മാധവിക്കുട്ടി എഴുതിയത് ജീവിതമല്ല, ഭാവന മാത്രം: എം. രാജീവ് കുമാർ

poet-kamala–suraiyya
SHARE

‘പ്രകടമാക്കാനാകാത്ത സ്നേഹം നിരർത്ഥകമാണ്, പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും’  - നീർമാതളം പൂത്ത കാലം

മലയാള സാഹിത്യത്തിലെ സർഗ്ഗ വിസ്മയമായിരുന്ന മാധവിക്കുട്ടി എന്ന കമലാ സുരയ്യയുടെ  ഓർമകൾക്ക് പതിനൊന്നു വർഷം. തനിക്കു പറയാനുള്ളത് പുരുഷനെക്കാൾ ധൈര്യത്തോടെ ആരെയും ഭയക്കാതെ ആമി പറഞ്ഞു. മാറ്റത്തിന്റെ വഴികളിൽ സ്വയം പ്രതിഷ്ഠിച്ച ജീവിതമായിരുന്നു അവരുടേത്.  മുപ്പതു വർഷത്തിലേറെക്കാലം ആമിയോട് അസാധാരണ സൗഹൃദം പങ്കിട്ട പ്രശസ്ത കഥാകൃത്തും നാടകകൃത്തും പ്രസാധകനും മറ്റു നിരവധി മേഖലകളിൽ തിളങ്ങുന്ന വ്യക്തിത്വവുമായ ഡോ. എം. രാജീവ് കുമാർ മാധവിക്കുട്ടിയെ ഓർത്തെടുക്കുന്നു...

താങ്കൾക്ക് മാധവിക്കുട്ടിയുമായി ഉണ്ടായിരുന്ന സൗഹൃദത്തെപ്പറ്റി?

1981 - 82 കാലഘട്ടത്തിലാണ് മാധവിക്കുട്ടി തിരുവനന്തപുരത്ത് സ്ഥിരതാമസത്തിനു വരുന്നത്. ഞാൻ ആനുകാലികങ്ങളിലൊക്കെ കഥകൾ എഴുതിക്കൊണ്ടിരുന്ന കാലം, എന്റെ സുഹൃത്ത് രഞ്ജിത്താണ് അവരെ എനിക്ക് പരിചയപ്പെടുത്തിത്തരുന്നത്. അന്ന് അവർ താമസിച്ചിരുന്നത് വേട്ടമുക്കിലെ സമുദ്രതാര എന്ന വീട്ടിലായിരുന്നു. പിന്നീട് കുറവൻകോണത്തെ ദേവിവിലാസത്തിലേക്കും അതിനുശേഷം ശാസ്തമംഗലത്ത് സ്ഥാണുവിലാസത്തിലേക്കും താമസം മാറ്റി.  ഞാൻ ഗവേഷണത്തിന് കാര്യവട്ടത്ത് റജിസ്റ്റർ ചെയ്യുന്നതിന് മുൻപുതന്നെ മാധവിക്കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. പിന്നീട് എന്റെ ഗവേഷണ മാർഗദർശിയായിത്തീർന്ന ഡോ. പി.വി. വേലായുധൻ നായർ ചോദിച്ചു നിനക്ക് മാധവിക്കുട്ടിയുടെ കഥകളിൽ ഗവേഷണം നടത്തിക്കൂടേ എന്ന്.  അന്ന് മാധവിക്കുട്ടിയുടെ കഥകളോട് പൊതുവായനാസമൂഹത്തിന് എതിർപ്പുള്ള കാലമാണ്.  അതുകൊണ്ട് ഈ വിഷയം വേണോ എന്നകാര്യത്തിൽ എനിക്കൊരു ശങ്ക തോന്നി. പക്ഷേ അദ്ദേഹം പറഞ്ഞു ഒട്ടും ശങ്കിക്കണ്ട അത് തന്നെയായിരിക്കും തനിക്കു നല്ല വിഷയം എന്ന്. അന്ന് അദ്ദേഹം കാണിച്ച ആ ആർജ്ജവത്തോടു ഞാൻ ഇന്നും കടപ്പെട്ടിരിക്കുന്നു.  കാരണം ഇന്നും മാധവിക്കുട്ടിയുടെ കഥ എന്ന് പറയുമ്പോൾ ആവശ്യമില്ലാത്ത സദാചാരബോധം വച്ചുപുലർത്തുന്ന അധ്യാപക വൃന്ദമുള്ളപ്പോൾ, ആ കാലഘട്ടത്തിൽ യൂണിവേഴ്സിറ്റിയിലെ പ്രധാനപ്പെട്ട ഒരു അധ്യാപകനാണ് ഇത് പറയുന്നത്.  

അങ്ങനെയാണ് മാധവിക്കുട്ടിയുടെ കഥകൾ എനിക്ക് ഗവേഷണവിഷയമാകുന്നത്, പക്ഷേ അത് വലിയ ഒച്ചപ്പാടുണ്ടാക്കി, വിഷയം സിൻഡിക്കേറ്റിൽ വന്നപ്പോൾ ഡോ പുതുശ്ശേരി രാമചന്ദ്രൻ നായർ അതിനെ എതിർത്തു. പിന്നെ വലിയ യുദ്ധമൊക്കെ നടന്നു. എന്നാൽ ഈ വിഷയം തന്നെ ചെയ്യും എന്ന ഒരു വാശിയായി എനിക്ക്.  ‘മാധവിക്കുട്ടിയുടെ കഥകൾ – വ്യക്തിത്വഘടനയിലൂടെയുള്ള ഒരു പഠനം’ എന്നതായിരുന്നു എന്റെ ഗവേഷണവിഷയം.  ഒരു എഴുത്തുകാരിയുടെ വ്യക്തിത്വം എങ്ങനെയാണ് കൃതിയിൽ പ്രതിഫലിക്കുന്നത് എന്നാണ് ഞാൻ കണ്ടു പിടിക്കാൻ ശ്രമിച്ചത്. മാധവിക്കുട്ടിയുടെ കഥകളെപ്പറ്റി ഒരു പഠനം പോലും ഇല്ലാതിരുന്ന കാലത്താണ് അവരുടെ കഥകൾ ഗവേഷണ വിഷയമായി ഞാൻ തിരഞ്ഞെടുത്തതെന്നോർക്കണം.  അന്നുമുതൽ ഞാനാ വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു. അവർക്കു എന്നോട് ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. എനിക്ക് സ്ഥാണുവിലാസത്തിൽ ഒരു മുറിയുമുണ്ടായിരുന്നു.  

