sections
MORE

ചന്ദനം ചാരിയാലും ചാണകം മണക്കാം: ചില ചാരോപദേശകഥകൾ

Akbar Kakkattil
അക്‌ബർ കക്കട്ടിൽ
SHARE

ശ്രീരാമകൃഷ്‌ണ പരമഹംസരുടെ സാരോപദേശകഥകൾ നാം വായിച്ചിട്ടുണ്ട്. പക്ഷേ, അക്‌ബർ കക്കട്ടിലിന്റെ സാരോപദേശകഥകൾ എന്ന് ആരും കേട്ടുകാണാനിടയില്ല. അക്‌ബറിന്റെ ഉപദേശം എന്ന കഥയിൽ അങ്ങനെയൊരു സാരോപദേശം അടങ്ങിയിട്ടുണ്ട്. ഈ സാരോപദേശം കഥാനായകന്റെ മകൾക്കു പോലും വേണ്ടെങ്കിലും.

ഈ കഥ അക്‌ബറിന്റെ സാരോപദേശമല്ല, ചാരോപദേശം ആകുന്നു. കുട്ടികൾ എവിടെ ചാരണം എന്നതിനെ ക്കുറിച്ച്, സംസർഗ ഗുണത്തെക്കുറിച്ചുള്ള ഉപദേശം. അക്‌ബർ പല പ്രമുഖ ഉപദേശക സമിതികളിലും അംഗമായിരുന്നിട്ടുണ്ട്. പക്ഷേ, ഈ ഉപദേശമൊന്നും എന്നോടു വേണ്ട എന്നാകുന്നു കഥയിലെ മകളുടെ നയം.

വിഡിയോ ലൈബ്രറിയിൽനിന്ന് എപ്പോഴും അടിപൊളിപ്പടങ്ങളുടെ കസെറ്റുകൾ മാത്രമെടുത്തു കണ്ടിരുന്ന മകളെ ഞാൻ ഉപദേശിച്ചു. മോളെ, ആല ചാര്യാല് ചാണകമേ മണക്കൂ, ചന്ദനം മണക്കണമെങ്കില് ചന്ദനം തന്നെ ചാരണം. അപ്പോൾ ആലയുടെ തൂണ് ചന്ദനം കൊണ്ടാണെങ്കിലോ ഉപ്പാ എന്നതാകുന്നു മകളുടെ മറുചോദ്യം. അതിനു ശേഷം ഞാനവളെ ഉപദേശിക്കാറില്ല എന്നതാണ് കഥ. ഉപദേശം മതിയാക്കിയ സ്‌ഥിതിക്ക് അക്‌ബർ കഥയും മതിയാക്കുന്നു. മറ്റുള്ളവർ വേല മനസ്സിലിരിക്കട്ടെ എന്നു പറയും. ഇവിടെ ഉപ്പായുടെ ആല മനസ്സിലിരിക്കട്ടെ എന്ന് മകൾ പറയുന്നില്ലെന്നു മാത്രം.

ഉപദേശവും ദർശനവുമൊക്കെ അക്‌ബറിന്റെ പ്രിയ വിഷയങ്ങൾ തന്നെ. തെങ്ങിന്റെ ദർശനം എന്ന പേരിൽ അക്‌ബറിന്റെ ഒരു കഥയുണ്ട്. തെങ്ങിന്റേത് ഉന്നതമായ ദർശനം തന്നെ. പക്ഷേ, തെങ്ങിന് വളം ചെയ്യാത്തത് അതിന് സഹിക്കാനാവുന്നില്ല. ഒരു ദിവസം തെങ്ങ് ഉടമയായ ഹംസ ഹാജിയുടെ പുരപ്പുറത്തേക്ക് വെട്ടിയിട്ട തെങ്ങു പോലെ ഒറ്റ വീഴ്‌ച. തെങ്ങ് ചതിക്കില്ലെന്നാണല്ലോ. പക്ഷേ, ഇതിനിടയിൽ തെങ്ങിനെ ചതിക്കരുതെന്ന് ആരും ഓർത്തില്ല. വളമിടാതെ അതിനെ ചതിക്കരുത്. തെങ്ങിനെ നോക്കാതെ തേങ്ങയിലേക്ക് നോക്കിയിരു ന്നാൽ അതിനു സഹിക്കില്ല. താങ്ങു വില എന്നു പറഞ്ഞ് തേങ്ങയെ താങ്ങാനാളുണ്ടെങ്കിലും തെങ്ങിനെ താങ്ങാനാളില്ല. അങ്ങനെ അതു വീണു.

