മുൻവിധികൾ കലഹങ്ങളിലേക്കും കലാപങ്ങളിലേക്കും നയിക്കാതിരിക്കാൻ ചെയ്യേണ്ടത്?; വകതിരിവ് എന്നതുകൊണ്ട് അർഥമാക്കുന്നതെന്താണ്?...

Subhadinam
SHARE

കൂട്ടുകാരന്റെ മരണവാർത്ത അവന്റെ വീട്ടിലറിയിക്കാൻ പോയതാണ് ആ യുവാവ്. കൂട്ടുകാരന്റെ അച്ഛനും അമ്മയും ഉമ്മറപ്പടിയിൽ നിൽപുണ്ട്. മകന്റെ സുഹൃത്തിനെ കണ്ടപ്പോൾ അവർക്കു സന്തോഷമായി. അവർ അവനുവേണ്ടി വിരുന്നൊരുക്കി. മകനു കൊടുക്കാനുള്ള മധുരപലഹാരങ്ങൾ പൊതിഞ്ഞ് അവനെ ഏൽപിച്ചു. സന്തോഷത്താൽ മതിമറന്നു നിൽക്കുന്ന ആ വീട്ടുകാരോട് അവരുടെ മകന്റെ മരണവാർത്ത പറയാൻ യുവാവിന്റെ നാവു പൊങ്ങിയില്ല. അയാൾ നടന്നകന്നു.

എല്ലാം അറിയാൻ ശ്രമിക്കുമ്പോഴാണ് ആശങ്കയും അരക്ഷിതാവസ്ഥയും കൂടൊരുക്കുന്നത്. എല്ലാ വിവര ങ്ങളും പ്രചോദനാത്മകമല്ല. മുൻകൂട്ടി ലഭിക്കുന്ന വാർത്തകൾ മുൻകരുതലിന് ഉപകരിക്കുമെങ്കിലും അവ പലപ്പോഴും മുൻവിധികളിലേക്കാണു നയിക്കുക. പറയുന്നവർക്കും കേൾക്കുന്നവർക്കും ഉപകാരമില്ലാത്ത കാര്യങ്ങളുടെ ശ്രവണവും പ്രചരണവുമാണ് കലഹങ്ങളുടെയും കലാപങ്ങളുടെയും കാരണം.

നാവിന്റെ വകതിരിവാണ് കാതിന്റെ പ്രമാണം. എല്ലാം എല്ലാവരോടും വിളിച്ചുപറയുന്നവരല്ല, ഓരോന്നും അത് അറിയേണ്ടവരിൽ മാത്രം നിലനിർത്താൻ കഴിയുന്നവരാണ് വിവേകമുള്ളവർ. തൽസമയ വിവരണങ്ങളെ ക്കാൾ പ്രാധാന്യം, തക്കസമയത്തുള്ള വിശദീകരണങ്ങൾക്കായിരിക്കും.

അത്യാഹിതത്തിൽ ഉൾപ്പെട്ടവരുടെ മുന്നിലിരുന്നു സ്വന്തം സുഖാനുഭവങ്ങൾ അയവിറക്കരുത്. ആഹ്ലാദത്തിനിടയിൽ ആർക്കാണ് അപരന്റെ ദുഃഖങ്ങളെ താലോലിക്കാൻ സമയമുണ്ടാകുക? പറയുന്ന വാർത്തകളുടെ വിശ്വാസ്യത മാത്രമല്ല, കേൾക്കുന്ന ആളുകളുടെ സ്വീകരണശേഷിയും പ്രസക്തമാണ്. അനർഥം അസമയത്ത് അറിയുന്നതും യോജ്യമായ സമയത്ത് അറിയുന്നതും ആയുർദൈർഘ്യത്തിൽപോലും വ്യത്യാസം സൃഷ്‌ടിക്കും.

ചില കാര്യങ്ങൾ അറിയാതിരിക്കുന്നതാണു മുന്നോട്ടുള്ള പ്രയാണത്തിനു നല്ലത്. അപ്രതീക്ഷിതമായ വിരഹ ങ്ങളോ വേദനകളോ സമ്മാനിക്കുന്ന വികാരവിക്ഷോഭത്തിൽനിന്നു പുറത്തു കടക്കാൻ, ഒരു ജന്മംപോലും ചിലപ്പോൾ തികയാതെ വരും.

മനുഷ്യന്റെ ബന്ധു അവൻ തന്നെയാണ്; അവന്റെ ശത്രുവും അവൻ തന്നെ.

ഭഗവദ്ഗീത

English Summary: Subhadinam, Food For Thought

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;