sections
MORE

തളർന്ന കാലുകൾക്കു പകരം ചായങ്ങളുടെ ചിറകിൽ പറന്നവൾ; ഫ്രിഡ

Frida Kahlo
ഫ്രിഡ കഹ്‌ലോ
SHARE

ആശുപത്രിക്കിടക്കയിൽ യുവതി ഒറ്റയ്ക്കാണ്; നഗ്നയും. തളർന്ന മുഖം. കലങ്ങിയ കണ്ണുകൾ. കവിളിൽ പൊടിഞ്ഞൊഴുകുന്ന കണ്ണുനീർ. വലതു കൈ മറഞ്ഞിട്ടാണ്. ഇടതു കൈ അടിവയറിനു മുകളിൽ. കയ്യിൽനിന്നു പൊട്ടിമുളച്ച ചുവന്ന ചരടുകൾ ആറെ ണ്ണം. ഒരെണ്ണം ബന്ധിച്ചിരിക്കുന്നത് ഒരു ഭ്രൂണവുമായി. ഗർഭ  പാത്രത്തിൽനിന്നു വേർപെട്ട മനുഷ്യഭ്രൂണം. അമ്മയിൽനിന്നു മുഖം തിരിച്ച്, കൈകൂപ്പി. 

ഇരുപതാം നൂറ്റാണ്ടിന്റെ നെഞ്ചുലച്ച ചിത്രം. ഗർഭമലസലിന്റെ പ്രതീകാത്മക ചിത്രം. ‘ഹെൻറി ഫോർഡ് ഹോസ്പിറ്റൽ’ എന്ന ചിത്രം വരച്ചത് മെക്സിക്കൻ വംശജ ഫ്രിഡ കഹ്‌ലോ. പോളിയോ ബാധിത. അനന്യയാണ് മെക്സിക്കൻ ചിത്രകാരി ഫ്രിഡ; അതുല്യയും. വരച്ചു കൂട്ടിയതു സ്വന്തം മുഖം; സ്വജീവിതവും. തീക്ഷ്ണമായ ജീവിതത്തിന്റെ രതിജന്യമായ ചിത്രങ്ങള്‍. ഫ്രിഡയുടെ ജീവിതം ഒരു കഥയാണ്; എഴുതപ്പെട്ട ഏതു കഥയേക്കാളും തീവ്രം.

അഞ്ചു പെൺമക്കളിൽ അച്ഛന്റെ പ്രിയപുത്രി. ഊർജസ്വല, ബുദ്ധിമതി. ഓട്ടം, ചാട്ടം, കളി, ചിരി. ഒന്നും അധികം നീണ്ടില്ല. ആറാം വയസ്സിൽ പോളിയോ. രോഗം കവർന്നത് സന്തോഷ ബാല്യം. ചുറുചുറുക്കുള്ള കുട്ടി ചലനമറ്റ് കിടക്കയിൽ. വീണു പോയ ഒൻപതു മാസങ്ങൾ. 

തിരികെ സ്കൂളിലേക്ക്. അവമതികളുടെ ദിനങ്ങൾ. പരിഹാസം. ഫ്രിഡ തളർന്നില്ല. മുരടിച്ച കാലുകളുടെ അഭംഗി മറയ്ക്കാൻ നീളമുള്ള വിടർന്ന പാവാടകൾ ധരിച്ചു. ഒന്നിൽ കൂടുതൽ സോക്‌സുകളും. ഒട്ടും കുറച്ചില്ല ഒരുക്കവും. തളർന്ന കാലുകളിൽ നിന്നു നൃത്തം ചെയ്യാൻ പോലും കൊതിച്ചു. ഫുട്ബോളും നീന്തലും റോളർ സ്‌കേറ്റിങ്ങും ബോക്‌സിങ്ങും പരിശീലിച്ചു. ഡോക്ടർ ആകാൻ മോഹിച്ചു ജീവശാസ്ത്രത്തിൽ മനസ്സർപ്പിച്ചു. വായിക്കാൻ പുസ്തകങ്ങൾ കൊടുത്തും ഫൊട്ടോഗ്രഫി പഠിപ്പിച്ചും കൂടെ അച്ഛനും.

പതിനെട്ടാം വയസ്സിൽ രണ്ടാം പ്രഹരം. സഞ്ചരിച്ച ബസിൽ കാറിടിച്ച് ഫ്രിഡ ഗുരുതരാവസ്ഥയിൽ. ഇടുപ്പെല്ലിൽ കുത്തിക്കയറിയ കമ്പി പുറത്തിറങ്ങിയത് യോനീനാളത്തിലൂടെ. നട്ടെല്ലു മൂന്നായി തകർന്നു. തോളെല്ലു പൊട്ടി. തളർന്ന കാൽ ഛിന്നഭിന്നമായി. കൂടെയുണ്ടായിരുന്ന കൂട്ടുകാരൻ അപകടത്തെപ്പറ്റി ഓർത്തെടുത്തത് ഇങ്ങനെ: ‘അരുതാത്തതെന്തോ അന്നു സംഭവിച്ചു. ഫ്രിഡ നഗ്നയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അവളുടെ വസ്ത്രങ്ങള്‍ അഴിഞ്ഞു പോയിരുന്നു. ബസിലുണ്ടായിരുന്ന ഒരു പെയ്ന്ററുടെ കയ്യിലുണ്ടായിരുന്ന സ്വർണനിറമുള്ള പൊടി രക്തമൊഴുകുന്ന ഫ്രിഡയുടെ ശരീരത്തില്‍ വീണു. കണ്ടവരൊക്കെ വിളിച്ചു കൂവി. ചുവന്നുമഞ്ഞിച്ചു തിളങ്ങിക്കണ്ട ഫ്രിഡ നർത്തകിയാണെന്ന് അവർക്കു തോന്നിയിരിക്കണം’.