dr-m-rajeev-kumar
ഡോ. എം. രാജീവ് കൂമാർ

മലയാളത്തിലെ ഫെമിനിസ്റ്റ് എഴുത്തുകാരിയുടെ ശ്രേണിയിൽ മാധവിക്കുട്ടിയെ പെടുത്താൻ സാധിക്കില്ല, എന്താണ് താങ്കളുടെ അഭിപ്രായം?

സത്യമാണ്, മാധവിക്കുട്ടിയുടെ കഥകൾ ഫെമിനിസ്റ്റ് കഥകൾ ആയിരുന്നില്ല. സ്ത്രീസ്വാതന്ത്ര്യം ആവോളം ആസ്വദിച്ച ഒരു എഴുത്തുകാരിയായിരുന്നു അവർ, പക്ഷേ അത് ഇപ്പോഴത്തെ സൊ കോൾഡ് ഫെമിനിസം അല്ല. പല എഴുത്തുകാരികളും ഫെമിനിസത്തെ നിർവചിക്കുന്നത് പുരുഷനെ ശത്രുപക്ഷത്തോ പ്രതിസ്ഥാനത്തോ നിർത്തിയാണ്. എന്നാൽ അത്തരമൊരു നിലപാട് മാധവിക്കുട്ടിയുടെ എഴുത്തിൽ കാണുന്നില്ല. സ്ത്രീകൾക്ക് തന്റേടത്തോടെ സംസാരിക്കാനും പ്രണയിക്കാനും അവരുടെ സ്വത്വം വെളിവാക്കാനുമൊക്കെ ഒരിടമുണ്ടാക്കിയത് മാധവിക്കുട്ടിയാണ്. അവർ ഒരിക്കലും കുടുംബനിഷേധി ആയിരുന്നില്ല. മക്കൾ അമ്മയെ അവരുടെ വഴിയേ വിടുകയായിരുന്നു. അമ്മയുടെ ഏതു ഭ്രാന്തൻ ചെയ്തിക്കും മക്കൾ നോ പറയില്ല. അതാണ് ഒരു എഴുത്തുകാരിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം, ഭർത്താവിന്റെയും മക്കളുടെയും പിന്തുണ സർഗാത്മക ജീവിതത്തിൽ അവർക്കു വേണ്ടുവോളമുണ്ടായിരുന്നു.  മാധവിക്കുട്ടിയും ഭർത്താവും വളരെ നല്ല അടുപ്പത്തിലായിരുന്നു. ഭാര്യ എഴുതാനിരിക്കുമ്പോൾ ശല്യം ചെയ്യാതിരിക്കാൻ കുഞ്ഞുങ്ങളെ നോക്കിയിരുന്നു അദ്ദേഹം. അവർക്ക് എഴുതാനുള്ള എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തിരുന്നു. ജീവിതത്തിന്റെ അവസാനം വരെയും സ്വതന്ത്രമായി വിഹരിച്ച മനസ്സായിരുന്നു. അവർ എന്ത് ചെയ്താലും കൂടെ നില്ക്കാൻ കരുത്തുള്ള ഒരു കുടുംബം അവർക്കുണ്ടായിരുന്നു.      

മാധവിക്കുട്ടി തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് എന്നാണോ താങ്കൾ പറയുന്നത്?

സുന്ദരമായി ആൾക്കാരെ വിശ്വസിപ്പിക്കാൻ പറ്റുന്ന ഭാവനയുള്ള ഒരു എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി എന്ന് ഞാൻ പറയും. ‘നുണകൾ’ എന്ന പേരിൽത്തന്നെ ഒരു കഥയുണ്ട്.  ഈ കഥകൾ ഒന്നും അവരുടെ ആത്മകഥകൾ അല്ല, ഒരു സ്വപ്ന സഞ്ചാരിയുടെ കൗതുകപരമായ കാഴ്ചകളും സ്വപ്നങ്ങളുമായിരുന്നു. ഒരു ലേഡി ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞു രാത്രി വൈകി വീട്ടിലേക്കുവരുമ്പോൾ അവരുടെ ‘സ്നേഹനിധിയായ’ ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം ശയിക്കുന്ന കാഴ്ച കാണാനിടയായതായി ഒരു കഥയുണ്ട്, ആ സ്ത്രീ നിശ്ശബ്ദം തന്റെ മാറിൽ പറ്റിച്ചേർന്നുകിടക്കുന്ന താലിയിൽ പിടിച്ച് "എന്റെ പാവം താലി" എന്ന് ആത്മഗതം നടത്തുകയാണ്. അത് അവരുടെ കഥയാണോ?  തനിക്കുചുറ്റുമുള്ള സ്ത്രീകളുടെ അവസ്ഥകളാണ് അവർ എഴുതിയത്.  പുരുഷാധിപത്യം കൊടികുത്തിവാഴുന്ന ഒരുകാലഘട്ടത്തിലാണ് അവർ കഥയെഴുതുന്നത്. അവർ പത്താമത്തെ വയസ്സിൽ എഴുതിയ കഥയുടെ പേരുതന്നെ ‘സ്ത്രീ’ എന്നാണ്. സ്ത്രീക്ക് സ്വതന്ത്രമായി അവളുടെ അഭിലാഷങ്ങളെ എഴുതുവാനുള്ള ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കിക്കൊടുത്തു.

