ADVERTISEMENT

ഒരാൾ എന്തിന് കവിയാവുന്നു? ഉത്തരം ഒന്നേയുള്ളു. ബോധത്തിലും അബോധത്തിലുമുണ്ടാവുന്ന ചില എടുത്തു ചാട്ടങ്ങൾ, ആകസ്മികമായുണ്ടാകുന്ന വാക്കുകളെ ആശയങ്ങൾ കൊണ്ട് ബന്ധിച്ച് ആദ്യം മനസ്സിലും പിന്നെ ഒഴിഞ്ഞ കടലാസു പ്രതലത്തിലും പകർത്തുന്നു. 

 

സന്തോഷം, സങ്കടം, ആശ, നിരാശ, ഉത്കണ്ഠ.... വികാരങ്ങളെന്തുമാകട്ടെ, അവയിലൂടെ എഴുത്തുകാരൻ /കാരി അവർക്കു മാത്രം സാധ്യമാകുന്ന വഴികളിലൂടെ നടത്തുന്ന ഏകാന്ത പദയാത്രകളോ ധ്യാനങ്ങളോ തന്റെ ബോധ്യങ്ങളുടെ മേൽ ഒരു തീർപ്പ് കൽപിക്കുന്നു. കടലാസിൽ ഒഴുകിപ്പരന്ന അക്ഷരങ്ങൾ കവിതയായി രൂപാന്തരപ്പെടുന്നു. അത് എഴുത്തുകാരനിൽനിന്നു വേറിട്ട് ഒരു സ്വത്വം നേടുന്ന നിമിഷം, താൻ മാത്രമല്ല അതിനവകാശി എന്ന് എഴുത്തുകാരൻ കരുതണം. 

 

പല വായനകളിൽ ലാളിക്കപ്പെട്ടും താഡിക്കപ്പെട്ടും സ്വന്തമായ ഇടം കണ്ടെത്തുന്നു. വായനക്കാരിലിടം കിട്ടാത്തവ അകാല ചരമം പ്രാപിച്ചുവെന്നും വരാം. കവിക്കതിൽ യാതൊരു പങ്കുമില്ല. മേഘങ്ങളിൽനിന്ന് വേർപെട്ട മഴത്തുള്ളിക്കറിയില്ല അതെവിടെ ചെന്നു പതിക്കുമെന്ന്. എങ്ങനൊക്കെ സ്വീകരിക്കപ്പെടുമെന്ന്. അതുപോലെതന്നെയാണ് കവിതയും. 

 

ഇത്രയും കാര്യങ്ങൾ പറഞ്ഞത് ഇടക്കുളങ്ങര ഗോപന്റെ കവിതാ സമാഹാരങ്ങൾ വായിച്ചതിന്റെ വെളിച്ച ത്തിലാണ്. ആന്റി കമ്യൂണിസ്റ്റ് ഒരു സമാഹാരത്തിന്റെ പേരാണ്. നിലാവു പരക്കുന്ന രാത്രിയിൽ കൈതപ്പൂ വിന്റെ ഗന്ധമന്വേഷിച്ച് നടന്ന ബാല്യകൗമാരങ്ങളിലാണ് കൗതുകം പോലൊരു കവിതത്തുണ്ട് കവിക്ക് വീണു കിട്ടുന്നത്. പതുക്കെ അതിന്റെ വെല്ലുവിളി ഏറ്റെടുക്കേണ്ടി വന്നതായി കവി അറിയുന്നു. ഏറെ ജ്ഞാനവും ജീവിതാനുഭവങ്ങളും ഉൾച്ചേർന്ന് അത് ഗൗരവ പ്രകൃതിയായി -

 

‘നഷ്ടങ്ങളിൽ എനിക്കേറ്റം പ്രിയങ്കരം

ചിന്തയിൽ മുങ്ങി നിവരുന്ന രാത്രികൾ

സ്വപ്നങ്ങളിലേറ്റം പ്രിയങ്കരം

വർണ മേഘത്തിലൊളിപ്പിച്ച സന്ധ്യകൾ’ 

എന്നു കവി സാക്ഷ്യപ്പെടുത്തുന്നു.

 

രണ്ടു വിലാപങ്ങൾക്കിടയിലെ മൗനത്തെ എങ്ങനെ അളക്കാനാവും? അതിന്റെ ആഴം, പരപ്പ്, ശൈത്യം, വെറുപ്പ്, വിഷാദം? - എന്ന് കവി ആശങ്കാകുലനാകുന്നുമുണ്ട്. (പ്രണയങ്ങൾക്കിടയിലെ ജീവിതം )

 

‘ചിതലരിച്ചൊരു ജീവിതത്താളിലെൻ

വിരസ ജീവിത ചിത്രവിശേഷങ്ങൾ

വികലമാക്കിയതാരാണ് കാലമേ

കവിത കൊണ്ടെന്റെ ഹൃദയം മുറിഞ്ഞുവോ?’

