sections
MORE

ഒറ്റവാക്കുമില്ലാത്ത ഒരു കഥ; പക്ഷേ ഒരു ജീവിതം വിരിയുന്നത്

C.R Omanakuttan
സി.ആർ ഓമനക്കുട്ടൻ
SHARE

ബഷീർ, എംടി, തകഴി, ഒ.വി. വിജയൻ, കാരൂർ, വികെഎൻ എന്നീ പേരുകളിൽ വേറെ ആരെങ്കിലും എഴുതുന്നതായി അറിയുമോ? ഇല്ല എന്നാവും ഉത്തരം. എന്നാൽ അവരുടെ പ്രശസ്‌തമായ രചനകളുടെ അതേ പേരുകളിൽത്തന്നെ കഥകൾ എഴുതിയ ഒരാളുണ്ട്. സി.ആർ.ഓമനക്കുട്ടൻ. ഓ, മെനക്കെട്ട കുട്ടനാണല്ലോ ഇത് എന്നു കരുതേണ്ട. 

മേൽപ്പടി എഴുത്തുകാരുടെ രചനകളോട് അത്രയ്‌ക്ക് ഓമനത്തം തോന്നിയതുകൊണ്ട് ഓമനക്കുട്ടൻ എഴുതിയതാണ് ഇവയെല്ലാം. ബഷീറിന്റെ കാൽപ്പാട്, കാരൂരിന്റെ പൊതിച്ചോറ്, തകഴിയുടെ രണ്ടിടങ്ങഴി, എംടിയുടെ വാനപ്രസ്‌ഥം, ഒ.വി.വിജയന്റെ ഗുരുസാഗരം, വികെഎന്നിന്റെ പിതാമഹൻ, സി.വി.ശ്രീരാമന്റെ വാസ്‌തുഹാരാ എന്നു തുടങ്ങി ചുള്ളിക്കാടിന്റെ യാത്രാമൊഴി എന്ന കവിതയുടെയും ബംഗാളി സാഹിത്യത്തിലെ മികച്ച കൃതികളുടെ അതേ പേരുകളിലും വരെ ഓമനക്കുട്ടൻ കഥകൾ എഴുതി.

എന്തുകിട്ടിയാലും അതിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക ചിലരുടെ സ്വഭാവമാണ്. ഓമനക്കുട്ടന്റെ കഥകളുടെ മുഖ്യഭാവം തന്നെയാണത്. കോട്ടയം തിരുനക്കരയ്‌ക്ക് വരെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയിട്ടുണ്ട് ഓമനക്കുട്ടൻ. കൊച്ചിയിലാണെന്നു മാത്രം. അദ്ദേഹത്തിന്റെ കൊച്ചിയിലെ വീടിന്റെ പേര് തിരുനക്കര എന്നാണ്. കോട്ടയം വിട്ട് കൊച്ചിയിൽ താമസമാക്കിയപ്പോഴും തിരുനക്കരയോടുള്ള ഇഷ്‌ടം മാറുന്നില്ല. അങ്ങനെയാണ് തിരുനക്കര കൊച്ചിയിൽ എത്തിയത്. തൃക്കാക്കരയ്‌ക്ക് ഡ്യൂപ്ലിക്കേറ്റ് വേണമെങ്കിൽ അതും ലഭ്യമാണ്. അസ്സലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് എന്നു പറയാനാവില്ലെങ്കിലും ആ കഥകൾ വായിച്ച ആരും പറയും, അസ്സലായി.

