ADVERTISEMENT

ശ്രീബുദ്ധന് ആനയെ ഇഷ്ടമാണ്. ബുദ്ധദർശനത്തിൽ ചങ്ങലക്കെട്ടിലെ ആനയും കാട്ടിലെ ഒറ്റയാനും അടുത്തടുത്തു നിൽക്കുന്നു. രണ്ട് ആനകളും ദുഃഖിതരാണ്. എന്നാൽ മനുഷ്യനിലെ ദുഃഖനിരാസത്തിന് ഉപമയാകുന്നു ബുദ്ധനിലെ ആന. പടക്കളത്തിൽ ശരങ്ങൾക്കുമുന്നിൽ കൂസലില്ലാതെ നിൽക്കുന്ന ആനയെപ്പോലെയാകണം കൊള്ളിവാക്കുകൾക്കു മുന്നിൽ നാം എന്ന് ബുദ്ധൻ ഓർമിപ്പിക്കുന്നു. തന്റെ വിശ്വാസങ്ങളുമായി തനിച്ചുനിൽക്കുമ്പോൾ ഒരുപാടു കൂരമ്പുകൾ ഏൽക്കേണ്ടിവരും. ധർമപാദത്തിലെ ആന കൂസാതെ, പതറാതെ തനിച്ചുനിൽക്കുന്നു. എങ്ങനെ തനിച്ചു നിൽക്കും എന്നതു വിശദീകരിക്കാനാണു ബുദ്ധനെ ആനയെ കൊണ്ടുവരുന്നത്. ആനയ്ക്കു കരുത്തുണ്ട്, ആരാധകരുണ്ട്, പക്ഷേ ആന അടിമയും ആശ്രിതനും കൂടിയായി മാറാറുണ്ട്. 

യുദ്ധക്കളത്തിലെ ആനയെ നോക്കൂ. അതിനു ഭയമില്ല, പക്ഷേ അതു മെരുങ്ങിയതാണ്. രാജാവ് അനായാസം അവന്റെ പുറത്തേറുന്നു. എന്നാൽ, ഏറ്റവും കേമം സ്വയം അടക്കിനിർത്താൻ കഴിയുന്നതാണ് എന്ന് ബുദ്ധൻ. ആനയെ എന്ന പോലെ മനസ്സിനെ മെരുക്കുന്നവൻ, അതിലേറി മറ്റാരും പോകാത്ത വഴിയിൽ, നിർവാണത്തിലേക്കു സഞ്ചരിക്കും. ധനപാലകൻ എന്ന ആന ബുദ്ധകഥയിൽ പ്രധാന സാന്നിധ്യമാണ്. അജാതശത്രു ബുദ്ധനെ അപായപ്പെടുത്താൻ ആർക്കും മെരുക്കാനാവാത്ത, കുപിതനായ ധനപാലകനെ ബുദ്ധനുനേരെ അയച്ചു. പക്ഷേ ആന ബുദ്ധനു മുന്നിൽ ക്ഷോഭം അടങ്ങി ആട്ടിൻകുട്ടിയായി മാറി.കൂട്ടുകാരൻ വിവേകിയാണെങ്കിൽ അവനൊപ്പം പോകുക. അല്ലെങ്കിൽ കാട്ടിൽ ആന എന്ന പോലെ തനിയെ പോകുക. കാട്ടിലെ ആന സ്വതന്ത്രനാണ്. തനിയെ ജീവിക്കുന്നതാണു നല്ലത്, നല്ല കൂട്ട് കിട്ടുന്നില്ലെങ്കിൽ. മൂഢന്മാരുടെ കൂടെ കഴിയുന്നതിൽ അർഥമില്ല! തനിച്ചു നടക്കുന്നവനു ചേരുന്നത് കാട്ടിലെ ആനയുടെ ഉപമ തന്നെയാണ്.