എന്ന് കവി വിലപിക്കുന്നുണ്ട് (വിരാടം)

 

ഒരു മുറിബീഡിയോ കട്ടൻ ചായയോ സ്വപ്നങ്ങൾക്ക് തീപിടിപ്പിച്ച കാലത്ത് മനുഷ്യനെ തിരിച്ചറിയാൻ കട്ടിയുള്ള കണ്ണടകളോ ഉഷ്ണമാപിനിയോ വേണ്ടി വന്നില്ലെന്നും കവി കാണുന്നുണ്ട്.( ആന്റി കമ്യൂണിസ്റ്റ് )

‘ഒറ്റവരിയിലെഴുതും ജീവിതം

പുത്രശിഷ്ടം പെരുകും ഭയത്തിലായ്.

ചുവടളക്കുന്നു തെക്കോട്ടൊരു നിഴൽ’ (ഗണിതം)

 

പ്രണയത്തെക്കുറിച്ചു പറയുമ്പോൾ എല്ലാ കവികളെയുംപോലെ ഈ കവിയും വാചാലനാകുന്നുണ്ട്. ‘ചില പെണ്ണുങ്ങൾ ഇങ്ങനെയാണ്’ – പ്രണയ കവിതകൾക്ക് മാത്രമായി ഒരു സമാഹാരമാണത്.

‘നിന്നിലുയരുന്ന തിരമാലയിൽ

എനിക്കൊരു കാഴ്ചക്കാരനാവാൻ കഴിയില്ല’ (കള്ളക്കടൽ )

 

‘നിന്റെ ഊഷര മൗനമുടക്കാൻ

എന്റെ കാമപ്പശുക്കളെ

യാഗാഗ്നിയിൽ ഹോമിക്കാം’ (ഉന്മാദം)

 

മിന്നൽ പിണരുകൾ കാത്തു സൂക്ഷിച്ച ആയുധശാലകളാണ് കവിക്ക് പ്രണയം. ഓർമപ്പെരുന്നാൾ എന്നത്തേയും മികച്ച പ്രണയകാവ്യങ്ങളിലൊന്നാണെന്ന് കാണാം.

 

വായനാ വിചാരങ്ങൾ ഇവിടെ തീരുന്നില്ല. കവി അതതു കാലത്തെ മാത്രമല്ല അടയാളപ്പെടുത്തുന്നത്. അപൂർവമായ ജീവിത മേഖലകളും അത്യപൂർവമായ ജീവിതസന്ധികളും കണ്ടെത്തുക. സമകാല ജീവിതവുമായി അവയെ വൈരുദ്ധ്യാത്മകമായി ബന്ധിപ്പിക്കുക, അങ്ങനെ ഭാഷയ്ക്കകത്ത് ഒരു മറുഭാഷ സാധ്യമാക്കുക– അതാണ് ഇടക്കുളങ്ങര ഗോപന്റെ കവിതകളിലെ മറ്റൊരു പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത്. ധ്വന്യാത്മകങ്ങളായ വിരുദ്ധോക്തികൾ കൊണ്ട് കവിതയിലെ വ്യത്യസ്ത അടരുകളെ, പല കോണിലൂടെയുള്ള നോക്കിക്കാണലുകളെ, ശക്തമായ പദവിന്യാസങ്ങൾ കൊണ്ട് ഘടിപ്പിക്കുക. അതിന്റെ ആഴവും പരപ്പും അദ്ഭുതകരമാം വിധം ഒരു ലയം സാധ്യമാക്കുകയാണിവിടെ.

 

‘കൈ തട്ടി താഴെ വീണ കുഞ്ഞു പാവ

കണ്ണു മിഴിച്ച് ചിരിതൂകി

തിരുവസ്ത്രത്തിനുള്ളിൽ

മരിയാഗോമസ് എന്ന കന്യാസ്ത്രീ

നിർവ്വികാരയെങ്കിലും

വെമ്പൽ കൊള്ളുന്നുണ്ട്,

ഒരമ്മച്ചൂടിലും വിരിയാത്ത സ്വപ്ന മുട്ടകൾ വിരിയിച്ചെടുക്കാൻ’ (മരിയാ ഗോമസ്)

 

ഇവിടെ പ്രകൃതിയുടെ നിശ്ചയങ്ങളെ, അട്ടിമറിച്ചു കൊണ്ട് മതങ്ങളോ ആചാരങ്ങളോ പെണ്ണിനു മേൽ നടത്തുന്ന ചില കൊട്ടിയടയ്ക്കപ്പെടലുകൾ തപിക്കുന്ന ഹൃദയത്തോടെ ഏറ്റു വാങ്ങുന്ന മരിയാ ഗോമസ് എന്ന കന്യാസ്ത്രീയിൽ കാണാം.

 

‘മനയോല മുഖമെഴുതി വീര ദ്രാവിഡ വേഷമേറ്റി

പിന്നിട്ട നാൾവഴിയേ വണ്ണാന്റെ തെയ്യക്കോലം.

