മാധവിക്കുട്ടി അലറി: ഈ ‘ഭ്രാന്ത്’ നിർത്തൂ..

Pamman
പമ്മൻ
SHARE

‘എന്റെ കഥ’യിലൂടെ മാധവിക്കുട്ടി മലയാളനാട്ടിൽ ആഞ്ഞുവീശിക്കൊണ്ടിരുന്ന കാലം. ഇങ്ങനെയൊക്കെ എഴുതാമോ? അതും ഒരു സ്‌ത്രീ? എന്നു യാഥാസ്‌ഥിതിക വായനക്കാർ പുരികം ചുളിച്ച കാലം. ‘മലയാള നാടി’ന്റെ ലക്ഷക്കണക്കിനു കോപ്പികൾ വിറ്റ കാലം. വർഷം 1978. ‘എന്റെ കഥ’ നാലഞ്ചു ലക്കങ്ങൾ പിന്നിട്ടിരുന്നു. വായനക്കാരിൽ അത് അക്ഷരാർഥത്തിൽ കോളിളക്കമുണ്ടാക്കി. അതു പ്രസിദ്ധീകരിക്കുന്നത് നിർത്തണമെന്ന് മാധവിക്കുട്ടിയുടെ പിതാവു പോലും ആവശ്യപ്പെട്ടു. 

പക്ഷേ എഴുത്തുകാരി തയ്യാറല്ലായിരുന്നു. എന്തുതന്നെ വന്നാലും ആരൊക്കെ എതിർത്താലും ‘എന്റെ കഥ’ പൂർണമായും പ്രസിദ്ധീകരിച്ചേ അടങ്ങൂ എന്നായിരുന്നു അവരുടെ നിലപാട്. വാരികയുടെ പ്രചാരം കൂടുന്ന കാര്യമായതുകൊണ്ട് പത്രാധിപസമിതിക്കും എതിരഭിപ്രായമില്ലായിരുന്നു. 

അങ്ങനെയിരിക്കെ ഒരു ദിവസം മലയാളനാട് വാരികയുടെ ഓഫിസിലേക്ക് ഒരു നോവലെത്തി. പേര്: ഭ്രാന്ത്. ‘വഷളൻ’ മുതലായ, അശ്ലീലത്തിന്റെ അതിപ്രസരമുണ്ടെന്നു വിലയിരുത്തപ്പെട്ട നോവലുകളിലൂടെ അതിനകം വായനക്കാർക്കു പരിചിതനായ പമ്മനായിരുന്നു എഴുത്തുകാരൻ. ‘എന്റെ കഥ’യ്‌ക്ക്  ഒരു മറുപടി. 

Madhavikutty
മാധവിക്കുട്ടി

അതായിരുന്നു ഭ്രാന്ത് എന്ന നോവൽ. അതിലെ നായിക താനാണെന്നു മാധവിക്കുട്ടി ഉറച്ചുവിശ്വസിച്ചു. ഭ്രാന്ത് പ്രസിദ്ധീകരിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് അവർ കത്തെഴുതി. പോരാഞ്ഞ് മകനെ മലയാള നാടിന്റെ ഓഫിസിലേക്കു പറഞ്ഞയച്ചു. വക്കീൽ നോട്ടീസയച്ചു. ഇതെല്ലാം നോവലിന്റെ പ്രശസ്‌തിയും വായനക്കാരുടെ എണ്ണവും കൂട്ടി.

മേലേപ്പാട്ട് തറവാട്ടിലെ അംഗമായ അമ്മുവാണ് ഭ്രാന്തിലെ നായിക. സമ്പന്നതയുടെ ധാരാളിത്തത്തിലും മാനസികമായി ഒറ്റപ്പെട്ടു കഴിയുന്ന കുട്ടി. കൊൽക്കത്തയിലും സിംഗപ്പൂരിലുമെല്ലാം ഉന്നത ഉദ്യോഗത്തി ലിരുന്ന അച്‌ഛൻ വീട്ടിൽ വരുന്നത് വല്ലപ്പോഴും മാത്രം. അരക്ഷിതമായ ബാല്യകാലത്തു തന്നെ അവളുടെ ശരീരം പലരാലും പിച്ചിച്ചീന്തപ്പെടുന്നു. കൂട്ടുകാരനും മുറച്ചെറുക്കനും മുതൽ അധ്യാപകൻ വരെ അവളെ ശാരീരികമായി ചൂഷണം ചെയ്യുന്നു. 

