ഇന്ദുകുമാർ; അമേച്വർ നാടകവേദികളിലെ 'അഭിമന്യൂ'

tr-indukumar-death-anniversary
SHARE

മേയ് 31. അമേച്വർ നാടകവേദികളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ടി.എ. ഇന്ദുകുമാർ എന്ന നാടകക്കാരന്റെ  മൂന്നു ദശകം മാത്രം നീണ്ടു നിന്ന ജീവിതത്തിന്റെ ഓർമപ്പെടുത്തൽ.  ടി എ ഇന്ദുകുമാറിനെ ഇന്ന് അറിയുന്നവർ ചുരുക്കമായിരിക്കാം. 1992 ൽ ബൈക്കപകടത്തിൽ കലയെ ബാക്കിയാക്കി ഇന്ദുകുമാർ വിടപറയുകയായിരുന്നു. വളരെ ചെറിയ കാലത്തിനുള്ളിൽ അദ്ദേഹം എഴുതി അരങ്ങിലെത്തിച്ച നാടകങ്ങളിലൂടെ ഇന്ദുകുമാർ ഇന്നും മരണമില്ലാത്ത ലോകത്ത് ജീവിക്കുന്നു. അകാലത്തിൽ പൊലിഞ്ഞു പോയ കലാകാരനെ മഹാഭാരതത്തിലെ അഭിമന്യുവിനോട് മാത്രമേ തുലനം ചെയ്യാനാകൂ. ചുരുക്കം രചനകൾ കൊണ്ടും അരങ്ങിലെത്തിച്ച കഥാപാത്രങ്ങളുടെ ഗാംഭീര്യം കൊണ്ടും കൈകാര്യം ചെയ്ത പ്രമേയങ്ങളിലെ വ്യത്യസ്തത കൊണ്ടും ഇന്ദുകുമാർ അമേച്വർ നാടകവേദികളിൽ അനശ്വരനായി മാറുന്നു.

ഇടപ്പള്ളി എന്ന പ്രദേശത്തെ 1980 കളിൽ നടകകലയുടെ ശ്രദ്ധേയ കേന്ദമാക്കി മാറ്റിയതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. ശക്തമായ ഭാഷയും കരുത്തുറ്റ അവതരണവുമാണ് ഇന്ദുകുമാറിന്റെ നാടകങ്ങളെ വ്യത്യസ്തമാക്കിയത്. തന്റെ കാഴ്ചപ്പാടുകൾ തന്നെയാണ് തന്റെ കഥാപാത്രങ്ങളിലൂടെ ഇന്ദുകുമാർ അരങ്ങിലെത്തിച്ചതും.

‘‘നിഷേധത്തിന്റെയും സന്നിഗ്ധതയുടെയും അവബോധത്തിൽ നിന്നും ഉയിർകൊണ്ട രോഷത്തിന്റെയും പോരിന്റെയും അടയാളവിളക്കുകളായിരുന്നു ഇന്ദുവിന്റെ രചനകളെല്ലാം.സമൂഹത്തിലെ കാപട്യങ്ങൾക്കും ഒറ്റയാൾ ചരിത്ര പദങ്ങൾക്കും ഇതിഹാസങ്ങളിൽ ഭ്രഷ്ടിനും നീട്ടിത്തുപ്പിയ പച്ചയായ മനുഷ്യന്റെ പച്ചയായ രചനകളായിരുന്നു ഇന്ദുകുമാറിന്റേത്’’ ഇന്ദുകുമാറിനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പിൽ സമകാലീനനായിരുന്ന നാടകക്കാരൻ എ.ആർ.രതീശൻ കുറിച്ചിട്ട ഈ വരികൾ മലയാള നാടകരംഗത്തിനു നഷ്ടമായത് അസാമാന്യ പ്രതിഭയെയായിരുന്നു എന്ന് തെളിയിക്കുന്നു. ‘ഏകലവ്യൻ’ എന്ന നാടകം മാത്രം മതി ഇന്ദുകുമാർ എന്ന നാടകക്കാരനെ ചിരപ്രതിഷ്ഠനാക്കാൻ. ഒട്ടനവധി വേദികളുടെ കയ്യടികൾ ഏറ്റുവാങ്ങുകയും സമൂഹത്തിൽ തുറന്ന ചിന്തയുടെ കനൽ വാരി വിതറുകയും ചെയ്ത ഈ രചന ഇന്ദുകുമാറിന്റെ മരണശേഷവും ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്.  കാലം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന എല്ലാവിധത്തിലുള്ള അനീതികൾക്കുമെതിരെ തന്റെ നാടകങ്ങളിലൂടെ പ്രതികരിച്ച വ്യക്തിയായിരുന്നു ഇന്ദുകുമാർ. 