ആനയിൽ കരുത്തുണ്ട്, ഇണക്കമുണ്ട്, അതിനാൽ ശോകവുമുണ്ട്. അതുകൊണ്ടാണ് ആന ഏറ്റവും ഭാവനാപൂർണമാകുന്നത്. കവിക്ക് ആനയില്ലാതെ കവിത വരില്ല. ബംഗാളിൽനിന്ന് യൂറോപ്പിലെത്തിയ ഒരു ആനയുടെ പോർചുഗലിലേക്കുള്ള യാത്രയാണു ഷൂസെ സരമാഗോയുടെ എലിഫന്റ്സ് ജേണി. ഭൂഖണ്ഡങ്ങൾ പിന്നിടുന്ന ആനയുടെ സഞ്ചാരപഥങ്ങൾ, മന്ദഗംഭീരമെങ്കിലും മൂകശോകങ്ങളുടേതാണ്.

ezhuthumesha-jose-saramago

ആനയെ മെരുക്കുന്നതു പോലെ എല്ലാ മമതകളെയും അഭിനിവേശങ്ങളെയും മെരുക്കണമെന്നാണു ബുദ്ധൻ പറയുന്നത്. ശിശിരകാല താമരയെ കൈ കൊണ്ടു പറിക്കുന്നതുപോലെ, നിന്റെ മമതകളുടെ ഞെട്ടറുക്കുക എന്ന് ബുദ്ധശാസനം. ഇഷ്ടമുള്ള ആളെ കാണാൻ കഴിയുന്നില്ലെങ്കിൽ ദുഃഖം, ഇഷ്ടമില്ലാത്തവരെ കണ്ടാലും ദുഃഖം. രണ്ടും ഒരേ ഫലം. രണ്ടിൽനിന്നും അകലം പാലിക്കുക. എന്നാൽ ബുദ്ധമാർഗത്തിൽ സഞ്ചരിക്കുന്നതോടെ ആദ്യം നഷ്ടമാകുന്നതു സാഹിത്യവും കവിതയും ആയിരിക്കും. മനുഷ്യനിലെ ദുഃഖമാർഗത്തിലെ ഋതുക്കളാണു നിങ്ങൾ കവിതയോ കഥയോ മറ്റേതെങ്കിലും കലാസൃഷ്ടിയോ ആയി വായിക്കുന്നത്. എല്ലാ മമതകളെയും അനുരാഗങ്ങളെയും നിരസിക്കുന്നതോടെ  ഭാവന പടിയിറങ്ങുന്നു. നിർഗുണമാകുന്നു എല്ലാം. ബുദ്ധനിലെ ആനയെ ഒന്നുകൂടി നോക്കൂ, അതിന്റെ കരുത്ത് തന്നെയാണ് അതിന്റെ നിസ്സഹായത. കാമനകൾ അടങ്ങി അതു മുട്ടുകുത്തുന്നു. മറുവശത്തു ചങ്ങലകളില്ലാതെ കാട്ടിലൂടെ ഏകനായി പോകുമ്പോഴും അത് വലിയ ദുഃഖത്തിലൂടെയാണു നടക്കുന്നത്.

റെയ്മണ്ട് കാർവറുടെ എലിഫന്റ് എന്ന കഥ ഓർമ വരുന്നു. സഹോദരനും  മകനും മകളും അമ്മയും മുൻഭാര്യയും എല്ലാം ചേർന്നു സാമ്പത്തികമായി ചൂഷണം ചെയ്യുന്ന ഒരു മനുഷ്യന്റെ കഥയാണ്. ഇങ്ങനെ സ്നേഹം ഉപയോഗിച്ചു ചൂഷണം ചെയ്യുന്നതിനെ ബഷീർ തമാശക്കഥയായി, പാത്തുമ്മയുടെ ആട് ആയി അവതരിപ്പിക്കുമ്പോൾ  കാർവറിൽ അത് ആനയുടെ രൂപകമാണു കൊണ്ടുവരുന്നത്. 