എണ്ണമില്ലാത്ത ശസ്ത്രക്രിയകൾ. കുന്നുകൂടിയ മെഡിക്കൽ ബില്ലുകൾ. ജീവിതം പിന്നെയും മുന്നോട്ട്. വർഷങ്ങളോളം പ്ലാസ്റ്റർ കവചത്തിനകത്ത്. നരകതുല്യമായ മടുപ്പ്. ഒടുവില്‍, നിറങ്ങളുടെ ലോകത്ത് ഫ്രിഡയ്ക്ക് പുനര്‍ജന്‍മം.

അച്ഛന്റെ പെട്ടിയിൽനിന്നു മോഷ്ടിച്ച ഓയിൽ പെയിന്റുകൾ. അമ്മ സമ്മാനിച്ച ക്യാൻവാസ്. ഇരുപത്തിരണ്ടാം വയസ്സിൽ ഫ്രിഡ വരച്ചു തുടങ്ങി. ചിത്രങ്ങളെപ്പറ്റി അഭിപ്രായം തിരക്കിച്ചെന്നത്  പ്രശസ്ത മെക്സിക്കൻ പെയിന്റർ ഡീഗൊ റിവേരയുടെ അടുത്ത്. ഇരുവരും കമ്യൂണിസ്റ്റ്  പാർട്ടി അംഗങ്ങൾ. സന്ദർശനം പതിവായി. അവർ പ്രണയത്തിലായി, വിവാഹിതരായി. 

ഫ്രിഡയുടെ പ്രസിദ്ധമായ സൃഷ്ടികള്‍ പിറന്നതു പിന്നീട്. ഹെൻറി ഫോർഡ് ഹോസ്പിറ്റൽ, മൈ ബർത്ത് (1932),  സ്വന്തം ഛായാ ചിത്രങ്ങള്‍. വേദനകൾ വരച്ചിട്ടവ. ജീവിതം സംസാരിച്ചവ. സ്വശരീരവും അവയവങ്ങളും  പ്രതീകങ്ങളായി. 

വരകളുടെ ലോകത്ത് സന്തുഷ്ട ജീവിതം. ഭാര്യയുടെ കടമകൾ നിർവഹിച്ച് ഫ്രിഡ; താങ്ങായി റിവേര. ഒരു ദശാബ്ദമങ്ങനെ. എന്നാല്‍ വിവാഹേതര ബന്ധങ്ങളിൽ  ഫ്രിഡ - റിവേര ബന്ധം ഉലഞ്ഞു. വിവാഹ മോചനവും. എന്നാലവർ പിരിഞ്ഞില്ല. തൊട്ടടുത്ത  വസന്തത്തിൽ പുനർവിവാഹം. വീണ്ടും ദാമ്പത്യ ജീവിതം.  ഫ്രിഡ വര തുടർന്നു. ‘ദ് ബ്രോക്കൺ കോളം’ (1944) എന്ന ചിത്രം അവരെ ലോക പ്രശസ്തയാക്കി. ‘ദ് വൂണ്ടഡ് ഡീർ’, ‘ദ്  സൂയിസൈഡ് ഓഫ് ഡൊറോത്തി ഹെയ്ൽ’, ‘വിത്തൌട്ട് ഹോപ്’... നിര നീണ്ടു.

ആരോഗ്യപ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. വലിയ പല ശസ്ത്രക്രിയകളും പിന്നെയും വേണ്ടി വന്നു. ഫ്രിഡയ്ക്ക് അണുബാധയേറ്റു. വലതു കാൽ മുട്ടിനു താഴെ മുറിച്ചുമാറ്റി. നീറിപ്പിടഞ്ഞ വേദനകൾക്കൊടുവിൽ 1954 ല്‍ ഫ്രിഡയുടെ ജീവിതചിത്രം വരച്ച ക്യാന്‍വാസ് ശൂന്യമായി; 47-ാം വയസ്സില്‍. 

ഫ്രിഡയുടെ അവസാന ചിത്രത്തിനു പേര് ‘വിവ ല വിദ’ . ജീവിതം ജീവിക്കുക എന്നർഥം. വേദനകളെ ഊർജ്ജമാക്കി കാൻവാസിലേക്കു പകർത്തിയ ചിത്രകാരിക്ക് ലോകത്തോടു പറയാനുണ്ടായിരുന്നതും അതുതന്നെ. ‘ഞാൻ വരച്ചതൊന്നും സ്വപ്നങ്ങളല്ല, എന്റെ ജീവിതമാണ്’ - സത്യം തന്നെ. തകർന്ന പെണ്ണുടലിൽ നിന്നും ഇരുന്നും കിടന്നും ‘ജീവിച്ച’ സ്ത്രീ തന്നെയായിരുന്നു ഫ്രിഡ. ‘പറക്കാൻ ചിറകുള്ളപ്പോൾ എനിക്കെന്തിനാണു പാദങ്ങൾ’ എന്നു ചോദിച്ച ഫ്രിഡ വാഗ്ദാനം ചെയ്യുന്നതു സ്വാതന്ത്ര്യത്തിന്റെ ആകാശം. സര്‍ഗാത്മകതയുടെ അതിരുകളില്ലാത്ത ചക്രവാളം.

English Summary : Unusual Life Story Of Frida Kahlo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;