മലയാളികളുടെ ഒരു പ്രത്യേകത ഒരു സ്ത്രീ തുറന്നെഴുതിയാൽ അത് അവരുടെ ജീവിതമാണെന്നങ്ങ് ധരിക്കുകയാണ്.  ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെട്ട എഴുത്തുകാരിയാണ് മാധവിക്കുട്ടിയും.  അവർ തന്നെ അവരെപ്പറ്റി പല കഥകളും പറഞ്ഞ് ഒരു ഭ്രമകല്പന സൃഷ്ടിക്കുകയായിരുന്നു. ലോക പ്രശസ്തരായ എഴുത്തുകാരെയെല്ലാം നിരീക്ഷിച്ചാൽ ഇത്തരത്തിലുള്ള ഇല്ലാക്കഥകൾ സൃഷ്ടിക്കുന്ന ഒരു പ്രത്യേകത കാണാം. അത് ക്രിയേറ്റിവിറ്റിയുടെ മറ്റൊരു തലമാണ്.  ബഷീർ, വികെഎൻ, മാധവിക്കുട്ടി ഈ മൂന്നുപേരാണ് മലയാളത്തിലെ മൈൽ സ്റ്റോൺ ആയിട്ടുള്ള ക്രീയേറ്റീവ് ജീനിയസുകൾ.  എന്നാൽ ഒരു പെണ്ണ് ബലാൽസംഗത്തിന് ഇരയായാൽ , ‘അതിന് അവൾക്കെന്തു പറ്റി?  ഡെറ്റോൾ ഇട്ടു കഴുകിയാൽ തീരാവുന്നതല്ലേ ഉള്ളൂ’ എന്നു പറയാൻ അന്നത്തെ കാലത്ത് ആർജ്ജവം കാണിച്ചത് മാധവിക്കുട്ടി മാത്രമാണ്. അവരുടെ കഥകൾ സ്ത്രീപുരുഷ ബന്ധത്തിന്റെയും പ്രണയത്തിന്റെയും ജീവിതത്തെ തൊട്ടു നോക്കുന്ന ആസക്തിയുടേയുമൊക്കെ കലാപരമായ ആവിഷ്കാരമാണ്.  അതിന്റെ  അടുത്തുപോലുമെത്താൻ നമ്മുടെ ഫെമിനിസ്റ്റ് എഴുത്തുകാരികൾക്കു പറ്റില്ല. ആവിഷ്കാര സ്വാതന്ത്ര്യം ആവോളം അനുഭവിച്ച ഒരെഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി.

മാധവിക്കുട്ടിയുടെ കഥാലോകത്തെ ഒരു ഗവേഷകനെന്ന നിലയിൽ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്? 

മാധവിക്കുട്ടിയുടെ ഓർമശക്തി എന്നെ പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.   അവരോടൊപ്പം നാലപ്പാട്ട് വീട്ടിൽ പോകുമ്പോൾ ഓരോ കഥകൾ പറയും. ഇവിടെയാണ് ഞാൻ രണ്ടുവയസ്സുള്ളപ്പോൾ കിടന്നുറങ്ങിയിരുന്നത്, ഇവിടെയാണ് ഓണത്തിന് ഞാനൊരു പച്ചപ്പട്ടുപാവാടയുടുത്തു കളിച്ചത്.. അങ്ങനെ രണ്ടും മൂന്നും വയസ്സിലെ കാര്യങ്ങൾ വരെ അവർക്ക് ഓർമയുണ്ടായിരുന്നു. മാധവിക്കുട്ടിയുടെ കഥാപാത്രങ്ങളൊക്കെ അവർക്ക് ഏതെങ്കിലും വിധത്തിൽ അറിയാവുന്നവരാണ്.  1972 ൽ  മഞ്ഞക്കാമില വന്നു മരിച്ചു പോകും എന്നൊരു അവസ്ഥ വന്നപ്പോഴാണ് ‘എന്റെ കഥ’ എഴുതുന്നത്.  ആ കാലഘട്ടത്തിൽ മരണത്തെക്കുറിച്ച് ഒരുപാട് കഥകൾ എഴുതി. ‘പക്ഷിയുടെ മണം’ പോലെയുള്ള പ്രശസ്തകഥകൾ മരണത്തെ സമർഥമായി ബിംബവൽക്കരിക്കുന്നു. മറ്റാർക്കും സങ്കൽപിക്കാൻ കഴിയാത്ത ഒരു മാനസിക ലോകം സ്ത്രീകൾക്കുണ്ടെന്നും അത് സമൂഹത്തിലെ സദാചാര സങ്കൽപങ്ങളെ വെല്ലുവിളിക്കാൻ പോന്നതാണെന്നും ‘എന്റെ കഥ’ ലോകത്തോട് വിളിച്ചു പറഞ്ഞു. 