ezhuthumesha-elizabeth-bishop

കാർവറുടെ കഥയിൽ, എല്ലാവർക്കും പണം വേണം. കാരണം അവരെല്ലാം കഷ്ടപ്പാടിലാണ്. അവർക്ക് ആശ്രയം ഈ മനുഷ്യൻ മാത്രമാണ്. അയാൾ തനിച്ചാണു താമസം. വീട്ടിൽ ഒരു ടിവി മാത്രമേയുള്ളു. അയാൾ സ്വസ്ഥത ആഗ്രഹിക്കുന്നുണ്ട്. മിക്കവാറും അയാൾ ജനാലയ്ക്കരികെ വെറുതെ ഇരിക്കും. പണത്തിനുേവണ്ടി തന്നെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിക്കുന്നവരെ നിരസിക്കുവാൻ അയാൾക്കാവില്ല. അയാൾ അവർക്കു മുന്നിൽ നിസ്സഹായനാണ്. അയാൾ തന്റെ അവസ്ഥ പറഞ്ഞ് അമ്മയ്ക്കും സഹോദരനും മകൾക്കുമെല്ലാം നിരന്തരം കത്തെഴുതുന്നു. താൻ ഓസ്ട്രേലിയയ്ക്കു പോകുന്നുവെന്ന് അയാൾ അവരോട് ഇടയ്ക്കിടെ പറയും. നാടുവിട്ടുപോകുമെന്ന ഭീഷണി, ദാരിദ്ര്യത്തിനും ദൗർഭാഗ്യങ്ങൾക്കും നടുവിൽ കഴിയുന്ന അയാളുടെ സഹോദരനോ മകളോ അമ്മയോ ഗൗനിക്കാറില്ല. ആയിടയ്ക്ക് അയാൾ രണ്ടു സ്വപ്നങ്ങൾ കാണുന്നു. 

ആദ്യസ്വപ്നത്തിൽ അയാൾക്ക് ആരോ വിസ്കി പകരുന്നതാണ്. മുൻപ് ആൽക്കഹോളിക് ആയിരുന്ന മനുഷ്യനാണ്. അയാൾക്ക് ആ അഭിനിവേശത്തിലേക്കു മടങ്ങിപ്പോകാൻ തോന്നുന്നുണ്ടാവും. രണ്ടാമത്തെ സ്വപ്നമാണു പ്രധാനം. അതിൽ, കുഞ്ഞായിരിക്കെ അച്ഛന്റെ ചുമലിലിരുന്നുപോയതു കാണുന്നു. വീഴുമോ എന്ന് പേടിച്ച് അച്ഛന്റെ തലമുടിയിൽ അള്ളിപ്പിടിക്കവേ, പിടിവിട്ടു നീ കൈവീശിയിരുന്നോ, ഞാൻ നോക്കിക്കൊള്ളാം എന്ന് അച്ഛൻ പറഞ്ഞത് അയാൾ ഓർക്കുന്നു. ആനപ്പുറത്തെന്ന പോലെയായിരുന്നു അത്. അച്ഛനെ സ്വപ്നത്തിൽ കണ്ടശേഷം അയാൾക്ക് തന്റെ ബാധ്യതകളെപ്പറ്റി ആധി തോന്നുന്നില്ല. തന്നെ ആശ്രയിക്കുന്നവർ അയാളെ അലട്ടുന്നില്ല. കാറെടുക്കാതെ അയാൾ കൈകൾ വീശി ഓഫിസിലേക്കു നടക്കുന്നു. പാതിവഴിയിൽ സഹപ്രവർത്തകനായ ജോർജിന്റെ കാർ അയാളുടെ അടുത്തുനിർത്തുകയാണ്. അയാൾ അതിൽ കയറുന്നു. ഈ  ജോർജ് കടത്തിൽ മുങ്ങിനിൽക്കുകയാണ്. കാർ കേടായതു നന്നാക്കാൻ കയ്യിലുള്ളതു കൂടി ചെലവഴിച്ചിട്ടുവരികയാണ്. സ്പീഡ് കൂടി വിട്ടോ എന്ന് ജോർജിനോട് കഥാനായകൻ പറയുന്നു.

കാർവറുടെ ആനയെ എനിക്കിഷ്ടമാണ്. അയാളിലെ ദുഃഖം ആന ഇല്ലാതാക്കുന്നില്ല. എന്നാൽ ദുഃഖത്തിലും കൈവീശി നടക്കുന്നതിന്റെ സുഖം അച്ഛന്റെ തോളത്തിരുന്നതിന്റെ ഓർമ ഒരു സ്വപ്നമായി അയാളെ ഓർമിപ്പിക്കുന്നു. 

