ADVERTISEMENT

വെള്ളം കുടിച്ചുകൊണ്ടിരുന്ന കാക്ക മൺകുടത്തോടു ചോദിച്ചു: നിന്നെ തീയിൽ ചുട്ടാണ് ഉണ്ടാക്കുന്നത്. എന്നിട്ടും ഈ ചൂടുകാലത്ത് നിന്റെയുള്ളിൽ നിറയ്ക്കുന്ന വെള്ളത്തെ എങ്ങനെ തണുപ്പിക്കുന്നു?  കുടം പറഞ്ഞു: മണ്ണിന്റെ നനവ് ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്! 

 

 

കടന്നുപോകുന്ന വഴികൾ ജീവിതത്തെ വികൃതമാക്കരുത്, വിശുദ്ധമാക്കണം. ആവിഷ്കരിക്കുന്ന പദ്ധതികളെക്കാൾ, വന്നുചേരുന്ന ആകസ്മികതകൾ ജീവിതത്തെ നിയന്ത്രിച്ചെന്നു വരും. തിരഞ്ഞെടുപ്പിനുള്ള സാധ്യതയോ സ്വാതന്ത്ര്യമോ ഇല്ലാതെ ജീവിതം അതിന്റെ ഗതി നിയന്ത്രിക്കുമ്പോൾ കീഴടങ്ങുന്നവരുണ്ടാകും; അതിജീവിക്കുന്നവരുമുണ്ടാകും. ഒരു പോറൽപോലും ഏറ്റിട്ടില്ല എന്നതല്ല ജീവിതത്തിന്റെ സൗന്ദര്യം. ഒരു ദുർഘടവഴിയിലൂടെയും സഞ്ചരിച്ചിട്ടില്ല എന്നതല്ല യാത്രയുടെ മാഹാത്മ്യം. തെറ്റിപ്പോയ വഴികളും പ്രഹരമേറ്റ സംഭവങ്ങളും നൽകിയ പാഠങ്ങളാണു പ്രധാനം. 

 

 

ഓരോരുത്തരും ആത്യന്തികമായി എന്താണെന്ന് അവർ കടന്നുപോകുന്ന കഠിനവഴികൾ പരിശോധിച്ചാൽ മനസ്സിലാകും. എല്ലാ പ്രതിസന്ധികളെയും തന്ത്രപൂർവം ഒഴിവാക്കുന്നവരും ധൈര്യപൂർവം അഭിമുഖീകരി ക്കുന്നവരും ഉണ്ട്. എല്ലാ പ്രതികൂല സാഹചര്യങ്ങളിൽനിന്നും ഓടിയൊളിക്കുന്നവർക്ക് സ്വയം അഭിമാനിക്കാ വുന്ന ഒരു മുഹൂർത്തമെങ്കിലും ജീവിതത്തിൽ ഉണ്ടാകുമോ? എന്തായിത്തീരുന്നു എന്നത് ഏതെല്ലാം വഴികളിലൂടെ സഞ്ചരിച്ചു എന്നതിന്റെ ബാക്കിപത്രമാണ്. 

 

 

അടിസ്ഥാന മൂല്യങ്ങളെ ആവശ്യങ്ങൾക്കുവേണ്ടി ബലികഴിക്കാതിരുന്നാൽ ആ മൂല്യങ്ങൾ തേടി ആളുകളെത്തും. ഏത് അനിഷ്ടത്തിലൂടെ സഞ്ചരിക്കുമ്പോഴും നശിക്കരുതാത്ത ചില സ്വാഭാവിക നന്മകളുണ്ട്. അവയെ ബലികൊടുത്താൽ പിന്നെ തനിമയോ ഉപയോഗമോ ഉണ്ടാകില്ല. അനർഥങ്ങൾ എന്നു കരുതുന്നവയ്ക്കെല്ലാം കാലം ചില അർഥങ്ങൾ രൂപപ്പെടുത്തും. അതുവരെ ഹൃദയത്തിന്റെ ആർദ്രതയും അലിവും നഷ്ടപ്പെടരുത്; ഇത്തിരി നനവിനു വേണ്ടി ഒത്തിരി പക്ഷികൾ വട്ടം ചുറ്റുന്നുണ്ടാകും. 

 

English Summary : Subhadinam, Food For Thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com