ഒരു ഫിക്‌ഷൻ മാത്രമായിരുന്ന ആ കൃതി അവരുടെ സ്വന്തം കഥയാണെന്ന് മനോഹരമായി തെറ്റിദ്ധരിപ്പിച്ചു.  സദാചാരവിരുദ്ധമെന്നു മുദ്രകുത്തിയ എന്റെ കഥയിൽ അശ്ലീലത്തിന്റെ കണികപോലും കണ്ടുപിടിക്കാൻ കഴിയില്ല.  എന്റെ കഥ ഒരു നല്ല നോവൽ, അല്ലെങ്കിൽ ഒരു നീണ്ട കഥ എന്ന് വേണമെങ്കിൽ പറയാം, അത് കഥാകാരിയുടെ ഭ്രമകല്പന മാത്രമാണ്. സാമ്പത്തികലാഭത്തിനുവേണ്ടി മലയാളനാട് അത് ആത്മകഥ എന്നാണുപറഞ്ഞാണ് പ്രസിദ്ധപ്പെടുത്തിയത്. ഇടയ്ക്കിടയ്ക്ക് സ്വപ്നവിഭ്രമങ്ങൾ പോലെയാണ് കഥാപാത്രങ്ങൾ വരുന്നത്.  എഴുത്തുകാരികളിൽ ഇത്രയധികം ശകാരം ഏറ്റുവാങ്ങിയ മറ്റൊരാൾ ഉണ്ടാകില്ല.  മനോബലമില്ലാത്ത രാജലക്ഷ്മിയെപ്പോലെയുള്ളവർ ആത്മഹത്യ ചെയ്തു കളഞ്ഞില്ലേ? മാധവിക്കുട്ടി പുരുഷ എഴുത്തുകാരോടൊപ്പം നിന്ന് സ്ത്രീപുരുഷ ബന്ധത്തിലെ ഫൗൾ പ്ലേയെ ക്കുറിച്ചു പറയുകയായിരുന്നു. പുരുഷന്മാരോട് വിദ്വേഷമോ വൈരാഗ്യമോ ഇല്ല, മറിച്ച് അസംതൃപ്തമായ ദാമ്പത്യങ്ങളെപ്പറ്റിയും സ്നേഹ നിരാകരണത്തെപ്പറ്റിയുമൊക്കെയാണ് അവർ പറഞ്ഞത്, അത് അവരുടെ ദാമ്പത്യമാണ് എന്ന് തെറ്റിദ്ധരിക്കുകയാണ് വായനക്കാർ ചെയ്തത്.  എൺപതുകൾക്കുശേഷം ഉത്തരാധുനിക സാഹിത്യത്തിൽ എഴുത്തുകാരികൾ സജീവമായിത്തീർന്നപ്പോൾ അവർക്ക് എഴുതാനൊരു പ്ലാറ്റ്ഫോം ഉണ്ടാക്കിയത് മാധവിക്കുട്ടിയാണ്.  അവർ സമൂഹത്തിലെ പൊള്ളത്തരങ്ങൾ തുറന്നെഴുതി, ആത്മകഥയാണെന്നു തോന്നിപ്പിക്കുന്ന തരത്തിൽ. അവരുടെ വരവോടെയാണ് സ്ത്രീകൾക്ക് തുറന്നെഴുതാൻ ധൈര്യം വന്നത്

dr-m-rajeev-kumar-madhavikutty
ഡോ, എം. രാജീവ് കുമാർ മാധവിക്കുട്ടിക്കൊപ്പം (ഫയൽ ചിത്രം)

സൗഹൃദങ്ങളെ മാധവിക്കുട്ടി എങ്ങനെയാണ് സമീപിച്ചിരുന്നത്?  

അവർ വളരെ ഉദാരമതിയായിരുന്നു.  ആളുകൾ ചോദിക്കുന്നതൊക്കെ കൊടുക്കും, ആഭരണം നല്ലതാണെന്നു പറഞ്ഞാൽ, ‘എന്നാൽ നീ ഇത് എടുത്തോ’ എന്ന് പറയും.  ഒരിക്കൽ ഒരാൾ അവരുടെ വീട്ടിലെ കാർപ്പറ്റ് നല്ലതാണെന്നു പറഞ്ഞു, എന്നാൽ നീ എടുത്തോ എന്ന് പറഞ്ഞപ്പോൾ അയാൾ വണ്ടി വിളിച്ചു കൊണ്ട് വന്നു എടുത്തുകൊണ്ടു പോയി.  അവരുടെ ആനുകൂല്യങ്ങൾ പറ്റിയവർ പിന്നെ ഒരിക്കലും തിരിഞ്ഞു നോക്കില്ല.  അവർക്കു ജ്യോതിഷത്തിലൊക്കെ വലിയ ഗ്രാഹ്യമായിരുന്നു, വീട്ടിലൊരു ടെലസ്കോപ്പ് ഒക്കെ ഉണ്ടായിരുന്നു, ഗ്രഹങ്ങളുടെ നീക്കം എങ്ങനെ മനുഷ്യനെ ബാധിക്കുന്നു, മിൽക്കിവേ, അതിനെക്കുറിച്ചൊക്കെ എന്നോട് സംസാരിക്കുമായിരുന്നു, അതൊക്കെ നാലപ്പാട് കുടുംബത്തിൽ നിന്നു കിട്ടിയതാണ്.  അതുപോലെ മാധവിക്കുട്ടിയുടെ ദാന ശീലം. എന്നെ ഒരുപാടു സാധനങ്ങൾ അടിച്ചേൽപ്പിക്കാൻ നോക്കി, അവസാനം അവരുടെ സ്നേഹത്തിനു മുന്നിൽ ഒരു മോതിരം വാങ്ങാതെ തരമില്ലെന്നായി, പിന്നെ ഞാനെന്റെ വീട് കെട്ടിയപ്പോൾ ആ മോതിരം എന്റെ വീടിന്റെ  കന്നിമൂലയിൽ ഇട്ടു, അങ്ങനെ ഇത്രയും സർഗാത്മക വ്യക്തിത്വമുള്ള എഴുത്തുകാരി തന്ന ഒരു പൊന്നിന്റെ പുറത്താണ് ഞാനെന്റെ വീട് കെട്ടിയത്. അവർ എഴുതിക്കൊണ്ടിരുന്ന പേന എനിക്ക് സമ്മാനിച്ചു,  ഞാനത് സൂക്ഷിച്ചു വച്ചിട്ടുണ്ട്. 