കോട്ടയം എന്ന കഥ വായിക്കുമ്പോൾ മനസ്സിലാവും ഡ്യൂപ്ലിക്കേറ്റുകളോടുള്ള കമ്പം ഒറിജിനൽ തന്നെ എന്ന്. ആ കൊച്ചു കഥയെ ഒന്നുകൂടി ചുരുക്കാം, അഥവാ ചുക്കാം അതായത് ചുക്കു പോലെയാക്കാം : ജലന്ധർ സിറ്റിയിൽ വിക്രം സിങ് എന്ന വീരനും വിക്രമനുമായ ഒരാൾ ഉണ്ടായിരുന്നു. മറ്റു ജീവിതമാർഗമില്ലാത്ത തിനാൽ വിക്രം കള്ളനോട്ടടിക്കാൻ നിശ്‌ചയിച്ചു. യന്ത്രങ്ങളും കടലാസും ശേഖരിച്ച ശേഷം രാത്രിയിൽ നോട്ടടി തുടങ്ങി. രാവിലെ എടുത്തുനോക്കുമ്പോൾ ഹാ കഷ്‌ടമേ, പത്തിനു പകരം പതിനഞ്ചാണ് അടിച്ചു കൂട്ടിയിരിക്കുന്നത്.

പതിനഞ്ചിന്റെ നോട്ടുകൾ. ഇതെവിടെ ചെലവാക്കും? കോട്ടയത്തെത്തി മുറുക്കാൻകടക്കാരനായ ത്രിവിക്രമൻ പിള്ളയെ സമീപിച്ചു: ഒരു കൂട് സിഗർട്ടും തീപ്പെട്ടീം. എൺപത്തഞ്ച് പൈസ-ത്രിവിക്രമൻ പറഞ്ഞു. വിക്രം ഒരു പതിനഞ്ചിന്റെ നോട്ട് കൊടുത്തു. ത്രിവിക്രമൻ അന്വേഷിച്ചു: ഇതെത്രാ പതിനഞ്ചോ? ഇതെന്നടിച്ചു വിട്ടു? ‘കഴിഞ്ഞ ഗാന്ധി ശതാബ്‌ദിക്കടിച്ചത്’ –വിക്രം പുകയൂതിക്കൊണ്ടു പറഞ്ഞു. ത്രിവിക്രമൻ അകത്തേക്ക് പോയി. തിരിച്ചിറങ്ങി വന്ന് ബാക്കി കൊടുത്തതിൽ രണ്ട് ഏഴു രൂപാ നോട്ട് ഉണ്ടായിരുന്നു. വിക്രം അദ്ഭുതത്തോടെ ചോദിച്ചു: അയ്യോ ഏഴോ ഇതെന്നടിച്ചു വിട്ടു? ങ്‌ഹ, ഏഴ് കഴിഞ്ഞ ടാഗോർ ശതാബ്‌ദിക്കടിച്ചത് എന്നു ത്രിവിക്രമൻ.

ടാഗോർ ശതാബ്‌ദിക്ക് ഗീതാഞ്‌ജലി അല്ലേ അടിക്കേണ്ടത് എന്നു ഓമനക്കുട്ടനോട് ചോദിക്കണമെന്നു തോന്നി. ചോദിച്ചില്ല. ചോദിച്ചാൽ കക്ഷി ഗീതാഞ്‌ജലി എന്ന പേരിലും കഥ എഴുതിക്കളയും. ചിലരെഴുതുന്ന തമാശക്കഥകൾ നിരാശക്കഥകളാണ്. വായനക്കാരെ നിരാശപ്പെടുത്തുന്നത്. എന്നാൽ തമാശയും നിരാശയും ഒന്നുമല്ല നമ്മെ സങ്കടപ്പെടുത്തുന്ന കഥകളും ഓമനക്കുട്ടൻ എഴുതിയിട്ടുണ്ട്. 

ഭാരതപുത്രി എന്ന കഥ തന്നെ തെളിവ്. ഭാരതചരിത്രം പഠിപ്പിക്കുമ്പോൾ ക്ലാസിൽ ഒരു പെൺകുട്ടി മയങ്ങുന്നു. അധ്യാപകൻ അവളെ എഴുന്നേൽപ്പിച്ചു. കുട്ടി ഉച്ചയ്‌ക്ക് ഒന്നും കഴിച്ചില്ലേ എന്നു ചോദ്യം. അതിനു ഞാൻ രാവിലെ വല്ലതും കഴിച്ചോ എന്ന് അവൾ തിരിച്ചും. ഇന്ത്യാചരിത്ര സംബന്ധിയായ എല്ലാ ചോദ്യങ്ങൾക്കും അധ്യാപകന് ഉത്തരമുണ്ട്. പക്ഷേ അവളുടെ ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടി.

