധമായ പ്രണയത്തിന്റെ ഫലങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ കൃതിയും. ആഴത്തില്‍ പഠിച്ചും മനസ്സിലാക്കിയും കൃത്യമായ ഉള്‍ക്കാഴ്ചയോടെയാണ് അദ്ദേഹം ഓരോ പുസ്തകവും രചിച്ചത്. സാമൂഹിക പ്രശ്നങ്ങളും രാഷ്ട്രീയവും ചരിത്രവും മാത്രമല്ല ആ തൂലികയ്ക്ക് വഴങ്ങിയത്. സാഹിത്യവും അനായാസമായി അദ്ദേഹം കൈകാര്യം ചെയ്തു. അതിന്റെ ഉത്തമ നിദര്‍ശനമാണ് ‘ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം’ എന്ന കൃതി. മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴയുടെ കവിതയും ജീവിതവും അപഗ്രഥിക്കുന്ന സമഗ്രമായൊരു കൃതിയാണ് വീരേന്ദ്രകുമാര്‍ രചിച്ചത്. പ്രഗത്ഭനായ ഒരു നിരുപകനും സാഹിത്യ വിമര്‍ശകനും മാത്രം എഴുതാന്‍ കഴിയുന്ന കൃതി. വര്‍ഷങ്ങളുടെ ഗവേഷണവും പഠനവും വേണ്ടത്. ഒരു സര്‍ഗാത്മക സാഹിത്യ കൃതി പോലെ തന്നെ ചങ്ങമ്പുഴയെക്കുറിച്ച് എഴുതാന്‍ കഴിഞ്ഞു എന്നതാണ് ഈ കൃതിയുടെ സവിശേഷത; കാലത്തെ അതിജീവിക്കുന്ന പുസ്തകമാക്കി മാറ്റാന്‍ കഴിഞ്ഞതും. 

രാഷ്ട്രീയ പ്രവര്‍ത്തകനും തത്ത്വചിന്തകനും സാമൂഹിക പ്രവര്‍ത്തകനുമായി തിരക്കിട്ട ജീവിതം നയിക്കുമ്പോള്‍ത്തന്നെ സാഹിത്യത്തെ സ്നേഹിച്ച മനസ്സായിരുന്നു വീരേന്ദ്രകുമാറിന്റേത്. അതുതന്നെയാണ് അദ്ദേഹത്തെ വേറിട്ട വ്യക്തിത്വമായി മലയാളത്തില്‍ നിലനിര്‍ത്തിയതും. കവിതകളോട് ഉള്‍പ്പെടെയുള്ള അടങ്ങാത്ത ഇഷ്ടം അദ്ദേഹം പല തവണ വ്യക്തമാക്കിയിട്ടുണ്ട്. മഹത്തായ വിദേശകൃതികള്‍ വായിക്കുന്നതും അതേക്കുറിച്ച് എഴുതുന്നും എന്നും അദ്ദേഹം ആസ്വദിച്ചിരുന്നു. നിരന്തരമായ വായനയിലൂടെയും ചിന്തയിലൂടെയുമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം രൂപപ്പെട്ടതെന്നു സാരം. 

യാത്രാ വിവരണങ്ങളുടെ പതിവ് ചട്ടക്കൂട്ട് പൊളിച്ചെഴുതിയതും വീരേന്ദ്രകുമാര്‍ എന്ന എഴുത്തുകാരനാണ്. സ്ഥല വിവരണം മാത്രമായിരുന്ന ആ സാഹിത്യ ശാഖയെ വിജ്ഞാന സമ്പുഷ്ടമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഓരു രാജ്യത്തെക്കുറിച്ച് എഴുതുമ്പോള്‍ അവിടുത്തെ ചരിത്രവും സംസ്കാരവും സാഹിത്യവും പൂര്‍ണമായി ഉള്‍ക്കൊണ്ടാണ് അദ്ദേഹം എഴുതിയത്. അതുകൊണ്ടാണ് വീരേന്ദ്രകുമാറിന്റെ യാത്രവിവരണങ്ങള്‍ ധാരാളമായി വിറ്റുപോയതും. സാധാരണ വായനക്കാര്‍ മുതല്‍ വിദ്യാര്‍ഥികളും ഗവേഷകരും വരെ അവ വായിച്ചാസ്വദിച്ചു. അറിവിന്റെ അക്ഷയഖനികളായി കൊണ്ടുനടന്നു. 

യാത്രാ വിവരണമായാലും സാങ്കേതിക പ്രശ്നമായാലും എഴുത്തിന്റെ ഭംഗിയായിരുന്നു അദ്ദേഹത്തിന്റെ മൗലികത. അദ്ദേഹത്തെ പ്രശസ്തനാക്കിയ ഒരു പുസ്തകത്തിന്റെ തലക്കെട്ട് നിര്‍ദേശിച്ചത് ഡോ.സുകുമാര്‍ അഴീക്കോട് ആയിരുന്നു. ഹൈമവത ഭൂവില്‍ എന്ന മനോഹരമായ ടൈറ്റില്‍. ആ പുസ്തകത്തിലെ വിവരണങ്ങള്‍ അങ്ങനെയൊരു ടൈറ്റില്‍ അര്‍ഹിക്കുന്നുണ്ടു താനും. ‘അനന്തതകളില്‍ നിന്ന് ഇരുള്‍ അരിച്ചെത്തി. ദൂരക്കാഴ്ചകള്‍ കണ്ണില്‍നിന്നു മറയാന്‍ തുടങ്ങി. ഗംഗോത്രി ക്ഷേത്രത്തിലെ ദീപാങ്കുരങ്ങള്‍ വെളിച്ചപ്പൊട്ടുകളായി തെളിഞ്ഞു. ആരതിക്കൊപ്പം ഗംഗോത്രിയില്‍ മന്ത്രോച്ചാരണങ്ങളും ഗംഗാസ്തുതികളും വിശുദ്ധ ശബ്ദ വീചികളായി...’

English Summary : MP Veerendra Kumar - The legendary writer, philosopher and journalist

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;