ADVERTISEMENT

ലക്ഷങ്ങൾ കൊടുത്താണ് വേട്ടക്കാരൻ ആ നായ്‌ക്കുട്ടിയെ വാങ്ങിയത്. അതിനൊരു പ്രത്യേക കഴിവുണ്ടായി രുന്നു – വെള്ളത്തിനു മുകളിലൂടെ നടക്കും! നായയുടെ കഴിവ് തന്റെ കൂട്ടുകാരെ കാണിക്കാൻ അയാൾ തീരുമാനിച്ചു. അവരെയെല്ലാം വിളിച്ച് നായയെയും കൂട്ടി അയാൾ വേട്ടയ്‌ക്കിറങ്ങി. തടാകത്തിലുണ്ടായിരുന്ന അരയന്നത്തെ വെടിവച്ചിട്ടു. ഉടൻ നായ വെള്ളത്തിനു മുകളിലൂടെ നടന്നുചെന്ന് അരയന്നത്തെ എടുത്തു കൊണ്ടുവന്നു. സുഹൃത്തുക്കളിൽനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.

 

മടങ്ങുംവഴി വേട്ടക്കാരൻ അവരോടു ചോദിച്ചു – ഈ നായയിൽ അസാധാരണമായ എന്തെങ്കിലും ശ്രദ്ധിച്ചോ? ഒരാൾ പറഞ്ഞു – ഞാൻ ശ്രദ്ധിച്ചു. ഇതിനു നീന്താനറിയില്ല! നോക്കുന്നതാണു കാണുന്നത്; അന്വേഷിക്കു ന്നതാണു കണ്ടെത്തുന്നത്. ഒരിടത്തും നന്മ കാണാനാകാത്തതിനു കാരണം ഉള്ളിൽ നന്മയില്ലാത്തതോ, തേടുന്നതു നന്മയല്ലാത്തതോ ആകാം. എന്തു തിരഞ്ഞിറങ്ങുന്നുവോ അതൊഴിച്ച് മറ്റെല്ലാം അപ്രസക്തമാവും, അപ്രത്യക്ഷവുമാകും.

 

അശുഭദർശകൻ കാണുന്നതു മുഴുവൻ അശുദ്ധമായിരിക്കും. എന്തെങ്കിലും പ്രശ്‌നങ്ങളെക്കുറിച്ചോ ആരുടെയെങ്കിലും പോരായ്‌മകളെക്കുറിച്ചോ സംസാരിക്കാനില്ലെങ്കിൽ അവർ അസ്വസ്ഥരാകും. അപരന്റെ നന്മകളിലും നേട്ടങ്ങളിലും അവർ നിശ്ശബ്‌ദരാകും. ആരുടെയെങ്കിലും അധിക യോഗ്യതകൾ പ്രശംസിക്കപ്പെട്ടാൽ, അവയെല്ലാം തകർത്തുകളയുന്ന അപവാദങ്ങൾ അവർ നിരത്തും. സ്വയം സംശയിച്ചു തുടങ്ങുന്നിടത്ത് അവരുടെ ദുരന്തവും ആരംഭിക്കും.

 

നന്മ തേടുന്നവരുടെ കണ്ണുകളിൽ കറ പിടിക്കില്ല. ഏതു കൂരിരുട്ടിലും ഒരു മിന്നാമിനുങ്ങിന്റെ സാന്നിധ്യം അവർ കണ്ടെത്തും. സ്വയംനിർമാണത്തിലും പുനഃക്രമീകരണത്തിലും ഏർപ്പെട്ടിരിക്കുന്ന അവർക്ക് അന്യന്റെ കുറവുകൾതേടി അലയാൻ സമയവും സാഹചര്യവും ലഭിക്കില്ല.

 

എന്തു കാണുന്നു എന്നത്, എന്തിനു കാണുന്നു, എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. സുഗന്ധം അന്വേഷിക്കുന്നവരാണ് പൂവു കണ്ടെത്തുന്നത്. അല്ലാത്തവരെല്ലാം ഇലയിലും മുള്ളിലും അവസാനിക്കും.

 

അപരനിലെ അസാധാരണത്വം തിരിച്ചറിയാൻ അനിതരസാധാരണമായ വിനയവും വിശുദ്ധിയും ഉണ്ടാകണം. സ്വന്തം കഴിവുകൾ തിരിച്ചറിയുന്നത് സ്വാശ്രയത്വം; അന്യന്റെ ശേഷികൾ കണ്ടെത്തുന്നത് മനുഷ്യത്വം. നമ്മുടെ കുറ്റങ്ങൾ വിളമ്പിനടക്കുന്നവരോടു പകരം വീട്ടേണ്ടത് അവരുടെ കഴിവുകളുടെ വിരുന്നൊരുക്കിയാകണം.

 

English Summary : Subhadinam, Food For Thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com