എഴുതപ്പെടുന്ന വാക്കുകളെക്കാൾ നാടകാവിഷ്കാരങ്ങൾക്ക് സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ഇന്ദുകുമാർ വിശ്വസിച്ചിരുന്നു. ആ ചിന്തകൾ സത്യമാണെന്നു തെളിയിക്കുന്നതായിരുന്നു പിന്നീട് ഇടപ്പള്ളിക്കാർ ഇന്ദുകുമാർ എന്ന കലാകാരന് നൽകിയ സ്വീകരണം. സാമൂഹികമായ കയറ്റിറക്കങ്ങളോടും അസമത്വങ്ങളോടും സന്ധിയില്ലാത്ത കലഹിക്കുന്ന കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ രചനകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കൂട്ടിലെ കിളിപ്പാട്ട്, ഏൻ കണ്ട കിനാവ്, വാമനന്റെ വലം കാൽ, കാകവംശം, മുക്കുവനും ഭൂതവും, പീഡിതരുടെ സ്വപ്നങ്ങൾ, അത്താണിത്തെരുവിലെ വിൽപന പക്ഷികൾ, നാട്ടു ചെപ്പേട്, വാസു പ്രിയപ്പെട്ട വാസു തുടങ്ങിയ നാടകങ്ങൾ ശ്രദ്ധേയമായി. സേതുവിന്റെ ഗുരുവെന്ന കഥയെ ആസ്പദമാക്കി ഗുരു മുതൽ ഗുരു വരെ, സാനുമാഷിന്റെ ലേഖനത്തിൽ നിന്നും ആവിഷ്ക്കരിച്ച അവിശുദ്ധർക്കൊരു ബലിക്കുറിപ്പ്, ചങ്ങമ്പുഴയുടെ വാഴക്കുലയിൽ നിന്നും ചൊൽകാഴ്ച്ച എന്നീ നാടകങ്ങളും ടി എ ഇന്ദുകുമാർ എന്ന നാടകക്കാരനെ അനശ്വരനാക്കുന്നു.

‌‌‌അലിയാർ ഇടപ്പള്ളിയുടെ വിഷം എന്ന നാടകത്തിലൂടെയാണ് ഇന്ദുകുമാർ അണിയറയിൽ നിന്നും അരങ്ങിലേക്ക് എത്തുന്നത്. ടി.എം.എബ്രഹാം എഴുതി പി.എസ്. എസ് കൈമൾ സംവിധാനം ചെയ്ത 'കൊഴുത്ത കാളക്കുട്ടി' എന്ന നാടകത്തിലെ മുടിയനായ പുത്രന്റെ പിതാവായി അഭിനയിച്ച ഇന്ദുകുമാറിന്റെ  അഭിനയ വൈഭവം കൊണ്ട് പ്രസ്തുത നാടകം കേരളത്തിലെ അമേച്വർ നാടക വേദികളിൽ കാലാകാലം ചർച്ച ചെയ്യപ്പെട്ടു. ഏകലവ്യനിൽ ചെയ്ത ദ്രോണരുടെ വേഷവും ഏറെ ശ്രദ്ധ നേടി. കെ.പി.എസ്. പയ്യനടത്തിന്റെ രാമൻ ദൈവം, നരേന്ദ്രപ്രസാദിന്റെ മാർത്താണ്ഡ വർമ്മ എങ്ങനെ രക്ഷപെട്ടു, ജോയ് വർഗ്ഗീസിന്റെ നീലക്കൊടുവേലി എന്നീ നാടകങ്ങളുടെ സംവിധാനത്തിലൂടെ അരങ്ങിന്റെ അനന്തസാധ്യതകളെ അടയാളപ്പെടുത്തിയെന്ന് സഹപ്രവർത്തകനും നാടകകാരനുമായ സഹീർ അലി തന്റെ ഓർമ്മക്കുറിപ്പിൽ കുറിച്ചിടുന്നു. 

'രാമന്റെ ദൈവം' എന്ന നാടകത്തിലാണ് ഇന്ദുകുമാർ അവസാനമായി അരങ്ങിലെത്തിയത്. പ്രസ്തുത നാടകത്തിൽ കേന്ദ്ര കഥാപാത്രമായ രാമൻ മരണപ്പെടുന്നതും തുടർന്ന് അധികം വൈകാതെ ഇന്ദുകുമാർ മരണപ്പെടുന്നതും ഒരു ദുസ്വപ്നം പോലെ നാടകപ്രേമികളുടെ മനസ്സിൽ വേദനയായി അവശേഷിക്കുന്നു. ഇന്ദുകുമാർ വിട പറഞ്ഞ ശേഷവും അദ്ദേഹത്തിന്റെ നാടകങ്ങൾ വേദികളിൽ ചർച്ചാവിഷയങ്ങളായി. 2006ൽ  ഇടപ്പള്ളിയിൽ രൂപീകരിച്ച ഇന്ദുകുമാർ അനുസ്മരണ സമിതി അദ്ദേഹത്തിന്റെ ഏഴ് നാടകങ്ങൾ ചേർത്ത് ‘ഗുരു മുതൽ ഗുരുവരെ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഭാര്യ മഹേശ്വരി, മകൻ ചാരു നിർമൽ എന്നിവർ ഇന്നും എന്നും ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു അദ്ദേഹത്തിന്റെ രചനകളും ഓർമകളും

English Summary : Theatre Director & Actor T. R. Indukumar death anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;