അവരുടെ വ്യക്തിപരമായ എല്ലാ കാര്യങ്ങളും എന്നോട് സംസാരിച്ചിട്ടുണ്ട്. ഞാൻ ഇക്കാലമത്രയും മാധവിക്കുട്ടിയെ നിരീക്ഷിക്കുകയായിരുന്നു. വളരെ മനോഹരമായ ഒരു ഇല്യൂഷനിലാണ് അവർ ജീവിച്ചിരുന്നത്. ഞാൻ മിക്കവാറും എല്ലാ ദിവസവും അവിടെ പോകും, അവരുടെ ഒപ്പം നാട്ടിൽ പോകും, മറ്റൊരു ഗവേഷകനും ഇങ്ങനെ ഒരു ഭാഗ്യം കിട്ടിക്കാണില്ല; താൻ പഠിക്കുന്ന വ്യക്തിയോടൊപ്പം താമസിച്ചു നിരീക്ഷിച്ചു പഠിക്കുക എന്നുള്ളത്.  ദാസേട്ടൻ മരിച്ച സമയത്തും ഞാൻ ഒപ്പമുണ്ട്, അപ്പോഴൊക്കെ അവരുടെ മനോഘടന നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. സുഖമില്ലാത്ത ദാസേട്ടനെ സ്കാനിങ്ങിനു കൊണ്ടുപോകാൻ നേരം ദാസേട്ടൻ തയ്യാറായില്ല, ആ സന്ദർഭത്തിൽ അവർ പൊട്ടിക്കരഞ്ഞു. എന്നാൽ ദാസേട്ടൻ മരിച്ചു കിടന്നപ്പോൾ അവർ കരഞ്ഞില്ല, പറഞ്ഞു വരുന്നത്, നമ്മൾ പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അവരിൽ നിന്നും ഉണ്ടാകുന്നത് എന്നാണ്.  

മാധവിക്കുട്ടിയുടെ പ്രണയസങ്കൽപം?

മാധവിക്കുട്ടിയുടെ മതം സ്നേഹമാണ്. കൃഷ്ണനാണ് അവരുടെ എക്കാലത്തെയും പ്രണയിതാവ്. രാധാകൃഷ്ണ സങ്കൽപമാണ് അവരുടെ പ്രണയ സങ്കൽപം.  കൃഷ്ണനെ ദൈവത്തെപ്പോലെ ആരാധിക്കുകയല്ല, ഒരു കാമുകിയെപ്പോലെ സ്വയം അർപ്പിക്കാൻ തയ്യാറെടുത്തു നിൽക്കുകയാണ്.  ഇസ്‌ലാം മതം സ്വീകരിച്ചു കഴിഞ്ഞും മാധവിക്കുട്ടി പറയുന്നുണ്ട്, എന്റെ കൃഷ്ണൻ ഇപ്പോൾ ഇസ്‌ലാമായി എന്ന്. അവരുടെ ആത്മീയത സ്നേഹത്തിൽ അധിഷ്ഠിതമാണ്. അതുകൊണ്ടു മതം മാറിയതൊന്നും അവർക്കു പ്രശ്നമല്ല, അവർക്കു അപ്പോൾ തോന്നുന്നത് അങ്ങ് ചെയുക. അല്ലാതെ ഇസ്‌ലാമായ ഒരു കാമുകനെ തേടിപ്പോയതൊന്നുമല്ല. അവരുടെയും മറ്റുള്ളവരുടെയും ജീവിതത്തെ ബാധിക്കുമോ എന്നുള്ള ചിന്തയൊന്നുമില്ലാതെ എന്തും വിളിച്ചു പറയും.  അമ്മ പറയുന്നതിനെപ്പറ്റി മക്കൾക്ക് വിഷമമില്ലാത്തത് അതുകൊണ്ടാണ്, അമ്മ എല്ലാം വെറുതെ പറയുന്നതാണെന്ന് അവർക്കറിയാം.  തങ്ങൾ ഒരു ജീനിയസിന്റെ മക്കളാണ് എന്ന ബോധം അവർക്കുണ്ട്.  

രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അന്ന് കൂടെപ്പഠിക്കുന്ന കുട്ടിയെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു. അച്ഛൻ കുടുംബത്തെ കൽക്കട്ടയിലേക്കു കൊണ്ട് പോവുകയാണ്. അങ്ങനെയാണ് അവരുടെ ജീവിതത്തിലേക്ക് നഗരം കടന്നു വരുന്നത്. അവിടെ വച്ച് ഒരു കലാകാരനെ പ്രണയിക്കുന്നു എന്ന് പറഞ്ഞു വളരെ പ്രശ്നങ്ങൾ ഉണ്ടായി, പക്ഷേ ഇതെല്ലാം പൊള്ളത്തരങ്ങളായിരുന്നു. ഇവരിലെല്ലാം അവർ കാണുന്നത് കൃഷ്ണനെയാണ്. ഇടയ്ക്കു കുറച്ചു നാൾ ബോർഡിങ് സ്കൂളിലായിരുന്നു, അന്നുമുതൽ മാനസികമായ ഒരു ഒറ്റപ്പെടൽ അവർ അനുഭവിച്ചിരുന്നു. അത് അവരുടെ കഥകളിലും പ്രതിഫലിച്ചിരുന്നു.  എഴുത്തുകാരിയായിരുന്ന അമ്മ, ബാലാമണിയമ്മ എപ്പോഴും തിരക്കിലായിരുന്നു, മക്കളെ ലാളിക്കാനൊന്നും അവർക്കു സമയമുണ്ടായിരുന്നില്ല.  അമ്മമ്മയോടും ജോലിക്കാരോടുമൊപ്പം ചെലവഴിച്ച ബാല്യകാലം. ‘രതി സാമ്രാജ്യം’ എഴുതിയ അമ്മാവൻ നാലപ്പാട്ട് നാരായണ മേനോൻ അവരിൽ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമ്മയുമായി ഉള്ളതിനേക്കാൾ അടുപ്പം മാധവിക്കുട്ടിക്ക് അമ്മാമ്മയുമായി ആയിരുന്നു. 

നാലപ്പാട്ട് കുടുംബത്തിൽ സ്ത്രീപുരുഷ വേർതിരിവുണ്ടായിരുന്നില്ല. എല്ലാരെയും സമഭാവനയോടെ സ്നേഹിക്കാനാണ് അവിടെ പഠിപ്പിച്ചത്.  മാതൃഭൂമി പത്രത്തിന്റെ മാനേജിങ് ഡയറക്ടർ ഒക്കെ ആയിരുന്ന ധനാഢ്യനായ അച്ഛൻ മകളെ ബ്രിട്ടിഷ് രീതിയിൽ വളർത്തണം എന്നാഗ്രഹിച്ചു, പക്ഷേ മകൾ സ്വന്തം ഭാവനാലോകത്തായിരുന്നു. അതുകൊണ്ടാണ് പതിനാലാം വയസ്സിൽ വിവാഹം കഴിപ്പിച്ചത്. തന്നെക്കാൾ  പതിനഞ്ചുവയസ്സിനു മുതിർന്ന ബന്ധുവായ മാധവദാസായിരുന്നു വരൻ.  കമല വീണ്ടും മറ്റൊരു മഹാനഗരത്തിലേക്കു പറിച്ചു നടപ്പെട്ടു. പതിനാലു വയസ്സുള്ള ഒരു കുട്ടിക്ക് താങ്ങാനാകാത്തതായിരുന്നു അത്, എന്നാലും വളരെപ്പെട്ടെന്ന് അവർ ആ ജീവിതവുമായി പൊരുത്തപ്പെട്ടു.  നമ്മൾ അറിഞ്ഞ കമലാദാസ് ദാമ്പത്യത്തിൽ അസംതൃപ്തയായി മറ്റുള്ള പുരുഷന്മാരെ തേടിപോകുന്നവളാണ് എന്നാണ്, പക്ഷേ സത്യം അതല്ല, വീടുമായി വളരെ ബന്ധമുള്ള ഒരു സ്ത്രീയാണ് അവർ. അവരുടെ കഥകൾ അങ്ങനെ ഒരു ഇമേജ് ഉണ്ടാക്കുകയായിരുന്നു. ‘രുക്മിണിക്കൊരു പാവക്കുട്ടി’ എന്ന കഥ കൽക്കട്ടയിലെ സോനാഗച്ചിയിലെ ബാലവേശ്യയായ ഒരു പെൺകുട്ടിയുടെ കഥയാണ്. ആ പെൺകുട്ടിയെ ഒരു സ്ത്രീയുടെ മകൻ വിവാഹം കഴിക്കുന്നു. ഏതു തിന്മക്കിടയിലും നന്മ കാണുന്ന ഒരു സ്ത്രീയായിരുന്നു കമല.  അവർ വേശ്യാലയത്തെപ്പറ്റി എഴുതിയത് അന്നത്തെ സദാചാര വാദികൾക്ക് സഹിക്കാൻ പറ്റാത്ത കാര്യമായിരുന്നു.  ഒരു എഴുത്തുകാരി ആവിഷ്കരിക്കുന്നത് അവരുടെ ജീവിതമാണ് എന്ന് കരുതരുത്, മറിച്ച് അവർ കണ്ടെത്തുന്ന കഥാപാത്രങ്ങളാണ്.  അവരുടെ കഥാപാത്രങ്ങൾ നേരേ ചൊവ്വേ ജീവിച്ചു സുഖമായി മരിക്കുന്നവരല്ല. ‘ചന്ദനമരങ്ങൾ’ പുതിയ കാലഘട്ടത്തിലും ഏറ്റവും പ്രസക്തമായ കഥയാണ്.  ഇന്ന് ലെസ്ബിയൻ എന്ന് പേരിട്ടുവിളിക്കുന്ന സ്ത്രീസൗഹൃദത്തെയാണ്  ഈ കഥ വിഷയമാക്കുന്നത്.  സ്ത്രീയുടെ മനഃശാസ്ത്രം ഇത്രമാത്രം മനസ്സിലാക്കിയ മറ്റൊരു എഴുത്തുകാരിയില്ല. അവർ കാലത്തിനതീതമായി ചിന്തിച്ചവരാണ്.    ഏറ്റവും പുതിയ കാലഘട്ടത്തിൽ പോലും പ്രസക്തമായ കഥകളാണ് അവരുടേത്, അതുകൊണ്ടു തന്നെ അവരെ ഒരു കാലബിന്ദുവിൽ പ്രതിഷ്ഠിക്കാൻ കഴിയില്ല.  