താഴ്ന്ന ജാതിയിൽപെട്ടവേളാർ കോട്ട ചെമ്മരത്തി

തീയനായ മന്നപ്പൻ വേട്ട പെണ്ണ്

ദാരുണാന്ത്യ കൊടും തീയിൽ

മന്നപ്പൻ കീഴടങ്ങി

ശാപമൊക്കെ ചെമ്മരത്തി

സ്വയമേറ്റ് ചിതയിലേറി’

 

ജാതിയുടെയും മതത്തിന്റെയും പേരിലുള്ള അസമത്വങ്ങൾ നിലനിൽക്കുന്ന ഇക്കാലത്ത് ദുരഭിമാനക്കൊല വലിയൊരദ്ഭുതമല്ലാതെ നമ്മൾ കേട്ടുപോരുന്നുണ്ട്. ദാമ്പത്യത്തിൽ ഈ ഉച്ചനീചത്വങ്ങൾ ഉണ്ടാക്കുന്ന പ്രയാസങ്ങൾ എത്ര കൃത്യമായാണ് കവി അടയാളപ്പെടുത്തിയിരിക്കുന്നത് എന്നു കാണാം.

അവസരത്തിനൊത്ത് ആയുധം തിരഞ്ഞെടുക്കേണ്ടതായി വരും. ചിലപ്പോൾ കഠാര, തോക്ക്, അതുമല്ലെങ്കിൽ കൊടുവാൾ, അമ്മിക്കല്ലോ ചിരവയോ.. പിടിവള്ളിയില്ലാത്തവൾക്ക് ഉടുതുണിയിലെ സേഫ്റ്റിപിൻ മതിയാകും.

ചില സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്ക് കവിയുടെ കണ്ണ് എത്ര കൃത്യമായി പതിയുന്നു എന്ന് നോക്കൂ (സേഫ്റ്റി പിൻ)

 

‘മുറിവേറ്റ ഉടൽ വാൾമുനയോട് ചോദിക്കുന്നത് 

തകർന്നടിഞ്ഞ പ്രത്യയശാസ്ത്രങ്ങൾ പ്രകൃതിക്കെന്താണ് നൽകിയത്’

എന്ന് മറ്റൊരിടത്ത് ചോദിക്കുന്നു. (ആക്രി)

 

‘കാലിടറിയ കുരുത്തംകെട്ട രാത്രി

കാട്ടാളനെയാണ് പ്രസവിച്ചത്

രക്തം കുടിക്കാൻ പല്ലിളിച്ച വ്യാളിയെപ്പോലെ

പ്രണയത്താൽ അവളുടെ ചിരിയിൽ

അടുക്കളയിലെ അടുപ്പ് കെട്ടുപോകുന്നു.’

പ്രണയത്തിനകത്തെ ചതിയെ, ക്രൂരതയെ എത്ര കൃത്യമായി വരച്ചുകാട്ടുന്നുണ്ടീ വരികൾ (ഒറ്റ്)

 

വിശപ്പ് എല്ലാ കാലത്തെയും മനുഷ്യന്റെയെന്നല്ല, സകല ജീവികളുടെയും ദൗർബല്യങ്ങളിലൊന്നാണ്. വിശപ്പകറ്റാനുള്ള തത്രപ്പാടിൽ അതിന്റെ പിന്നിലെ കെണി അറിയുന്നേയില്ല. കപ്പത്തുണ്ടോ തേങ്ങാപ്പൂളോ ഉണക്കമീനോ ആകർഷണ വസ്തു എന്തുമായിക്കൊള്ളട്ടെ, വ്യാമോഹത്തിൽനിന്ന് രക്ഷപ്പെടാനാവില്ല. വിശപ്പിന് പ്രതിവിധി തീറ്റ മാത്രമാണ്. വലിച്ചുകെട്ടിയ സ്പ്രിങ്ങിലെ കെണി ഒരു മരവിപ്പാണ്. ജീവന്റെ ചൂടുമായുന്ന മരവിപ്പ്, മരണം തെറിച്ച കണ്ണുകളിൽ ഒടുങ്ങാത്ത വിശപ്പിന്റെ നിഴൽ ദൈന്യതയോടെ തീറ്റയിലേക്ക് കുതിച്ചു നിൽക്കുകയാണ് (കെണി).

 

എത്ര കുഴിച്ചാലും തീരാത്ത ഖനിയാണ് ഗോപന്റെ കവിതാ പുസ്തകം. എല്ലാം വിസ്തരിക്കാൻ തുനിയുന്നില്ല. ജീവിതചിത്രങ്ങളായും ചരിത്രങ്ങളായും എണ്ണിയാലൊടുങ്ങാത്ത ആധിയും ഉത്കണ്ഠയും പേറുന്ന വരികൾ ദർശനങ്ങളായും വായനക്കാരോടൊപ്പം ചേരുന്നുണ്ട്. കാലത്തിന് പിഴുതെറിയാനാവാത്ത വിധം വായനയിൽ കലരുന്ന സത്യവും ചെറുതല്ല - ഇടക്കുളങ്ങര ഗോപന്റെ കവിതകൾ ഇനിയും കൂടുതൽ വായിക്കപ്പെടട്ടെ.

 

English Summary : Poems By Edakkulangara Gopan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com