‘ആരും നിങ്ങളിലായുസ്സല്പമെന്നാലും, സ്വന്ത-ചാരുജീവിതകാലം വികൃതമാക്കുന്നില്ല’

എന്ന കുമാരശനാശാന്റെ വരികളാണ് കാർവറുടെ കഥയുടെ സാരം.

മരങ്ങളെയല്ല, വനത്തെയാണു വെട്ടിനിരത്തേണ്ടത് എന്ന് ബുദ്ധൻ പറയുന്നുണ്ട്. വനമെന്നതു തൃഷ്ണയാണ്. മരം ശരീരവും. ശരീരത്തെ ഒന്നും ചെയ്യാതിരിക്കുക. തൃഷ്ണയെ ഇല്ലാതാക്കുക. മരങ്ങളെ തൊടാതെ വനത്തെ ഇല്ലതാക്കാനാവുമോ? ശരീരം നിൽക്കെ കാമനകൾ ഇല്ലാതാകുമോ? ഇത് വലിയൊരു ചോദ്യമാണ്. ദാർശനികമായി ഒരുപാടു വ്യാഖ്യാനങ്ങൾ നമുക്കു ലഭിക്കുമായിരിക്കും. അതവിടെ നിൽക്കട്ടെ, ബുദ്ധനിലെ ആന ഭാവനാസമ്പന്നമായ സാന്നിധ്യമാണ്. ഈ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ചതുപോലെ ആനയ്ക്ക് കരുത്തുണ്ട്, അതേസമയം അത് നിസ്സഹായതയുടെയും മഹാപീഡകളുടെയും കൂടി പ്രതീകമാണ്. ഇത്തവണത്തെ നമ്മുടെ വേനൽക്കാലം ലോക്ഡൗണിൽ പിന്നിട്ടതോടെ ഏറ്റവും സന്തോഷിച്ച ഒരു ജീവി ആനയാണെന്ന് നമുക്കറിയാം. വൈലോപ്പിളളി എഴുതിയ ആനയുടെ ആ സ്വപ്നം ബുദ്ധനും സൂചിപ്പിക്കുന്നുണ്ട്. ബന്ധനസ്ഥനായ ധനപാലകൻ തുള്ളിവെള്ളം പോലും കുടിച്ചില്ല. തടവിൽ അവൻ തന്റെ കാടോർത്തു കിടക്കുകയാണെന്ന് ബുദ്ധൻ.

നാം പലരീതിയിൽ നിരാസങ്ങൾ ശീലിക്കുന്നവരാണ്. എത്ര നല്ല വായനക്കാരനായാലും അയാൾക്കു കിട്ടുന്ന പുസ്തകങ്ങളിൽ പലതും പിന്നീടുള്ള വായനയ്ക്കായി മാറ്റിവയ്ക്കാറുണ്ട്. ചിലപ്പോൾ ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ, മറ്റു ചിലപ്പോൾ വർഷങ്ങൾ പോലും കഴിഞ്ഞാവും ആ പുസ്തകം വായിക്കാനെടുക്കുക. ഇങ്ങനെ വായനക്കാരനെ കാത്തിരിക്കുന്ന പുസ്തകങ്ങൾ ഏറ്റവും മനോഹരമായിരിക്കും. ഇതേപോലെ എഴുത്ത് മറ്റൊരു സമയത്തേക്കു മാറ്റിവയ്ക്കുന്ന പ്രക്രിയ എഴുത്തുകാരുടെ ജീവിതത്തിലും സംഭവിക്കാറുണ്ട്. ഇന്ന് വരാനിരുന്ന കവിത ചിലപ്പോൾ കുറേ വർഷത്തിനുശേഷമാവും എഴുതുക. എലിസബത്ത് ബിഷപ് പറയുന്നു, ‘I have always felt I have written poetry more by not writing it than by writing it’. എഴുതാതെയാണു താനേറ്റവും കൂടുതൽ കവിതയെഴുതിയിട്ടുള്ളതെന്ന കവിയുടെ പ്രഖ്യാപനത്തിലാണു ഞാൻ സർഗാത്മകമായ നിരാസങ്ങളുടെ സൗന്ദര്യം അറിയുന്നത്. 

English Summary : Ezhuthumesha - Literary Column by Ajay P Mangattu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com