താങ്കളിലെ എഴുത്തുകാരനെ മാധവിക്കുട്ടി എന്ന എഴുത്തുകാരി സ്വാധീനിച്ചിട്ടുണ്ടോ?

എന്നെ ഒരു തരത്തിലും മാധവിക്കുട്ടി സ്വാധീനിച്ചിട്ടില്ല.  ഞാനാരോടും അങ്ങനെ ഒരു ഹൃദയബന്ധം ഉണ്ടാക്കില്ല.  ഞാൻ അടുത്തുനിന്ന് അവരെ മനസ്സിലാക്കുകയായിരുന്നു. അവരുടെ രചനാരീതി എങ്ങനെയായിരുന്നു, അവർ എഴുതുന്ന പ്രണയം, ഭക്തി, ഇതൊക്കെ നോക്കി പഠിക്കുകയായിരുന്നു.  എന്നാൽ പെണ്ണായാലും ആണായാലും ഇണയ്ക്ക് സ്വാതന്ത്ര്യം കൊടുക്കണം എന്ന് ഞാൻ അവരിൽ നിന്നാണ് പഠിച്ചത്.  അതുപോലെ എഴുത്തിലെ ആവിഷ്കാര സ്വാതന്ത്ര്യവും ഞാൻ അവരിൽ നിന്നാണ് പഠിച്ചത്. മാധവിക്കുട്ടി വരയിട്ട പേപ്പറിലായിരുന്നു എഴുതിയിരുന്നത്. പദങ്ങൾ കൃത്യമായി എഴുതും, എഴുതി ശരിയാകുന്നതുവരെ പേപ്പർ മാറ്റും, നന്നായി വരുന്നതുവരെ എഴുതും, വെട്ടി എഴുതില്ല.. എന്തും എഴുതാൻ ഒരു പേടിയുമില്ല.  എന്നോടെപ്പോഴും പറയുമായിരുന്നു, അധികം പഠിപ്പില്ലാത്ത വീട്ടമ്മയായി നിൽക്കുന്ന ഒരു പെണ്ണിനെ വിവാഹം കഴിക്കണം, അതാണ് രാജീവന് നല്ലതെന്ന്.  ഒരാളെയും അടിമയാക്കി വയ്ക്കരുത്, ആർക്കായാലും സ്വാതന്ത്ര്യം വേണം എന്ന് ഞാൻ അവരിൽനിന്നാണ് പഠിച്ചത്.  ഇതുപോലെ ഒരു എഴുത്തുകാരി മലയാളത്തിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല, അവരെ ഭാരതീയമോ കേരളീയമോ ആയ ചുറ്റുവട്ടത്ത് ഒതുക്കാൻ കഴിയില്ല.  ലോകത്തെ മുഴുവൻ ഗ്രസിക്കുന്ന ഒരു പ്രണയം, സ്നേഹം ഒക്കെയായിരുന്നു അവർ.  പ്രണയവും സ്ത്രീ പുരുഷബന്ധവും ഇത്രത്തോളം തീവ്രമായി ആവിഷ്കരിച്ച മറ്റൊരു എഴുത്തുകാരിയില്ല.

aami-movie-poster

കമൽ സംവിധാനം ചെയ്ത ആമി എന്ന സിനിമ മാധവിക്കുട്ടിയുടെ ജീവിതത്തോട് നീതി പുലർത്തുന്നുണ്ടോ? 

