ADVERTISEMENT

പമ്മിപ്പമ്മി ആളുകൾ വായിക്കുന്ന പുസ്തകങ്ങൾ എഴുതാൻ തീരുമാനിച്ചതുകൊണ്ടല്ല പരമേശ്വര മേനോൻ തന്റെ പേര് ‘പമ്മൻ’ എന്നു ചുരുക്കിയത്. എഴുത്ത്, ഉന്നതോദ്യോഗത്തിന്റെ കഴുത്തു ഞെരിക്കരുതെന്നു നിർബന്ധമുണ്ടായിരുന്നതു കൊണ്ടായിരുന്നു പേരുമാറ്റം.  മലയാളിയുടെ കപട സദാചാരത്തിന്റെ മുഖത്തുനോക്കി വെല്ലുവിളിച്ച ഈ എഴുത്തുകാരന്റെ പേര് പക്ഷേ, പിൽക്കാലത്ത് കൊച്ചുപുസ്തകങ്ങളുടെ പതിവുവായനക്കാരെ വിളിക്കാനുള്ള ഇരട്ടപ്പേരായി. 

 

 

Pamman
പമ്മൻ

ഭ്രാന്തും വഷളനും ചട്ടക്കാരിയുമെല്ലാം സഭ്യതയെയും ഭാവശുദ്ധിയെയും അതിരറ്റു കൊണ്ടാടിയിരുന്ന യാഥാസ്ഥിതിക വായനക്കാരെ ഒരേസമയം പ്രകോപിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്തു. വഷളൻ, തമ്പുരാട്ടി, പൂച്ചക്കണ്ണുള്ള പെണ്ണുങ്ങൾ, ഒരുമ്പെട്ടവൾ തുടങ്ങിയ പമ്മന്റെ പുസ്‌തകങ്ങളോരോന്നും ഒളിച്ചാണെങ്കിലും അവർ ശ്വാസമടക്കി വായിച്ചു. ജനപ്രിയ വായനയുടെ മറുപേരായി പമ്മൻ മാറി. മലയാളത്തിന്റെ ഹാരോൾഡ് റോബിൻസ് എന്ന് അദ്ദേഹം വിളിക്കപ്പെട്ടു.

 

 

ഉടലെഴുത്തിൽ, പഴകിപ്പിഞ്ഞിയ മൂല്യബോധങ്ങളുടെ ഇടപെടലുകളെ വകവച്ചിരുന്നില്ല പമ്മൻ. വായനശാലകളിലെ പുറമ്പോക്കുറാക്കുകളിലായിരുന്നു പലപ്പോഴും ആ പുസ്തകങ്ങൾ. പക്ഷേ ഒരുകാലത്തു വായനക്കാർ തീവ്രാഭിലാഷങ്ങളോടെ, പരിഭ്രമം കൊണ്ടു വിയർത്ത കൈകൾ കൊണ്ട് തേടിച്ചെന്നതും ആ പുസ്തകങ്ങളെയായിരുന്നു. തുണ്ടുപടങ്ങൾക്കും എംഎംഎസ് ക്ലിപ്പുകൾക്കും മുൻപുള്ള മലയാളി യുവത്വത്തിന്റെ അടക്കിപ്പിടിച്ച വികാരങ്ങളുടെ നിശ്വാസമേറ്റത് ആ താളുകളിലാണ്. 

 

 

നിരന്തരവായനയാൽ ഏറ്റവും മുഷിഞ്ഞ പുസ്തകങ്ങളിൽ പമ്മന്റേതും ഉണ്ടായിരുന്നു. പമ്മന്റെ എഴുത്തിനെക്കുറിച്ചുള്ള ആലോചനകളിൽ നിന്നു സാഹിത്യഭംഗി, ഇഴയടുപ്പം, പാത്രമികവ്, രൂപശിൽപം തുടങ്ങിയവയെ മാറ്റിനിർത്തുക. ഒന്നാമതായും രണ്ടാമതായും മൂന്നാമതായും അതായിരുന്നില്ല ആ പുസ്തകങ്ങളുടെ ഉന്നം. ആസക്തികൾ ആഞ്ഞുകൊത്തി ഉടലും ഉള്ളും നീലിച്ച വായനക്കാരോടാണ് അവയ്ക്കു സംസാരിക്കാനുണ്ടായിരുന്നത്. 

 

 

പമ്മന്റെ തുടരൻ നോവലുകൾ വാരികകളുടെ പ്രചാരത്തെ താങ്ങിനിർത്തിയിരുന്നൊരു കാലമുണ്ടായിരുന്നു. നഗ്നമായ വാക്കുകൾ കണ്ട് അച്ചടിയന്ത്രങ്ങൾ പോലും അസ്തപ്രജ്ഞരായ കാലം. രതി എല്ലാ മേലുടയാട കളും ഊരിയെറിഞ്ഞു. ആംഗ്ലോ ഇന്ത്യൻ ജീവിതത്തെ മലയാളത്തിന് പരിചയപ്പെടുത്തിയ നോവലായി രുന്നിട്ടും ‘ചട്ടക്കാരി’ പോലും വിലയിരുത്തപ്പെട്ടത് മുട്ടറ്റമില്ലാത്ത പാവാടയുടെ പേരിലായിരുന്നു. പ്രതീകങ്ങളുടെ ക്ലീഷേയിൽ നിന്ന് പമ്മൻ രതിയെ മോചിപ്പിച്ചു.  

 

 

പമ്മിപ്പമ്മിയല്ല പമ്മൻ എഴുതിയത്. മുപ്പതോളം നോവലുകളും അഞ്ചു ചെറുകഥാ സമാഹാരങ്ങളും അദ്ദേഹത്തിന്റേതായി ഇറങ്ങി. സാരി ചെരിച്ചേറ്റുമ്പോൾ വെളിവായ കണങ്കാൽ കണ്ടുപോലും കാമമോഹിതരായ, ഒരുകാലത്തെ മലയാളി കൗമാരങ്ങൾക്കും യൗവ്വനങ്ങൾക്കും പമ്മന്റെ പുസ്തകങ്ങൾ വിമോചന വാഗ്ദാനമായിരുന്നു. പക്ഷേ, ഉടലെഴുതാനുള്ള തിരക്കിൽ പലപ്പോഴും ഉള്ളിനെ മറന്നു ആ പേന.

 

English Summary : In Memories Of Malayalam Novelist Pamman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com