പഠനം അവസാനിക്കും മുൻപേ അവൾ വിവാഹജീവിതത്തിലേക്ക് കടന്നു. അമ്മാവന്റെ മകനായിരുന്നു വരൻ. സന്തോഷം തെല്ലുമില്ലാത്ത ജീവിതം. എഴുത്തായിരുന്നു ഇതിനിടയിൽ അമ്മുവിന്റെ അഭയം. കുത്തിക്കുറിച്ച കവിതകളും കഥകളുമെല്ലാം അവളെ പ്രശസ്‌തയാക്കി. അശാന്തി നിറഞ്ഞ ജീവിതമായിരുന്നു എന്നും അമ്മുവിന്റേത്. പുരുഷൻമാർ അവൾക്കൊരു  ലഹരിയായി. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അവൾ ഒഴുകി നടന്നു. ഭ്രാന്തുപോലെയാകുന്ന ജീവിതം. ആ ജീവിതത്തിന്റെ കഥയാണ് ഭ്രാന്ത് എന്ന നോവൽ പറഞ്ഞത്. 

നോവലിലെ നായികയുമായി മാധവിക്കുട്ടിക്കു സാമ്യമില്ലെന്നു പറഞ്ഞ് പത്രാധിപസമിതിയിലെ വി.ബി.സി. നായർ കത്തെഴുതി. ഒടുവിൽ സാക്ഷാൽ മാധവിക്കുട്ടി തന്നെ വാരികയുടെ ഓഫിസിലേക്ക് എത്തി. വാരിക അടച്ചുപൂട്ടിക്കുമെന്ന് പറഞ്ഞ് അവർ ബഹളം വച്ചു. അതു കുറച്ചധികം സമയം നീണ്ടുനിന്നു. ഏറ്റവും രസകരമായ കാര്യം മാധവിക്കുട്ടിയും പമ്മനും ബോംബെയിൽ അടുത്തടുത്ത ഫ്ലാറ്റുകളിലായിരുന്നു താമസം എന്നതാണ്. 

ഭ്രാന്ത് പ്രസിദ്ധീകരിക്കുന്നത് നിർത്തുന്നതിനെക്കുറിച്ച് പമ്മനുമായി ചർച്ച ചെയ്‌തപ്പോൾ അദ്ദേഹം പറഞ്ഞത്രേ, നോവൽ ധൈര്യമായി പ്രസിദ്ധീകരിച്ചോളൂ. ഞങ്ങൾ അയൽക്കാരാണ്. പരസ്‌പരം സംസാരിച്ചു പ്രശ്‌നം പരിഹരിച്ചോളാം. അല്ലാതെ നോവൽ നിർത്തേണ്ട കാര്യമില്ല എന്ന്. ഒടുവിൽ ഭ്രാന്ത് തുടരാൻ തന്നെ മലയാളനാട് തീരുമാനിക്കുകയായിരുന്നു. 

ഒരുകാലത്ത് മലയാളനാട്ടിലെമ്പാടും വിവാദത്തീയും പുകയുമുണ്ടാക്കിയിരുന്നു അയൽക്കാരായ പമ്മനും മാധവിക്കുട്ടിയും തമ്മിലുള്ള നോവൽ വിവാദം. ഭ്രാന്തിലെ നായിക മാധവിക്കുട്ടിയാണോ അല്ലയോ എന്നു തർക്കങ്ങൾ ഇന്നും തുടരുന്നു. പമ്മന്റെ ഏറ്റവും വിവാദമുണ്ടാക്കിയ പുസ്‌തകമാണ് ഭ്രാന്ത്. വിലക്കപ്പെട്ട കനി തിന്നുന്നതുപോലൊരു സുഖമാണ് അതിന്റെ വായനയിലൂടെ മലയാളി കൗമാരം അനുഭവിച്ചത്.  

English Summary : Fight Between Madhavikutty And Pamman About A Novel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;