മുഴുവൻ അർഥത്തിൽ ഇല്ല എന്ന് പറയാം, അതിൽ അവസാനം പറയുന്ന അന്യമതസ്ഥനുമായിട്ടുള്ള ബന്ധം ശരിക്കും ഉണ്ടായിട്ടില്ല. എന്നാൽ അത് യഥാർഥത്തിൽ നടന്ന സംഭവമായാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. യഥാർഥത്തിൽ അങ്ങനെ ഒരു ബന്ധം ഇല്ല. കമലാസുരയ്യയുടെ കാര്യങ്ങൾ നമ്മൾ പ്രവചിക്കുന്നതിന് അതീതമാണ്. മതപരിവർത്തനം നടത്തുന്നതിനുവേണ്ടി വിശ്വാസയോഗ്യമായ ഒരു കഥ അവർ ഭാവനയിൽനിന്നു സൃഷ്ടിക്കുകയായിരുന്നു. മക്കളൊക്കെ ഇതൊരു തമാശ ആയാണ് എടുത്തത്, എപ്പോൾ വേണമെങ്കിലും ഹിന്ദുമതത്തിലേക്ക് തിരിച്ചു വരാം എന്നാണ് മക്കൾ പറഞ്ഞത്. മതം മാറിയത് ഒരു കാമുകനെ വിവാഹം കഴിക്കാനാണ് എന്ന് കനേഡിയൻ എഴുത്തുകാരി മെറിലി വെയിസ്ബോഡ് “The Love Queen of Malabar”  എന്ന കൃതിയിൽ എഴുതിയത് ശുദ്ധ അസംബന്ധമാണ്. അവർ ആ പുരുഷ സുഹൃത്തിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി താമസിച്ചു എന്നും അവിടെവച്ച് അവർ ലൈംഗികബന്ധത്തിൽ  ഏർപ്പെട്ടു എന്നും മതം മാറിയാൽ  തന്നെ വിവാഹം കഴിച്ചുകൊള്ളാം എന്ന് പറഞ്ഞിട്ടുണ്ടെന്നും കമല പറഞ്ഞത് അവരുടെ ഭ്രമകല്പനകൾ മാത്രമായിരുന്നു. അവർ ഒരു സ്വപ്നജീവി ആയിരുന്നു. അവർ പൊള്ളയായ ഒരു സ്ത്രീയല്ല.  മരണം വരെ അവരോട് അടുത്ത ബന്ധമുള്ള ആളായിരുന്നു ഞാൻ, എനിക്ക് നേരിട്ടറിയാവുന്ന കാര്യമാണ്, അങ്ങനെ ഒരു ഒത്തുചേരലോ ബന്ധമോ നടന്നിട്ടില്ല. അന്നുണ്ടായ വിവാദങ്ങളൊക്കെ അടിസ്ഥാനരഹിതമായിരുന്നു. വെറുക്കപ്പെട്ട അമ്മയാണെങ്കിൽ മക്കൾ അന്ത്യം വരെ കൂടെ നിൽക്കുമോ?  വീടിനുള്ളിൽ മക്കളുടെ കാര്യങ്ങൾ നോക്കുന്ന, ഭർത്താവിനെ സ്നേഹിക്കുന്ന ഒരു സ്ത്രീയായിരുന്നു. ദാസേട്ടൻ എന്ന് വിളിച്ചിരുന്ന ഭർത്താവുമായി ഗാഢമായ ആത്മബന്ധം അവർക്കുണ്ടായിരുന്നത് നേരിട്ടുമനസ്സിലാക്കിയ ആളാണ് ഞാൻ. എഴുതുന്നതും യാഥാർഥ്യവും തമ്മിൽ പുലബന്ധം പോലും ഇല്ല എന്ന് മക്കൾക്ക് അറിയാമായിരുന്നു. അമിതമായ മതഭ്രാന്ത് അവർക്കുണ്ടായിരുന്നില്ല. അവരുടെ മതം സ്നേഹമായിരുന്നു. സ്പിരിച്വൽ ആയ എന്തോ ഒന്ന് ഉണ്ടായിരുന്നു എന്നല്ലാതെ വലിയ ഭക്തയായി തോന്നിയിട്ടില്ല.  പ്രണയമായിരുന്നു ജീവിതകാലം മുഴുവൻ അവരുടെ ദൈവം. .പ്രവചനാതീതമായി പ്രവർത്തിക്കുക എന്നുള്ളത് മാധവിക്കുട്ടിയുടെ ഒരു സ്വഭാവമായിരുന്നു. അവർ സ്വന്തം ആകാരത്തെ വളരെ സ്നേഹിച്ചിരുന്നു. അവരുടെ സുന്ദരമായ ശരീരത്തിൽ ചുളിവുകൾ വീഴുന്നതിലും  നിറം മങ്ങുന്നതിലും വളരെയേറെ വ്യസനിച്ചിരുന്നു.  എന്റെ നിഗമനത്തിൽ അവർ പർദ്ദ സ്വീകരിച്ചത്  പ്രായമാകുന്ന സ്വന്തം ശരീരം മറ്റുള്ളവരിൽനിന്നു മറയ്ക്കാനുള്ള ഒരു മറയായി മാത്രമാണ്.

മാധവിക്കുട്ടിയുടെ അകാല മരണത്തെക്കുറിച്ച്?

അവസാനക്കാലത്ത് മാധവിക്കുട്ടി വല്ലാത്ത ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു, കേരളത്തിലേക്ക് മടങ്ങി വരണമെന്ന് അവർ അതിയായി ആഗ്രഹിച്ചിരുന്നു.  പുണെയിൽ ഇളയ മകനോടൊപ്പം കഴിയുമ്പോൾ ഞാൻ കാണാൻ പോയിരുന്നു.  അപ്പോഴും തിരിച്ചു വരവിനെക്കുറിച്ച് പറഞ്ഞിരുന്നു.  പ്രമേഹം മൂലം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു.  മാധവിക്കുട്ടിയുടെ മരണം സാഹിത്യലോകത്തെ ചെറുതായൊന്നുമല്ല ഉലച്ചത്.  ‘എന്റെ മരണം എങ്ങനെയാകണമെന്ന് ഞാൻ സങ്കൽപിക്കുന്നുണ്ട്. നിറയെ വിരിച്ച വെളളപ്പൂക്കള്ക്കിടയില് ഏതോ സ്വപ്നം കണ്ടുകിടക്കും പോലെ’ എന്നെഴുതിയ അവർ മരിച്ചുകഴിഞ്ഞ് അപ്രതീക്ഷിതമായ സംഭവങ്ങളാണ് നടന്നത്. പാളയം പള്ളിയിലാണ് മാധവിക്കുട്ടിയെ അടക്കം ചെയ്തത്.  ലോകത്തെ മുഴുവൻ  പ്രണയിച്ച കമലയ്ക്ക് മരണത്തോടും സ്നേഹമായിരുന്നു. മരണാനന്തര ജീവിതത്തെപ്പറ്റി ഒന്നും മാധവിക്കുട്ടി വിശ്വസിച്ചിരുന്നില്ല, അവർ തീർത്തും ഭൗതികവാദിയായിരുന്നു. അവരുടെ ജീവിതസന്ദേശം സ്നേഹത്തിലൂടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുക എന്നുള്ളതായിരുന്നു. പിൽക്കാലത്തു വന്ന എഴുത്തുകാരികൾക്ക് തുറന്നെഴുതാനുള്ള കരുത്തുപകർന്നത് അവരുടെ എഴുത്തുകളാണ്.  പുതിയ എഴുത്തുകാരികൾക്ക് മാതൃകയാക്കാനും പഠിക്കാനുമായി ആമിയോപ്പുവിന്റെ ജീവിതവും രചനകളും കാലാതീതമായി തുടരുന്നു.

English Summary : M Rajeev Kumar on the fine line between fiction, fantasy and reality in Madhavikkutty's writings

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
;