ADVERTISEMENT

ഒരമ്പലമുറ്റത്ത് ഒന്നിച്ചു കളിച്ചു വളരുകയും ഈ ജന്മതറയുടെ ലാവണ്യം ഉൾക്കൊള്ളുവാൻ ശ്രമിക്കുകയും ഇതിനപ്പുറത്തേ ക്കുള്ള ആകാശത്തേക്ക് വായിച്ചു മുന്നേറുവാൻ ശ്രമിക്കുകയും ചെയ്‌ത കൂട്ടുകാരായിരുന്നു കൃഷ്‌ണൻകുട്ടിയും ഞാനും. പെരുംകുളത്തിലെ കൽപ്പടവിലും തൃക്കാണം പൊറ്റയിലും പാടവരമ്പിലും പാതിരവരെ ഞങ്ങൾ ഒന്നിച്ചിരുന്നു. ചിലപ്പോൾ മൗനമായി, ചിലപ്പോൾ സംഭാഷണത്തിൽ, അതുമല്ലെങ്കിൽ അഗാധ വിഷാദത്തിൽ. ഈ മാനസികാവസ്‌ഥയിൽ ഞങ്ങൾ രണ്ടുപേരുടേയും മനസ്സിൽ ജീവിതത്തിന്റെ തുണ്ടുകൾ തുന്നിച്ചേർത്ത് കഥയുണ്ടാവുകയായിരുന്നുവെന്ന് അന്ന് അറിഞ്ഞിരുന്നില്ല.

 

 

പിന്നീട് കല്ലടിക്കോടൻ മലയിൽ കാട്ടുതീ പടർന്ന പാതിരകളിൽ, തെളിനീരൊഴുക്കിയ കർക്കടക പ്രഭാത ങ്ങളിൽ, വീട്ടുമുറ്റത്ത് പൂതനും തിറയും, പൊറോട്ടു വേഷക്കാർ, കതിരുകളിക്കാർ, ചെണ്ടയിൽ ഈ നാടിന്റെ ഗദ്‌ഗദം മുഴങ്ങുന്നതനുസരിച്ച് ചാടിതിമിർക്കുമ്പോഴും ‘ഈശ്വര! ഇത് എന്റെ കഥയാണ്’ എന്ന് ഞങ്ങൾ വിചാരിച്ചു. ഈ വിചാരിക്കപ്പെടലിൽ നിന്നാവണം ഞങ്ങൾ എഴുത്തു തുടങ്ങിയത്. ഇങ്ങനെയൊക്കെയാ ണെങ്കിലും കഥയെഴുത്തിന്റെ രംഗത്ത് ഞങ്ങൾ രണ്ടുപേരും രണ്ടുഭാഷയും രണ്ടു വീക്ഷണവുമായിരുന്നു. ഒരു കഥ എഴുതിയാൽ ഞങ്ങൾ പരസ്‌പരം വായിക്കുകയും വിമർശിക്കുകയും ചെയ്യുമായിരുന്നു.

 

 

കഥയുടെ ഗൗരവപൂർണമായ ഇടനിലങ്ങളിലേക്ക് കടന്നു ചെല്ലുവാൻ ഈ കർക്കശമായ ചർച്ചകൾ, എഴുത്തിന്റെ വഴികളിൽ ഞങ്ങൾക്ക് ചെയ്‌ത സഹായം ചെറുതല്ല. ആദ്യകാലത്ത് എന്നെ സംബന്ധിച്ച് നന്നായി എന്ന കൃഷ്‌ണൻകുട്ടിയുടെ വാക്ക് എം.ടി.യുടെയോ എൻ.വി. കൃഷ്‌ണവാരിയരുടേയോ ഒരെഴുത്തു കിട്ടുന്നപോലെ അമൂല്യമായിരുന്നു. 

 

 

കൗമാരത്തിലെ ഈ എഴുത്തിനിരുത്ത് ഞങ്ങളെ ഗ്രാമത്തോടും കലാലോകത്തോടും ഏറെ അടുപ്പിച്ചു. കൃഷ്‌ണൻകുട്ടി രംഗത്തു നിന്നും വിരമിച്ച ഈ മുഹൂർത്തത്തിൽ, കഥയിലും ജീവിതത്തിലും എന്നെ ഓർമ്മ പ്പെടുത്തികൊണ്ടിരിക്കുന്ന കെൽപ്പുള്ള ഒരു മനസാക്ഷിയായി ആ ഓർമ എന്റെ കൂടെ ഉണ്ടാകണമെന്നാണ് എന്റെ പ്രാർത്ഥന.

 

English Summary: In Memories Of Mundoor KrishnanKutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com