അതിനു ഞാൻ രാവിലെ വല്ലതും കഴിച്ചോ എന്നു കുട്ടി ചോദിച്ചപ്പോഴേക്ക് അധ്യാപകൻ കഴിച്ചതൊക്കെ ദഹിച്ചു. രണ്ടുരുള ചോറിന്റെ മുന്നിൽ തോറ്റു പോകുന്നതാണ് ഏതു രാജ്യത്തിന്റെയും ചരിത്രം. കാണാതെ പഠിച്ചുവച്ചാൽ രാജ്യചരിത്രം പറയാം. പക്ഷേ ഒരു കുട്ടിക്ക് എന്തുകൊണ്ട് കഴിക്കാനൊന്നും കിട്ടിയില്ല എന്നത് അനുഭവിച്ചാലേ പറയാനാവൂ.

മറ്റുള്ളവർ ഈണത്തിനൊപ്പിച്ച് പാട്ടെഴുതുമ്പോൾ ഓമനക്കുട്ടൻ മാസത്തിനൊപ്പിച്ച് കഥയെഴുതി. പന്ത്രണ്ട് മലയാള മാസങ്ങളുടെ പേരുമായി ബന്ധപ്പെടുത്തി പന്ത്രണ്ട് കഥകൾ. ഈണമില്ലെങ്കിലും അവയിൽ പലതിനും ഒരു ഗാനശകലത്തിന്റെ വലിപ്പമേയുള്ളൂ. അദ്ദേഹത്തിന്റെ പല കഥകൾക്കും ഒരു തമിഴ് ചുവയുണ്ട്. തമിഴ് ചുവയും ചിമിഴ് ചുവയും. ചിമിഴിലിട്ട് അടയ്‌ക്കാവുന്നത്ര ചെറുത്. തമിഴ് പാട്ടുകൾ ഇടയ്‌ക്ക് കഥകളിൽ കാണാം. പിന്നെ, തമിഴ് ബ്രാഹ്‌മണ സ്‌ത്രീകളോട് ഒരിതും . ഏത്? അവൾ ചിലപ്പോൾ ഏതെങ്കിലും അയ്യരുടെ ഭാര്യയോ വെങ്കടവസന്തലക്ഷ്‌മിയോ ഒക്കെ ആവാം.

ഇങ്ങനെയൊക്കെയാണെങ്കിലും ഓമനക്കുട്ടൻ എഴുതിയതിൽ ഏറ്റവും കുഞ്ഞു കഥ ഏതാണ്? ഒരു കുഞ്ഞ് ജനിക്കുന്നത് വരെയുള്ള ഘട്ടങ്ങളെക്കുറിച്ചാണ് ആ കഥ. അഃ ഉഃ മഃ അ്‌ഉ്‌മ് യ്യോ മ്മോ അാാ് ഊൗ് മ്മ് ള്ളേ േള്ളേ േേള്ളേ ഇതാണ് കഥ. പ്രണയം മുതൽ കിടക്കറയും പ്രസവമുറിയും വരെ നീളുന്ന അനുഭൂതികളെ എത്ര ഹൃദ്യമായാണ് കഥയിൽ പിടിച്ചെടുത്തിരിക്കുന്നതെന്നു നോക്കൂ. വെറും പതിനാല് അക്ഷരങ്ങൾ. ഒറ്റ വാക്കിൽ പറഞ്ഞാൽ ഒറ്റ വാക്കു പോലുമില്ലാത്ത കഥ.

English Summary : Kadhanurukku, Column Short Stories By C.R Omanakuttan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;