ആകാശത്തിന്റെ അതിരുകൾ എന്ന കഥയിൽ തെങ്ങ് ഇടിവെട്ടേറ്റ് വീഴുന്നുണ്ട്. ഉപദേശം എന്ന കഥയിൽ മകളുടെ മറുപടി കേട്ട് അച്‌ഛൻ ഇടിവെട്ടേറ്റതു പോലെയാവുന്നു. കുട്ടികളുടെ മറുപടി കേട്ട് അധ്യാപകൻ ഇടിവെട്ടേറ്റതു പോലെയാവുന്നത് അധ്യാപകനായിരുന്ന അക്‌ബറിന് പുതുമയല്ല. അങ്ങനെ ഇടവിട്ടിടവിട്ട് ഇടിവെട്ടേറ്റതു പോലെ വീഴുമ്പോഴും ഇടം വിട്ടു കൊടുക്കരുത് നാം കുട്ടികളുടെ മുന്നിൽ എന്നാണ് കഥകൾ പറയുന്നത്.

അക്‌ബറിന് തെങ്ങിനെ വരെ വീഴ്‌ത്താനറിയാമെങ്കിലും അച്‌ഛന്റെ ഉപദേശത്തിൽ വീഴുന്നവരല്ല സ്വന്തം മക്കൾ പോലും എന്നു മനസ്സിലാവുന്നത് ഉപദേശം എന്ന കഥയിലെത്തുമ്പോഴാണ്. കുട്ടികളുടെ മറുപടി പണ്ടും അക്‌ബറെ അമ്പരപ്പിച്ചിട്ടുണ്ട്. ഒരു പശുവിന് 750 രൂപ. എന്നാൽ, പത്തു പശുവിന് എത്ര രൂപ എന്നു അധ്യാപകൻ ചോദിച്ചപ്പോൾ എല്ലാ പശുക്കളെയും കാണാതെ വില പറയാനാവില്ലെന്നു പറഞ്ഞവനാണല്ലോ പയ്യൻ എന്ന് അദ്ദേഹം ഒരിടത്ത് എഴുതി. പയ്യന്റെ മറുപടി കേട്ടാലേ തോന്നും അവൻ ആലയിൽ ചാരുക മാത്രമല്ല കിടന്നുറങ്ങുക കൂടി ചെയ്യുന്നവനാണെന്ന്.

ഇനിയിപ്പോൾ ചന്ദനം തന്നെ ചാരിയെന്നു കരുതുക. എന്നാലും ചാണകം മണക്കുന്ന ചില സംഭവങ്ങളുണ്ട്. അക്കാര്യം അക്‌ബറിനും അറിയാം. ‘ആരെയും ബാവകായകനാക്കും ആൽമ സൗന്തര്യമാണു നീ’ എന്ന് യുവജനോൽസവത്തിൽ പാടി സമ്മാനം വാങ്ങിയ പയ്യനെക്കുറിച്ച് അക്‌ബർ മുൻപ് എഴുതിയിട്ടുണ്ട്. പാട്ടിന് എന്തെങ്കിലും കുഴപ്പമുണ്ടായതുകൊണ്ടാണോ ഇത് പാടിയപ്പോൾ ചാണകം നാറുന്നത്? 

അക്‌ബർ അക്കാര്യം എഴുതിയതിനെ പ്രശംസിച്ച് സുകുമാർ അഴീക്കോട് എഴുതിയത് ഈ തെറ്റ് അതുപോലെ ശരിയായെഴുതാൻ തനിക്ക് കുറേ പാട് പെടേണ്ടി വന്നു എന്നാണ്. ചുരുക്കത്തിൽ ഉപദേശിച്ച് നേരേയാക്കാൻ നോക്കിയാൽ പാടുപെട്ടതു തന്നെ. ഇക്കാര്യത്തിൽ സുകുമാർ അഴീക്കോടിനെ വരെ വലയ്‌ക്കാൻ കുട്ടികൾക്കറിയാം.

English Summary : Kadhanurukku, Column, Story By Akbar Kakkattil

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;